Image

ചിന്നാറിന്റെ വശ്യതയില്‍(43-പ്രകൃതിയുടെ നിഴലുകള്‍ തേടി: ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍) Published on 10 November, 2014
 ചിന്നാറിന്റെ വശ്യതയില്‍(43-പ്രകൃതിയുടെ നിഴലുകള്‍ തേടി: ജോര്‍ജ് തുമ്പയില്‍)
ഉടുമല്‍പേട്ടയില്‍ നിന്നു തിരിച്ചുള്ള യാത്രയിലാണ് ഞങ്ങള്‍ ചിന്നാറിലെത്തിയത്. ഇന്ത്യയിലെ മനോഹരമായ പതിനഞ്ച് വനസങ്കേതങ്ങള്‍ എടുത്താല്‍ അതിലൊന്ന് ചിന്നാറാണെന്നു ബിനു  പറഞ്ഞു. ശരിയാണ്, അതിമനോഹരമാണ് ചിന്നാര്‍. കാടിനുള്ളിലേക്ക് കയറാന്‍ ഈ യാത്രയില്‍ ഞങ്ങള്‍ക്ക് സാധ്യമല്ല. സമയക്കുറവാണ് പ്രധാന കാരണം. അതു കൊണ്ടു തന്നെ ചിന്നാറിന്റെ വിഹഗവീക്ഷണമേ ഞങ്ങള്‍ ലക്ഷ്യമിടുന്നുള്ളു. കാടിനുള്ളില്‍ കയറി ഒന്നു ഓടിനടക്കണമെന്നു തോന്നിപ്പിക്കുന്ന മനോഹാരിതയാണെങ്ങും. എന്നാല്‍ അതും തത്ക്കാലം ഒഴിവാക്കേണ്ടിയിരിക്കുന്നു. കാടിനുള്ളിലേക്കു കാലു കുത്തണമെങ്കില്‍ ട്രക്കിങ്ങിനായി മൂന്നാറില്‍ നിന്നു സ്‌പെഷ്യല്‍ പെര്‍മിഷന്‍ വേണം. തിരികെ മൂന്നാറിലെത്തി, വീണ്ടും ചിന്നാറിലെത്തുക എന്നത് പ്രായോഗികമല്ലാത്തതിനാല്‍ ഞങ്ങള്‍ ചിന്നാറിന്റെ ബാഹ്യസൗന്ദര്യം മാത്രം ആസ്വദിക്കാന്‍ നിശ്ചയിച്ചു. കാട്ടുമൃഗങ്ങള്‍ ഏറെയുള്ള സ്ഥലമാണ്. ഈ റൂട്ടില്‍ മിക്കപ്പോഴും കാട്ടാനയും കാട്ടുപോത്തുകളും ധാരാളമായി കാണാമെന്നു ഡ്രൈവര്‍ ബിനു പറഞ്ഞു. ബിനു പലപ്പോഴും ഈ റൂട്ടില്‍ ആനയെ കണ്ടിട്ടുണ്ടത്രേ. ആനയെ കാണാന്‍ പറ്റുമോ എന്നായിരുന്നു കൊച്ചുമോന്റെ സംശയം. ഭാഗ്യമുണ്ടെങ്കില്‍ കാണാമെന്നായി ബിനു. എന്നാല്‍ അതിന്റെ മുന്നിലെങ്ങാനും ചെന്നു പെട്ടാലുള്ള അവസ്ഥയോര്‍ത്തപ്പോള്‍ വണ്ടിക്ക് ഇത്തിരി സ്പീഡ് കൂട്ടിക്കോ എന്നു ഞാന്‍ അറിയാതെ ബിനുവിനോടു പറഞ്ഞു പോയി. വണ്ടിയില്‍ ചിരി മുഴങ്ങി. പുറത്ത് മഴമുഴക്കിയുടെയും ചീവിടുകളുടെയും നിലയ്ക്കാത്ത ആരവം. ചില കാട്ടുമൃഗങ്ങള്‍ വണ്ടിയുടെ ശബ്ദം കേട്ട് കാടിനുള്ളിലേക്ക് തന്നെ ഓടിയൊളിക്കുന്നു.

മൂന്നാറില്‍ നിന്നും മറയൂര്‍ വഴി ഉടുമല്‍പേട്ടയിലേക്കുള്ള ദേശീയപാത ചിന്നാര്‍ വന്യജീവിസങ്കേതത്തെ രണ്ടായി പകുത്താണ് കടന്നുപോകുന്നത്. കാട്ടിനുള്ളിലൂടെയാണെങ്കിലും ചരക്കുലോറികളുടെ തിരക്കുകളുണ്ട്, റോഡില്‍. മൂന്നാര്‍, മറയൂര്‍, ഉടുമല്‍പേട്ട, തുടങ്ങിയ സമീപസ്ഥലങ്ങളില്‍ നിന്നും ഇടവിട്ടുള്ള ബസ്, ജീപ്പ് സര്‍വീസുകളുണ്ട്. പശ്ചിമഘട്ടത്തിലെ മഴനിഴല്‍ പ്രദേശത്ത് 90 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന വന്യജീവി സങ്കേതമാണ് ചിന്നാര്‍. വളരെക്കുറച്ചുമാത്രം മഴകിട്ടുന്ന വരണ്ട വനഭൂമിയാണിത്. എന്നാല്‍, നല്ല തണുപ്പുണ്ട് താനും. കാണാനും നല്ല ഭംഗി.

സമയം 10 മണി കഴിഞ്ഞിരുന്നു. തമിഴ്‌നാടിന്റെ അധീനതയിലുള്ള സ്ഥലത്തു കൂടിയാണ് ഇപ്പോഴും വാഹനം സഞ്ചരിക്കുന്നത്. ഏകദേശം അരകിലോമീറ്റര്‍കൂടി പിന്നിട്ടതോടെ ഞങ്ങള്‍ കേരളത്തിന്റെ സ്വാഗതം ആശംസിച്ചു കൊണ്ടുള്ള ബോര്‍ഡ് കണ്ടു. ചിന്നാര്‍ ചെക്ക്‌പോസ്റ്റിനരികില്‍ വണ്ടി നിര്‍ത്തി. തമിഴ്‌നാടിന്റെ അതിര്‍ത്തി ഇവിടെ അവസാനിയ്ക്കുകയാണ്. അതിര്‍ത്തിയായതിനാലും, ചന്ദനക്കടത്ത് വ്യാപകമായതുകൊണ്ടും ഈ വഴിയേ കടന്നുപോകുന്ന വാഹനങ്ങളുടെയും, യാത്രക്കാരുടെയും വിവരങ്ങള്‍ ചിന്നാര്‍ ചെക്ക്‌പോസ്റ്റില്‍ കൊടുക്കേണ്ടതുണ്ടായിരുന്നു. വണ്ടിയുടെ കേരള രജിസ്‌ട്രേഷന്‍ കണ്ടിട്ടാവും കാര്യമായ ചെക്കിങ്ങൊന്നും ഉണ്ടായില്ല. പേരിനു മാത്രം ഡ്രൈവറെ കാക്കിയിട്ട ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടക്കണ്ണു മിഴിച്ച് ഉദ്വേഗത്തോടെ ഒന്നു നോക്കി. ബിനുവിന്റെ ചുണ്ടില്‍ ഒരു നേരിയ ചിരി. അത്രമാത്രം. വണ്ടി മുന്നോട്ടു നീങ്ങി. ചിന്നാര്‍വനത്തോടു ചേര്‍ന്നു കിടക്കുന്ന ഇന്ദിരാഗാന്ധി വന്യജീവി സങ്കേതത്തിന്റെ ഉള്ളിലൂടെയാണ് ഇനി യാത്ര. തമിഴ്‌നാടിന്റെ മടുപ്പിച്ച വനഭൂമിയുടെയും, കൃഷിഭൂമികളുടെയും കാഴ്ചകളില്‍ നിന്നും ഇതാ മോചനം. 

മറയൂരില്‍ നിന്ന് 18 കി.മി വടക്കായി സംസ്ഥാന ഹൈവേ 17 ന്റെ വഴിയിലാണ് ചിന്നാര്‍ സ്ഥിതി ചെയ്യുന്നത്. പേര് പോലെ തന്നെ ഈ വനാന്തരങ്ങളുടെ മധ്യത്തിലൂടെ തന്നെ വളരെ ശാന്തമായി ഒരു പുഴ ഒഴുകുന്നുണ്ട്. അതിന്റെ പേരാണ് ചിന്നാര്‍. അതു പിന്നീട്, ഈ സ്ഥലത്തിനും ലഭിച്ചു. കാടിനുള്ളില്‍ മറയൂരില്‍ കാണപ്പെടുന്ന രീതിയിലുള്ള ചന്ദനമരങ്ങള്‍ യഥേഷ്ടമുണ്ടെന്നു ബിനു പറഞ്ഞു. ബിനുവിന്റെ ഒരു സുഹൃത്ത് ഏറെക്കാലം ഇവിടെയുള്ള ഫോറസ്റ്റ് ഓഫീസില്‍ ജോലി നോക്കിയിരുന്നു. അതു കൊണ്ട് ഈ റൂട്ടില്‍ പലപ്പോഴും പോകുമ്പോള്‍ ബിനു ഒറ്റയ്ക്കാണെങ്കില്‍ ഇവിടെ സ്‌റ്റേ ചെയ്യുമായിരുന്നുവത്രേ. കുരങ്ങുകളുടെ ശല്യം ഇവിടെ കൂടുതലാണ്. എന്നാല്‍ വിളിക്കാത്ത അതിഥിയെ പോലെ ചിലപ്പോള്‍ സുന്ദരിയായ മയിലും മാനുമൊക്കെ മുന്നില്‍ വരും. കാട്ടുപന്നികളുടെ ശല്യം ഇവിടെ കൂടുതലാണ്. കൃഷിയെങ്ങും ഇല്ലെങ്കിലും അവ എപ്പോഴും റോഡ് അരികില്‍ കാണാം. മൃഗങ്ങളെ കൊല്ലുന്നതും കടുത്ത ശിക്ഷയാണ്. അങ്ങനെയുള്ള ചിന്തയൊന്നും വേണ്ടെന്നു ഞാന്‍ ആലോചിച്ചിരിക്കുന്നതു കണ്ടപ്പോള്‍ കൊച്ചുമോന്റെ വക കമന്റ്.

കേരളത്തിലെ പന്ത്രണ്ട് സംരക്ഷിത വനപ്രദേശങ്ങളില്‍ പെടുന്ന ഒരു സ്ഥലമാണിതെന്നും, പ്ലാസ്റ്റിക്കുകള്‍ ഒന്നും തന്നെ ഇവിടെ നിക്ഷേപിക്കരുതെന്നും വഴിയില്‍ സൂചന ബോര്‍ഡുകളില്‍ കണ്ടു. കാട് നമ്മുടെ വീടാണെന്നും കാട്ടുതീയെ അകറ്റണമെന്നുമുള്ള ബോര്‍ഡുകളും വഴിയില്‍ കാണാം. കാട്ടാനയുള്ള പ്രദേശം, സൂക്ഷിച്ചു സഞ്ചരിക്കുക എന്ന ബോര്‍ഡ് കണ്ടപ്പോള്‍ കൊച്ചുമോന്‍ പ്രാര്‍ത്ഥിക്കുന്നതു കേട്ടു, കര്‍ത്താവേ, ഒരു കാട്ടാനയെ എങ്കിലും കാണിച്ചു തരണേ...
പ്ലാസ്റ്റിക്കുകള്‍ റോഡരുകില്‍ നിക്ഷേപിക്കരുതെന്നു ബോര്‍ഡുകള്‍ കേരളത്തിലുടനീളം സ്ഥാപിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ മാലിന്യത്തിന്റെ ഒരു വലിയ കാരണങ്ങളിലൊന്ന് ഈ പ്ലാസ്റ്റിക്കാണെന്നു പറയേണ്ടി വരും. റീസൈക്കിള്‍ ചെയ്യാവുന്നതും പൊട്ടാത്തതുമായ മറ്റെന്തെങ്കിലും ഇവിടെ ഉപയോഗിക്കേണ്ടിയിരിക്കുന്നു. എന്തായാലും, കാട്ടിലെങ്കിലും പ്ലാസ്റ്റിക്ക് ഫ്രീ സോണ്‍ എന്നത് നല്ലൊരു ആശയമാണ്. നാട്ടിലോ ഇല്ലേ, കാട്ടിലെങ്കിലും വരട്ടെ എന്നു കൊച്ചുമോനും പറഞ്ഞു. അതിന്റെ ലോജിക്ക് ഓര്‍ത്ത് ചിരിച്ചെങ്കിലും പറയുന്നതില്‍ കാര്യമുണ്ടെന്നു തോന്നി.
ഓരോ വളവിലും തിരിവിലും കാഴ്ചയുടെ പൂരങ്ങളായിരുന്നു. ബിനു വാഹനത്തിന്റെ വേഗത കുറച്ചു. കാഴ്ചകള്‍ കണ്ടു പൊയ്‌ക്കോട്ടേ എന്നായിരിക്കും ബിനു വിചാരിച്ചത്. ആനയെങ്ങാനും വഴിയുടെ നടുവില്‍ ഉണ്ടാവുമോ എന്നായിരുന്നു എന്റെ പേടി. എങ്കിലും വിന്‍ഡോയ്ക്ക് പുറത്തു കൂടി നോക്കുമ്പോള്‍ അതൊക്കെയും ഒരു നിമിഷം മറന്നു പോയി. ഒരു മരത്തില്‍ പൂത്തു നില്‍ക്കുന്ന ചുവന്ന പുഷ്പങ്ങള്‍. മറ്റൊന്നില്‍ മഞ്ഞ ഇലകള്‍, വോറൊന്ന് വെളുത്തു തുടുത്തു നില്‍ക്കുന്നു. എവിടെയും പച്ചപ്പിന്റെ നിറഭേദങ്ങള്‍. ദൈവം ഒരുക്കിവച്ച നീലാംബരി സംഗീതം പോലെ, കാഴ്ചകളുടെ മധുരാഘോഷം ചുറ്റും ചിതറി കിടക്കുന്നു. ചിന്നാറിന്റെ മഴനിഴല്‍ക്കാടുകളിലൂടെയുള്ള ഈ യാത്ര, എന്നെ സംബന്ധിച്ച് വേറിട്ടതും ഏറെ വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നത്. ഈ വഴി വന്നില്ലായിരുന്നുവെങ്കില്‍ ഇതൊക്കെ കാണാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ എന്തൊരു നഷ്ടമായേനെ എന്നോര്‍ത്തു.

റോഡ് ഏറെക്കുറെ വിജനമായിരുന്നു. പ്രസന്നമായ കാലാവസ്ഥ. തണുപ്പ് അടിക്കുന്നുണ്ടെങ്കിലും, അതൊരു സുഖകരമായ കാലാവസ്ഥ പോലെയാണ് തോന്നിയത്. വണ്ടിയില്‍ മുഹമ്മദ് റാഫിയുടെ സംഗീതം നേരിയ ശബ്ദത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. കാടിന്റെ ഗരിമ എന്നെ അതിശയിപ്പിച്ചു കൊണ്ടിരുന്നു. ഈ കാടിന്റെ പുറം കാഴ്ച ഇതാണെങ്കില്‍ ഉള്ളില്‍ ഒരുക്കി വച്ചിരിക്കുന്നത് എന്തായിരിക്കുമെന്നു കൊച്ചുമോന്‍ പറഞ്ഞപ്പോള്‍ ഞാനോര്‍മ്മിച്ചത്, കണ്ട കാഴ്ചകളേക്കാള്‍ എത്ര മനോഹരമായിരിക്കും കാണാത്ത കാഴ്ചകള്‍ എന്നായിരുന്നു. പക്ഷികള്‍, ചെറുമൃഗങ്ങള്‍. ചെങ്കുത്തായ മലനിരകളെ അരിഞ്ഞെടുത്ത് നിര്‍മ്മിച്ചിരിയ്ക്കുന്ന ഇടുങ്ങിയ വഴിയിലൂടെ നീങ്ങുമ്പോള്‍ യാത്ര സാഹസികവും, അങ്ങേയറ്റം പ്രകൃതിസൗന്ദര്യത്തെ അനുഭവ വേദ്യമാക്കുന്നു. ചെങ്കുത്തായ മലയടിവാരത്തിലെ ഇടതൂര്‍ന്ന കാടുകള്‍ക്കിടയിലേയ്ക്ക് ഇപ്പോള്‍ നദി മറഞ്ഞുകഴിഞ്ഞു. വഴിയോരങ്ങളിലെ കാടുകളില്‍ ഒളിച്ചിരുന്ന്  മാധുര്യമുള്ള സംഗീതമുതിര്‍ക്കുന്ന പേരറിയാക്കിളികള്‍..... വനത്തിലേയ്ക്ക് കണ്ണും നട്ടിരിയ്ക്കുന്ന സഞ്ചാരികളുടെ കൗതുകക്കാഴ്ചയ്ക്ക് ആവേശമായി പുള്ളിമാനുകളുടെ ഒരു കൂട്ടം പെട്ടെന്നു മുന്നിലേക്കു വന്നു. ക്യാമറ കൈയിലുണ്ടായിരുന്നെങ്കിലും ഷൂട്ട് ചെയ്യാനുള്ള സമയം കിട്ടും മുന്‍പേ അവ ഓടിയൊളിച്ചു. അത്രമാത്രം വന്യമൃഗസമ്പത്തുകൊണ്ട് സമൃദ്ധമാണ് ഈ കാടുകള്‍.. വനാന്തരങ്ങളുടെ ഉള്‍ക്കാഴ്ച തേടി ഇതുവരെ നടത്തിയ യാത്രകളിലെല്ലാംതന്നെ, കണ്‍നിറയേ കാഴ്ചകള്‍ കാട് എനിയ്ക്ക്  സമ്മാനിച്ചിട്ടുണ്ട്. ക്യാമറയുടെ ഫ്രെയിമുകളില്‍നിന്നും പലപ്പോഴും വഴുതിമാറി പ്പോകുമ്പോഴും, മനസ്സിന്റെ ഉള്ളില്‍ മറക്കാതെ സൂക്ഷിയ്ക്കുവാനുതകുന്ന വന്യജീവികളൂടെ കാഴ്ചകള്‍ എണ്ണിയെടുക്കുവാനാകുന്നതിനും അപ്പുറത്താണ്. ഇനിയും അത്തരമൊരു ദൃശ്യം കണ്‍മുന്‍പില്‍ തെളിയുന്നതും പ്രതീക്ഷിച്ച്, വളരെ സാവധാനമാണ് ഞങ്ങള്‍ മുന്‍പോട്ടുനീങ്ങിയത്.
ചിന്നാര്‍ ചെക്ക്‌പോസ്റ്റിനോട് ഏറെ അടുത്തെത്തിയപ്പോഴാണ് മറ്റൊരു മനോഹരമായ കാഴ്ച, മുന്നില്‍ നടനമാടിയത്. മയില്‍ക്കൂട്ടങ്ങള്‍. പീലി വിടര്‍ത്തിയിട്ടില്ല, താഴ്ത്തി നാണത്തോടെ ലജ്ജാവിവശയായ രണ്ടു സുന്ദരന്മാരായ ആണ്‍മയിലുകളും, കുറച്ച് പെണ്‍മയിലുകളും...വനമദ്ധ്യത്തിലൂടെയുള്ള യാത്രകളില്‍ വാഹനം നിറുത്തരുത് എന്ന നിര്‍ദ്ദേശമുണ്ടെങ്കിലും, മയില്‍ക്കൂട്ടങ്ങളുടെ ഒന്നു രണ്ട് ഫ്രെയിമുകള്‍ക്കായി ഞങ്ങള്‍ വാഹനം നിറുത്തിയിറങ്ങി. എന്നാല്‍ അവയും ഞങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ നിമിഷം കാടിനുള്ളിലേക്ക് കയറി.
(തുടരും)

 ചിന്നാറിന്റെ വശ്യതയില്‍(43-പ്രകൃതിയുടെ നിഴലുകള്‍ തേടി: ജോര്‍ജ് തുമ്പയില്‍) ചിന്നാറിന്റെ വശ്യതയില്‍(43-പ്രകൃതിയുടെ നിഴലുകള്‍ തേടി: ജോര്‍ജ് തുമ്പയില്‍) ചിന്നാറിന്റെ വശ്യതയില്‍(43-പ്രകൃതിയുടെ നിഴലുകള്‍ തേടി: ജോര്‍ജ് തുമ്പയില്‍) ചിന്നാറിന്റെ വശ്യതയില്‍(43-പ്രകൃതിയുടെ നിഴലുകള്‍ തേടി: ജോര്‍ജ് തുമ്പയില്‍) ചിന്നാറിന്റെ വശ്യതയില്‍(43-പ്രകൃതിയുടെ നിഴലുകള്‍ തേടി: ജോര്‍ജ് തുമ്പയില്‍) ചിന്നാറിന്റെ വശ്യതയില്‍(43-പ്രകൃതിയുടെ നിഴലുകള്‍ തേടി: ജോര്‍ജ് തുമ്പയില്‍) ചിന്നാറിന്റെ വശ്യതയില്‍(43-പ്രകൃതിയുടെ നിഴലുകള്‍ തേടി: ജോര്‍ജ് തുമ്പയില്‍) ചിന്നാറിന്റെ വശ്യതയില്‍(43-പ്രകൃതിയുടെ നിഴലുകള്‍ തേടി: ജോര്‍ജ് തുമ്പയില്‍) ചിന്നാറിന്റെ വശ്യതയില്‍(43-പ്രകൃതിയുടെ നിഴലുകള്‍ തേടി: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക