Image

ഇയുവില്‍ ഏകീകൃത യൂറോപ്യന്‍ വര്‍ക്ക്‌ പെര്‍മിറ്റും വീസയും പരിഗണനയില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 10 December, 2011
ഇയുവില്‍ ഏകീകൃത യൂറോപ്യന്‍ വര്‍ക്ക്‌ പെര്‍മിറ്റും വീസയും പരിഗണനയില്‍
ബ്രസല്‍സ്‌: യൂറോപ്യന്‍ യൂണിയന്‍ സിംഗിള്‍ പെര്‍മിറ്റ്‌ നിര്‍ദേശം യാഥാര്‍ഥ്യത്തോട്‌ അടുക്കുന്നു. ഇതു നടപ്പായാല്‍ യൂറോപ്യന്‍ യൂണിയനിലാകമാനം ഒറ്റ വര്‍ക്ക്‌ പെര്‍മിറ്റും ഏത്‌ അംഗരാജ്യത്തേക്കും ഒരേ വീസയുമാകും. ഇതനുസരിച്ച്‌ യൂറോപ്യന്‍ യൂണിയന്‌ പുറത്തുള്ളവര്‍ക്ക്‌ തൊഴിലിനായി യൂണിയന്‍ രാജ്യങ്ങളിലേയ്‌ക്ക്‌ കുടിയേറാന്‍ സാധിക്കും.

യൂറോപ്യന്‍ പാര്‍ലമെന്റിന്റെ സിവില്‍ ലിബര്‍ട്ടീസ്‌, എംപ്ലോയ്‌മെന്റ്‌ കമ്മറ്റികള്‍ നീക്കത്തോട്‌ അനുകൂല നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇപ്പോള്‍ അംഗരാജ്യങ്ങളിലെവിടെയും വീസയില്ലാതെ സഞ്ചരിക്കാം. ഇതിനു സമാനമായ സ്റ്റാറ്റസാണ്‌ ഏകീകൃത വീസ നടപ്പാകുന്നതോടെ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്കും ലഭ്യമാകുന്നത്‌.

അപകടകരമായ ജോലി സാഹചര്യങ്ങളില്‍ സംരക്ഷണം, സാമൂഹിക സുരക്ഷിതത്വം, പൊതു സേവനങ്ങള്‍ ഉപയോഗിക്കാനുള്ള സൗകര്യം എന്നിവയും ഇതു പ്രകാരം വിദേശ കുടിയേറ്റ തൊഴിലാളികള്‍ക്കു ലഭിക്കും എന്നതാണ്‌ ഇതിന്റെ പ്രത്യേകത.

എന്നാല്‍, ബെനിഫിറ്റ്‌ ടൂറിസം വര്‍ധിക്കാന്‍ മാത്രമേ ഇതുപകരിക്കൂ എന്നു പല അംഗരാജ്യങ്ങള്‍ക്കും ആശങ്കയുണ്‌ട്‌. പ്രായോഗികതലത്തില്‍ ഇതെങ്ങനെ നടപ്പാക്കുമെന്നതു സംബന്ധിച്ചും പലര്‍ക്കും യാതൊരു ധാരണയുമില്ല. അതുകൊണ്‌ടു തന്നെ ഈ നിര്‍ദേശം എല്ലാ രാജ്യങ്ങളും അംഗീകരിക്കണമെന്നുമില്ല. താത്‌പര്യമുള്ള രാജ്യങ്ങള്‍ മാത്രം ഇത്‌ അംഗീകരിച്ചാല്‍ മതിയെന്ന വ്യവസ്ഥയിലാണ്‌ തുടക്കത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്‌. പുതിയ വ്യവസ്ഥയിന്മേല്‍ ഒരു രാജ്യത്തു കുടിയേറിയാല്‍ രണ്‌ടുവര്‍ഷം ആ രാജ്യത്തു തന്നെ തുടരുകയും അതിനു ശേഷം യൂണിയനിലെ ഏതെങ്കിലും മറ്റു രാജ്യങ്ങളിലേയ്‌ക്ക്‌ വര്‍ക്ക്‌ വീസയും റസിഡന്‍സിയും മാറാനാവും.

ഇയു പാര്‍ലമെന്റ്‌ ഇക്കാര്യത്തില്‍ അടുത്തയാഴ്‌ച വോട്ടിനിട്ട്‌ അംഗീകാരം നല്‍കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അങ്ങനെയെങ്കില്‍ യൂണിയനിലെ ഓരോ അംഗരാജ്യവും ഈ നിയമത്തിന്റെ വെളിച്ചത്തില്‍ വിദേശികള്‍ക്കായി തൊഴില്‍ മാര്‍ക്കറ്റ്‌ തുറന്നു കൊടുക്കേണ്‌ടി വരും.
ഇയുവില്‍ ഏകീകൃത യൂറോപ്യന്‍ വര്‍ക്ക്‌ പെര്‍മിറ്റും വീസയും പരിഗണനയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക