Image

നിയമസഭാ സമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നു

Published on 08 December, 2011
നിയമസഭാ സമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നു
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം നിയമസഭാ സമിതി സന്ദര്‍ശിക്കുന്നു. മന്ത്രി പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തുന്നത്. രാവിലെ ഇടുക്കിയിലെത്തിയ സമിതി അംഗങ്ങള്‍ പെരിയാര്‍ ഹൗസില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേസ് നടത്തിപ്പില്‍ സംസ്ഥാനം ഗുരുതരമായ വീഴ്ച വരുത്തിയതായി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. അഡ്വക്കേറ്റ് ജനറലിനെ സമിതിക്കുമുന്നില്‍ വിളിച്ചു വരുത്തണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായാണ് സമിതിയുടെ സന്ദര്‍ശനം. തലസ്ഥാനത്ത് നിന്നുള്ള മാധ്യമ സംഘവും സമിതിയെ അനുഗമിക്കുന്നുണ്ട്.

തുടര്‍ച്ചയായ ഭൂചലനത്തെ തുടര്‍ന്ന് അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കയുയര്‍ന്ന സാഹചര്യത്തില്‍ ടി.എന്‍. പ്രതാപന്‍ എം.എല്‍.എയാണ് സഭാസമിതി സന്ദര്‍ശനം നടത്തണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നത്. മന്ത്രി പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ടി.എന്‍. പ്രതാപന്‍, കെ. മുഹമ്മദുണ്ണി ഹാജി, വി.ടി. ബലറാം, എ.എം. ആരിഫ്, കെ.കെ. ജയചന്ദ്രന്‍, ജെ.എസ്.ജയലാല്‍, വര്‍ക്കല കഹാര്‍, കെ. കുഞ്ഞിരാമന്‍ (ഉദുമ), തോമസ്ചാണ്ടി, തോമസ് ഉണ്ണിയാടന്‍ എന്നിവരാണുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക