Image

കൂട്ടിലടയ്ക്കപ്പെട്ട തമിഴ് നാടിന്റെ പെണ്‍സിംഹം ജയലളിത (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 01 October, 2014
കൂട്ടിലടയ്ക്കപ്പെട്ട തമിഴ് നാടിന്റെ പെണ്‍സിംഹം ജയലളിത (ജോസഫ് പടന്നമാക്കല്‍)
മുഖ്യമന്ത്രിയെന്ന നിലയില്‍ അറുപത്തിയാറു കോടി രൂപ വില വരുന്ന സ്വത്തുക്കള്‍ അനധികൃതമായി കൈക്കലാക്കി അധികാരദുര്‍വിനിയോഗം ചെയ്തുവെന്ന ആരോപണത്തിന്മേല്‍ ബാംഗ്ലൂര്‍ കോടതി ജയ ലളിതയെ കുറ്റക്കാരിയായി വിധിച്ചത് ഇന്ത്യന്‍ നീതി ന്യായകോടതികളുടെ ചരിത്രത്തിലെ ഒരു നിര്‍ണ്ണായക നാഴികക്കല്ലായിരുന്നു. വിധിയുടെ തരംഗങ്ങള്‍ തമിഴ് നാടുമുഴുവനും കനത്ത ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്. അസംതൃപ്തരായ തമിഴ് ലോകം ഹര്‍ത്താലുകളും വണ്ടികള്‍ കത്തിക്കലും ഓഫീസുകള്‍ പ്രവര്‍ത്തനരഹിതമാക്കിയും ഭരണം സ്തംഭിപ്പിച്ച് നാടാകെ പ്രതിഷേധവും രേഖപ്പെടുത്തി. സുരക്ഷാദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള പോരാട്ട കഥകള്‍ ദിനംപ്രതി പത്ര വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നതും കാണാം. ജയ ലളിതയുടെ കൂടെ എന്നും സഹായിയായിരുന്ന ശശി കലയേയും ശിക്ഷിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖരായവര്‍ ജയലളിത നിര്‍ദോഷിയാണെന്നും പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. ആരാധിക്കുന്നവര്‍ അവരുടെ തെറ്റുകളെ ന്യായികരിക്കാനുമുള്ള ശ്രമത്തിലാണ്. ജയലളിതയ്‌ക്കെതിരെ കേസുകള്‍ തുടങ്ങിയ ഡി.എം.കെ. യെയാണ് ഇന്ന് ജനം കുറ്റപ്പെടുത്തുന്നത്. ഒര്‍ക്കാപ്പുറത്തു കിട്ടിയ ഈ അപമാനത്തില്‍നിന്നും ജയലളിതയ്ക്കിനി രക്ഷപ്പെടാനും പ്രയാസമാണ്. കേസ് തുടരാന്‍ ആദ്യംമുതല്‍ ഉത്സാഹം കാണിച്ച സുബ്രഹ്മണ്യം സ്വാമിയാണ് ജയലളിതയുടെ ഈ വിധിയില്‍ ഇന്ന് ഏറ്റവുമധികം സന്തോഷിക്കുന്നത്. ''നിയമത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യരാണെന്നും അവിടെ സത്യമാണ് പ്രധാനമെന്നും' സുബ്രഹ്മണ്യം പറഞ്ഞു. ഈ വിധി തമിഴ് നാടിന്റെ രാഷ്ട്രീയ ഗതിയെ തന്നെ തുടച്ചു മാറ്റിയേക്കാം.

ജയലളിത കുറ്റക്കാരിയെന്നു വിധിച്ച ദിനം സ്ത്രീകളടക്കം കോടതിവളപ്പിലുണ്ടായിരുന്ന ആയിരക്കണക്കിന് ജനങ്ങള്‍ പൊട്ടി ക്കരഞ്ഞു. നിയമത്തിന്റെ മുമ്പില്‍ ജയലളിത തെറ്റുകാരിയെങ്കിലും തമിഴ്‌നാട് ജനതയ്ക്ക് അവര്‍ പ്രിയങ്കരയായ അമ്മ ദേവിയാണ്. ഡസന്‍ കണക്കിനു പേര്‍ മണ്ണണ്ണയൊഴിച്ചും തൂങ്ങിയും മോട്ടോര്‍ വാഹനങ്ങളുടെ മുമ്പില്‍ ചാടിയും അമ്മയോടുള്ള സ്‌നേഹത്തില്‍ ജീവനൊടുക്കി. തിരുപ്പൂരില്‍ പന്ത്രണ്ടില്‍ പഠിക്കുന്ന രണ്ടു പിള്ളേര്‍ ആത്മഹത്യ ചെയ്തതും വാര്‍ത്തയായിരുന്നു. ജയലളിത കുറ്റ ക്കാരിയെന്നു വിധിച്ചതിനാല്‍ അവര്‍ക്ക് മുഖ്യമന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നു. 'ശ്രീ പന്നീര്‍ സെല്‍വം' തമിഴ് നാട് മുഖ്യമന്ത്രിയായി ചുമതലകളും ഏറ്റെടുത്തു. അറുപത്തിമൂന്നുകാരനായ 'പന്നീര്‍ സെല്‍വം' ജയലളിതയുടെ വിശ്വസ്ത സേവകനായിരുന്നു. മുഖ്യമന്ത്രിയായി അദ്ദേഹം അധികാരമെടുക്കുന്നത് ഇത് രണ്ടാം തവണയാണ്. ഭൂമിയിടപാട് കേസ്സില്‍ ജയലളിതെയ്‌ക്കെതിരെ പ്രതികൂലമായ ഒരു വിധി വന്നതിനാല്‍ 2001 ലും അവര്‍ക്ക് സ്ഥാനമൊഴിയേണ്ടി വന്നു. അന്നും ആറുമാസം താല്ക്കാലികമായി ശ്രീ 'പന്നീര്‍ സെല്‍വം' തമിഴ് നാടിന്റെ മുഖ്യമന്ത്രിയായിരുന്നു.

ചെന്നയിലുള്ള ജയലളിതയുടെ ബംഗളാവും കൃഷി സ്ഥലങ്ങളും വീടുകളും, ഹൈദ്രബാദിലുളള ഫാം ഹൗസും നീല ഗിരിയിലെ തേയിലത്തോട്ടവും വിലകൂടിയ രത്‌നങ്ങളും ബാങ്കിലും സ്‌റ്റോക്കിലുമുള്ള നിക്ഷേപങ്ങളും ആഡംബരമേറിയ കാറുകളും അനധികൃത സ്വത്തുക്കളില്‍പ്പെടും. 1997ല്‍ പോലീസ് അവരുടെ ബംഗളാവ് റെയിഡ് ചെയ്തപ്പോള്‍ ഏകദേശം 800 കിലോഗ്രാം വെള്ളിയും 28 കിലോഗ്രാം സ്വര്‍ണ്ണവും കണ്ടെടുത്തിരുന്നു. കൂടാതെ 91 വിലകൂടിയ വാച്ചുകളും 800 ല്‍ പ്പരം ഫാഷനിലുള്ള ചെരിപ്പുകളും പോലീസ് പിടിച്ചെടുത്തിരുന്നു. അഴിമതിയില്‍ മുങ്ങിയ കണക്കില്ലാത്ത അവരുടെ സ്വര്‍ണ്ണം അന്ന് സര്‍ക്കാര്‍ പിടിച്ചെടുത്തതു കാരണം സ്വര്‍ണ്ണം ഇനിയൊരിക്കലും ധരിക്കില്ലായെന്നു അവരന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്തു. സ്വര്‍ണ്ണവും രത്‌നങ്ങളും ധരിക്കാനിഷ്ടമുണ്ടായിരുന്ന അവര്‍ അന്നുമുതല്‍ ആഭരണങ്ങളപ്പാടെ ഉപേക്ഷിച്ചു. പതിനായിരത്തില്‍പ്പരം സാരികളും അവര്‍ക്കുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ അവരെ ഒരു ദേവതയെപ്പോലെ കരുതിയതുകൊണ്ട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് ഇങ്ങനെ ആഡംബര വസ്തുക്കളില്‍ താല്പര്യമുണ്ടായെതെന്നും അവര്‍ നീതികരിക്കാറുമുണ്ട്.വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് ചെന്നയിലുള്ള റിസര്‍വ് ബാങ്കിലായിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തമിഴ് നാട്ടിലെ ഒരു മുഖ്യമന്ത്രി ആദ്യമായിട്ടാണ് അധികാരം ഒഴിയേണ്ടി വന്നത്. പ്രതിപക്ഷാവശ്യ പ്രകാരം നീതി ലഭിക്കാന്‍ കേസിന്റെ വിസ്താരം നടത്തിയിരുന്നത് തമിഴ് നാടിനു വെളിയില്‍ ബാംഗ്ലൂരിലായിരുന്നു. വിധിയനുസരിച്ച് അവര്‍ക്ക് നാലു വര്‍ഷം ജയില്‍ വാസവും നൂറു കോടി രൂപാ ഫൈനും കൊടുക്കണം. ഇപ്പോഴുള്ള എം.എല്‍ എ സ്ഥാനവും മറ്റു ഔദ്യോഗിക പദവികളും നഷ്ടപ്പെടുന്നതുള്‍പ്പടെ അസംബ്ലിയിലേക്കോ പാര്‍ലമെന്റിലേക്കോ അടുത്ത പത്തു വര്‍ഷത്തേയ്ക്ക് മത്സരിക്കാനും സാധിക്കില്ല. പരപ്പനാ അഗ്രഹാരാ ജയിലില്‍ 7402 നമ്പറില്‍ മറ്റു കുറ്റവാളികളോടൊപ്പം കഴിയേണ്ടി വരും. നിലവിലുണ്ടായിരുന്ന വി.ഐ.പി. മെഡിക്കല്‍ ശുശ്രൂഷകള്‍ നിഷേധിക്കപ്പെടുകയും ചെയ്തു.

പ്രസിദ്ധിയില്‍നിന്നു പ്രസിദ്ധിയിലെക്കുള്ള കൊടുമുടികള്‍ കയറി ഭാരതചക്രംതന്നെ നിയന്ത്രിക്കാന്‍ തയ്യാറായിരുന്ന ജയ ലളിത എന്നും ഒരു വിവാദനായികയായിരുന്നു. ബ്രാഹ്മണ സമുദായത്തില്‍ ജനിച്ച അവര്‍ അടച്ചുപൂട്ടിയ അഗ്രഹാരത്തില്‍ കഴിയാതെ തന്റെ ജീവിതം ആരംഭിച്ചത് സിനിമാനടിയായിട്ടായിരുന്നു. അവര്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്തവിധം വളര്‍ന്ന ഒരു നേതാവായിരുന്നു. സിനിമയിലെപ്പോലെ ജയലളിതയുടെ ജീവിതവും സംഭവ ബഹുലമായ കൊച്ചുകൊച്ചു കഥകള്‍ കൊണ്ട് നെയ്‌തെടുത്തതായിരുന്നു. 65 വയസു പോലും തികയാതെ ഈ സ്ത്രീ തമിഴ്‌നാട്ടില്‍ താരപ്രഭപോലെ തന്നെ മൂന്നു പ്രാവശ്യം മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്നു. അധികാരം അവരുടെ ആഡംബരത്തിനുള്ള മറയുമായിരുന്നു. .ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രി പദം പോലും ഈ സ്ത്രീയില്‍ കാത്തു കിടക്കുന്നുണ്ടെന്ന് ജനം വിചാരിച്ചു. സമീപകാലത്ത് രാജ്യം ഭരിച്ച പ്രധാന മന്ത്രിമാര്‍ക്കെല്ലാം ജയലളിതയുടെ പ്രീതിയും ലഭിക്കണമായിരുന്നു. ശക്തിയുടെ കേദാരമായ ഈ പെണ്‍സിംഹം ഭരണകാര്യനിര്‍വഹണങ്ങളില്‍ ചുമതലപ്പെട്ടവര്‍ക്ക് എന്നുമൊരു പേടി സ്വപ്നമായിരുന്നു. കേന്ദ്ര സര്‍ക്കാരുകളെവരെ താഴെയിറക്കാനുള്ള കഴിവും ജനസ്വാധീനവും അവര്‍ക്കുണ്ടായിരുന്നു.

ജയലളിത 1948 ഫെബ്രുവരി ഇരുപത്തിനാലാം തിയതി മൈസൂറില്‍ ജനിച്ചു. പിതാവ് ജയറാം മൈസൂറില്‍ ശ്രീ രംഗത്തിലെ ഒരു വക്കീലായിരുന്നു. അവരുടെ മുത്തച്ചന്‍ മൈസൂര്‍ രാജാവിന്റെ കൊട്ടാര വൈദ്യനായിരുന്നു. പിതാവ് രണ്ടു വയസുള്ളപ്പോള്‍ മരിച്ചുപോയി. അതിനു ശേഷം അവരുടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. ബാംഗ്ലൂരില്‍ പെണ്‍ക്കുട്ടികള്‍ക്കായുള്ള ബിഷപ്പ് കോട്ടന്‍ ഹില്ലില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തി. പിന്നീട് തമിഴ് നാട്ടിലുള്ള പ്രസന്റേഷന്‍ സ്‌കൂളില്‍ പഠിച്ചു. മെട്രിക്കുലേഷന്‍ കഴിഞ്ഞ് ഉപരിപഠനത്തിനായി സര്‍ക്കാരില്‍ നിന്നും എല്ലാവിധ സ്‌കൊളര്‍ഷീപ്പുകളും നേടിയിരുന്നു. ജയ ലളിത പഠിക്കാന്‍ നല്ല കഴിവുള്ള കുട്ടിയായിരുന്നു. സ്‌റ്റെല്ലാ മേരി കോളേജില്‍നിന്ന് പഠനം കഴിഞ്ഞ് നിയമ ബിരുദത്തിന് ചേര്‍ന്നിരുന്നു. അന്ന് പ്രസിദ്ധ നടിയായിരുന്ന ജയലളിത സിനിമാ ലോകത്തെ തിരക്കുകാരണം നിയമപഠനം ഉപേക്ഷിക്കേണ്ടി വന്നു.

ജയലളിതയുടെ അമ്മയും തമിഴ് നടിയായിരുന്നു. ജയയുടെ മൂത്ത സഹോദരന്‍ ജയകുമാറും മരിച്ചത് കുടുംബത്തിന് താങ്ങാന്‍ പാടില്ലാത്ത ദുഖത്തിനിടയാക്കി. ജയ ലളിത അറിവിന്റെ കാര്യത്തില്‍ ഒരു പണ്ഡിതയാണ്. പേരും പെരുമയുമുള്ള വക്കീലും ഒരു ധനികയുമാകാന്‍ ആഗ്രഹിച്ചിരുന്നു. ജയ ലളിതയുടെ അമ്മ കഴിഞ്ഞാല്‍ അവരേറ്റവും ഇഷ്ടപ്പെട്ടിരുന്നത് കോണ്‍ വെന്റിലെ പ്രിന്‍സിപ്പാള്‍ ആയിരുന്ന മദര്‍ സെലിനെയായിരുന്നു. അവരുടെ ജീവിതം കരുപിടിപ്പിച്ചതില്‍ ആ കന്യാസ്ത്രിക്ക് സുപ്രധാനമായ ഒരു പങ്കുണ്ടായിരുന്നു. ഒരു വക്കീലാകാന്‍ സാധിച്ചില്ലെങ്കിലും ജയലളിതയ്ക്ക് ധനികയാകാന്‍ സാധിച്ചു. സിനിമാ ലോകത്തില്‍ പേരും പെരുമയും നേടിക്കൊണ്ട് അവര്‍ അഖിലേന്ത്യാ തലത്തില്‍ ഒരു സുപ്രധാന താരമാവുകയും ചെയ്തു. 1961ല്‍ നായികയായി ഒരു ഇംഗ്ലീഷ് ഫിലിമില്‍ അഭിനയിച്ചതോടെയാണ് പ്രസിദ്ധയായത്. ഇന്ത്യയുടെ പ്രസിഡണ്ടായിരുന്ന വി.വി. ഗിരിയുടെ മകന്‍ ശങ്കര്‍ ഗിരിയായിരുന്നു 'എപ്പിസില്‍' എന്ന പേരിലുള്ള ആ സിനിമാ നിര്‍മ്മിച്ചത്. അതൊരു ജെയിംസ് ബോണ്ട് സ്റ്റയിലുള്ള സിനിമയായിരുന്നു. അഭ്രപാളികളില്‍ ആദ്യമായി ഭാരതത്തില്‍ കൊച്ചുപാവാട ധരിച്ച് അഭിനയിച്ച നടിയും ജയലളിതയായിരുന്നു.

ബോളിവുഡ് ഫിലിമിലും ജയലളിത അഭിനയിച്ചിട്ടുണ്ട്. ധര്‍മ്മേന്ദ്രയായി ഒത്തൊരുമിച്ച് അഭിനയിച്ച 'ഇസാത്ത് ' എന്ന ഫിലിമില്‍ അവര്‍ നായികയായിരുന്നു. സിനിമായിലും ജീവിതത്തിലും ഒരു പോലെ പേരും പെരുമയുമായിരുന്ന ജയലളിത തമിഴ് ജനതയുടെ പ്രിയ താരമായിരുന്നു. എം.ജി. രാമചന്ദ്രനുമൊത്ത് ഇരുപത്തിയെട്ടു ഫിലുമുകളില്‍ നായികയായും അഭിനയിച്ചിട്ടുണ്ട്. കാവല്‍ക്കാരന്‍, അടിമൈ പെണ്‍, എങ്കല്‍ തങ്കം, കുടിയിരുന്ത കോയില്‍, രഗസ്യ പോലീസ് 115, നാം നാട് എന്നീ ജയലളിതയുടെ രാമചന്ദ്രനുമൊത്ത സിനിമാകള്‍ അതാതു കാലത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. 'നദിയെ തേടി വന്ന കടല്‍' എന്ന സിനിമയിലെ നായികയായി അവസാനമായി 1980ല്‍ രാമചന്ദ്രനുമൊത്ത് അഭിനയിച്ചു. ജയലളിതയുടെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി എം.ജി.രാമചന്ദ്രന്‍ തന്നെയായിരുന്നു. സിനിമായിലാണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും അവരെന്നും ഒന്നായി പ്രവര്‍ത്തിച്ചിരുന്നു. 1982ല്‍ ജയലളിത രാമചന്ദ്രനൊപ്പം 'എ ഐ എ ഡി എം കെ' പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. രാമചന്ദ്രനില്‍ ജയലളിതയ്ക്ക് അമിതമായ സ്‌നേഹമുണ്ടായിരുന്നതുകൊണ്ട് അവരൊന്നിച്ച് അഭിപ്രായ വിത്യാസങ്ങളൊന്നുമില്ലാതെ പാര്‍ട്ടിയെ വളര്‍ത്തി . ജയലളിതയെ പാര്‍ട്ടിസെക്രട്ടറിയായി തെരഞ്ഞെടുത്തു. അധികം താമസിയാതെ രാജ്യസഭയിലെ അംഗവുമായി.

എം.ജി.ആര്‍ . എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ശ്രീ എം.ജി. രാമചന്ദ്രന്‍ തമിഴ് ലോകത്തിലെ 50 മില്ല്യന്‍ ജനങ്ങളുടെ ദൈവതുല്ല്യനായ നേതാവായിരുന്നു. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ ഇതിഹാസ നായകനുമായിരുന്നു. വെറും ഒരു രാഷ്ട്രീയ നേതാവായിട്ടല്ല അദ്ദേഹം അറിയപ്പെട്ടിരുന്നത്. തമിഴ് സിനിമാ ലോകത്തിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയിലും ഒപ്പം ആരാധ്യനായിരുന്നു. അദ്ദേഹത്തോടൊപ്പം രാഷ്ട്രീയക്കളരിയില്‍നിന്നും വേണ്ടവണ്ണം പ്രായോഗിക പരിശീലനം നേടിയശേഷമാണ് ജയലളിതയും അദ്ദേഹത്തിന്റെ സഹകാരിയായി പ്രവര്‍ത്തിച്ചത്. എഴുപത്തിയേഴാം വയസില്‍ ശ്രീ രാമചന്ദ്രന്‍ മരിച്ചപ്പോള്‍ നാലു മില്ലിയനില്‍പ്പരം ദുഖിതരായ ജനങ്ങള്‍ ചെന്നയിലെ തെരുവീഥികളില്‍ നിറഞ്ഞു നില്പ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ പാര്‍ട്ടിയുടെ പിന്‍ഗാമിയെ തേടിയുള്ള അന്വേഷണം തുടങ്ങി. പ്രസിദ്ധനായ മാറ്റിനി ഐഡോള്‍ എം.ജി.ആറിന്റെ കസേര സ്ഥാപിച്ചെടുക്കാന്‍ രണ്ടു സ്ത്രീകള്‍ പരസ്പരം ചെളി വാരിയെറിഞ്ഞ് രംഗത്തു വന്നു. ഒരു വശത്ത് രാമചന്ദ്രന്റെ വിധവയായ ഭാര്യയും കൂട്ടരും മറുവശത്ത് പ്രിയപ്പെട്ട മിസ്ട്രസായിരുന്ന ജയ ലളിതയും അണികളും പരസപരം അധികാര കസേരയ്ക്കുവേണ്ടി മത്സരിച്ചു. രണ്ടു പേരും എം.ജി.യാറിന്റെ ജീവിതത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന ജീവിതസഖികളായ സ്ത്രീകളായിരുന്നു. അന്ന് ജാനകിയ്ക്ക് 64 വയസും ജയലളിതയ്ക്ക് ഒരു തലമുറ വിത്യാസത്തില്‍ 40 വയസുമായിരുന്നു പ്രായമുണ്ടായിരുന്നത്. അവിവാഹിതയായിരുന്ന ജയലളിത എന്നും എം.ജി. ആറിന്റെ മനസു സൂക്ഷിപ്പുകാരിയായിരുന്നു. എന്തുകൊണ്ടും എം.ജി.ആര്‍ ന്റെ പിന്‍ഗാമിയായി ഭരണചക്രം തിരിക്കാന്‍ എല്ലാവിധ കഴിവുകളും യോഗ്യതയും അവര്‍ക്കുണ്ടായിരുന്നു. എങ്കിലും അന്നത്തെ തമിഴ് നാട് അസംബ്‌ളി 'ജാനകി'യെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ജയ ലളിത അതില്‍ അമര്‍ഷം പൂണ്ട് 'ജാനകി'യെ അധികാരത്തില്‍നിന്ന് പുറത്താക്കുവാന്‍ ശ്രമിച്ചികൊണ്ടിരുന്നു. 'ജാനകി' വെറും വീട്ടമ്മ യാണെന്നും ശ്രീ രാമജപം ഉരുവിടാന്‍ മാത്രമേ അവര്‍ക്ക് അറിയുള്ളൂവെന്നും പറഞ്ഞ് ജയലളിത അന്ന് ജനത്തെ ഇളക്കിക്കൊണ്ടിരുന്നു. മത്സരം മൂത്ത് പകയായി രണ്ടു സ്ത്രീകളും പോരാട്ടം തുടങ്ങി. ഒടുവില്‍ പാര്‍ട്ടി രണ്ടായി പിളര്‍ന്നു. ആശയപരമായ വിത്യാസങ്ങളെക്കാള്‍ വ്യക്തികളും കുടുംബങ്ങളും തമ്മിലുള്ള വഴക്കായിരുന്നു പാര്‍ട്ടിയെ അന്നു രണ്ടാക്കിയത്.

ബുദ്ധി ശക്തിയിലും വിവേകത്തിലും വ്യക്തി ഗുണം നിറഞ്ഞ ജയലളിത രാഷ്ട്രീയ തന്ത്രങ്ങള്‍ മുഴുവനായും ശ്രീ എം.ജി.ആറില്‍ നിന്നും വശമാക്കിയിരുന്നു. അവരിലുള്ള സ്ത്രീത്വം വിലമതിച്ചുകൊണ്ടുതന്നെ സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടിയും മുറവിളി കൂട്ടിയിരുന്നു. ജയലളിത ഒരിക്കലും വിവാഹിതയായിട്ടില്ല. എം.ജി.ആറിന്റെ രാഷ്ട്രീയ സാരഥ്യം വഹിക്കാന്‍ യോഗ്യതയുള്ളത് ജയലളിതയെന്നായിരുന്നു അന്ന് പൊതുവെ പാര്‍ട്ടിയിലെ അണികള്‍ കരുതിയത്. 1989ല്‍ തമിഴ് നാട് അസംബ്ലിയില്‍ തെരഞ്ഞെടുക്കും വരെ അവര്‍ രാജ്യസഭയിലെ അംഗമായി തുടര്‍ന്നു, 1989ല്‍ അവര്‍ തമിഴ് നാട് അസംബ്ലിയിലെ പ്രതിപക്ഷ നേതാവായി. അക്കാലത്താണ് തമിഴ് നാട് ഡി.എം.കെ നേതാവായ 'ദുരൈ മുരുഗ'ത്തിനു നേരെ ആരോപണം ഉന്നയിച്ചത്. 1990 ല്‍ 'കരുണാനിധി' ബഡ് ജറ്റ് അവതരിപ്പിക്കുന്ന വേളയില്‍ ചോദ്യവിവാദങ്ങളില്‍ എര്‍പ്പെട്ടതിനു അവരുടെ സാരി തുമ്പില്‍ 'ദുരൈ മുരുഗം' വലിച്ചുവെന്ന ആരോപണം ഉന്നയിച്ചിരുന്നു. അന്നവര്‍ നിയമസഭയില്‍ സര്‍വരുടെയും പ്രശംസകള്‍ നേടി. കോണ്ഗ്രസ്സിന്റെ പിന്തുണയോടെ അക്കൊല്ലം കൂട്ടുമന്ത്രിസഭയില്‍ മുഖ്യമന്ത്രിയായി. 1996ലെ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് പരാജയവുമുണ്ടായി. എതിര്‍പക്ഷം കരുണാനിധിയുടെ നേതൃത്വത്തില്‍ മന്ത്രി സഭയുണ്ടാവുകയും ചെയ്തു. അന്നാണ് അവര്‍ക്കെതിരായ അഴിമതിയാരോപണങ്ങള്‍ വെളിച്ചത്തു വന്നത്. കോടതികളില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. അതിന്റെ തീരുമാനം ഉണ്ടാകാന്‍ നീണ്ട പതിനെട്ടു വര്‍ഷങ്ങളെടുത്തു.

ജയലളിത ഒരു ബഹുഭാഷാ പണ്ഡിതയാണ്. ഇംഗ്ലീഷ്, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകള്‍ നല്ലവണ്ണം കൈകാര്യം ചെയ്യുകയും സംസാരിക്കുകയും ചെയ്യും. ഇംഗ്ലീഷ് ഭംഗിയായി കൈകാര്യം ചെയ്യാനും സംസാരിക്കാനും കഴിവുണ്ടായിരുന്നതുകൊണ്ട് എം.ജി.ആര്‍ അവരെ രാജ്യസഭയില്‍ അയച്ചു. തമിഴ്‌നാടിനു വേണ്ടിയുള്ള പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് രാജ്യസഭയില്‍ തിളങ്ങുകയും ചെയ്തു. ക്ലാസ്സിക്കല്‍ ഡാന്‍സ്, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, മണിപ്പൂരി ഡാന്‍സ് എന്നീ കലകളില്‍ അവര്‍ നിപുണയായിരുന്നു. നാലുവയസുമുതലേ കര്‍ണ്ണാട്ടിക്ക് സംഗീതം പഠിക്കാന്‍ തുടങ്ങിയിരുന്നു. അവര്‍ രചിച്ച അനേകം പാട്ടുകള്‍ അഭിനയിച്ച ഫിലിമില്‍ തന്നെ പാടിയിട്ടുണ്ട്. സംഗീതത്തില്‍ തമിഴ് നാട്ടിലെ സമുന്നതമായ എല്ലാ അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. സദാ വായനാശീലമുള്ള അവരുടെ അറിവ് ഒരു സര്‍വ്വവിജ്ഞാനകോശം പോലെയാണ്. എവിടെ പോയാലും വായിക്കാന്‍ പുസ്തം കൂടെ കൊണ്ടുപോവും. പുസ്തകങ്ങള്‍ വായിച്ചുകൂട്ടുക അവരുടെ ഹോബിയാണ്. ഫിലിം ഷൂട്ടു ചെയ്യുന്ന ഇടവേളകളിലും സമയം പാഴാക്കാതെ ഒപ്പം പുസ്തകങ്ങളും വായിക്കണമായിരുന്നു. കൂടുതലും ചരിത്രനോവലുകളും സാമൂഹിക വിപ്ലവ ചരിത്രങ്ങളും ക്ലാസ്സിക്കല്‍ പുസ്തകങ്ങളും ഇഷ്ടപ്പെട്ടിരുന്നു. അനേക പുസ്തക ശേഖരത്തോടെയുള്ള ബൃഹത്തായ ഒരു ലൈബ്രറി തന്നെ സ്വന്തമായുണ്ട്.രാഷ്ട്രീയക്കളരിയില്‍ സൌന്ദര്യവും ഒപ്പം ബൌദ്ധിക ചിന്താഗതികളും ഒത്തുവരുക പ്രയാസമാണ്. ജയലളിത ഇതിനൊരപവാദമായിരുന്നു. അവര്‍ സുന്ദരികളില്‍ സുന്ദരിയായി അറിയപ്പെട്ടു. ഒപ്പം ബുദ്ധിജീവികളുടെയിടയിലും പ്രഥമ സ്ഥാനം നേടി. സര്‍വ്വകലാവല്ലഭയായ ജയലളിത പഠിക്കുന്ന കാലത്തും എന്നും ഒന്നാം സ്ഥാനത്തായിരുന്നു.

ജയ ലളിതയുടെ അമ്മ 'സന്ധ്യ' നാല്പ്പത്തിയെഴാം വയസില്‍ മരിച്ചു. പ്രായോഗിക ജീവിതത്തില്‍ എന്തെല്ലാമെന്ന് ഒന്നും തന്നെ ആ അമ്മ ജയലളിതയെ പഠി പ്പിച്ചില്ലായിരുന്നു. സ്വന്തമായി ബാങ്ക് അക്കൗണ്ട് നോക്കാനോ ഒരു ചെക്കുപോലും എഴുതാനോ അറിയത്തില്ലായിരുന്നുവെന്ന് ജയ ലളിത തന്നെ പറയാറുണ്ട്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ കിട്ടുന്ന പ്രതിഫലം പോലും എത്രയെന്ന് അവര്‍ക്കറിയത്തില്ലായിരുന്നു. അമ്മ തന്നെയായിരുന്നു നികുതിയും കൊടുത്തിരുന്നത്. എല്ലാം അമ്മയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. വനത്തില്‍ ഉപേക്ഷിച്ച കുഞ്ഞിനെപ്പോലെ അമ്മയുടെ മരണത്തെ ജയലളിത കണ്ടിരുന്നു. ജയ ലളിതയുടെ വാക്കുകള്‍ എടുത്തു പറയട്ടെ, 'എന്റെ മൂന്നിലൊന്നു ജീവിതം പെറ്റമ്മ സന്ധ്യ എന്നെ നയിച്ചിരുന്നു. രണ്ടാം ഘട്ടം എന്നെ നയിച്ചത് എം.ജി. രാമ ചന്ദ്രനായിരുന്നു. തമിഴ് നാടിനു വേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയും എന്റെ സ്വപ്നങ്ങളെ സ്വാധീനിച്ചത് രാമ ചന്ദ്രനില്‍ക്കൂടിയായിരുന്നു. അദ്ദേഹം എന്റെ ഗുരുവും കൂട്ടുകാരനും അമ്മയും അപ്പനുമെല്ലാമായിരുന്നു. അദ്ദേഹത്തിന്റെ തത്ത്വമാര്‍ഗങ്ങളില്‍ക്കൂടി ഞാനും സഞ്ചരിച്ചു. എന്റെ ജീവിത യാത്രയുടെ മൂന്നില്‍ രണ്ടു ഭാഗം അവിടെ കഴിഞ്ഞു. അവശേഷിക്കുന്ന ഇനിയുള്ള മൂന്നിലൊന്നു ജീവിതം എനിയ്ക്ക് മാത്രമായി നീക്കി വെച്ചിരിക്കുന്നു. എന്റെ കടമകളും കര്‍ത്തവ്യങ്ങളും ഇനിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഞാനിഷ്ടപ്പെട്ടത് എം.ജി.ആര്‍ എന്ന നടനെയോ രാഷ്ട്രീയ ചിന്തകനെയോ എന്നറിയില്ല. അദ്ദേഹത്തെ കണ്ടുമുട്ടുന്ന ആരും ആ വലിയ മനുഷ്യനെ ഇഷ്ടപ്പെടും. കാരണം, അദ്ദേഹം തന്റെ അനുയായികളെ തന്നിലേക്കാകര്‍ഷിക്കാന്‍ നൈസര്‍ഗീകമായ വ്യക്തിപ്രഭാവമുള്ള മഹാനായിരുന്നു. എന്റെ തൊഴിലില്‍ സത്യമാണ് വേണ്ടതെന്നു പഠിപ്പിച്ചത് അദ്ദേഹമായിരുന്നു. '

'സത്യമേവ ജയതേ', സത്യം മാത്രം ജയിക്കട്ടെ, പൌരാണിക ഭാരതത്തിന്റെ വേദമായ മുണ്ടകാ ഉപനിഷത്തില്‍നിന്നും സ്വതന്ത്ര ഭാരതം തെരഞ്ഞെടുത്ത രാഷ്ട്രത്തിന്റെ ദേശീയ സിദ്ധാന്ത വാക്യമാണിത്.
കൂട്ടിലടയ്ക്കപ്പെട്ട തമിഴ് നാടിന്റെ പെണ്‍സിംഹം ജയലളിത (ജോസഫ് പടന്നമാക്കല്‍)കൂട്ടിലടയ്ക്കപ്പെട്ട തമിഴ് നാടിന്റെ പെണ്‍സിംഹം ജയലളിത (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക