Image

മുല്ലപ്പെരിയാര്‍ : ചര്‍ച്ചയ്ക്ക് സാഹചര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രി

Published on 14 December, 2011
മുല്ലപ്പെരിയാര്‍ : ചര്‍ച്ചയ്ക്ക് സാഹചര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിച്ചു. ചര്‍ച്ചയ്ക്കുള്ള സാഹചര്യം കേരളവും തമിഴ്‌നാടും ഒരുക്കണമെന്ന് അദ്ദേഹം സംഘത്തോട് നിര്‍ദ്ദേശിച്ചു. പുതിയ അണക്കെട്ടിന് പാരിസ്ഥിതിക അനുമതി നല്‍കുന്ന കാര്യം പരിശോധിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രശ്‌നത്തില്‍ ഇരുസംസ്ഥാനങ്ങളും സംയമനം പാലിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണമെന്ന് ആവശ്യപ്പെടാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടത്. പുതിയ അണക്കെട്ട് മാത്രമാണ് പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗ്ഗമെന്ന് സംഘം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി താഴ്ത്തുന്ന കാര്യവും ശ്രദ്ധയില്‍പെടുത്തി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അക്കടം 23 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 15 മിനിട്ടുനേരം സംഘം പ്രധാനമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തി.

തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ടിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്ക്ക് കേന്ദ്ര അര്‍ധസൈനികവിഭാഗമായ സി.ഐ.എസ്.എഫിനെ നിയോഗിക്കണമെന്ന് പ്രധാനമന്ത്രിയോട് എം.പിമാര്‍ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ത്തി ജില്ലകളില്‍ സംഘര്‍ഷം ഉടലെടുക്കുന്നതില്‍ പ്രധാനമന്ത്രി ദുഃഖവും ആശങ്കയും തമിഴ്‌നാട് എം.പിമാരോട് പ്രകടിപ്പിച്ചിരുന്നു.. പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടും വരെ രണ്ടുസംസ്ഥാനങ്ങളിലേയും നേതാക്കളും ജനങ്ങളും ആത്മസംയമനം പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രമന്ത്രി വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും എം.പിമാരുടെ സംഘവും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. മുല്ലപ്പെരിയാറില്‍ സുരക്ഷയ്ക്കായി കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ (സി.ഐ.എസ്.എഫ്) നിയോഗിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി സംഘത്തോട് വ്യക്തമാക്കിയെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക