Image

വിക്രം ഹോളിവുഡിലേക്ക്

Published on 08 October, 2014
വിക്രം ഹോളിവുഡിലേക്ക്

ഐ എന്ന ചിത്രത്തിനായി നായകന്‍ വിക്രം നടത്തിയ കഠിനാധ്വാനത്തിന്റെ വാര്‍ത്തകളാണിപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പലഗെറ്റപ്പുകളിലും, ശരീരപ്രകൃതിയിലുമൊക്കെയായി ഇന്ത്യന്‍ സിനിമയില്‍ ഇന്നേ വരെ ആരും കാഴ്ചവയ്ക്കാത്ത മേക്ക് ഓവറുകളാണ് വിക്രം നടത്തിയിരിക്കുന്നത്.

'ഐ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ അഭിനയം വിക്രമിനെ വീണ്ടും ബഹുമതികളുടെ കൊടുമുടിയിലെത്തിക്കുമെന്നാണ് ഏവരും പറയുന്നത്. എന്നാല്‍ സംവിധായകന്‍ ഷങ്കര്‍ പറയുന്നത് ഈ ചിത്രം എല്ലാ പുരസ്‌കാരങ്ങള്‍ക്കും മുകളില്‍ ഉള്ള നേട്ടം വിക്രമിന് സമ്മാനിക്കുമെന്നാണ്. അതെന്താണെന്നാണ് ഇപ്പോള്‍ പലരും ചിന്തിക്കുന്നത്.''ഐയിലെ അഭിനയത്തിന് വിക്രമിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് പലരും പ്രവചിക്കുന്നു. അങ്ങനെയുണ്ടായാല്‍ വളരെ സന്തോഷം. എന്നാല്‍, അവാര്‍ഡുകള്‍ക്കൊക്കെ അപ്പുറം, പ്രേക്ഷകരില്‍ നിന്ന് അദ്ദേഹത്തിന് വലിയ പ്രശംസ ലഭിക്കും എന്ന് ഉറപ്പാണ്'' ഷങ്കര്‍ വ്യക്തമാക്കുന്നു. ഐ താന്‍ ഇതേവരെ ചെയ്തിട്ടില്ലാത്ത തരത്തിലൊരു റൊമാന്റിക് ത്രില്ലറാണെന്നും ഷങ്കര്‍ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ ഐ വിക്രമിന് ഹോളിവുഡിലേക്കുള്ള വാതിലുകള്‍ തുറന്ന് കൊടുത്തുകഴിഞ്ഞെന്നും ഇതാണ് ഷങ്കര്‍ പരോക്ഷമായി സൂചിപ്പിച്ചതെന്നുമാണ് മറ്റൊരു നിരീക്ഷണം. 

ഇതിനോടകം തന്നെ വിക്രമിനെ തേടി ചില ഹോളിവുഡ് ഓഫറുകള്‍ എത്തിയിട്ടുണ്ടത്രെ. സുരേഷ്‌ഗോപി വില്ലനായി അഭിനയിക്കുന്ന ഐയില്‍ എമി ജാക്‌സനാണ് നായിക. എ ആര്‍ റഹ്മാന്‍ ഈണമിട്ട സിനിമയുടെ ഛായാഗ്രഹണം പി സി ശ്രീറാമാണ് നിര്‍വഹിച്ചിരിക്കുന്നത്. ദീപാവലിക്ക് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ഇനിയും വൈകുമെന്നാണ് ഇപ്പോഴറിയുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക