Image

ഇന്റര്‍നെറ്റ്‌ വിമുക്തകേരളം (അഷ്‌ടമൂര്‍ത്തി)

Published on 21 November, 2014
ഇന്റര്‍നെറ്റ്‌ വിമുക്തകേരളം (അഷ്‌ടമൂര്‍ത്തി)
രാവിലെ അഞ്ചു മണിയ്‌ക്ക്‌ മൊബൈല്‍പ്പൂങ്കോഴി തന്റെ പുഷ്‌കലകണ്‌ഠനാദത്തില്‍ പതിവു പോലെ എന്നെ വിളിച്ചുണര്‍ത്തി. കണ്ണു തിരുമ്മിയെഴുന്നേറ്റ്‌ കംപ്യൂട്ടര്‍ മുറിയിലേയ്‌ക്കു നടന്നു. വെളുത്ത തുണിയിട്ടു മൂടിയ മോണിറ്റര്‍ കണ്ടപ്പോഴാണ്‌ ഇന്ന്‌ ഹര്‍ത്താല്‍ ആണല്ലോ എന്ന്‌ ഓര്‍മ്മിച്ചത്‌. ഇന്റര്‍നെറ്റ്‌ മോഡവും മൂടിവെച്ചിട്ടുണ്ട്‌. മൊബൈല്‍ ഫോണിലെ വൈ-ഫൈ തലേന്നു രാത്രി പതിനൊന്നു മണിയോടെത്തന്നെ വിടുവിച്ചു വെച്ചിരുന്നു. സാധാരണ പല്ലുതേപ്പും കുളിയും കഴിഞ്ഞ്‌ നേരെ കംപ്യൂട്ടറിനു മുന്നില്‍ ഇരിയ്‌ക്കാറുള്ളതാണ്‌. ഇന്ന്‌ ഏതായാലും അതു പാടില്ല. അഞ്ചര മണിയോടെ പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ്‌ `കാബൂളിലെ പുസ്‌തക വില്‍പനക്കാരന്‍' എന്ന പുസ്‌തകം എടുത്തു നിവര്‍ത്തി. അസ്‌നെ സീയര്‍സ്റ്റാഡിന്റെ നോവല്‍. എം. കെ. ഗൗരിയുടെ ഒന്നാന്തരം തര്‍ജ്ജമ. ആറരയോടെ വായന നിര്‍ത്തി പ്രാതല്‍ കഴിച്ച്‌ ജോലിയ്‌ക്കു പോവാനുള്ള തയ്യാറെടുപ്പായി. ബസ്സുകളെല്ലാം ശരിയ്‌ക്ക്‌ ഓടുന്നുണ്ട്‌. ടാക്‌സികളും ഓട്ടോറിക്ഷകളും അതുപോലെത്തന്നെ. ആരും വാഹനങ്ങള്‍ തടയുന്നുമില്ല. അതിന്‌ ഇന്നത്തേത്‌ സി പി ഐ എമ്മോ കോണ്‍ഗ്രസ്സോ ബി ജെ പിയോ കേരള കോണ്‍ഗ്രസ്സോ മുസ്ലീം ലീഗോ ഒന്നും ആഹ്വാനം ചെയ്‌ത ഹര്‍ത്താലല്ലല്ലോ.

ഒക്ടോബര്‍ 31-ന്‌ എന്തായിരുന്നു എന്ന്‌ സംശയിയ്‌ക്കുന്നവരോട്‌ പറയട്ടെ. അന്ന്‌ കേരളത്തില്‍ സംസ്ഥാനവ്യാപകമായി ഒരു ഹര്‍ത്താലുണ്ടായി. ഹര്‍ത്താലുകള്‍ കേരളീയരുടെ കുത്തകയാണല്ലോ. അതുകൊണ്ട്‌ കേരളത്തിനു പുറത്തുള്ളവര്‍ ആരും അത്‌ അറിഞ്ഞിട്ടുണ്ടാവില്ല. അവര്‍ മലയാളികളാണെങ്കിലും കേരളീയരല്ലല്ലോ. അവരുടെ അറിവിലേയ്‌ക്കായി പറയാം: 2014 ഒക്ടോര്‍ 31ന്‌ കേരളത്തില്‍ ഒരു ഹര്‍ത്താല്‍ നടന്നു. അന്ന്‌ ഞാനടക്കം കുറച്ചു പേര്‍ ഈമെയിലും ഫെയ്‌സ്‌ ബുക്കും വാട്‌സാപ്പും തുറന്നില്ല. കാരണം അന്ന്‌ ഇന്റര്‍നെറ്റ്‌ ഹര്‍ത്താലായിരുന്നു.

കേരളത്തിലുള്ളവര്‍ തന്നെ ഇത്‌ അറിഞ്ഞിരുന്നുവോ എന്ന്‌ നിശ്ചയമില്ല. ഏതായാലും കേള്‍ക്കൂ. ഈ ഹര്‍ത്താലിനുള്ള ആഹ്വാനം കഴിഞ്ഞ മാസം പകുതിയോടെത്തന്നെ എല്ലാ സോഷ്യല്‍ മീഡിയ വഴിയും കിട്ടിയിരുന്നു. അത്‌ ഇങ്ങനെയായിരുന്നു: `പ്രിയ സുഹൃത്തേ, എല്ലാ ടെലഫോണ്‍ കമ്പനികളും ഇന്റര്‍നെറ്റ്‌ താരിഫ്‌ അമിതമായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിയ്‌ക്കുന്ന കാര്യം അറിയാമല്ലോ. മിക്കവാറും എല്ലാ കമ്പനികളും ഇരട്ടിയിലേറെ വര്‍ദ്ധനയാണ്‌ വരുത്തിയിരിയ്‌ക്കുന്നത്‌. ഇതിനു കാരണം ഇന്റര്‍നെറ്റ്‌ അടിമയായി മാറിക്കൊണ്ടിരിയ്‌ക്കുന്ന മലയാളി ഇതൊന്നും ശ്രദ്ധിയ്‌ക്കാതെ ഇത്‌ ഉപയോഗിയ്‌ക്കുന്നുഎന്നതാണ്‌. നിത്യജീവിതത്തില്‍ ഇന്റര്‍നെറ്റ്‌ ഒഴിച്ചുകൂടാന്‍ പറ്റാത്തതായി എന്നതും ഒരു സത്യം തന്നെ. കമ്പനികള്‍ എന്തു ചെയ്‌താലും നമ്മള്‍ പ്രതികരിയ്‌ക്കില്ല എന്നതും അവരെ അതിനു പ്രേരിപ്പിയ്‌ക്കുന്നു. നമ്മള്‍ക്ക്‌ എന്താണ്‌ സംഭവിച്ചത്‌? എന്തുകൊണ്ട്‌ നമ്മുടെ പ്രതികരണശേഷി ഇത്രമാത്രം നഷ്ടപ്പെട്ടു? ആലോചിയ്‌ക്കേണ്ട സമയമായില്ലേ? മുന്‍പൊരിയ്‌ക്കല്‍ ഇംഗ്ലണ്ടില്‍ ബ്രെഡ്‌ കമ്പനിക്കാര്‍ അമിതമായി വില വര്‍ദ്ധിപ്പിച്ചു. നാട്ടുകാര്‍ ബ്രെഡ്‌ വാങ്ങാതെ ബഹിഷ്‌കരിച്ചപ്പോള്‍ വര്‍ദ്ധന പിന്‍വലിയ്‌ക്കാന്‍ അവര്‍ തയ്യാറായി. ഈ ടെലഫോണ്‍ കമ്പനികള്‍ക്ക്‌ ഒരു താക്കീത്‌ കൊടുക്കാന്‍ നമ്മള്‍ തീരുമാനിച്ചിരിയ്‌ക്കുന്നു. 2014 ഒക്ടോ ര്‍ 31ന്‌ നമ്മള്‍ ഇന്റര്‍നെറ്റ്‌ ബഹിഷ്‌കരിയ്‌ക്കുന്നു. ഒരാള്‍ പോലും അന്നേ ദിവസം ഇന്റര്‍നെറ്റ്‌ ഉപയോഗിയ്‌ക്കാതെ സഹകരിയ്‌ക്കുക. നമ്മള്‍ ഒന്നിച്ചാല്‍ കമ്പനികള്‍നമ്മുടെ മുന്നില്‍ മുട്ടു മടക്കും. ഒക്ടോബര്‍ 31ന്‌ എല്ലാവരും സഹകരിയ്‌ക്കുക. എല്ലാ കൂട്ടുകാര്‍ക്കും എത്തിയ്‌ക്കുക. ഐക്യമത്യം മഹാബലം.'

ബസ്‌ സ്റ്റോപ്പിലേയ്‌ക്കു നടക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥനായിരുന്നു. ആരുടെയൊക്കെ മെയില്‍ വന്നിട്ടുണ്ടാവും? എഴുന്നേറ്റ ഉടനെ മോഡവും കംപ്യൂട്ടറും മൊബൈല്‍ഫോണും പ്രവര്‍ത്തിപ്പിച്ചു തുടങ്ങുകയാണ്‌ പതിവ്‌. വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ വരുന്നതിന്റെ മണിയടി കാതിന്‌ അമൃതായി മാറിത്തുടങ്ങിയിരുന്നു. ഫെയ്‌സ്‌ ബുക്കില്‍ ആരൊക്കെ ഇരിയ്‌ക്കുന്നുണ്ടോ ആവോ. അതിന്റെ ഭാഗമായ മെസ്സെഞ്‌ജറിലും ആളുകള്‍ വന്നു മുട്ടാറുള്ളതാണ്‌. അവരൊക്കെ ഇന്നും എത്തിനോക്കുമല്ലോ. ഫെയ്‌സ്‌ ബുക്കില്‍ ഒരു ദിവസം ഹാജര്‍ കൊടുത്തിട്ടില്ലെങ്കില്‍ കാര്യമായ എന്തോ തകരാറ്‌ ഉണ്ട്‌ എന്നാണ്‌ കരുതുക. ഇന്നലെ രാത്രി കംപ്യൂട്ടര്‍ അടയ്‌ക്കുന്നത്‌ ഫെയ്‌സ്‌ ബുക്കിലെ താരമായ ശ്രീജാ നായര്‍ആത്മഹത്യയ്‌ക്കു ശ്രമിച്ചുവെന്നും അതിഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നുമുള്ളഉദ്വേഗജനകമായ വാര്‍ത്ത കേട്ടിട്ടാണ്‌. അവര്‍ക്ക്‌ എന്തു സംഭവിച്ചു എന്നറിയാനുള്ളആകാംക്ഷ മാറ്റിവെച്ചിട്ടാണ്‌ ഇന്ന്‌ ഹര്‍ത്താല്‍ ആചരിയ്‌ക്കുന്നത്‌. എന്നെ കാണാതെ എന്റെകൂട്ടുകാരും പരിഭ്രാന്തരാവാന്‍ വഴിയുണ്ട്‌. എങ്ങനെയാണ്‌ അവരെയൊന്നു സമാധാനിപ്പിയ്‌ക്കുക? അപ്പോള്‍ ഒരുപായം തോന്നി. `ഇന്റര്‍നെറ്റ്‌ ഹര്‍ത്താലായതിനാല്‍ മെയിലിലുംഫെയ്‌സ്‌ ബുക്കിലും വാട്‌സാപ്പിലും ഇന്ന്‌ എന്നെ കാണുന്നതല്ല,' കഴിയാവുന്ന ആളുകള്‍ക്കൊക്കെ എസ്‌ എം എസ്‌ അയച്ചു. ഇന്റര്‍നെറ്റ്‌ ഹര്‍ത്താലില്‍ എസ്‌ എം എസ്‌ പെടുമോ എന്ന്‌ കൃത്യമായി അറിയില്ല. അതു സാരമില്ലെന്നു വെച്ചു. സാക്ഷാല്‍ ഹര്‍ത്താലുകളിലും പാല്‌, പത്രം, ആശുപത്രി എന്നിവയ്‌ക്കൊക്കെ ഇളവു കൊടുക്കാറുണ്ടല്ലോ.ജോലിസ്ഥലത്ത്‌ എത്തിയപ്പോഴും അസ്വസ്ഥത മാറിയിരുന്നില്ല. ഔദ്യോഗികമായആവശ്യങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ തുറക്കണം. ബാങ്ക്‌ ഇടപാടുകളും കത്തെഴുത്തും ഒക്കെഅതിന്റെ ഭാഗമാണല്ലോ. സ്വന്തം മെയില്‍ തുറക്കാതെ ഉപവാസത്തിന്റെ പരിശുദ്ധി
പുലര്‍ത്താന്‍ പകല്‍ മുഴുവന്‍ കുറച്ച്‌ പണിപ്പെടേണ്ടി വന്നു. മടക്കയാത്രയില്‍ ബസ്സില്‍വെച്ച്‌ `കാബൂളിലെ പുസ്‌തകവില്‍പനക്കാര'നെ എടുത്തു. വീട്ടിലെത്തും വരെ വായനതുടര്‍ന്നു.

വീട്ടിലെത്തിയപ്പോള്‍ ആറു മണി കഴിഞ്ഞിരുന്നു. കംപ്യൂട്ടര്‍ കണ്ടപ്പോള്‍ സങ്കടംതോന്നി. സാധാരണയുള്ള ഹര്‍ത്താലുകള്‍ രാവിലെ ആറു മണി മുതല്‍ വൈകുന്നേരംആറു മണി വരെയാണ്‌ പതിവ്‌. ഇനി ഇരുപത്തിനാലു മണിക്കൂര്‍ ഹര്‍ത്താലാണെങ്കില്‍ത്തന്നെ ഉച്ചതിരിഞ്ഞാല്‍ തീവ്രത കുറയാറുണ്ട്‌. ഹര്‍ത്താലനുകൂലികള്‍ വഴി തടയാന്‍ നിന്ന്‌ വെയിലുകൊണ്ടു ക്ഷീണിച്ച്‌ മയങ്ങാന്‍ പോവുമ്പോഴാണ്‌ അതു സംഭവിയ്‌ക്കുന്നത്‌.സന്ധ്യയാവുന്നതോടെ കടകള്‍ കുറേയൊക്കെ തുറക്കും. വാഹനങ്ങള്‍ ചിലതൊക്കെ ഓടിത്തുടങ്ങുകയും ചെയ്യും. ഇരുട്ടുന്നതോടെ ഏറെക്കുറെ എല്ലാം സാധാരണനിലയിലാവും.പക്ഷേ ഇത്‌ അത്തരമൊരു ഹര്‍ത്താലല്ലല്ലോ. ഇന്റര്‍നെറ്റ്‌ ഹര്‍ത്താലാണ്‌. ഒരുപക്ഷേ ലോകത്തില്‍ ആദ്യമായി ആചരിയ്‌ക്കപ്പെടുന്ന ഇന്റര്‍നെറ്റ്‌ ഹര്‍ത്താല്‍. ഓണ്‍ലൈനില്‍ കേറിയാല്‍ ലോകം മുഴുവനും അറിയും. തങ്ങള്‍ തന്നെ ആഹ്വാനം ചെയ്‌ത ഹര്‍ത്താലിന്റെ ദിവസം നേതാക്കള്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിയ്‌ക്കുന്നതു പോലെയാവുംഅത്‌. പോരാത്തതിന്‌ ഇന്നു കാണില്ലെന്ന്‌ എസ്‌ എം എസ്‌ വഴി എല്ലാവരേയും അറിയിച്ചിട്ടുള്ളതുമാണ്‌.

കംപ്യൂട്ടര്‍ ഓണ്‍ ആക്കാനുള്ള ആഗ്രഹം അടക്കി വളപ്പിലേയ്‌ക്കിറങ്ങി. കുറച്ചുനാളായി പറമ്പിലെ കൃഷിയിലേയ്‌ക്കൊന്നും തിരിഞ്ഞു നോക്കാറില്ല. സമയം കിട്ടാറില്ല എന്നതാണ്‌ സത്യം. വീട്ടിലെത്തുമ്പോഴേയ്‌ക്കും മൊബൈലിലെ വൈ-ഫൈ സജീവമാകും. വാട്‌സാപ്പില്‍ സമ്പേശങ്ങള്‍ വരും. മൊബൈല്‍ സ്‌ക്രീനിന്റെ മുകള്‍ഭാഗത്ത്‌ "f ' എന്നുതെളിയും. ജിമെയിലിന്റെ അറിയിപ്പാവട്ടെ മുകളില്‍ത്തന്നെ തുറക്കാത്ത കത്തിന്റെ രൂപത്തിലുള്ള "M' എന്നും തെളിയും. അതോടെ അതെല്ലാം വായിയ്‌ക്കാനിരിയ്‌ക്കും. എല്ലാത്തിനുംമറുപടിയും സ്‌മൈലിയും ഒക്കെ അയച്ചുകഴിയുമ്പോഴേയ്‌ക്കും നേരം ഇരുട്ടും. പിന്നെകുളിച്ചു വന്ന്‌ കംപ്യൂട്ടര്‍ തുറക്കും. മെയിലും ഫെയ്‌സ്‌ ബുക്കും മാറിമാറി നോക്കും.സമയം പോവുന്നതറിയില്ല.

പറമ്പില്‍ നല്ല കാടായിട്ടുണ്ട്‌. വെണ്ടയും വഴുതിനയുമൊക്കെ എന്നോ ഉണങ്ങിപ്പോയിരിയ്‌ക്കുന്നു. മുളകുചെടികളും വാടിപ്പോയി. ഹോസ്‌ പൈപ്പ്‌ പുല്ലുകള്‍ പിണഞ്ഞ്‌മണ്ണില്‍ അമര്‍ന്നു കിടക്കുകയാണ്‌. വലിച്ചെടുത്ത്‌ ടാപ്പില്‍ പിടിപ്പിച്ചു. മുളകുചെടികള്‍ നനച്ചു. കൈക്കോട്ടെടുത്ത്‌ പുല്ലുകള്‍ ചെത്തിനീക്കി. വേഗം അസ്‌തമിയ്‌ക്കുന്ന കാലമാണ്‌.കുറച്ചു ഭാഗം വെടുപ്പാക്കിയപ്പോഴേയ്‌ക്കും ഇരുട്ടായി. നാളെ മുതല്‍ വീണ്ടും ഇറങ്ങണംഎന്നു തീരുമാനിച്ച്‌ പറമ്പില്‍നിന്ന്‌ കയറിപ്പോന്നു.

ചില സാധനങ്ങള്‍ എഴുതിത്തീര്‍ക്കാനുണ്ട്‌. പക്ഷേ കംപ്യുട്ടര്‍ ഓണ്‍ ആക്കിയില്ല.തുറന്നാല്‍ ഇന്റര്‍നെറ്റ്‌ നോക്കാന്‍ പ്രലോഭനമുണ്ടായാലോ! അതുകൊണ്ട്‌ `കാബൂളിലെപുസ്‌തകവില്‍പനക്കാരന്‍' വായന തുടര്‍ന്നു. രാത്രി പതിനൊന്നു മണിയായപ്പോഴേയ്‌ക്കുംപുസ്‌തകം തീര്‍ന്നു. വേണമെങ്കില്‍ ഒരു മണിക്കൂര്‍ കൂടി കാത്തിരുന്നാല്‍ ഇന്റര്‍നെറ്റ്‌ തുറക്കാം. പന്ത്രണ്ടു മണിയായാല്‍ നവംര്‍ ഒന്ന്‌ ആവുമല്ലോ. ഇന്ന്‌ ഏതായാലും അതു
കാണാതെത്തന്നെ പോട്ടെ എന്നുറപ്പിച്ച്‌ ഉറങ്ങാന്‍ കിടന്നു. അങ്ങനെ ഇ-മെയിലും ഫെയ്‌സ്‌ ബുക്കും വാട്‌സാപ്പും ഇല്ലാതെ ഒരു പൂര്‍ണ്ണദിവസം പിന്നിട്ടു.

നവം ര്‍ 1-ന്‌ എഴുന്നേറ്റ്‌ ഉടനെ ഒരു ഗ്ലാസ്സ്‌ പച്ചവെള്ളം കുടിച്ചു. (നാരങ്ങാനീര്‌കരുതി വെയ്‌ക്കേണ്ടതായിരുന്നു.) പല്ലു തേയ്‌ക്കുന്നതിനു മുമ്പു തന്നെ കംപ്യൂട്ടറുംമോഡവും ഓണ്‍ ആക്കി. മൊബൈലിലെ വൈ-ഫൈ തുറന്നു. സമ്പേര്‍ശങ്ങളുടേയും കത്തുകളുടേയും ചെറിയ ഒരു കുത്തൊഴുക്കുണ്ടായി. നിന്ന നില്‍പില്‍ എല്ലാം വായിച്ചു. മെയിലുംഫെയ്‌സ്‌ ബുക്കും പിന്നെ നോക്കാം. ഏതായാലും ഇന്നലെ ഞാന്‍ ഇന്റര്‍നെറ്റില്‍ കയറാത്തതു കൊണ്ട്‌ ലോകത്തിന്‌ കാര്യമായ ഒന്നും സംഭവിച്ചിട്ടില്ല. ആശ്വാസത്തോടെ കുളിച്ചുവന്ന്‌ `മാതൃഭൂമി' ഓണ്‍ലൈനില്‍ കയറി പത്രം തുറന്നു.

ബാറുകള്‍ തുറന്നതും ഉടനെത്തന്നെ അടച്ചതുമാണ്‌ പ്രധാനവാര്‍ത്ത. കാല്‍ ലക്ഷംക്രസ്‌തുമസ്‌ പാപ്പമാരെ അണിനിരത്തി തൃശ്ശൂര്‍ അതിരൂപത ഗിന്നസ്‌ ബുക്കില്‍ കയറിപ്പറ്റാന്‍ പദ്ധതിയിടുന്നു, പെട്രോളിനും ഡീസലിനും വില കുറച്ചു, വിഷ്‌ണുനാരായണന്‍നമ്പൂതിരിയ്‌ക്ക്‌ എഴുത്തശ്ശന്‍ പുരസ്‌കാരം. ആദ്യത്തെ പേജില്‍ ഹര്‍ത്താലിനേക്കുറിച്ച്‌ ഒരു സൂചന പോലും ഇല്ല. അവിടെ മാത്രമല്ല പത്രം മുഴുവന്‍ അരിച്ചു പെറുക്കിനോക്കിയപ്പോഴും ആ വാര്‍ത്ത കണ്ടില്ല. ഗോപീകൃഷ്‌ണന്റെ `കാകദൃഷ്ടി'യില്‍പ്പോലും അതു പെട്ടിട്ടില്ല.നിരാശ തോന്നി. ഇങ്ങനെയൊരു ഹര്‍ത്താല്‍ നടന്നുവെന്നു തന്നെ ഒരു ഭാവമില്ലപത്രത്തിന്‌. പത്രങ്ങള്‍ വിചാരിച്ചാല്‍ വാര്‍ത്തകള്‍ ഉണ്ടാക്കാനും ഇല്ലാതാക്കാനും കഴിയുമെന്നു പറയുന്നത്‌ വെറുതെയല്ല. പത്രത്തില്‍ വാര്‍ത്ത വരാത്തതുകൊണ്ട്‌ ഇന്നലത്തെഹര്‍ത്താല്‍ അപ്പാടെ അര്‍ത്ഥശൂന്യമായിരിയ്‌ക്കുകയാണ്‌.

ഇനി വിശദമായ വായന ഫെയ്‌സ്‌ ബുക്കാണ്‌. ആദ്യം തന്നെ ശ്രീജാ നായര്‍ക്ക്‌വല്ലതും പറ്റിയോ എന്നാണ്‌ നോക്കിയത്‌. ഒന്നും സംഭവിച്ചിട്ടില്ല. ആശ്വാസം തോന്നി.കൂട്ടുകാരുടെയൊക്കെ സ്റ്റാറ്റസ്‌ അപ്‌ഡേറ്റുകള്‍ വായിച്ചു തീര്‍ക്കാനുണ്ട്‌. എന്തിനാണ്‌ പത്രത്തെ പറയുന്നത്‌! ഇന്റര്‍നെറ്റ്‌ ഹര്‍ത്താല്‍ ഫെയ്‌സ്‌ ബുക്കിലും വലിയ വാര്‍ത്തയായിട്ടില്ല. പരതുന്നതിനിടയില്‍ `ജനയുഗം' പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ കിരണ്‍ ജി.ബി.യുടെ ഫെയ്‌സ്‌ ബുക്കില്‍ തലേന്നത്തെ അപ്‌ഡേറ്റ്‌: `ഇന്റര്‍നെറ്റ്‌ ഹര്‍ത്താല്‍ തുടരുന്നു.പാനൂരില്‍ മൊബൈല്‍ ഫോണുകള്‍ക്കു നേരെ കല്ലേറ്‌, കണ്ണൂരില്‍ നേരിയ സംഘര്‍ഷാവസ്ഥ,നാദാപുരത്ത്‌ രണ്ടു വാട്‌സാപ്പ്‌ ഗ്രൂപ്പുകള്‍ക്കു തീയിട്ടു.'

താഴെ കഥാകൃത്ത്‌ യു. എസ്‌. ശ്രീശോഭിന്റെ കമന്റ്‌: `കിരണ്‍ പറയൂ, എന്തൊക്കെയാണ്‌ അവിടെ സംഭവിച്ചത്‌? ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണോ?ണ്ട നേരിയ ഒരു ചിരി പുറപ്പെട്ടുവെങ്കിലും എനിയ്‌ക്കപ്പോള്‍ അത്‌ അത്ര തമാശയായി തോന്നിയില്ല. ഈ ഹര്‍ത്താല്‍ തുടര്‍ന്നുവെങ്കില്‍ ശരിയ്‌ക്കും സംഘര്‍ഷാവസ്ഥ ഉണ്ടായേനെ കേരളത്തില്‍. തോന്നുമ്പോള്‍ത്തോന്നുമ്പോള്‍ ബാറുകള്‍ പൂട്ടുന്നതും തുറക്കുന്നതും
പോലെയുള്ള തമാശക്കളിയല്ലല്ലോ ഇത്‌. ബാറുകള്‍ അടച്ചാല്‍ ഒന്നാന്തരം കുടിയന്മാര്‍പോലും കുടി നിര്‍ത്തും. വേറെ നിവൃത്തിയില്ലല്ലോ. ബിവറേജസിന്റെ കടകളുടെ മുമ്പില്‍വരി നില്‍ക്കുമെന്നതൊക്കെ ശരി. പക്ഷേ അതും ക്രമേണയായി പൂട്ടുമെന്നാണല്ലോ പറയുന്നത്‌. 2020-ഓടെ കേരളത്തില്‍ സമ്പൂര്‍ണ്ണമദ്യനിരോധം നടപ്പിലാവും. ഗാന്ധിജി കിനാവുകണ്ട കിനാശ്ശേരി പോലെ ആരും കുടിയ്‌ക്കാത്ത ഒരു മദ്യമുക്ത കേരളം!

അത്ര എളുപ്പമല്ല ഫെയ്‌സ്‌ ബുക്കും വാട്‌സാപ്പും നിരോധിയ്‌ക്കുന്നത്‌. ഒരു തലമുറയപ്പാടെ സംഘര്‍ഷാവസ്ഥയിലേയ്‌ക്കു തള്ളിയിടപ്പെടും. കള്ളുകുടി ദിവസത്തില്‍ ചിലനിശ്ചിതസമയങ്ങളിലേ വേണ്ടൂ. പ്രത്യേകിച്ചും സന്ധ്യാനേരത്താണല്ലോ ബാറുകള്‍ സജീവമാവുക. രാത്രി പതിനൊന്നു മണിയോടെ അടയ്‌ക്കുകയും ചെയ്യും. ഇന്റര്‍നെറ്റിന്‌ അങ്ങനെയൊന്നുമില്ല. ഇരുപത്തിനാലു മണിക്കൂറും ഉണര്‍ന്നിരിയ്‌ക്കുന്നതാണ്‌ അത്‌. ലോകത്തില്‍ എവിടെയെങ്കിലുമൊക്കെ സൂര്യന്‍ ഉദിച്ചുനില്‍ക്കുമല്ലോ.

മദ്യത്തേക്കാള്‍ വലിയ ലഹരിയാണ്‌ ഇന്റര്‍നെറ്റ്‌. രാഷ്ട്രീയക്കാരുടെ ഗ്രൂപ്പു വഴക്കുകള്‍ക്കൊക്കെ അതീതമാണ്‌ അത്‌. ഫെയ്‌സ്‌ ബുക്കും വാട്‌സാപ്പുമില്ലാതെ എന്തു ജീവിതം?കൂട്ടുകാര്‍ ഉറങ്ങാന്‍ പോയതും ഉണര്‍ന്നെണീറ്റതും കാറു വാങ്ങിയതും ടൂറു പോയതുംഅല്ലെങ്കില്‍ നമ്മളെങ്ങനെയാണ്‌ അറിയുക? പുതിയ പ്രൊഫൈല്‍ ചിത്രങ്ങള്‍ എങ്ങനെയാണ്‌ കാണുക? ജന്മദിനത്തിനും വിവാഹവാര്‍ഷികത്തിനും എങ്ങനെയാണ്‌ ആശംസകള്‍അറിയിയ്‌ക്കുക?

അതല്ല ഇനി നേതാക്കന്മാര്‍ ആണയിട്ടു പറയുന്നതു പോലെ `ഗെട്ടം ഗെട്ട'മായിഉപഭോഗം കുറച്ചുകൊണ്ടുവരാമെന്നാണെങ്കില്‍ അതും നടപ്പില്ല. ത്രീ സ്റ്റാര്‍ ബാറുകളേപ്പോലെ ഇന്റര്‍നെറ്റ്‌ കഫേകള്‍ അടച്ചു പൂട്ടിയതുകൊണ്ട്‌ ഒരു ഫലവുമില്ലല്ലോ!
ഇന്റര്‍നെറ്റ്‌ വിമുക്തകേരളം (അഷ്‌ടമൂര്‍ത്തി)
Join WhatsApp News
George Paranilam 2014-11-22 15:30:41
ഇന്നത്തെ ജീവിത വീ ക്ഷ ണം വളരെ നന്നായി എ ഴു തിയുട്ടുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക