Image

ഉറങ്ങും മാലാഖ (കവിത)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌ Published on 11 December, 2011
ഉറങ്ങും മാലാഖ (കവിത)
ഒരുചെറു പൂന്തളിര്‍ മൊട്ടിടും മുമ്പെന്തേ
ഒരു ചെറു കാറ്റില്‍ നിലം പതിച്ചു?

ഒരു സ്വപ്‌നമായി വിടര്‍ന്നതിന്‍ മുമ്പെന്തേ
ഒരു മായാ സ്വപ്‌നമായ്‌ മാഞ്ഞുപോയി?

പിറവിയുടെ യുഷകാല ചാരുത പേറി നീ
ഒരു മലര്‍മൊട്ടായടര്‍ന്നു പോയി!

മൃതിതന്‍ മുകില്‍ത്തേരില്‍ പാടിപ്പറന്നു നീ
കൊതിയോടെ ജനിതാക്കള്‍ നോക്കി നില്‍ക്കെ

നിലാവു പോലെന്നും നിന്‍ രൂപം നിറയുന്നു
നിഴല്‍ പോലെ തുടരുന്നു സ്‌മൃതിയിലെന്നും

കരുണയില്ലാത്തൊരു മ്യത്യു കവര്‍ന്നു നിന്‍
കുരുന്നുടലിന്റെയാ സൗന്ദര്യത്തെ

നിയതിയുടെ സൂര്യോഷ്‌മ ജ്വാല കരിച്ചു നിന്‍
നിറവാര്‍ന്ന പിഞ്ചിളം സൗഭഗത്തെ

വിധിതന്‍ കഠോര ഖഡ്‌്‌ഗത്താല്‍ ഞെരിച്ചു നിന്‍
കുരുന്നുടലിന്റെയാ സൗരഭത്തെ

ഇനിയൊരുനാളും നിന്‍ കളനാദ മുയരില്ല
ഇനിയൊരു ചുംബനം കിട്ടുകില്ല

നിന്‍ വിയോഗത്തിന്റെ വജ്രപാതത്തിനാല്‍
നിന്‍ ജനിതാക്കള്‍ പകച്ചു നിന്നു

വെറുതെയനേക മോഹങ്ങളെ ത്തേനൂട്ടി
വളര്‍ത്തിയതൊക്കെ നിലം പതിച്ചു,

ഒരു കൊച്ചു ശവമഞ്ചം പേറിയ പൂമൊട്ടേ
ഉറങ്ങും മാലാഖയായ്‌ക്കാണ്‍മൂ നിന്നെ

ഒരു കുഞ്ഞു മാലാഖ പോലെ പിറന്ന നീ
ഒരു കുഞ്ഞു മാലാഖപോലെ പറന്നു പോയ്‌

വരും കാല ക്രിസ്‌തുമസ്‌ സന്ദേശം പേറി നീ
വരുമോയൊരു കുഞ്ഞു മാലാഖയായ്‌?

കരിപുരളാത്തൊരു പ്രേമച്ചെരാതുമായ്‌
കരുണാമയനോടുള്ളര്‍ത്ഥനയായ്‌

ഒരു മന്ദ്ര മന്ത്രമുയരും ഹൃദയത്തില്‍
ചിരകാലം നിന്നാത്മ ശാന്തിക്കായി.

. . . . . .

എട്ടു മാസം മാത്രം പ്രായമുള്ള അതിസുന്ദരിയായ ഒരു എന്ന പിഞ്ചുകുഞ്ഞിന്റെ
വേര്‍പാടില്‍..
ഉറങ്ങും മാലാഖ (കവിത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക