Image

തീപ്പിടിത്തം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 89 പേര്‍ മരിച്ചു

Published on 09 December, 2011
തീപ്പിടിത്തം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 89 പേര്‍ മരിച്ചു
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ധാക്കുരിയയിലുള്ള എ.എം.ആര്‍.ഐ ആസ്പത്രിയില്‍ വന്‍ തീപ്പിടിത്തം. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 89 പേര്‍ മരിച്ചു. കോട്ടയം ജില്ലയിലെ കോതനല്ലൂര്‍ പുളിക്കല്‍ കുഞ്ഞുമോന്റെ മകള്‍ വിനീത (23), ഉഴവൂര്‍ ഏച്ചേരില്‍ പരേതനായ രാജപ്പന്റെ മകള്‍ രമ്യാ രാജപ്പന്‍ (24) എന്നിവരാണ് മരിച്ച മലയാളികള്‍. എ.എം.ആര്‍.ഐ ആസ്പത്രിയിലെ നഴ്‌സുമാരായ ഇവര്‍ വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.15 നാണ് അഗ്‌നിബാധ ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നാണ് സൂചന.

41 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സംഭവസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 20 മൃതദേഹങ്ങള്‍ ആസ്പത്രിയുടെ മുകള്‍ നിലകളില്‍നിന്ന് പുറത്തെടുക്കാനുണ്ട്. മൃതദേഹങ്ങള്‍ എസ്.എസ്.കെ.എം സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റി. അന്വേഷണം നടത്തിയശേഷം ആസ്പത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് ആദ്യ വിവരം. താഴത്തെ നിലയിലെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ആസ്പത്രിയിലെ ഒന്നും രണ്ടും നിലകളിലേക്ക് തീ പെട്ടെന്ന് പടര്‍ന്നു. ആസ്പത്രിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് അഗ്‌നിശമനസേന നിരവധി പേരെ രക്ഷപെടുത്തി. തീവ്രപരിചരണ വിഭാഗം അടക്കമുള്ളവയില്‍ കുടുങ്ങിയ 40 ഓളം രോഗികളെയും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മണിക്കൂറുകള്‍ക്കു ശേഷമാണ് രക്ഷപെടുത്തിയത്.

25 ഫയര്‍ എന്‍ജിനുകളാണ് തീ കെടുത്തിയത്. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍, മുനിസിപ്പല്‍ വകുപ്പ്, അഗ്‌നിശമന വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൊല്‍ക്കത്ത പോലീസ്, ദുരന്ത നിവാരണ വിഭാഗം, അഗ്‌നിശമന സേന എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാല് കെട്ടിടങ്ങളിലായി നൂറു കണക്കിന് രോഗികള്‍ ഈ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇടുങ്ങിയ ഇടവഴികള്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചു.

അപകട സമയത്ത് രോഗികളെ പുറത്ത് കൊണ്ടുവരാനുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്നത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. ആസ്പത്രിയില്‍ വേണ്ടത്ര അഗ്‌നിശമന സംവിധാനങ്ങള്‍ ഇല്ലാത്തതും തിരിച്ചടിയായി. വേണ്ടത്ര ഗതാഗത സൗകര്യമോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ ഈ ആസ്പത്രിക്ക് അംഗീകാരം ലഭിച്ചത് എങ്ങനെയാണെന്ന് അന്വേഷിക്കുമെന്ന് മുനിസിപ്പല്‍ വകുപ്പ് മന്ത്രി ഫിര്‍ഹാദ് ഹക്കിം മാധ്യമങ്ങളോട് പറഞ്ഞു.

ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍: 09932215296, 09831225067
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക