Image

പിളളയുടെ മോചനം: വി.എസ്സിന് ഹൈക്കോടതിയെ സമീപിക്കാം

Published on 13 December, 2011
പിളളയുടെ മോചനം: വി.എസ്സിന് ഹൈക്കോടതിയെ സമീപിക്കാം
ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയെ മോചിപ്പിച്ച നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. വി.എസ്സിന് ഹൈക്കോടതിയെയോ ബന്ധപ്പെട്ട അധികൃതരെയോ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. പിള്ളയെ ശിക്ഷിച്ച ജസ്റ്റിസുമാരായ പി. സദാശിവം, ബി.എസ്. ചൗഹാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്.

ശിക്ഷ ഇളവിലെ അപാകം സംബന്ധിച്ച ആശങ്കകള്‍ കുറച്ചുകാണുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് വിഷയത്തില്‍ ഇടപെടുന്നത് ഉചിതമല്ലെന്ന് കോടതി നീരീക്ഷിച്ചു. തടവുകാരെ സര്‍ക്കാരുകള്‍ വിട്ടയയ്ക്കുന്നത് ആദ്യമായല്ല. വി.എസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും തടവുകാരെ വിട്ടയച്ചിരിക്കാം. നൂറുകണക്കിന് കേസുകളാണ് സുപ്രീം കോടതി തീര്‍പ്പാക്കുന്നത്. ശിക്ഷാവിധികള്‍ നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പിള്ളയുടെ മോചനത്തിനെതിരെ നിയമ വിദ്യാര്‍ത്ഥിയായ മഹേഷ് മോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയിലും സുപ്രീം കോടതി ഈ നിലപാട് ആവര്‍ത്തിച്ചു.

പിള്ളയെ ശിക്ഷിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ്. സുപ്രീം കോടതിയിലെത്തിയത്. പിള്ളയെ മോചിപ്പിച്ച വിഷയം വി.എസ്സിന്റെ അഭിഭാഷകന്‍ ഇടമലയാര്‍ കേസില്‍ വിധി പറഞ്ഞ ബെഞ്ചിന് മുമ്പാകെ കഴിഞ്ഞ മാസം ഉന്നയിച്ചപ്പോള്‍ നടപടിക്രമമനുസരിച്ച് അപേക്ഷ നല്‍കിയാല്‍, സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണോ എന്ന് പരിശോധിക്കാമെന്ന് ജസ്റ്റിസുമാരായ പി. സദാശിവം, ബി.എസ്. ചൗഹാന്‍ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചിരുന്നു.

പിള്ളയെ മോചിപ്പിച്ച നടപടി റദ്ദാക്കി, സുപ്രീം കോടതി വിധിച്ച ഒരു കൊല്ലത്തെ തടവുശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് വി.എസ്. അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നടപടി ഭരണഘടനാലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു. നല്ലനടപ്പിനുള്ള ആനുകൂല്യം പിള്ളയ്ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. പിള്ളയെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചത് സുപ്രീംകോടതിയുടെതന്നെ ഉത്തരവിന്റെ ലംഘനവും കോടതിയലക്ഷ്യവുമാണെന്നും നിയമപരമായി ഒരു അധികാരവുമില്ലാതെയാണ് തടവുകാരനെ മോചിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക