Image

നിത്യസുഗന്ധി (കവിത: ജേക്കബ്‌ തോമസ്‌)

Published on 13 October, 2014
നിത്യസുഗന്ധി (കവിത: ജേക്കബ്‌ തോമസ്‌)
കസ്റ്റംസ്‌ ഓഫീസര്‍ കണാതെ
കൊണ്ടുവന്നവളൊരു പൂവ്‌
മന്ത്രകോടിയുടെ മടക്കിനിടയില്‍
മയങ്ങിയുറങ്ങിയ പൂവ്‌.

കുഞ്ഞുംനാളില്‍ വീടിനുള്ളില്‍
അമ്മ വളര്‍ത്തിയ പൂവ്‌
പിള്ളേര്‍ക്കെല്ലാം പരിമളമേകിയ
നിത്യസുഗന്ധിപ്പൂവ്‌.

അയല്‍വക്കത്തെ പട്ടിണിവയറുകള്‍
ക്കമ്മ വിളമ്പിയ ചോറിന്‍
ഇലയുടെ കോണില്‍ കറികള്‍ക്കൊപ്പം
ചിരിച്ചിരുന്നൊരു പൂവ്‌.

പനിയില്‍ ഞരങ്ങിയ അമ്മയെനോക്കി
പരീക്ഷയില്‍ തോറ്റൊരു നാളില്‍
സാരമില്ലെന്നു പറഞ്ഞു തലോടിയ
ടീച്ചറു ചൂടിയ പൂവ്‌.

മറുനാടിന്റെ തണുപ്പു ഭയന്ന്‌
അകത്തു വളര്‍ത്തിയ പൂവ്‌
ഇതുകൊണ്ടെന്തു പ്രയോജനമെന്ന്‌
മക്കള്‍ വിശേഷിപ്പിച്ച പൂവ്‌.

ദൈവത്തിന്നുടെ സ്വന്തം നാട്ടില്‍
കാണാനേയില്ലെന്ന്‌
ദുഃഖത്തോടെയൊരിക്കല്‍ തന്റെ
ചേച്ചി വിശേഷിപ്പിച്ച പൂവ്‌.

രാസവളങ്ങള്‍ കുടിച്ചുകൊഴുത്ത
ശീമപ്പൂവുകള്‍ക്കിടയില്‍
തിങ്ങി ഞെരുങ്ങി ശ്വാസംമുട്ടി
വാടിക്കരിഞ്ഞുപോയ്‌ പൂവ്‌.
നിത്യസുഗന്ധി (കവിത: ജേക്കബ്‌ തോമസ്‌)
Join WhatsApp News
vaayanakkaaran 2014-10-14 16:57:25
പനിനീർ റൊജാ മലരല്ല അത്  
പാരിജാതപ്പൂവല്ല  
പാതിരാക്കുയിൽ പാടിയുണർത്തും  
പാലപ്പൂവുമല്ല....
..........   
പറുദീസയിലെ പൂവല്ല അത്  
പവിഴമല്ലിപ്പൂവല്ല...  
കായാമ്പൂവൊ കനകാമ്പരമോ 
കാനനപ്പൂവൊ അല്ല........... 
(മാമ്പൂ വിരിയുന്ന രാവുകളിൽ - ഒ. എൻ. വി)
വിദ്യാധരൻ 2014-10-14 20:48:00
എന്റെ മനസ്സിൻ അകത്തളത്തിൽ ഒട്ടേറെയുണ്ട് കൊഴിഞ്ഞപൂക്കൾ ചിക്കിചികഞ്ഞങ്ങു നോക്കിടുകിൽ ഉണ്ടവയ്ക്കൊക്കെ കഥ പറയാൻ അതിലൊരു കൊച്ചു കഥ പറയാം അതുകേട്ടു നിങ്ങൾ കരയരുതേ കണ്മണി അമ്മിണി മാന്മിഴിയാൾ പൂപോലെ മൃദുലമാം മേനിയുള്ളോൾ ഒരു കൊച്ചു പൂവ് ഞാൻ വച്ച് നീട്ടി നടന്നു ഞാൻ പിന്നാലെ വലിച്ചു നീട്ടി നടന്നു നടന്നു ഞാൻ കുഴഞ്ഞു വീണു എൻ കയ്യിലെ പൂവും കൊഴിഞ്ഞു വീണു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക