Image

ചുംബിക്കാന്‍ 50; തടയാന്‍ 1000; കാണാന്‍ 10,000 (അനില്‍ പെണ്ണുക്കര)

Published on 02 November, 2014
ചുംബിക്കാന്‍ 50; തടയാന്‍ 1000; കാണാന്‍ 10,000  (അനില്‍ പെണ്ണുക്കര)
മറൈന്‍ ഡ്രൈവിലെത്തിയ ചുംബനസമരക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിച്ച പതിനഞ്ചോളംപേര്‍ക്കെതിരെയാണ് കേസെടുത്തത്. സംഘംചേരുക, സമാധാനത്തിന് ഭംഗം വരുത്തുന്ന പെരുമാറ്റം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്തശേഷം ഇവരെ ജാമ്യത്തില്‍വിട്ടു. തേവര സ്‌റ്റേഷനില്‍ ചുംബനസമരക്കാരായ മുപ്പതോളംപേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്.

അതേസമയം, മറൈന്‍ഡ്രൈവില്‍ സമരത്തിനെത്തിയവരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ചുംബനസമരത്തിനെത്തിയവര്‍ക്കെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ ഇവിടെ എത്തിയിരുന്നു. മറൈന്‍ഡ്രൈവില്‍ യുവമോര്‍ച്ച, എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

ചുംബന സമരം, സമരാനുകൂലികളും സമരത്തെ എതിര്‍ക്കുന്നവരും തമ്മിലുള്ള കയ്യാങ്കളിയായി മാറി. പൊലീസ് പലവട്ടം ലാത്തി വീശി. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കുരുമുളകു സ്‌പ്രേ പ്രയോഗിച്ചു. ചുംബനസമരക്കാര്‍ പ്രതിഷേധക്കാര്‍ക്കുനേരെ പെപ്പര്‍സ്‌പ്രേ പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.

-----------------
പണ്ട്‌ ഞങ്ങളുടെ നാട്ടില്‍ നാടകപ്രേമിയായ ഒരു പഞ്ചായത്ത്‌ മെമ്പര്‍ ഉണ്ടായിരുന്നു. ഭയങ്കര നാടക കമ്പക്കാരന്‍. ഓരോ വര്‍ഷവും ഓരോ ഗ്രൂപ്പ്‌ എങ്ങനെയെങ്കിലും ഉണ്ടാക്കും. നാടകത്തിന്‌ ഓരോ വായില്‍ക്കൊള്ളാത്ത പേരും ഇടും. അങ്ങനെ ഒരു നാടകം `ചിതലരിക്കുന്ന പ്രതീക്ഷകള്‍' എന്ന നാടകം നാട്ടിലെ ക്ഷേത്രത്തില്‍ ഫ്രീയായി കളിക്കാമെന്ന്‌ മെമ്പര്‍ ഏറ്റു. നായകന്‍, നാടകരചന, സംവിധാനം എല്ലാം മെമ്പര്‍. കൊണ്ടുപിടിച്ച റിഹേഴ്‌സല്‍. അവസാനം ഉത്സവത്തിന്‌ നാടകം വേദിയില്‍.

നായകനായ മെമ്പര്‍ കാമുകിയോട്‌ പറയുന്ന ഡയലോഗ്‌ : `നിന്റെ കവിളില്‍ ഞാന്‍ ഉമ്മവെയ്‌ക്കട്ടെ. കാതില്‍ മന്ത്രിക്കട്ടെ?' ഇതാണ്‌ ഡയലോഗ്‌. പക്ഷെ മെമ്പര്‍ക്ക്‌ നായികയെ വേദിയിലും സ്വന്തം നാട്ടുകാരെ സദസിലും കണ്ടപ്പോള്‍ നാക്കുളുക്കി.

`നിന്റെ കവിളില്‍ ഞാന്‍ മന്ത്രിക്കട്ടെ, കാതില്‍ ഉമ്മവെയ്‌ക്കട്ടെ'! എന്നായിപ്പോയി. പക്ഷെ നാട്ടുകാര്‍ ആരും ശ്രദ്ധിച്ചില്ല ഈ നാക്കുളുക്കല്‍. ഉടന്‍ മെമ്പര്‍ നായികയോട്‌: `സോറി, നിന്റെ കവിളില്‍ ഞാന്‍ ഉമ്മവെയ്‌ക്കട്ടെ, കാതില്‍ മന്ത്രിക്കട്ടെ!.

പക്ഷെ ഇത്തവണ നാട്ടുകാര്‍ കേട്ടു. കൂവലും ബഹളവും. ആകെ പ്രശ്‌നമായി. മെമ്പര്‍ കര്‍ട്ടനിട്ടു.പിന്നീട്‌ നാടകം എങ്ങും കളിച്ചില്ല. മെമ്പര്‍ക്ക്‌ പറ്റിയ അമളിയാണിപ്പോള്‍ കൊച്ചിയില്‍ ഉമ്മവെച്ച്‌ കളിച്ച പൊടിപിള്ളേര്‍ക്കും, ഉമ്മ വിരുദ്ധര്‍ക്കും പറ്റിയത്‌.

ഉമ്മവെയ്‌ക്കാന്‍ വന്നത്‌ ഏതാണ്ട്‌ അമ്പതാളുകള്‍. അവരെ തടയാന്‍ വന്നത്‌ ഏതാണ്ട്‌ ആയിരത്തിലധികവും. ഉമ്മവെയ്‌ക്കുന്നത്‌ കാണാന്‍ വന്നത്‌ പതിനായിരത്തിലധികം വരും. ഇവരെ തടയാനെത്തിയത്‌ 300 പോലീസുകാരും. ഒടുവില്‍ ഉമ്മവെയ്‌ക്കാന്‍ വന്ന സ്‌ത്രീകള്‍ സ്‌ത്രീകളേയും, പുരുഷന്മാര്‍ പുരുഷന്മാരേയും ഉമ്മവെച്ച്‌ സംഭവം ഉഷാറാക്കി. എന്തായാലും കൊച്ചി നഗരം ഇന്നലെ ഉമ്മവയ്‌ക്കല്‍ കാണാന്‍ വന്നവരെ കൊണ്ട്‌ നിറഞ്ഞു.

എന്തിനായിരുന്നു ഈ ഉമ്മവെയ്‌ക്കല്‍ സമരം. കേരളത്തില്‍ പല സ്ഥലത്തും കറങ്ങി നടക്കുന്ന കാമുകീ കാമുകന്മാരെ പിടികൂടി ചുട്ട അടികൊടുക്കുന്ന സദാചാര പോലീസിനെ നിലയ്‌ക്കു നിര്‍ത്താനായിരുന്നു ഈ സമരം. എന്തായാലും മലയാളി സര്‍വ്വ സമയവും ഫെയ്‌സ്‌ബുക്കിലായതുകൊണ്ട്‌ ആളെ കൂട്ടാന്‍ കഴിഞ്ഞു സമരക്കാര്‍ക്ക്‌. വൈകിട്ടത്തെ വാര്‍ത്തകളില്‍ എല്ലാ ചാനലുകളിലുകളിലും ഈ ഉമ്മ മത്സരത്തിന്റെ ലൈവ്‌ ഷോയും ടെലികാസ്റ്റിംഗും നടന്നു. പ്രേമിക്കുന്നവര്‍ക്ക്‌ പ്രേമിക്കാനും, ഉമ്മവെയ്‌ക്കുന്നവര്‍ക്ക്‌ ഉമ്മവെയ്‌ക്കുവാനും സ്വാതന്ത്ര്യമുള്ള നാടാന്‍ നമ്മുടെ കേരളം. ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഇവിടെ യാതൊരു തടസ്സവുമില്ല. പക്ഷെ അവ ചെയ്യാന്‍ സ്വന്തം വീടു തന്നെയാണ്‌ നല്ലതെന്നാണ്‌ ഞാനും നിങ്ങളുമൊക്കെ പറയുന്നതും പഠിപ്പിക്കുന്നതും. വഴിയിലും നിരത്തുകളിലുമൊക്കെ നമ്മുടെ സുഹൃത്തുക്കളെയൊക്കെ കാണുമ്പോള്‍ കെട്ടിപ്പിടിക്കുകയും, ഉമ്മവെയ്‌ക്കുകയുമൊക്കെ ചെയ്യാറുണ്ട്‌. ഒന്നും സംഭവിക്കുന്നില്ല. പക്ഷെ ഇവിടെ സംഭവിച്ചത്‌ ഒരു ഫെയ്‌സ്‌ബുക്ക്‌ കളി മാത്രമായി കണ്ടാല്‍ മതി. ഒരു കോപ്രായം.

ആദിവാസികള്‍ക്ക്‌ ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ തിരുവനന്തപുരത്ത്‌ ഒരു നില്‍പ്‌ സമരം തുടങ്ങിയിട്ട്‌ ദിവസം കുറെയായി. ചാനലുകളിലൊക്കെ കാര്യമായ ഒരു ചര്‍ച്ചയും ഞാന്‍ കണ്ടില്ല. എന്നാല്‍ അല്‍പം എരിവും പുളിയുമുള്ള സമരം വന്നപ്പോള്‍ എല്ലാവരും രംഗത്തിറങ്ങി. ചില ചാനലുകള്‍ ഉമ്മക്കാരെ വരുത്തി ചാനലില്‍ വെച്ച്‌ പ്രകോപിപ്പിച്ച്‌ ഉമ്മവെച്ചു. എന്തായാലും പോലീസുകാര്‍ക്ക്‌ ഇന്നലെ കിടക്കപ്പൊറുതി ഇല്ലായിരുന്നു. അവസാനം പോലീസ്‌ നിഷ്‌ക്രിയമായി എന്നൊക്കെ പല ചാനലുകളിലും കേട്ടു. ദേശീയ മാധ്യമങ്ങള്‍ വരെ `ഉമ്മ' ലൈവാക്കി നിര്‍ത്താന്‍ ശ്രമിച്ചു എന്നതാണ്‌ കൗതുകം. `ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം'.

കേരളത്തിലെവിടെയും സംശയാസ്‌പദമായ സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും കണ്ടാലും, ഒരു ഭാര്യയേയും ഭര്‍ത്താവിനേയും കണ്ടാലും ചില സദാചാരന്മാര്‍ക്ക്‌ ഹാലിളകും. ചിലര്‍ പിടികൂടിയെന്നിരിക്കും. ചോദ്യം ചെയ്‌തെന്നിരിക്കും. ചിലപ്പോള്‍ അടി കിട്ടിയെന്നിരിക്കും. ആരെങ്കിലും സദാചാരന്മാര്‍ പിടികൂടിയാല്‍ ഒരു ഗ്രൂപ്പ്‌ ഫോട്ടോകൂടി കയ്യില്‍ പിടിച്ചിരുന്നെങ്കില്‍ ഈ ഉമ്മക്കളിയും സദാചാരന്മാരുടെ `നയഭോഗ'വുമൊക്കെ നമുക്ക്‌ ഒഴിവാക്കാമായിരുന്നു.

മ്മടെ കേരളം പോകുന്ന പോക്കേ....

കേരളമെന്നു കേട്ടാലോ....തിളയ്‌ക്കണം....

മഹാകവേ...മാപ്പ്‌!
ചുംബിക്കാന്‍ 50; തടയാന്‍ 1000; കാണാന്‍ 10,000  (അനില്‍ പെണ്ണുക്കര)
Join WhatsApp News
വായനക്കാരൻ(vaayanakkaaran) 2014-11-03 09:57:02
‘രണ്ടു പേർ ചും‌ബിക്കുമ്പോൾ ലോകം കീഴ്മേൽ മറിയുന്നു’  
ഒക്ടോവിയോ പാസ്
Aniyankunju 2014-11-03 14:50:27
.............ചെറുപ്പക്കാരുടെ കൂട്ടായ്മയ്ക്കു നേരെ പിന്തിരിപ്പന്‍ശക്തികള്‍ നടത്തിയ ആക്രമണവും അക്രമികള്‍ക്ക് പൊലീസ് നല്‍കിയ സംരക്ഷണവും ജനാധിപത്യഅവകാശങ്ങള്‍ക്കും അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമാണെ സദാചാരപൊലീസ് ചമഞ്ഞുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാണ് ചെറുപ്പക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ചത്.സമൂഹത്തെ ചരിത്രത്തിന്റെ പഴയകാലത്തേക്ക് മടക്കിക്കൊണ്ടുപോകാന്‍ പരസ്പരം ഏറ്റുമുട്ടുന്ന പിന്തിരിപ്പന്‍ശക്തികളാണ് സമരക്കാരെ എതിര്‍ക്കാന്‍ തയ്യാറായിവന്നതെന്ന വസ്തുത കൗതുകകരമാണ്. സമൂഹത്തിന്റെ എല്ലാ പുരോഗതിയെയും എതിര്‍ക്കുന്നവരാണ് ഇവര്‍. പൊലീസ് ഇത്തരം ശക്തികള്‍ക്കാണ് സംരക്ഷണം നല്‍കിയത്. സദാചാരബോധവും കുടുംബവും കുടുംബബന്ധങ്ങളും സമൂഹത്തിലുണ്ടാകുന്ന സാമ്പത്തിക-സാമൂഹിക മാറ്റങ്ങള്‍ക്ക് അനുസൃതമായി മാറിക്കൊണ്ടിരിക്കുമെന്ന് എംഗല്‍സ് പറഞ്ഞിട്ടുണ്ട്. ഭാവിയിലെ കുടുംബബന്ധങ്ങള്‍ അന്നത്തെ ആരോഗ്യമുള്ള യുവാക്കളും യുവതികളും നിശ്ചയിക്കുന്ന രൂപത്തിലായിരിക്കുമെന്നും ഇക്കാര്യത്തില്‍ വിഷമിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. മാറ്റങ്ങള്‍ എങ്ങനെയെന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളും ഉണ്ടാകും. അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ജനാധിപത്യപരമായ സംവാദങ്ങള്‍വഴിയാണ്്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക