Image

ചാക്കോസ് അറ്റ് 5018 ചെസ്റ്റ്‌നട്ട് അവന്യു ഡോട്ട് കൊം (Chackos@5018ChestnutAvenue.com- ജെയ്ന്‍ ജോസഫ്)

ജെയ്ന്‍ ജോസഫ് Published on 20 November, 2014
ചാക്കോസ് അറ്റ് 5018 ചെസ്റ്റ്‌നട്ട് അവന്യു ഡോട്ട് കൊം (Chackos@5018ChestnutAvenue.com- ജെയ്ന്‍ ജോസഫ്)
ചാക്കോസ്- ഒരു അമേരിക്കന്‍ മലയാളി കുടുംബം
ഭര്‍ത്താവ്-അനില്‍ ചാക്കോ, സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍
ഭാര്യ-നീന ചാക്കോ, ഹൗസ് വൈഫ്
മകള്‍- ലിയ, പതിനൊന്നു വയസ്
മകന്‍- റോഷന്‍, നാലുവയസ്


ദൈവമേ, സമയം രണ്ടരയോ? ഇന്ന് ചെയ്യണമെന്ന് കരുതിയ ജോലികളുടെ പകുതിപോലും നടന്നിട്ടില്ല. സ്‌കൂള്‍ തുറന്നിട്ട് മാസം രണ്ടാവാറായി. ലിയയുടെയും റോഷന്റേയും സ്‌കൂളില്‍ നിന്നുള്ള ഫോമുകള്‍  മടക്കിക്കൊടുക്കാനുള്ളത് തന്നെ ഒരു കെട്ടുണ്ട്. എത്ര രേഖകളില്‍ ഒപ്പിട്ട് കൊടുത്താലാണ് ഒരു സ്‌ക്കൂള്‍ ഇയര്‍ തുടങ്ങിക്കിട്ടുക. പണ്ട് അപ്പനും അമ്മയ്ക്കും ഈ കഷ്ടപ്പാട് വല്ലതും ഉണ്ടായിരുന്നോ? ആകെ ഒപ്പിടേണ്ടത് ഒരേയൊരു സമ്മതപത്രത്തില്‍; ചൂരല്‍കഷായം വേണ്ടുവോളം പ്രയോഗിക്കുവാനുള്ള അനുവാദം. അത് ഒപ്പിട്ട് കിട്ടിയില്ലെങ്കിലും, അദ്ധ്യാപകര്‍ അവരുടെ ജോലി ആത്മാര്‍ത്ഥമായി നിര്‍വ്വഹിച്ചുകൊള്ളും.
ഉടനെ പുറപ്പെട്ടില്ലെങ്കില്‍ റോഷിയുടെ സ്‌കൂളില്‍ സമയത്ത് എത്തില്ല. മൈക്രോവേവില്‍ ചൂടാക്കിയെടുത്ത പാലില്‍ നെസ്‌കഫേയിട്ട്, നാല്‍ സ്പൂണ്‍ പഞ്ചസാരയും ഇട്ട് കോഫിമഗ്ഗില്‍ കൈയിലെടുത്തു. അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേയ്ക്കുള്ള എന്റെ എനര്‍ജി ഡ്രിങ്ക്! ട്രാഫിക് ഇല്ലെങ്കില്‍ ഒരു പത്ത് പതിനഞ്ച് മിനിറ്റ് കൊണ്ട് സ്‌കൂളിലെത്താം. മൂന്ന് മണിക്കാണ് സ്‌കൂള്‍ കഴിയുന്നത്. സമയത്ത് എത്തിയില്ലെങ്കില്‍ കുട്ടിയെ ഡേകെയര്‍ റൂമിലേക്ക് മാറ്റും. പിന്നെ ഒരു മിനിറ്റിന് ഒരു ഡോളര്‍ ഫൈനാണ്. ഇന്നേതായാലും കുറച്ച് നേരത്തെ എത്തുന്ന ലക്ഷണമുണ്ട്.
പെട്ടെന്ന് കുറെ ഫ്‌ളാഷുകള്‍ മിന്നുന്നു. പിന്നെ ഹോണടിയും. റെയര്‍വ്യൂ മിററിലൂടെ നോക്കിയപ്പോള്‍ കാര്യം മനസ്സിലായി. ഇരയെ പതുങ്ങിയിരുന്ന് പിടി കൂടുന്ന വന്യമൃഗത്തെപ്പോലെ, ഒരു പോലീസ് കാര്‍ എന്റെ തൊട്ടുപിന്നില്‍, വേഗം വണ്ടി ഒതുക്കി. എന്താണാവോ എന്നില്‍ ചുമത്തിയിരിക്കുന്ന കുറ്റം? നിമിഷങ്ങള്‍ക്കകം വിന്‍ഡോയ്ക്കരികില്‍ പ്രത്യക്ഷപ്പെട്ട ഓഫീസര്‍ കുറ്റം വ്യക്തമാക്കിത്തന്നു. ഇരുപത്തിയഞ്ച് മൈല്‍ സ്പീഡ് ലിമിറ്റ് ഉള്ള സ്‌കൂള്‍ പരിസരത്ത് എന്റെ മിനി വാനിന്റെ വേഗത നാല്‍പ്പത്തിരണ്ടു മൈല്‍! ലൈസന്‍സും ഇന്‍ഷുറന്‍സ് പേപ്പറും വാങ്ങി ഓഫീസര്‍ കാറിലേക്ക് മടങ്ങി. ചിന്തകള്‍ കാടുകയറുമ്പോള്‍, ചെയ്യുന്ന പ്രവൃത്തിയുടെ വേഗം കൂടും എന്നത് ചെറുപ്പം മുതലേ ഉള്ള ശീലമാണ്. ശിക്ഷ എന്താണാവോ? കാറിലിരുന്ന് എന്റെ പ്രവാസചരിതം മുഴുവന്‍ വായിച്ചറിഞ്ഞ് കൂട്ടിയും കിഴിച്ചതും ശിക്ഷ വിധിച്ച് ഓഫീസര്‍ വീണ്ടും വിന്‍ഡോയ്ക്കരികില്‍. നൂറ്റിയെണ്‍പത് ഡോളര്‍ ഫൈന്‍. അതുതന്നെ വളരെ കുറവാണ് എന്നൊരു ആശ്വസിപ്പിക്കലും. ഓഫീസറോട് ചെയ്തുതന്ന ഉപകാരങ്ങള്‍ക്കൊക്കെ നന്ദി പറഞ്ഞ് പിരിഞ്ഞപ്പോള്‍ സമയം മൂന്നേകാല്‍. ഇനി അടുത്ത വിചാരണ സ്ഥലത്തേയ്ക്ക്!
കണ്ടതും റോഷി വിളിച്ചുപറഞ്ഞു. “Mom you are late”. സാക്ഷിമൊഴിയും രേഖപ്പെടുത്തിക്കഴിഞ്ഞു.
അടുത്ത സ്റ്റോപ്പ് ലിയയുടെ സ്‌കൂള്‍. വളരെ സാവധാനം ശ്രദ്ധയോടെ റോഡിലേക്ക്…
“Roshy, we will be home soon, Ok”.
“I'am hungry mummy, I'am hungry” ഈ സുകൃതജപം അവസാനിക്കണമെങ്കില്‍ ഈ കുഞ്ഞി വായിലേക്ക് ഒരു മുട്ടന്‍ സ്രാവിനെയെങ്കിലും ഇട്ടുകൊടുക്കണം. മക്‌ഡോണള്‍ഡ്‌സിന്റെ ഡ്രൈവ് ത്രൂവില്‍ നിന്ന് ഒരു ഐസ്‌ക്രീം വാങ്ങി റോഷിക്ക് കൊടുത്ത് തല്‍ക്കാലം ആ പ്രശ്‌നം പരിഹരിച്ചു.
ലിയയുടെ സ്‌കൂളില്‍ എത്തിയപ്പോള്‍ വളരെ കുറച്ച് കാറുകള്‍ മാത്രം പിക്കപ്പ് ലൈനില്‍…
“Mom, you are late!” ലിയയുടെ  വാക്കുകള്‍ പോലീസ് ഓഫീസറുടേതിലും കര്‍ക്കശം!
സ്പീഡിംഗ് ടിക്കറ്റ് കഥകള്‍ കേട്ടതും ലിയ റോഡ് സുരക്ഷയെക്കുറിച്ചുള്ള പ്രഭാഷണം തുടങ്ങി. വീടിന്റെ പുറത്തുള്ള എല്ലാ നിയമങ്ങളും പൂര്‍ണ്ണമായി അനുസരിക്കുന്ന ഉത്തമ പൗരി! വീടെത്തുവോളം തുടര്‍ന്ന ലിയയുടെ ഉപദേശങ്ങള്‍ക്കിടയില്‍ ഞാനാകെ കേട്ടത് റോഷി പറഞ്ഞ ഒരു വാചകം മാത്രമാണ്. അതിനാണ്, “Mom I have to buy spiderman costume today” നാളെ റോഷിയുടെ സ്‌ക്കൂളില്‍ ഹാലോവീന്‍ കോസ്റ്റ്യും പരേഡാണ്. പാടേ മറന്നുപോയ ഒരു കാര്യം.
വീട്ടിലെത്തി നിമിഷങ്ങള്‍ക്കകം കിച്ചണ്‍ കൗണ്ടര്‍ ഒരു ഭക്ഷണപ്രദര്‍ശനശാലയായി മാറി. പാന്‍ട്രിയിലെ എല്ലാ സ്‌നാക്ക് ബോക്‌സുകളും കൗണ്ടറില്‍ നിരന്നു. അര മണിക്കൂറിനുള്ളില്‍, ഇര വിഴുങ്ങിയ പാമ്പിനെപ്പോലെയായി എന്റെ രണ്ടുമക്കളും! രണ്ടാമതൊരു കോഫിയും രണ്ടുമക്കളും! രണ്ടാമതൊരു കോഫിയും കൂടി കൈയിലെടുത്ത് ഞങ്ങള്‍ വീണ്ടും വാനില്‍ക്കയറി. ലക്ഷ്യം, കോസ്റ്റ്യൂ കട. എല്ലാ വര്‍ഷവും 'ഹാലോവീന്‍' എന്ന ഭൂതപ്രതേ നിര്‍മ്മാര്‍ജ്ജന മഹോത്സവത്തിന്റെ വകുപ്പില്‍ നൂറു ഡോളര്‍ എങ്കിലും പോയിക്കിട്ടും. ഇപ്രവാശ്യം മിഡില്‍ സ്‌ക്കൂളിലായതുകൊണ്ട് കോസ്റ്റ്യൂം വേണ്ട എന്നാണഅ ലിയയുടെ തീരുമാനം. റോഷനു വേണ്ടത് സ്‌പൈഡര്‍മാനും.
കടയുടെ മുമ്പില്‍ത്തന്നെ ഭീകരരൂപികളായ കുറെപ്പേര്‍. ഈ രാജ്യത്ത് എനിക്ക് ഇഷ്ടമില്ലാത്ത കുറച്ചു ദിവസങ്ങളാണ് ഒക്‌ടോബറിന്റെ രണ്ടാം പകുതി. ഞങ്ങലുടെ അയല്‍പക്കത്തെ വീടിന്റെ ഫ്രണ്ട് യാഡ് ഒരു സിമിത്തേരിയാക്കി മാറ്റിയിരിക്കുന്നു. പകുതി ശവശരീരങ്ങള്‍ കുഴിക്ക് പുറത്ത്, മണ്ണില്‍ നിന്ന് നീണ്ട് നില്‍ക്കുന്ന കൈകള്‍. രാത്രിയായാല്‍ ലൈറ്റ് ആന്റ് സൗണ്ട് എഫക്ട്‌സും. ഒരു വല്ലാത്ത ആഘോഷം തന്നെ.
നിമിഷങ്ങള്‍ക്കകം റോഷി സ്‌പൈഡര്‍മാനെ കണ്ടെത്തി. കുറച്ചുവലുതാണ്. പിന്‍കുത്തി അഡ്ജസ്റ്റ് ചെയ്യാം. പരേഡില്‍ നടന്നാല്‍ മതിയല്ലോ. ഭിത്തിയൊന്നും കയറണ്ടല്ലോ. പ്രിന്‍സസ് കോസ്റ്റ്യൂമുകളുടെ ഭംഗിയാസ്വദിക്കുന്നു ലിയ….
 “Liya, you want one?”
“A princess? Come on mom, I was just looking…”
പുറമെ എത്രയൊക്കെ ടീനേജര്‍ ആവാന്‍ ശ്രമിച്ചാലും ഉള്ളില്‍ ഒരു കൊച്ചുരാജകുമാരി ഒളിച്ചിരിക്കുന്നു ഇപ്പോഴും. ഇത് അമ്മയ്ക്കറിയാവുന്ന സത്യം. ഈ പ്രീറ്റീന്‍ ഒരു വല്ലാത്ത പ്രായമാണ്. കുട്ടിത്തത്തില്‍ നിന്ന് വണ്ടി വിടുകയും ചെയ്തു, ടീനേജ് എന്ന സ്റ്റോപ്പില്‍ എത്തിയിട്ടുമില്ല.
തിരിച്ചു വീട്ടിലെത്തിയപ്പോള്‍ സമയം ആറര. ഡിന്നറിനായുള്ള അടുക്കളയിലെ അങ്കം തുടങ്ങാനുള്ള സമയമായി. ഫ്രിഡ്ജിലിരുന്ന തലേ ദിവസത്തെ ബാക്കിയുള്ള ഡിഷസിനെ ഒന്ന് രൂപം മാറ്റിയെടുക്കാനുള്ള സമയമേയുള്ളൂ. പുതിയ കുടത്തില്‍ പഴയ വീഞ്ഞ്! അതിനിടയിലാണ് ഹോംവര്‍ക്ക് ചെയ്തുക1ണ്ടിരുന്ന ലിയ എനിക്കുള്ള അടുത്ത അസൈന്‍മെന്റ്  തന്നത്. കുടുംബത്തിലുള്ള ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ, ഏതെങ്കിലും രീതിയില്‍  പ്രശസതി നേടിയ ഒരാളെക്കുറിച്ച് ഒരു കുറിപ്പ്. സോഷ്യല്‍ സ്റ്റഡീസ് ടീച്ചറിന്റെ വക മാതാപിതാക്കള്‍ക്കുള്ള പണി.
പ്രശ്‌സതരായ പൂര്‍വ്വികര്‍! അപ്പനപ്പൂന്‍മാരുടെ ചിത്രങ്ങള്‍ മനസ്സിലൂടെ മിന്നിമറഞ്ഞു. നീണ്ട വാലുള്ള മുതുമുത്തച്ഛന്‍ വരെ എത്തിയിട്ടും പ്രശസ്തരായ ആരെയും കണ്ടുപിടിക്കാന്‍ പറ്റുന്നില്ല.
“I can't think of anyone, Liya.”
“How about dad's side?”
“I don't think there's anyone famous.” ഉത്തരം പറയാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല.
“Everyone has something to share. Many of my friend's grand parents fought in Vietnam war or some other wars. Did anyone from our family get involved in India's war with British? Are we related to Gandhi?”
രാഷ്ട്രപിതാവിന്റെ പേര് എന്റെ കുട്ടി പറഞ്ഞുകേട്ടപ്പോള്‍ മനസ്സ് ഒന്നു തുടിച്ചു. ഒരു ത്രിവര്‍ണ്ണ പതാക ഹൃദയത്തില്‍ ഇളകിയാടി.
Liya, let me see if I can find Someone. Roshy come for shower. And Liya, finish rest of your home work and then take shower, Ok.?”
ഈ വീട്ടിലെ അപ്പനടക്കമുള്ള പ്രജകള്‍, പറയാതെ ഒരു കാര്യം ചെയ്യുക എന്നത് എന്റെ 'വളരെ സുന്ദരമായ നടക്കാത്ത സ്വപ്ന'മായി അവശേഷിക്കുകയാണ്.  ടിവിക്കകത്തിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുന്ന റോഷിയെ ഒന്നു കുളിപ്പിച്ചെടുക്കുക എന്നത് എന്റെ ഏറ്റവും ദുര്‍ഘടമായ പണിയാണ്. ഒടുവില്‍ അരമണിക്കൂര്‍ നേരത്തെ ഗുസ്തിക്കുശേഷം റോഷിയെ കുളിപ്പിച്ച് വേഷം മാറ്റി. കുറച്ചു തണുത്തവെള്ളം വീണപ്പോള്‍ എന്റെ തലയും ഒന്നു തണുത്തു.
ഗരാജ് തുറക്കുന്ന ശബ്ദം.
“Dad's home.” ഠറാഷി ഗരാജിലേക്ക് ഓടി.
നീനക്കുട്ടീ. എന്താ ഒരു ബലം. ഇന്ന് ഗുസ്തി ആരുമായിട്ടായിരുന്നു? മകളോ മകനോ? അനിയുടെ കുശലാന്വേ,ണം.
“ഒന്നു വേഗം കുളിച്ചിട്ട് വാ. എനിക്ക് വിശന്നിട്ട് വയ്യ.”
അനി വീട്ടില്‍ വന്നു കയറുമ്പോള്‍ കുറച്ചുകൂടി സ്‌നേഹത്തോടെ സ്വീകരിക്കണമെന്ന് ഉച്ചകഴിഞ്ഞ് ഏതാണ്ട് രണ്ട് മണി സമയത് ഓര്‍ക്കാറുണ്ട്. പക്ഷെ വൈകീട്ട് ഒരു ഏഴ്, ഏഴരയാവുമ്പോഴേക്കും അതിനുള്ള താല്‍പ്പര്യം നിശ്ശേഷം കെട്ടടങ്ങിയിട്ടുണ്ടാവും.
“Guys, dinner time” ഇത് ഒരു എട്ടുപ്രാവശ്യമെങ്കിലും റീപ്ലേ ചെയ്താലേ ടേബിളില്‍ ഒരാളെങ്കിലും എത്തുകയുള്ളൂ. ലിയയുടെ വാടിയ മുഖം കണ്ടിട്ടാവണം അപ്പന്റെ ചോദ്യം.
“What's up babe? Everything alright?”
“അനീ, നിങ്ങള്‍ടെ ഫാമിലിയില്‍ വല്ല അപ്പൂപ്പന്‍മാരും യുദ്ധത്തിന് പോയിട്ടുണ്ടോ? മിനിമം ഒരു, അയല്‍വക്ക-അതിര്‍ത്തി തര്‍ക്കത്തിനെങ്കിലും?”
ലിയ അപ്പന് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു.
പെട്ടെന്നാണ് എനിക്ക് ഓര്‍മ്മ വന്നത്.
“Liya, my grandpa was a famous lawyer. You can write about him”. “What did he do mom?”
ദൈവമെ, ഞാനുണ്ടാകുന്നതിനു മുമ്പ് മണ്‍മറഞ്ഞ വല്യപ്പച്ചന്‍ വലിയ അക്രമമൊന്നും ചെയ്തതായി അപ്പന്‍ പറഞ്ഞു കേട്ടിട്ടില്ല.
“He went to the court and did the lawyer Kinda things I guess”.
“That's so boring.” ലിയ എന്റപ്പൂപ്പന് പാസ്മാര്‍ക്ക് പോലും കൊടുത്തില്ല.
“Hey, I have some one, my grand uncle. He was an activist. He encouraged girls education in Kerala.”
അനി പറയുന്നത് ലിയ ഏറെ ശ്രദ്ധയോടെ കേള്‍ക്കുന്നു. ആ കണ്ണുകള്‍ വിടര്‍ന്നുവരുന്നു.
“ഇത് ഏത് ഉപ്പാപ്പന്‍? ഞാന്‍ കേട്ടില്ലല്ലോ?”
“Dad. Continue…”  ലിയ അനിയുടെ ഉപ്പാപ്പനെ തെരഞ്ഞെടുത്ത ലക്ഷണം.
ഇത് ഒരു ഗോമ്പറ്റീഷന്‍ ഐറ്റം ആണെങ്കിലും തല്‍ക്കാലം വിട്ടേക്കാം. അനിയുടെ ഉപ്പാപ്പനെക്കൊണ്ട് ഒരു ഉപകാരം ഉണ്ടായല്ലോ.
അപ്പോഴാണ് അത് സംഭവിച്ചത്… റോഷിയുടെ കൈ തട്ടി പിച്ചറിലിരുന്ന വെള്ളം മറിഞ്ഞു. മേശപ്പുറത്തിരിക്കുന്ന കറികളിലും, ചോറിലും പ്ലേറ്റുകളിലും, സര്‍വ്വത്ര പ്രളയം!
സന്ധ്യയായി, ഉഷസ്സുമായി; ഒരു നല്ല ദിവസം…!

കടപ്പാട്: മലയാളി മാഗസിന്‍, ഒക്‌ടോബര്‍ ലക്കം
ചാക്കോസ് അറ്റ് 5018 ചെസ്റ്റ്‌നട്ട് അവന്യു ഡോട്ട് കൊം (Chackos@5018ChestnutAvenue.com- ജെയ്ന്‍ ജോസഫ്)
Join WhatsApp News
Tom Mathews 2014-11-20 06:25:57
Dear Jane: By reflecting on an American Malayalee's daily trials and tribulations, you have brought forth a style of writing rarely seen. A proportionate usage of English and Malayalam interactions among the 'Chackos' family members is a new trend. Jane, you have the capabilities. Keep writing. My congratulations Tom Mathews, New Jersey.
Sudhir Panikkaveetil 2014-11-21 06:45:32
അടുത്ത തലമുറയിലെ പിള്ളേർക്ക് കുടുംബത്തിലെ
പ്രശസ്തരെ കുറിച്ച് എഴുതാൻ പ്രയാസമുണ്ടാകില്ല.
അവരുടെ അപ്പൂപ്പന്മാരോ, അമ്മൂമ്മാരോ, പ്രശസ്തരായ എഴുത്തുകാരയിരുന്നു, അവർ
കാശ് കൊടുക്കാതെ അവാര്ഡ് വാങ്ങിയവരായിരുന്നു, ധാരാളം പുസ്തകങ്ങൾ എഴുതിയവരായിരുന്നു എന്നൊക്കെ തട്ടിവിടാം.
ഒരു അമേരിക്കൻ മലയാളി കുടുംബ ചിത്രീകരണം, രസകരം, കലാപരം. ശ്രീമതി ജോസഫിന്  അനുമോദനങ്ങൾ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക