Image

രൂപയുടെ വില വീണ്ടും ഇടിഞ്ഞു

Published on 14 December, 2011
രൂപയുടെ വില വീണ്ടും ഇടിഞ്ഞു
മുംബൈ: രൂപയുടെ വിലയില്‍ വീണ്ടും ഇടിവ്. ബുധനാഴ്ച ഡോളറുമായുള്ള വിനിമയ മൂല്യം 52 പൈസ കുറഞ്ഞ് 53.75 രൂപ നിരക്കിലെത്തി. ചരിത്രത്തില്‍ രൂപ രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിലയാണിത്. ചെവ്വാഴ്ചയാണ് വിനിമയ മൂല്യം 53 രൂപയും കടന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതാണ് രൂപയുടെ നില പരുങ്ങലിലാക്കിയത്.

ആഭ്യന്തര സാമ്പത്തിക രംഗത്തെ അനിശ്ചിതത്ത്വത്തെ തുടര്‍ന്ന് വിദേശ മൂലധനത്തിലുണ്ടായ ചോര്‍ച്ചയും ഇറക്കുമതി മേഖലയില്‍ ഡോളറിന് ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് രൂപ നേരിട്ട തിരിച്ചടി. രൂപയുടെ വിലയിലുണ്ടാവുന്ന തുടര്‍ച്ചയായ ഇടിവ് ആശങ്കാ ജനകമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണാബ് കുമാര്‍ മുഖര്‍ജി ചൊവാഴ്ച രാജ്യസഭയില്‍ അഭിപ്രായപ്പെട്ടു. സബ്‌സിഡി ഉയരുന്നതും വ്യാവസായിക ഉത്പാദനം പൂജ്യത്തിന് താഴെയെത്തിയതുമാണ് ആഭ്യന്തര സാമ്പത്തിക രംഗത്തെ ബാധിച്ചത്. രൂപയുടെ വില അടുത്ത ദിവസങ്ങളില്‍ 55 രൂപയിലേക്ക് ഇടിഞ്ഞേക്കുമെന്നാണ് വിദേശ നാണ്യ വിപണിയിലെ നിരീക്ഷകരുടെ അഭിപ്രായം. എന്നാല്‍, വിലയിടിവ് നേരിടുന്നതിനായി റിസര്‍വ് ബാങ്ക് നടപകളെടുത്തേക്കുമെന്നും ഇവര്‍ അനുമാനിക്കുന്നു.

വിലയിടിവ് നേരിടാന്‍ ഡോളര്‍ വിറ്റഴിക്കുകയെന്ന മാര്‍ഗമാണ് ആര്‍.ബി.ഐക്ക് മുന്നിലുള്ളത്. സപ്തംബര്‍ മാസത്തില്‍ 84.50 കോടി ഡോളറും ഒക്ടോബറില്‍ 94.30 കോടി ഡോളറും റിസര്‍വ് ബാങ്ക് വിറ്റഴിച്ചിരുന്നു. രൂപയുടെ വില ഇടിയുന്നതിന് ഇറക്കുമതി ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ധന മേഖലയെയും ഇത് പ്രതീകൂലമായി ബാധിച്ചു. അതേസമയം, ഇന്നലെ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഇന്ത്യന്‍ ഓഹരി വിപണി നേരിയ നേട്ടത്തില്‍ തന്നെയാണ് വ്യാപാരം തുടരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക