Image

ചാക്കോസ്‌@ 5018 ചെസ്റ്റ്‌നട്ട്‌ അവന്യു.കോം (Chackos@ 5018 Chestnut Avenue.com) ജെയിന്‍ ജോസഫിന്റെ കോളം ആരഭിക്കുന്നു

Published on 21 October, 2014
ചാക്കോസ്‌@ 5018 ചെസ്റ്റ്‌നട്ട്‌ അവന്യു.കോം (Chackos@ 5018 Chestnut Avenue.com) ജെയിന്‍ ജോസഫിന്റെ കോളം ആരഭിക്കുന്നു
ചാക്കോസ്‌ ഒരു അമേരിക്കന്‍ മലയാളി കുടുംബം
ഭര്‍ത്താവ്‌ അനില്‍ ചാക്കോ , സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയര്‍
ഭാര്യ നീന ചാക്കോ , ഹൌസ്‌ വൈഫ്‌
മകള്‍ ലിയ, പതിനൊന്നു വയസ്‌,
മകന്‍ റോഷന്‍ , നാലുവയസ്‌.


അനില്‍ ചാക്കോ… ഉച്ചഭാഷിണിയിലൂടെ ഒഴുകിവരുന്ന ശബ്ദം. എന്റെ പേര് ഇത്ര ഭംഗിയായി ഉച്ചരിച്ചു കേള്‍ക്കുന്നതാദ്യമായാണ്. സീറ്റില്‍ നിന്ന് എഴുന്നേറ്റ് വേദിയിലേക്ക് നടന്നു. മുമ്പില്‍ പ്രൗഢഗംഭീരമായ അമേരിക്കന്‍ ഫ്‌ളാഗ്! സിറ്റിസണ്‍ഷിപ്പ് സെറിമണി, നീണ്ട കാത്തിരിപ്പിനു ശേഷം വന്നുചേര്‍ന്ന ദിവസം… ഏതൊരു പ്രവാസിയുടെയും അമേരിക്കന്‍ സ്വപ്നം പൂര്‍ത്തീകരിക്കുന്ന മുഹൂര്‍ത്തം.

“Dad, wake up, wake up, wake up…”

 ൈദവമേ പിന്നേയും സ്വപ്നമായിരുന്നോ? ബെഡില്‍  കയറി നിര്‍ത്താതെ ചാടുന്ന റോഷന്‍; എന്റെ നാലുവയസ്സുകാരന്‍.

“Roshy, I was in the middle of a dream and you woke me up.”

 “Was it about your green card, Dad?”

 ദൈവമേ, ഈ കൊച്ചിന്റെ മനസ്സിലും ഗ്രീന്‍കാര്‍ഡാണോ? അതെങ്ങനെയാ വര്‍ഷങ്ങളായിട്ട് ഈ വീട്ടില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് ഗ്രീന്‍കാര്‍ഡ് പ്രോസസ്സിനെക്കുറിച്ചു തന്നെയാണല്ലോ.

“ Mom said you have to come down now if you need breakfast”.

 ഇതെന്താണൊരു ഭീഷണിയുടെ സ്വരം? സാധാരണ ശനിയാഴ്ച ഒന്‍പതു മണിവരെയെങ്കിലും സുഖനിദ്ര അനുവദനീയമാണല്ലോ. ഇവളെന്താ പതിവിലും നേരത്തെ കിച്ചണില്‍ കയറിയോ?

“ Mom said, you have to clean the house”.

അങ്ങനെ വരട്ടെ. ഇപ്പോഴല്ലേ പിടി കിട്ടിയത്. ഇന്ന് വൈകിട്ട് ഓണം പോട്ട്‌ ലക്ക് പാര്‍ട്ടി ഞങ്ങളുടെ ഭവനത്തിലാണ്. സുഹൃത്തുക്കള്‍ ഒരു ഏഴെട്ട് ഫാമിലി വരുന്നുണ്ട. വെറുതെയല്ല എന്റെ പ്രിയ പത്‌നി ശനിയാഴ്ച ദിവസം പതിവില്ലാതെ രാവിലെ തന്നെ അടുക്കളയില്‍ പ്രവേശിച്ചിരിക്കുന്നത്. ഇനിയിപ്പോള്‍ എണീക്കാതെ രക്ഷയില്ല. രാവിലെ തന്നെ ക്രമസമാധാനം തകര്‍ക്കണ്ടല്ലോ.

കിച്ചണ്‍ – സമയം 8.20 a.m

”നീനക്കുട്ടി, ഗുഡ്‌മോര്‍ണിങ്ങ്…” കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചതും തള്ളിമാറ്റപ്പെട്ടതും ഒരുമിച്ചായിരുന്നു.

”ദേ, രാവിലെ റൊമാന്‍സിനു വരാതെ ഈ പാത്രങ്ങളൊന്നു ഡിഷ്‌ വാഷറില്‍ ലോഡ് ചെയ്‌തേ. എനിക്ക് കുക്കിംഗ് തുടങ്ങണം. പിന്നെ, താഴത്തെ ഫ്‌ളോര്‍ വാക്വം ചെയ്തിട്ട് മുകളിലോട്ട് പോയാല്‍ മതി. ബാത്ത്‌റൂം ക്ലീന്‍ ചെയ്യാന്‍ മറക്കേണ്ട”.

”അപ്പോള്‍ എന്റെ ബ്രേക്ക്ഫാസ്റ്റോ?”

”സമയത്ത് എണീറ്റ് വരണമായിരുന്നു. ചായ കപ്പിലിരിക്കുന്നുണ്ട് . മൈക്രോവേവ് ചെയ്ത് എടുത്തോ. ഞങ്ങള്‍  സീരിയലാണ് കഴിച്ചത്”.

ആകപ്പാടെ ഒരു ശനിയാഴ്ചയാണ് ബ്രേക്ക്ഫാസ്റ്റ് കിട്ടുന്നത്. അത്, ഗോവിന്ദ! സീരിയലെങ്കില്‍ സീരിയല്‍!

“Roshy, where’s the iPad?”

“Mom told me to hide it in the coffee table drawer”.

സത്യസന്ധതയുടെ നാലുവയസ്സുള്ള ആള്‍രൂപം; അമ്മയുടെ വിശ്വസ്തസേവകന്‍!

"അനീ പ്ലീസ്, ജോലികള്‍ മുഴുവന്‍ കിടക്കുവാ. ഏതു നേരത്താണോ ഈ ഓണം ഹോസ്റ്റ് ചെയ്യാന്‍ തോന്നിയത്. എന്നെ വട്ടുപിടിപ്പിക്കല്ലേ…”

 ഇതിവിടെ പതിവാണ്. കല്ല്യാണം കഴിഞ്ഞിട്ട് പതിമൂന്ന് വര്‍ഷമായി. മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡിന്നറിന് ഫ്രണ്ട്സോ ഫാമിലിയോ വരാറുമുണ്ട്. ഒരു വിധം നന്നായി നാടനും അമേരിക്കനും ഒക്കെ ഉണ്ടാക്കുകയും ചെയ്യും നീന. എന്നാലും ആരെങ്കിലും ഡിന്നറിന് വരുന്ന ദിവസം പകല്‍, പൊതുവെ ശാന്തശീലയായ എന്റെ ഭാര്യ, ഒരു നാഗവല്ലിയായി മാറും. ഡോ.സണ്ണിക്കു പോലും തളയ്ക്കാന്‍ പറ്റാത്ത നാഗവല്ലി!

അഞ്ച് ദിവസത്തെ ഭ്രാന്ത് പിടിച്ച ഓഫീസ് ദിവസങ്ങള്‍ക്കു ശേഷം കിട്ടുന്ന വീക്കെന്‍ഡാണ്. ഈ ഗസ്റ്റിനൊക്കെ വല്ല പിസ്സായും കൊടുത്താല്‍ പോരെ. ഈ ഒരുക്കമൊക്കെ കണ്ടാല്‍ തോന്നും വരുന്നവരുടെ വീട്ടിലൊക്കെ പട്ടിണിയാണെന്ന്. ഫ്രണ്ട്‌സുമായിട്ട് കൂടുന്നത് കുറച്ച് ചിരിക്കാനാണ്; കുറെ സംസാരിക്കാനാണ്. അമേരിക്കന്‍ ജീവിതത്തിന്റെ സ്ട്രസ് ഒന്ന് കുറയ്ക്കാനാണ്. ഭക്ഷണത്തിനേക്കാള്‍ പ്രസക്തി  ഫെല്ലോഷിപ്പിനാണ്  എന്നത് നീനയും സമ്മതിക്കുന്ന കാര്യമാണ്. പക്ഷെ സുഹൃത്തുക്കളുടെ വീട്ടില്‍ ഡിന്നറിന് പോവുമ്പോള്‍ ടേബിളില്‍ ഒരറ്റത്ത് നിന്ന് മറ്റേയറ്റം വരെ നീളുന്ന വിഭവ സമൃദ്ധിയാണ്. അത് കണ്ട് പേടിച്ച് നീനയും അവള്‍ക്ക് പറ്റുന്നത് പോലെയൊക്കെ കാട്ടിക്കൂട്ടാന്‍ ശ്രമിക്കുന്നു. പാവം, കല്യാണത്തിന് ശേഷമാണ് ചായയുണ്ടാക്കാന്‍ പോലും പഠിച്ചത്. ഇപ്പോള്‍ ഉണ്ടാക്കാന്‍ അറിയാത്ത ഡിഷസ് ഒന്നുമില്ല. ഇല്ലാത്തത് കോണ്‍ഫിഡന്‍സാണ്. ആ കോണ്‍ഫിഡന്‍സ് അവളില്‍ ഉണ്ടാക്കേണ്ട ദിവസം ഇന്നല്ല എന്നുള്ളതും ഇതിന് മുമ്പുള്ള വിരുന്നൊരുക്കല്‍ ശനിയാഴ്ചകളില്‍ നിന്നും പഠിച്ച പാഠമാണ്.

"നീനാ, നീ ടെന്‍ഷനടിക്കാതെ… ഇനി ദാ എട്ടുമണിക്കൂറുണ്ട്. ഞാന്‍ ചെയ്യേണ്ട ജോലികളെന്താണെന്ന് പറ".

കടുക് പൊട്ടിക്കുന്നതിനിടയില്‍ നീന എന്നെ ഒന്നു നോക്കി..

"ദേ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.  ഇതിപ്പോള്‍ ആദ്യമായിട്ടൊന്നുമല്ലല്ലോ ഗസ്റ്റ് വരുന്നത്. ഒന്നു നോക്കീം കണ്ടും ചെയ്താലെന്താ?"

ശരി ലിസ്റ്റ് തന്നെ എഴുതിയേക്കാം.

1. Vacuum all rooms

2. Clear bathrooms

3. Clean front yard & backyard

4. Mop kitchen floor.

ലിസ്റ്റ് എഴുതുന്നത് വെറുതെയാണ്. ലിസ്റ്റിലില്ലാത്ത പണികളാണ് കൂടുതലും ചെയ്യേണ്ടി വരിക.

എന്തോ കരിയുന്ന മണം… "ദൈവമേ എന്റെ ഉള്ളി…," നീനയുടെ സ്വരം.

അപ്‌സ്റ്റെയേഴ്‌സ് ക്ലീന്‍ ചെയ്ത് തുടങ്ങുന്നതായിരിക്കും ബുദ്ധി എന്ന് എന്റെ മനസ്സ് പറഞ്ഞു.

മകള്‍ ലിയയുടെ മുറി – സമയം 10.30 a.m

"Dad you scared me, can’t you knock before coming in?"

പണ്ട് നാട്ടില്‍ വച്ച് കുളി കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ സ്വീകരിക്കുന്നത് മമ്മിയുടെ ചൂരല്‍ പ്രയോഗമായിരിക്കും. ചെയ്ത കുറ്റമെന്തെന്ന് അറിയണമെന്നുണ്ടെങ്കിലും പലപ്പോഴും മിണ്ടാതെ കിട്ടിയത് വാങ്ങി പോവാറായിരുന്നു പതിവ്. ഇവിടെ അപ്പന് മുറിയില്‍ കയറി വരണമെങ്കില്‍ പതിനൊന്നു വയസ്സുകാരിയുടെ അനുവാദം നേരത്തെ വാങ്ങിക്കണം. ഇത് അമേരിക്ക, അത് ഇന്ത്യ. ഏഴു കടലുകളുടെ വ്യത്യാസം!

 മുകളിലത്തെ മുറികളൊക്കെ വാക്വം ചെയ്ത് ബാത്ത്‌റൂമുകളും വൃത്തിയാക്കിയപ്പോഴേക്കും വയറ് മുരളാന്‍ തുടങ്ങി. താഴെ അടുക്കളയില്‍ നിന്നുള്ള ശബ്ദകോലാഹലങ്ങള്‍ കേട്ടിട്ട് ഇന്നിനി ഉച്ചയ്ക്കും സിറിയല്‍   കഴിക്കേണ്ടിവരുന്ന ലക്ഷണമുണ്ട്.

കിച്ചണ്‍, സമയം 1 p.m.

നീനയും ലിയയും തമ്മില്‍ സംസാരിക്കുന്നു. വഴക്കടിക്കുകയാണെന്ന് രണ്ടുപേരുടെയും മുഖം കണ്ടാലറിയാം.

"ലിയാ, നീയെന്നെ ഇറിറ്റേറ്റ് ചെയ്യാതെ പോവുന്നുണ്ടോ."

"I didn’t irritate you mom, I only asked for lunch."

ഒരു ഹെഡ് ഓണ്‍ കൊളീഷന് തയ്യാറായി ഞാന്‍ അടുക്കളയിലേക്ക് ചെന്നു.

"What’s the matter guys?" പെട്ടെന്ന് ഒരു പൊതുശത്രുവിനെ കിട്ടിയതുപോലെ രണ്ടുപേരും എന്റെ നേരെ തിരിഞ്ഞു. ആംഗലേയ മലയാള സമ്മിശ്രമായ കുറച്ചു ശബ്ദങ്ങള്‍ മാത്രം കേള്‍ക്കാം. പ്രശ്‌നം നിസ്സാരം! അമ്മയുടെ ആധിയുടെ ഭാഷ, വിശന്നിരിക്കുന്ന മകളുടെ ബ്രയിനിന് പരിഭാഷപ്പെടുത്താന്‍ പറ്റുന്നില്ല.

"Liya, Roshan… come let’s go get some pizza" പറഞ്ഞതും കുട്ടികള്‍ രണ്ടുപേരും റെഡി!

"താഴത്തെ ക്ലീനിംഗ് മുഴുവന്‍ ബാക്കിയാ. ഫാമിലി റൂം കുളമാണ്. ഈ പരിപ്പാണെങ്കില്‍ വേവുന്നുമില്ല. പോയിട്ട് വേഗം വാ."

ഈ പരിപ്പ് വേവാന്‍ കുറച്ചേറെ സമയം എടുക്കുമെന്ന് എനിക്കും തോന്നി.

പിസ്സ വാങ്ങി തിരിച്ചുവന്നപ്പോഴും നീന കിച്ചണിലെ അങ്കം തുടരുകയാണ്. കിച്ചണ്‍ കൗണ്ടറില്‍ റെഡിയായ കറികള്‍ മൂടി വച്ചിരിക്കുന്നു.

"നീന നീ പിസ്സ കഴിക്ക്, ഒരു ബ്രേക്ക് എടുത്തിട്ട് ബാക്കി ചെയ്യാം."

"മണി രണ്ടായി. ചോറ് വയ്ക്കണം. മൂന്ന് പാത്രത്തിലെങ്കിലും വച്ചാലെ തികയത്തുള്ളൂ. പിന്നെ പരിപ്പില്‍ കടുക് പൊട്ടിച്ച് ചേര്‍ക്കണം."

"അപ്പോള്‍ പരിപ്പ് വെന്തോ?"

ചെറുചിരിയോടെ  നീന കൈയിലിരുന്ന സ്പൂണ്‍ എന്റെ നേരെ ഓങ്ങി.

ഫാമിലി റൂം ക്ലീന്‍ ചെയ്തു തുടങ്ങിയപ്പോഴാണ് നീന പറഞ്ഞതിലെ കാര്യം മനസ്സിലായത്.  ടോയ്‌സ് ഇല്ലാത്ത സ്ഥലമില്ല. കൗച്ചിന്റെ ഇടയ്ക്കുള്ള സ്‌പേസ് അക്ഷയ പാത്രം പോലെ എടുത്തിട്ടും എടുത്തിട്ടും തീരുന്നില്ല.

"റോഷീ,  ഈ ടോയ്‌സ് ഒക്കെ ടോയ് ബിന്നിലിട്ടേ."

"Dad, you found my spider man. Thank you."

കാണാതെ പോയ കുഞ്ഞാടിനെ കണ്ടെത്തിയ സന്തോഷം റോഷന്. സ്‌പൈഡര്‍ മാന്‍ കുറച്ചുനാളായി ഒളിവിലായിരുന്നു. സ്‌പൈഡര്‍മാന് കൂട്ടായി വേറെ ചിലര്‍ ടോയ് ബിന്നില്‍ നിന്നും പുറത്തിറങ്ങി കാര്‍പറ്റില്‍ നിരന്നു.

"Roshy, take it upstairs & play."

"അനീ, ഇങ്ങോട്ടൊന്നു വന്നേ." അടുക്കളയില്‍ നിന്നൊരു SOS.

"മൂന്ന് പാത്രത്തില്‍ അടുപ്പിലിരുന്ന് വെന്ത ചോറില്‍ ഒന്ന് കുറച്ച് വെന്തുപോയോ എന്നൊരു സംശയം."

"നീ മാറിക്കേ. ഇതിനെ രക്ഷിക്കാന്‍ പറ്റുമോന്ന് നോക്കട്ടെ."

ചോറിലേക്ക് കുറച്ച് ഐസ്‌വാട്ടര്‍ ഒഴിച്ചു. ബാച്ചിലര്‍ ആയിരുന്നപ്പോള്‍ പഠിച്ച ടെക്‌നിക്കാണ്. പക്ഷെ രക്ഷയില്ല. ഇത് ഇന്ത്യ-പാക് പ്രശ്‌നം പോലെ കുറച്ചേറെ കുഴഞ്ഞുപോയിരിക്കുന്നു.

"നീനേ നീ വേറെ കുറച്ച് ചോറ് വയ്ക്ക്. ഞാന്‍ ക്ലീനിംഗ് തീര്‍ക്കട്ടെ."

"ഞാനപ്പോഴേ അനിയോട് പറഞ്ഞതാ, താഴത്തെ ഫ്‌ളോര്‍ ആദ്യം ക്ലീന്‍ ചെയ്യാന്‍."

പക്ഷെ നീനാ അതല്ലല്ലോ ഇപ്പോഴത്തെ നമ്മുടെ പ്രശ്‌നം. ഞാന്‍ മനസ്സില്‍ പറഞ്ഞുകൊണ്ട് ക്ലീനിംഗിലേക്ക് തിരിഞ്ഞു.

കിച്ചണ്‍ സമയം 6.10 p.m.

"ഈ ഫ്രോസന്‍ കഷണങ്ങളിട്ടിട്ട് അവിയലിനൊരു ടേസ്റ്റില്ല. ഒന്ന് നോക്കിക്കേ. പോട്ട് ലക്കായത് നന്നായി. ഈ വെജിറ്റേറിയന്‍ രുചിയായി ഉണ്ടാക്കുന്നത് ഒരു പണി തന്നെയാ."

"ഓണസദ്യ ഔട്ട്‌സോഴ്‌സ് ചെയ്യേണ്ട കാലം കഴിഞ്ഞു." ഞാന്‍ മനസ്സില്‍ പറഞ്ഞു.

"Liya, take this laundry basket upstairs."  തീരെ താല്‍പ്പര്യമില്ലാതെ ലിയ ലോണ്‍ഡ്രി ബാസ്‌ക്കറ്റുമെടുത്ത് മുകളിലേക്ക് പോയി.

ചാക്കോസ് ഹോംഡ്രൈവ് വേ – സമയം 6.20 p.m.

കാറില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രീതിയും, ജോണും കുട്ടികളും.

പ്രീതി: ഇവരുടെ  ഫ്രണ്ട് യാര്‍ഡ് എന്തു ക്ലീനാ. ഇവരെങ്ങിനാ വീടിത്ര ഭംഗിയായിട്ടിടുന്നത്. കുട്ടികളുള്ള വീടാണെന്ന് പറയില്ല.

ജോണ്‍ : അതു ശരിയാ നമ്മുടെ വീട്ടില്‍ ആരെങ്കിലും വിളിക്കാതെ വന്നാല്‍ പേടിച്ചുപോകും. ജുറാസിക് പാര്‍ക്കല്ലേ?

ചാക്കോസ് ഹോം. സമയം 6.22 p.m.

(ഡോര്‍ ബെല്ലടിക്കുന്ന സ്വരം).

"ശ്ശോ, 6.30 ആവുന്നതേയുള്ളല്ലോ. അനീ, ബാത്‌റൂമില്‍ ടൗവ്വല്‍ മാറ്റിയിരുന്നോ?"

ഡോര്‍ തുറക്കാന്‍ പോവുന്ന വഴി നീന തന്ന  മഞ്ഞപ്പൂക്കളുള്ള ടൗവല്‍ ബാത്‌റൂമില്‍ ഇട്ടു. എന്റെ ലിസ്റ്റിലില്ലാതിരുന്ന അവസാന ജോലി. ഡോര്‍ തുറന്നപ്പോള്‍ ജോണും പ്രീതിയും കുട്ടികളും.

"ഞങ്ങള്‍ നേരത്തേയാണോ?" അകത്തു കയറിക്കൊണ്ട് ജോണ്‍ ചോദിച്ചു.

"ഏയ് ഇല്ല, right on time." നീനയുടെ മറുപടി. നീന ഒരു നല്ല ആതിഥേയയിലേക്ക് രൂപാന്തരം പ്രാപിക്കുന്നു.

പക്ഷെ എന്റെ കണ്ണുകള്‍ ഫാമിലെ റൂമിലെ കാര്‍പറ്റില്‍ കിടക്കുന്ന തുണിയിലായിരുന്നു. ലിയ മുകളിലേയ്ക്ക് കൊണ്ട് പോയ ലോന്‍ഡ്രി ബാസ്‌ക്കറ്റില്‍ നിന്നും വീണു പോയ വെള്ളയും ചുവപ്പും ഡിസൈനുള്ള എന്റെ ബോക്‌സര്‍! ഫാമിലി റൂമിന്റെ ഒത്ത നടുക്ക്, വെള്ള കാര്‍പ്പറ്റില്‍ ഓണത്തിനിട്ട പൂക്കളം പോലെ !!!
കടപ്പാട്  : മലയാളി  മാഗസിന്‍ , സെപ്റ്റംബര്‍  ലക്കം

ചാക്കോസ്‌@ 5018 ചെസ്റ്റ്‌നട്ട്‌ അവന്യു.കോം (Chackos@ 5018 Chestnut Avenue.com) ജെയിന്‍ ജോസഫിന്റെ കോളം ആരഭിക്കുന്നു
Join WhatsApp News
വിദ്യാധരൻ 2014-10-21 20:09:15
തിരക്ക് പിടിച്ച അമേരിക്കൻ മലയാളി ജീവിതത്തിന്റെ അനുഭവങ്ങളെ അതിന്റെ ഭാവഹാവങ്ങൾ നഷ്ടപ്പെടാതെ ഒരു തിരക്കഥപോലെ എഴുത്തുകാരി അവധരിപ്പിച്ചിരിക്കുന്നു. നന്നായിരിക്കുന്നു ഇതാണ് അക്ക്ബ്ർ കട്ടിക്കൽ പറഞ്ഞത് കഥ മെനയാനുള്ള അസംസ്കൃത സാധനങ്ങൾ അമേരിക്കയില്ലുള്ള എഴുത്തുകാർ ഇവിടെത്തന്നെ തിരയണം എന്ന്. നന്നായിരിക്കുന്നു
Ponmelil Abraham 2014-10-22 04:30:25
Athi gambhiran thudakkam. Nalla majhayum, churuchurukkum, resakaravum ayittulla avatharanam. Congratulations and looking forward for newer episodes of this interesting and family bound series in American Malayalee News Media.
Noby Byju 2014-10-22 07:50:34
വളരെ നന്നായിരിക്കുന്നു !! ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു..

keralite 2014-10-22 09:16:49
Beatiful. Many IT people are waiting for green card for many years. It is sad the govt is not doing enough.
Tom Mathews 2014-10-23 04:02:59
Dear Jane; As a friend, I take pride in your presentation of this novel. Beautifully written. The storyline is flawless and captivating. Please continue with this story. I am in love with it Tom Mathews, new Jersey
rajumylapra 2014-10-24 15:47:17
Very refreshing.
joe 2016-12-29 23:48:09
too good. seldom read something like this in malayalam. feels like we got one 'our gen' writer.
joe 2016-12-29 23:50:33
too good. seldom read something like this in malayalam. feels like we got one 'our gen' writer.
നാരദന്‍ 2016-12-30 06:22:54
 എണ്ണിക്കോ  എണ്ണിക്കോ  ചന്തവും ---ഉള്ള പെണ്ണിനെ കണ്ടാല്‍ എത്ര  കമന്‍റുകള്‍  വരും എന്ന് മൂരികള്‍ മാന്തുന്നു മുന്‍ കാലുകൊണ്ട്‌ , പല്ലും ഇളിക്കുന്നു വാക്കുകള്‍ തേടി .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക