Image

കാര്‍സിനോമ (കവിത: കാരൂര്‍ സോമന്‍ ചാരുംമൂട്‌)

Published on 20 November, 2014
കാര്‍സിനോമ (കവിത: കാരൂര്‍ സോമന്‍ ചാരുംമൂട്‌)
മുറിവേറ്റ പക്ഷി
ഇടതുമാറില്‍ കണ്ട ഒരു തടിപ്പിന്റെ
കാരണമന്വേഷിച്ചു ആശുപത്രിയില്‍ ചെന്നു
അവിടെ ഡോക്‌ടര്‍മാര്‍ ആരുമുണ്ടായിരുന്നില്ല
തിരക്കിന്‌ കുറവുണ്ടായിരുന്നില്ല,
മരുന്നുകള്‍ മറിഞ്ഞു കിടന്നു
കാവല്‍ക്കാരന്‍ ചെതുക്കിച്ചു വന്നു
ആരാച്ചാരുടെ സ്റ്റെതസ്‌കോപ്പെടുത്തു
ഇടതു മാറോടു ചേര്‍ന്നു
ബോണ്‍സായിച്ചു നില്‌ക്കുന്ന
ക്രെഡിറ്റ്‌ കാര്‍ഡുകളുടെ മൂല്യമളന്നു
ഇടതു മാറോടു ചേര്‍ന്നു
ബോണ്‍സായിച്ചു നില്‍ക്കുന്ന
ക്രെഡിറ്റ്‌ കാര്‍ഡുകളുടെ മൂല്യമളന്നു
മെഡിക്ലെയിം,
റീഇംപേഴ്‌സ്‌മെന്റ്‌
മറ്റു വ്യവഹാരങ്ങള്‍
എന്നിവയെക്കുറിച്ച്‌ അന്വേഷിച്ചു,

കാവല്‍ക്കാരന്‍ ഒ.പി ടിക്കറ്റില്‍
കാര്‍സിനോമ
എന്നുമാത്രം കുറിച്ചു
വെയിറ്റംഗ്‌ ഷെഡ്ഡില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു
കിളിക്ക്‌ പറക്കണമെന്നുണ്ടായിരുന്നു
വീട്ടില്‍ ചാര്‍ജ്ജു കുത്തി കിടക്കുന്ന കുഞ്ഞുങ്ങള്‍
ന്യൂഡില്‍സ്‌ തനിയെ നിര്‍മ്മിച്ചു കഴിക്കുമോയെന്ന്‌
കിളി വേവലാതിപ്പെട്ടു
കാവല്‍ക്കാരന്‍ ആശ്വസിപ്പിച്ചു.
സാരമില്ല
നിങ്ങള്‍ക്ക്‌ വേഗം വീട്ടില്‍ മടങ്ങിയെത്താനാവും
ഞാന്‍ ആംബുലന്‍സിനോടു പറയാം
സെപ്‌റ്റംബര്‍ 11-ന്‌
കിളിയുടെ ഇടതു ചിറക്‌ മുറിച്ചു.
ആശയങ്ങളുടെ നിരന്തരമായ സംഘട്ടനത്തിനൊടുവില്‍
ഒ.പി ടിക്കറ്റില്‍ കാവല്‍ക്കാരന്‍ കുറിച്ച
ഒറ്റവാക്കിനു താഴെ കിളി ചുവന്ന വര വരച്ചു.
അതൊരു കൊടിയാവുന്നതും,
കൊടിമരത്തിലേക്കു പറന്നു കയറുന്നതും കണ്ട്‌
കിളി അത്ഭുതപ്പെടവെ
ക്യൂബയില്‍ നിന്നു (ചുളിവു വീഴാത്ത ഭൂപടത്തില്‍ നിന്ന്‌)
ഫിഡല്‍ കാസ്‌ട്രോ നേരിട്ടയച്ചുകൊടുത്ത
ന്യൂസ്‌ ലെറ്റര്‍ കിളിയെ സന്തോഷിപ്പിച്ചു
ആനന്ദസാഗരത്തിലാറാടവെ,
കിളി ഇടതുഭാഗം പരിശോധിച്ചു.
അവിടെ തടിപ്പുണ്ടായിരുന്നില്ല,
അവിടെ ചിറകുണ്ടായിരുന്നില്ല
മാറുണ്ടായിരുന്നില്ല,
അവിടെ മോഹങ്ങളും,
ആശയങ്ങളും സിദ്ധാന്തങ്ങളുമുണ്ടായിരുന്നില്ല
മുന്‍കാഴ്‌ചയും പിന്‍കാഴ്‌ചയും ഉണ്ടായിരുന്നില്ല
ഒ.പി. ടിക്കറ്റില്‍ നിന്നു
കൊടിയായി രൂപാന്തരം പ്രാപിച്ച
അബസ്‌ട്രാക്‌ട്‌ ചുവന്ന വര
മധുരാനഗരത്തിനു മുന്നിലെത്തിയപ്പോള്‍
കിളി പറഞ്ഞു, എനിക്കിവിടെ ഇറങ്ങണം
അവളെ കാത്ത്‌ മറീനാ ബീച്ചില്‍
കണ്ണകിടിയുടെ പ്രതിമ
കാത്തുനിന്നത്‌ കിളിയോര്‍ത്തില്ല
മധുര അപ്പോഴും കത്തിയെരിയുകയായിരുന്നു
കത്തിച്ചാമ്പലായ ഒരു ദാസിപ്പുരയുടെ ഉമ്മറത്ത്‌
ഒരു കാല്‍ച്ചിലമ്പ്‌ കിളി കണ്ടു.
അതെടുക്കാന്‍
അവള്‍ക്ക്‌ ഇടതുകൈയ്യുണ്ടായിരുന്നില്ല,
ഇടതു ചിറകുണ്ടായിരുന്നില്ല
ഇനിയെന്ത്‌ എന്ന്‌ ആലോചിച്ച നില്‍ക്കവെ
കാവല്‍ക്കാരന്‍ എത്തി മുറിവ്‌ പരിശോധിച്ചു
അവിടെ ഭൂമിയെ ചൂഴ്‌ന്നു തിന്നാന്‍ പാഞ്ഞടുക്കുന്ന
തമോഗര്‍ത്തത്തെ കണ്ട്‌ കിളി പേടിച്ചുപോയി.

കണ്ണകി സ്വന്തം പേര്‌
കാര്‍സിനോമ
എന്ന്‌ റേഷന്‍ കാര്‍ഡില്‍ മാറ്റിയത്‌
കിളി മാത്രം അറിഞ്ഞിരുന്നില്ല.
കാര്‍സിനോമ (കവിത: കാരൂര്‍ സോമന്‍ ചാരുംമൂട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക