Image

പാരമ്പര്യവും ചുംബനവും (ജോര്‍ജ് മുകളേല്‍ )

(ജോര്‍ജ് മുകളേല്‍ Published on 02 November, 2014
പാരമ്പര്യവും ചുംബനവും (ജോര്‍ജ് മുകളേല്‍ )
പരസ്യ ചുംബനത്തെപ്പറ്റി ഒച്ചപ്പാടുകള്‍ നടക്കുന്ന ഈ സമയത്ത് ചുംബിച്ചാല്‍ ഒന്നും സംഭവിക്കുകയില്ലെന്നുള്ള വാദത്തോടൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പാരമ്പര്യം കട പുഴകി വീഴുന്നു എന്നുള്ള വാദവും. ഇന്ത്യന്‍ സംസ്‌കൃതിയില്‍ പരസ്യ ചുംബനം നിഷിദ്ധമായിരിക്കെ നിയോലിബറലുകള്‍ പാരമ്പര്യത്തേക്കാള്‍ പ്രധാനം മാനവികതക്കാണെന്ന് സമര്‍ത്ഥിക്കുന്നു.

കേരള സംസ്‌കാരത്തില്‍ പാരമ്പര്യവും മതവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. മതങ്ങള്‍ പാരമ്പര്യത്തേയും, പാരമ്പര്യം മതത്തേയും പരസ്പരം പിന്താങ്ങുന്നു. തത്ഫലമായി സമൂഹം കൂടുതല്‍ മതാധിഷ്ടിതമാവുകയും പാരമ്പര്യങ്ങള്‍ക്ക് കടുത്ത പരിഗണന നല്‍കുകയും ചെയ്യുന്നു. ഇതിനാല്‍ ഉടലെടുക്കുന്ന സംസ്‌കാരിക സംഘട്ടനം കേരള സമൂഹത്തിന്റെ ഉറക്കം കെടുത്തുന്നു.

ഇത്തരം സാംസ്‌കാരിക സംഘട്ടനം, കേരളത്തില്‍ മാത്രമല്ല, ലോകമെങ്ങും പടര്‍ന്ന് കിടക്കുന്നത് കാണാം. ഇതു മൂലം ഉണ്ടാകുന്ന പള്ളിവഴക്കുകള്‍, യുദ്ധങ്ങള്‍, വര്‍ഗീയ സംഘട്ടനങ്ങള്‍ തുടങ്ങിയവ വര്‍ഷങ്ങളായി നമുക്ക് പരിചിതമാണ്. മതവും പാരമ്പര്യങ്ങളും സൃഷ്ടിക്കുന്ന ഈ അസന്തുലിതാവസ്ഥ മനുഷ്യകുലത്തിന്റെ അസമാധാനമാണ്.

എല്ലാ സമൂഹവും പാരമ്പര്യാധിഷ്ടിതമാണ്. ഓരോ സമൂഹത്തിനും അതിന്റേതായ പാരമ്പര്യങ്ങളുണ്ട്. ചിലര്‍ പാരമ്പര്യത്തിന് അമിത പ്രാധാന്യം നല്‍കുന്നു. പാരമ്പര്യത്തില്‍ തൊട്ടു കളിക്കുന്നത് ചിലര്‍ക്ക് തീക്കളിയാണ്. മാറ്റങ്ങള്‍ വരാന്‍ ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നില്ല. മറ്റു ചിലര്‍ പാരമ്പര്യത്തെ നിസ്സാരമായി കരുതുന്നു. സ്ഥിതിഭേദം സംഭവിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ജീവിതരീതിയും പ്രവര്‍ത്തനങ്ങളും വ്യത്യസ്ഥമായിരിക്കണമെന്നും, കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ജീവിതം ആധുനികവും പുരോഗനാന്മകം ആയിരിക്കണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു.

പരമ്പരാഗതമായി ആര്‍ജിച്ച ശീലം, മതങ്ങള്‍ ആചാരമാക്കി ഏറ്റെടുത്ത് സമൂഹത്തെ അതില്‍ ബന്ധിച്ചിടുന്നു. ഇതിനെ വെല്ലു വിളിക്കുന്നവര്‍ മതങ്ങള്‍ക്ക് ഭീഷണിയാണെന്ന് തീര്‍പ്പ് കല്‍പ്പിക്കുകയും അവരെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതും സാധാരണമാണ്. മതത്തിന്റെ നിലനില്‍പ്പിന് പാരമ്പര്യാധിഷ്ടിത ആചാരങ്ങള്‍ അത്യാവശമാണ്. ഇതിനെ വെല്ലു വിളിക്കുന്നവര്‍ നിഷേധികളായും തീവ്രവാദികളായും മുദ്രയടിക്കപ്പെടുന്നു. പാരമ്പര്യവും മതവും മനുഷ്യരാശിയുടെ പുരോഗതിക്ക് പലപ്പോഴും വിഘാതമാകുന്നത് കാണാന്‍ കഴിയും.

പഴയ പാരമ്പര്യങ്ങള്‍ തുടച്ചുമാറ്റി പുതിയ രീതികള്‍ കൊണ്ടുവരുമ്പോള്‍, ക്രമേണ, അതും വേറൊരു പാരമ്പര്യമായി മാറുന്നു. കാലത്തിന്റെ ശബ്ദം ഉള്‍ക്കൊള്ളാനാവാതെ പാരമ്പര്യങ്ങള്‍ തിരുത്തുകയും മാറ്റുകയും ചെയ്യാത്ത സമൂഹം ഇരുളടഞ്ഞതായിത്തീരുന്നു. ഇത്തരം സമൂഹം അന്ധകാരത്തില്‍പ്പെട്ട് ന്യൂനപക്ഷമായി മാറുകയും പിന്നീട് ഇല്ലാതാവുകയും ചെയ്യുന്നു. ഇതുപോലുള്ള സമൂഹങ്ങള്‍ ലോകമെമ്പാടുമുണ്ട്. അവിടെയെല്ലാം അന്തഛിദ്രങ്ങള്‍ നടമാടുന്നു. മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ സമൂഹങ്ങളായ മാന്‍ഡിയന്‍, എസിഡി, സൊറാഷ്ട്രിയന്‍സ്, സമരിട്ടന്‍സ്, കോപ്ട്‌സ്, കലാഷ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ആ സമൂഹത്തെ ഉന്മൂലനം ചെയാനാണ് ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള തീവ്രസംഘടനകള്‍ ശ്രമിക്കുന്നത്.

ഇന്ത്യയില്‍ പരസ്യ ചുംബനം നിഷിദ്ധമാണ്. ഈ പാരമ്പര്യത്തിന് മതങ്ങളുടെ അനുഗ്രഹമുണ്ട്. പരമ്പരാഗതമായി നില നില്‍ക്കുന്ന ഇത്തരം സംവിധാനങ്ങള്‍ വെല്ലു വിളിക്കപ്പെട്ടാല്‍ മതങ്ങളും മതസംഘടനകളും ഇതില്‍ ഇടപെടും. പള്ളികളും അമ്പലങ്ങളും നിര്‍മ്മിക്കാനും മേടിച്ചുകൂട്ടാനും ആര്‍ത്തി കാണിക്കുന്ന മതങ്ങളും മതസഘടനകളും പാരമ്പര്യത്തെ നിഷേധിക്കുന്ന ഒന്നിനും കൂട്ട് നില്‍ക്കുകയില്ല.

കാമാതുരമായ ചുംബനം മതങ്ങള്‍ എതിര്‍ക്കുമ്പോള്‍ ആരാധനാലയങ്ങളില്‍ കൊത്തി വച്ചിരിക്കുന്ന കാമൊദ്ദീപകങ്ങളായ കൊത്തു പണികളും ശില്പങ്ങളും ഇവിടെ മറക്കേണ്ടതില്ല. ചുംബനം പോലുള്ള രാഗനിബിഡ പ്രവര്‍ത്തികള്‍ ആദ്യം തുടങ്ങിയത് ഇന്ത്യയില്‍ നിന്നാണെന്ന് കരുതപ്പെടുന്നു. ഇന്ത്യന്‍ വേദഗ്രന്ഥങ്ങളില്‍ ഇതിനേപ്പറ്റി പ്രതിപാദിച്ചിട്ടുള്ളതായി ടെക്‌സാസ് എ ആന്റ് എം യൂണിവേഴ്‌സിറ്റിയിലെ ആന്ത്രോപ്പോളജി പ്രൊഫസ്സര്‍ വാന്‍ ബ്രയാന്റ് ചൂണ്ടി കാട്ടുന്നുണ്ട്. ചുണ്ടുകള്‍ കോര്‍ത്തിണക്കി ചുംബിക്കുന്ന സന്ദര്‍ഭങ്ങള്‍ മഹാഭാരതത്തില്‍ വിവരിക്കുന്നു. ഇന്ത്യയില്‍നിന്നുല്‍ഭവിച്ച 'കാമസൂത്ര' പുസ്തകം രതി ചുംബനത്തേയും മറ്റ് ചുംബന രീതികളേയും വിവരിക്കുന്നു. ചുംബനത്തിന്റെ ഉറവിടം ഇന്ത്യയാണെന്ന് ഇതിനെയെല്ലാം അടിസ്ഥാനമാക്കി പ്രൊഫസ്സര്‍ ബ്രയാന്റ് വാദിക്കുന്നു. ബി.സി.326 ല്‍ സംഭവിച്ച അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഇന്ത്യന്‍ അധിനിവേശത്തോടെയാണ് ചുംബനം മറ്റുള്ള രാജ്യങ്ങളിലേക്ക് വ്യാപിച്ചതെന്നും അദ്ദേഹം പറയുന്നു. 'കിസ്സ്' എന്ന ഇംഗ്‌ളീഷ് പദത്തിന്റെ ഉത്ഭവം തന്നെ ഇന്ത്യയാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. വിവാഹവും ലൈംഗികതയും ലൈംഗികസ്വാതന്ത്ര്യവും മനുസ്മൃതി അനുശാസിക്കുന്നപോലെ നിയന്ത്രിക്കപ്പെട്ടു. ക്രമേണ ഇന്ത്യന്‍ ലൈംഗികത മതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങി.

എന്തിനും ഏതിനും പാശ്ചാത്യ സംസ്‌കാരത്തെ പഴിക്കുന്ന ഇന്ത്യന്‍ പാരമ്പര്യവാദികള്‍, മതങ്ങള്‍ പടുത്തുയര്‍ത്തിയ ഇന്ത്യന്‍ സംസ്‌കൃതിയില്‍ സ്ത്രീപുരുഷ ബന്ധങ്ങളെ കടുത്ത നിര്‍വചനങ്ങള്‍ നല്‍കി തളച്ചിട്ടപ്പോള്‍ വല്ലാതെ തകര്‍ന്നത് ഇന്ത്യന്‍ സ്ത്രീത്വമായിരുന്നു. ഈ കെടുതിയില്‍നിന്നും രക്ഷപ്പെടാന്‍ വെമ്പല്‍കൊണ്ട ആധുനിക ഭാരതീയ സ്ത്രീത്വം, ദ്രവിച്ച കീഴ്‌വഴക്കങ്ങളെ പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ്. ഗര്‍ഭനിരോധന ഗുളികയും ഗര്‍ഭഛിദ്ര സാങ്കേതികവിദ്യയും പുറത്തിറങ്ങിയതോടെ സ്ത്രീകള്‍ക്ക് സുരക്ഷിതബോധം വര്‍ദ്ധിച്ചു. വിമോചനത്തിന് പുത്തന്‍ ഉണര്‍വ് കൈവരിച്ചു.

ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ശക്തി ഉയരുന്നതനുസരിച്ച് പാരമ്പര്യ വിവാഹ രീതികള്‍ക്കും ബന്ധങ്ങള്‍ക്കും തനിമ നഷ്ടപ്പെടുകയാണ്. ചെറുപ്പക്കാര്‍ പ്രേമവിവാഹത്ത്‌ന് ഒരുങ്ങുന്നു. അതിന്റെ ഭാഗമായി, അടുത്തിടപെടാന്‍ ലഭിക്കുന്ന സന്ദര്‍ഭങ്ങളില്‍ ചുംബനം സ്വീകാര്യമായ ആന്മസംതൃപ്തിയായി പലരും കരുതുന്നു. കൊച്ച് കൊച്ച് തൊട്ടറിവുകളിലൂടെ ആന്മബന്ധം അരക്കിട്ടുറപ്പിക്കുന്നു. ഈ പുതിയ ഇന്ത്യന്‍ ലൈംഗിക വിപ്‌ളവത്ത്‌ന് കാരണം ചലച്ചിത്രങ്ങളാണെന്ന് കരുതുന്നവരുമുണ്ട്. 2012 ഡിസംബറില്‍ പുറത്തിറങ്ങിയ ജബ് തക് ഹൈ ജാന്‍ എന്ന ഹിന്ദി ചിത്രത്തില്‍ ഷാരൂക് ഖാന്‍ കത്രീന ഖൈഫിന്റെ ചുണ്ടില്‍ ചുംബിച്ചതോടെ വലിയൊരു വന്‍മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. പരസ്യ ചുംബനത്തിന് പലര്‍ക്കും ആന്മധൈര്യം ഇത് നല്‍കി.

ഇന്ത്യന്‍ സംസ്‌കൃതിയില്‍ ചുംബനം അതിരഹസ്യ ക്രീഡയയിരിക്കെ, പശ്ചാത്യ സംസ്‌കൃതിയില്‍ ചുംബനം ഒരു പരസ്യ ക്രീഡയാണ്. പരസ്യ ചുംബനം പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമായിരിക്കെ, സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസം കണക്കിലെടുക്കാതെ ഇന്ത്യയിലെ യുവജനങ്ങള്‍ പരസ്യ ചുംബനത്തിന്റെ പിന്നാലെ പായുന്നത് പാശ്ചാത്യസംസ്‌കാരസ്വധീനത്തില്‍ അകപ്പെടുന്നതിനാലാണെന്ന് പലരും വാദിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തില്‍ മാറ്റങ്ങള്‍ വരേണ്ടത് പാശ്ചാത്യരെ അനുകരിച്ചു കൊണ്ടല്ല. പ്രത്യുത, ഇന്ത്യന്‍ യുവത്വം മാറ്റങ്ങള്‍ക്ക് വിധേയരാകേണ്ടത് സ്വതന്ത്രമായ തീരുമാനങ്ങളിലൂടെയാണെന്നും വാദിക്കുന്നവരുണ്ട്.

വൈയക്തികമായ ജീവിത സമ്പ്രദായങ്ങളില്‍ മാറ്റം വരുത്താന്‍ ഉത്സുകത കാട്ടുന്ന ഇന്ത്യന്‍ യുവജനങ്ങള്‍ നാടിന്റെ പുരോഗതിക്കാവശ്യമായ മാറ്റം വരുത്താന്‍ മനസ്സ് കാട്ടുന്നില്ലെന്നുള്ളതാണ് വേറൊരു പരമാര്‍ത്ഥം. സ്വന്തം ജീവിതത്തേയും മനസ്സിനേയും പ്രവര്‍ത്തിയേയും നിയന്ത്രിക്കാനാവാതെ ചപ്പുചവറുകള്‍ വലിച്ചെറിയുന്നു; വഴിയരുകില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നു; കാര്‍ക്കിച്ചു പൊതുനിരത്തില്‍ തുപ്പുന്നു; ലൈനില്‍ നില്‍ക്കാന്‍ മടിക്കുന്നു; വഴിയില്‍ മദ്യപിച്ച് വീഴുന്നു. ഇന്ത്യന്‍ യുവത്വം അജ്ഞാതമായ പെരുവഴിയിലൂടെ യാത്ര തുടരുകയാണ്.

വ്യക്തിഗത ജീവിത ശൈലിയില്‍ മാറ്റം വരുത്താന്‍ ശ്രദ്ധിക്കുന്നതിനോടൊപ്പം ഇന്ത്യന്‍ യുവജനങ്ങള്‍ കൂടുതല്‍ മാറ്റം വരുത്താന്‍ ശ്രദ്ധിക്കേണ്ടത് രാഷ്ട്രനിര്‍മ്മാണത്തിനു വേണ്ടിയാണ്. കൈക്കൂലിയും അഴിമതിയും ഗുണ്ടായിസവും ഇന്ത്യയെ വേട്ടയാടുമ്പോള്‍ അതിനെതിരെ പോരാടാനും സംഘടിക്കാനും കഴിയാതെ കള്ളിലും കഞ്ചാവിലും കാമലോലുപത്വത്തിലും മുങ്ങിക്കഴിയുന്നത് പ്രതീക്ഷ നശിച്ച തലമുറയുടെ അടയാളമാണ്. അവര്‍ എന്നും പിറകോട്ട് മാത്രം സഞ്ചരിച്ചുകൊണ്ടിരിക്കും.
പാരമ്പര്യവും ചുംബനവും (ജോര്‍ജ് മുകളേല്‍ )
Join WhatsApp News
Vinod Rajan 2014-11-03 14:58:01

ചുംബനക്കളി പറ്റുന്നില്ലാന്നു വന്നപ്പോൾ അതിന്റെ ഉറവിടം ഭാരതമെന്നു പറഞ്ഞു ചുംബനക്കാർക്ക് ചെണ്ടയടിക്കാൻ ജോർജ്ജു പെടുന്ന പാട് ലേഖനത്തിൽ കാണാനുണ്ട്. ചുംബിക്കാൻ വായും കഴുകി,  നാറ്റം മാറ്റാൻ വാസന പാക്കും ചവച്ചു ആരെങ്കിലും ഉണ്ടോന്നു തപ്പി വന്ന 'ചുംബാണ്ടികളുടെ' പരിപാടി ഇത്തവണയും ഒത്തില്ല. വളിച്ചു വീട്ടിൽപ്പോയി. ചൂരൽ തന്നെ നല്ല മരുന്ന്. പവിഴച്ചുണ്ടും തപ്പി ഇവറ്റകൾ പള്ളിക്കൂടത്തിലും ചെല്ലുന്നതു പഠിക്കാൻ വരുന്ന പിള്ളാർക്കു വിനയാണ്‌. പവിഴച്ചുണ്ടല്ലേ ശ്രദ്ധ! പരീക്ഷയിലും തോക്കും. പിന്നെ കുടുംബത്തിനും സമൂഹത്തിനും ഇവറ്റകൾ ഭാരമാണ്.

വായനക്കാരൻ(vaayanakkaaran) 2014-11-03 16:55:18
 ചും‌ബനം ഇന്ത്യയുടെ കണ്ടുപിടിത്തമാണെന്നാണ് പ്രൊ. വാൻ ബ്രയന്റിന്റെ കണ്ടുപിടിത്തം. രതിയും ഇന്ത്യയിൽ ഉറവിട്ട് ലോകമെമ്പാടും പരന്നതായിരിക്കണം. ആഫ്രിക്കയിലെത്തിയപ്പോഴാണ് ഗൊറില്ലകളും ചിമ്പൻസികളും മനുഷ്യരെ അനുകരിച്ചുതുടങ്ങിയത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക