Image

യു.എ.ഇയ്‌ക്ക്‌ എണ്ണയെക്കാള്‍ പ്രാധാന്യം കുടിവെള്ളം: ശൈഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ്‌

Published on 14 December, 2011
യു.എ.ഇയ്‌ക്ക്‌ എണ്ണയെക്കാള്‍ പ്രാധാന്യം കുടിവെള്ളം: ശൈഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ്‌
അബൂദബി: യു.എ.ഇ എണ്ണയെക്കാള്‍ പ്രാധാന്യം നല്‍കുന്നത്‌ കുടിവെള്ളത്തിനാണെന്ന്‌ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ്‌ ആല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടു.

ഗള്‍ഫ്‌ മേഖല ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളി ജലദൗര്‍ലഭ്യമാണ്‌. വേണ്ടത്ര നദികളില്ലാത്ത രാജ്യമാണ്‌ യു.എ.ഇ. അതിനാല്‍ ഭാവിയിലെ പ്രതിസന്ധികള്‍ മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കിരീടാവകാശിയുടെ കോര്‍ട്ടില്‍, ലോക കുടിവെള്ള സ്രോതസ്സുകളെ കുറിച്ച്‌ കാലിഫോര്‍ണിയ ആസ്ഥാനമായ പസഫിക്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫൊര്‍ സ്റ്റഡീസ്‌ ഇന്‍ ഡവലപ്‌മെന്‍റ്‌, എന്‍വയോണ്‍മെന്‍റ്‌ ആന്‍ഡ്‌ സെക്യൂരിറ്റിയുടെ സഹ സ്ഥാപകന്‍ ഡോ. പീറ്റര്‍ ഗ്‌ളീക്ക്‌ നടത്തിയ പ്രഭാഷണത്തിന്‌ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിവെള്ളത്തിന്‌ മതിയായ വിഭവങ്ങളില്‌ളെന്ന അടിസ്ഥാന പ്രതിസന്ധി നിലനില്‍ക്കെ ഗള്‍ഫ്‌ മേഖലയില്‍ ജനസംഖ്യ ഗണ്യമായി വര്‍ധിക്കുകയാണ്‌. നിലവില്‍ കടല്‍ വെള്ള സംസ്‌കരണത്തിലൂടെ ഈ പ്രതിസന്ധി ഒരളവു വരെ നേരിടാനാകുന്നുണ്ട്‌. എന്നാല്‍, ഏതാനും ദശകങ്ങള്‍ക്ക്‌ ശേഷം ചിത്രം എന്താകുമെന്ന്‌ പറയാനാകില്ല. അതുകൊണ്ട്‌ പുതിയ ജലസ്രോതസ്സുകളെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

റാസല്‍ഖൈമ കിരീടാവകാശി ശൈഖ്‌ മുഹമ്മദ്‌ ബിന്‍ സഖര്‍ ആല്‍ ഖാസിമി, ഭരണാധികാരിയുടെ പടിഞ്ഞാറന്‍ മേഖലയിലെ പ്രതിനിധി ശൈഖ്‌ ഹംദാന്‍ ബിന്‍ സായിദ്‌ ആല്‍ നഹ്യാന്‍, ഫെഡറല്‍ നാഷന്യ കൗണ്‍സില്‍ സ്‌പീക്കര്‍ മുഹമ്മദ്‌ അഹമ്മദ്‌ അല്‍ മൂര്‍, ഭരണാധികാരിയുടെ കിഴക്കന്‍ മേഖലയിലെ പ്രതിനിധി ശൈഖ്‌ തഹ്നൂന്‍ ബിന്‍ മുഹമ്മദ്‌ ആല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്‌ സെയ്‌ഫ്‌ ബിന്‍ സായിദ്‌ ആല്‍ നഹ്യാന്‍, കിരീടാവകാശിയുടെ കോര്‍ട്ടിലെ ചീഫ്‌ ശൈഖ്‌ ഹാമിദ്‌ ബിന്‍ സായിദ്‌ ആല്‍ നഹ്യാന്‍, ഉന്നത വിദ്യാഭ്യാസശാസ്‌ത്ര ഗവേഷണ മന്ത്രി ശൈഖ്‌ നഹ്യാന്‍ ബിന്‍ മുബാറക്‌ ആല്‍ നഹ്യാന്‍, പൊതുമരാമത്ത്‌ മന്ത്രി ശൈഖ്‌ ഹംദാന്‍ ബിന്‍ മുബാറക്‌ ആല്‍ നഹ്യാന്‍ തുടങ്ങിയവരും ശൈഖുമാരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക