Image

ജനസമ്പര്‍ക്ക പരിപാടി ജനപക്ഷ സമീപനം വളര്‍ത്തി: മുഖ്യമന്ത്രി

Published on 08 December, 2011
ജനസമ്പര്‍ക്ക പരിപാടി ജനപക്ഷ സമീപനം വളര്‍ത്തി: മുഖ്യമന്ത്രി
പാലക്കാട്: ജനസമ്പര്‍ക്ക പരിപാടികളില്‍ ലഭിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ച ജനപക്ഷ സമീപനം അധികാരത്തേയും ജനങ്ങളേയും തമ്മിലടുപ്പിക്കുന്നതിനുളള സമീപനം സൃഷ്ടിച്ചുവെന്നും ഈ സമീപനം തുടര്‍ന്നും എല്ലാ തലങ്ങളിലും ഉണ്ടാക്കിയെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാലക്കാട് വിക്‌ടോറിയാ കോളേജ് സ്റ്റേഡിയത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണ-പ്രതിപക്ഷ ഭേദമില്ലാത്ത കൂട്ടായ്മയുടെ വിജയമാണ് ജനസമ്പര്‍ക്ക പരിപാടിയുടെ വിജയത്തിനടിസ്ഥാനം. ജനങ്ങള്‍ക്ക് പ്രശ്‌നങ്ങളും ആവശ്യങ്ങളും പരാതികളുമുണ്ട്. അതെല്ലാം പരിഗണിക്കപ്പെടണം, അഥവാ ഒരാളുടേയും പ്രശ്‌നം പരിഹരിക്കപ്പെടാതെ പോകരുത് എന്നതാണ് ഈ പരിപാടിയുടെ പ്രസക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നും ചെയ്യാന്‍ കഴിയാത്ത നിയമങ്ങള്‍ ഉണ്ടാക്കിയിട്ട് ഉദേ്യാഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അനുഭവങ്ങള്‍ ഭരണതലത്തില്‍ ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ക്ക് വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിക്ക് തുടര്‍ മോണിറ്ററിങ് സംവിധാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

ടൂറിസം-പട്ടികജാതി-പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കലക്ടര്‍ കെ.വി.മോഹന്‍കുമാര്‍ സ്വാഗതം പറഞ്ഞു. എം.ഹംസ എം.എല്‍.എ. ആശംസയര്‍പ്പിച്ചു. എം.എല്‍.എ.മാരായ ഷാഫി പറമ്പില്‍, സി.പി.മുഹമ്മദ്, വി.ടി.ബല്‍റാം, കെ.വി.വിജയദാസ്, എന്‍.ഷംസുദ്ദീന്‍, കെ.എസ്.സലീഖ, കെ.അച്യുതന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍,കയര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വി.എസ്.വിജയരാഘവന്‍, ഡി.സി.സി.പ്രസിഡന്റ് സി.വി.ബാലചന്ദ്രന്‍, മറ്റ് ജനപ്രതനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ സന്നിഹിതരായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക