Image

`87' പൈസ (കവിത:എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 20 November, 2014
`87' പൈസ (കവിത:എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
കീറപ്പാവാടയും ചപ്രത്തലയുമായ്‌
ആരോരുമില്ലാത്തനാഥയാണവള്‍

ആരിലും ദൈന്യതയേറ്റുമാപ്പെണ്‍കൊടി
ആരോടും പരിഭവമില്ലാതെയാപ്പൈതല്‍

പാതവക്ക ത്തുയര്‍ന്നു നില്‍ക്കുന്നൊരാ
ഉത്തുംഗസൗധമാം ദേവാലയം കാണ്‍കെ,

ആര്‍ത്തിയോടെത്തിതന്‍ ദൈവത്തെ കാണുവാന്‍
പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ കേട്ടവള്‍ നിന്നുപോയ്‌

പള്ളിമുറ്റം പൂകിയാ പാവംകുട്ടിയേ
പള്ളിപ്രമാണികളാക്രോശിച്ചീവിധം

`കീറത്തുണിചുറ്റി ദേവാലയത്തില്‍ നീ
കേറുവാനെങ്ങനെ ധൈര്യം വന്നൂ പെണ്ണേ,

നല്ലവസ്‌ത്രധാരിക്കല്ലാതീ യാലയേ
നില്‍ക്കുവാന്‍ ഞങ്ങളനുവദിക്കില്ലഹോ,

മാന്യതയുള്ളവരാണു പെണ്ണേ ഞങ്ങള്‍
മാനമില്ലാത്ത നിന്നേപ്പോലുള്ളോരൊക്കെ

കേറി നിരങ്ങിയശുദ്ധമാക്കീടുവാന്‍
കാശുമുടക്കിയോര്‍ സമ്മതിക്കില്ലത്രേ,'

നീറുന്ന ചിത്തവും നീര്‍മിഴിത്തേങ്ങലും
വാരിപ്പിടിച്ചു വിട്ടോടിനാളങ്കണം

പാവങ്ങളെങ്ങനെ ദൈവത്തോടര്‍ത്ഥിക്കും
ദേവാലയം പണമുള്ളോര്‍ക്കു മാത്രമോ?

പാവങ്ങളേം പണക്കാരെയും ഭൂമിയില്‍
വെവ്വേറെയാണോ നീ സൃഷ്ടിച്ചതീശ്വരാ?

ആരോരുമില്ലെന്റെ സങ്കടം കേള്‍ക്കുവാന്‍
ആരുമില്ലാത്തോരെയീശ്വരന്‍ താങ്ങുമോ?

സാധുവേം ധനവാനേം സൃഷ്‌ടിച്ച ദൈവമേ!
ഏതു ദേവാലയമെന്നെ കൈക്കൊള്ളുമോ?

സത്വരം ചെയ്‌താള്‍ ദൃഢശപഥമഥ
പ്രാര്‍ത്ഥന ചെയ്യുവാന്‍ പാവങ്ങള്‍ ഞങ്ങള്‍ക്കായ്‌

ദേവാലയമൊന്നു പൂര്‍ത്തിയാക്കീടും ഞാന്‍
ദാനമായ്‌ നേടുന്ന ചില്ലിക്കാശുകൊണ്ടും,

ഭിക്ഷതേടാനോടി പിറ്റേന്നുതൊട്ടവള്‍
പള്ളിപണിക്കായി ദ്രവ്യം കണ്ടെത്തുവാന്‍

ഒട്ടേറെ കഷ്ടപ്പെട്ടു സ്വരൂപിച്ചവള്‍
`എണ്‍പത്തേഴു' പൈസ കൊച്ചുകിഴിക്കെട്ടായ്‌

പാവാടത്തുമ്പില്‍ ഭദ്രമായ്‌ കെട്ടിയവള്‍
ഭിക്ഷയാചിച്ചഥ പാതയില്‍ നീങ്ങവേ,

പാഞ്ഞെത്തിവന്നൊരു ട്രക്കിടിച്ചാപൈതല്‍
നെഞ്ഞുരുക്കും വിധൗ കാലപുരിപൂകി

അപ്പാതവക്കിലതാ കിടപ്പാജഡം
ആരുണ്ടവിടാ ജഡമേറ്റു വാങ്ങുവാന്‍ !

പോലീസു മെല്ലെയാ ജഡം തിരിച്ചീടവേ
പാവാടത്തുമ്പില്‍ കെട്ടിയാ കിഴിക്കെട്ടില്‍

`എണ്‍പത്തേഴു' പൈസ, കൂടൊരു കുറിപ്പും
`പാവങ്ങള്‍ക്കായൊരു പള്ളി പണിയുവാന്‍'.

സംസ്‌ക്കാര വേളയില്‍ വൈദികനുച്ചത്തില്‍
വായിച്ചതാ കുറിപ്പേറെ ജനമദ്ധ്യേ,

അന്യോന്യം നോക്കിനില്‌പു ജനസഞ്ചയം
അപ്പോഴതാ കേള്‍പ്പൂ ശാന്തമൊരുസ്വരം,

ജന്മിയൊരാള്‍ ചൊന്നു, `ഞാന്‍ തന്നിടാം സ്ഥലം
ആ പൈസാ തന്നേക്കൂ, നല്ലൊരു പള്ളിഞാന്‍

ആ പെണ്‍കൊടിതന്റെ ഇച്ഛ പോല്‍ തീര്‍ത്തിടും
ആ ദേവാലയമതിലേവരും തുല്യരാം'.

ആരുമില്ലാത്തോരെ താങ്ങുവാനീശ്വരന്‍
പാരമവതരിച്ചീടും മനുജനായ്‌.

നന്മയുള്ളുള്ളത്തെ ദൈവം നടത്തിടും
നന്മയും, സത്യവും, സ്‌നേഹവുമീശ്വരന്‍!

***** *****

പണവും പ്രതാപവുംഒരുവനു സ്വന്തമോ
`87' പൈസ (കവിത:എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക