Image

ബഹിഷ്‌കരണ ഭീഷണിയെ തുടര്‍ന്ന് ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകള്‍ പുന:സ്ഥാപിക്കാന്‍ തീരുമാനം

ആശ.എസ്.പണിക്കര്‍ Published on 01 December, 2014
ബഹിഷ്‌കരണ ഭീഷണിയെ തുടര്‍ന്ന്   ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകള്‍ പുന:സ്ഥാപിക്കാന്‍ തീരുമാനം
തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയുടെ പ്രതിനിധികള്‍ മേള ബഹിഷ്‌കരിക്കുമെന്ന ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മലയാള സിനിമയ്ക്കു നല്‍കുന്ന ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകള്‍ പുന:സ്ഥാപിക്കാന്‍ അധികൃതര്‍ സമ്മതിച്ചു.

ഈ വര്‍ഷത്തെ മേളയുമായി ബന്ധപ്പെട്ട് എടുത്ത വിവാദ തീരുമാനങ്ങള്‍ സംബന്ധിച്ച് ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണിക്കൃഷ്ണന്‍ , സംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍, ഡോ.ബിജു, ശശി പരവൂര്‍, എന്നിവരാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. കഴിഞ്ഞ വര്‍ഷം മേളയില്‍ പ്രദര്‍ശിപ്പിച്ച മൂന്നു മലയാള ചിത്രങ്ങള്‍ രാജ്യാന്തര ജൂറി നല്‍കുന്ന പ്രത്യേക അവാര്‍ഡിനു പരിഗണിക്കില്ലെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉറപ്പു നല്‍കി. ഈ ചിത്രങ്ങള്‍ ഫിലിം മാര്‍ക്കറ്റില്‍ ഉള്‍പ്പെടുത്തുകയേയുള്ളൂ. താല്‍പര്യമുളള മറ്റ് ചിത്രങ്ങളും മാര്‍ക്കറ്റില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ മലയാള സിനിമയ്ക്കു നെറ്റ്പാക്, ഫിപ്രസി അവാര്‍ഡുകള്‍ പുന:സ്ഥാപിക്കുന്ന കാര്യത്തില്‍ മന്ത്രി ഉറപ്പു നല്‍കിയില്ല.  അക്കാര്യം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്‌നാഥുമായി ചര്‍ച്ച ചെയ്തു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിരുവഞ്ചൂര്‍ നിര്‍ദേശിച്ചു.

ഇതേ തുടര്‍ന്ന് മലയാള സിനിമാ വ്യവസായം പൂര്‍ണമായും ചലച്ചിത്രമേള ബഹിഷ്‌കരിക്കുമെന്നും മേള നടത്താന്‍ ഒരു സ്വകാര്യ തിയേറ്റര്‍ പോലും നല്‍കില്ലെന്നും ബി.ഉണ്ണിക്കൃഷ്ണന്‍ മുന്നറിയിപ്പു നല്‍കി. സാങ്കേതിക പ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിഷയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഫെഫ്കയുടെ യോഗം വ്യാഴാഴ്ച വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. ചലച്ചിത്ര വ്യവസായ രംഗത്തുള്ളവരെ പിണക്കിയാല്‍ സര്‍ക്കാര്‍ തിയേറ്ററില്‍ മാത്രമായി നിറപ്പികിട്ടില്ലാതെ മേള നടത്തേണ്ടി വരുമെന്ന് ഉറപ്പായതോടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്‌നാഥ് വീട്ടുവീഴ്ചക്കു തയ്യാറാവുകയായിരുന്നു.

ഇപ്പോഴത്തെ മേളയുടെ സുഗമമായ നടത്തിപ്പിനു മലയാള സിനിമയ്ക്കുള്ള ഫിപപ്രസി, നെറ്റ്പാക് അവാര്‍ഡുകള്‍ നിലവിലെ പോലെ തുടരുമെന്ന് രാജീവ്‌നാഥ് അറിയിച്ചു. പുറമേ മലയാള സിനിമ ഇന്ന് വിഭാഗത്തിലെ ഏഴു സിനിമകളും മത്സര വിഭാഗത്തിലെ രണ്ടു സിനിമകളും കണ്ട് രാജ്യാന്തര ജൂറി ശുപാര്‍ശ ചെയ്യുന്ന ചിത്രങ്ങള്‍ക്കു നേരത്തേ മന്ത്രി പ്രഖ്യാപിച്ച പ്രത്യേക അവാര്‍ഡും നല്‍കും, ഈ അവാര്‍ഡിന് ഈ വര്‍ഷത്തെ ചിത്രങ്ങള്‍ മാത്രമേ പരിഗണിക്കൂ.
                   'ഡാന്‍സിങ്ങ് അറബ്‌സ്' ഉദ്ഘാടന ചിത്രം
              മുഖ്യ നടന്‍ തൗഫിക് ബാറോം പങ്കെടുക്കും


 തിരുവനന്തപുരം: പത്തൊന്‍പതാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇസ്രായേലി സംവിധായകന്‍ ഇറാന്‍ റിക്‌ളിക്‌സ് സംവിധാനം ചെയ്ത  'ഡാന്‍സിങ്ങ് അറബ്‌സ്' ഉദ്ഘാടന ചിത്രമാകും. സെയ്ദ് കശുവായുടെ ഡാന്‍ഡിങ്ങ് അറബ്‌സ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.

ചിത്രത്തിലെ മുഖ്യ കഥാപാത്രമായ ഇയാദിനെ അവതരിപ്പിച്ച യുവനടന്‍ തൗഫിക് ബാറോം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഒഫീര്‍ അവാര്‍ഡ്‌സില്‍ ഇദ്ദേഹം മികച്ച നടനുള്ള നോമിനേഷന്‍ നേടിയിട്ടുണ്ട്. 12ന് വൈകിട്ട് മേളയുടെ ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം നിശാഗന്ധിയിലെ  ഓപ്പണ്‍ തിയേറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

ഇസ്രയേലിനുള്ളില്‍ തന്റേതായ ഇടം തേടുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം അവിടുത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങളുടെ പരിച്ഛേദമാണ്. 1980-90കളിലെ ഇസ്രായേലാണ് സിനിമയുടെ പശ്ചാത്തലം. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും കണ്ടെത്തിയ കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ ശക്തി. 105 മിനിട്ടാണ് സിനിമയുടെ ദൈര്‍ഘ്യം. ജറുസലേം ഫിലിം ഫെസ്റ്റിവലില്‍ 'ഡാന്‍ഡിങ്ങ് അറബ്‌സ്' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.             
ബഹിഷ്‌കരണ ഭീഷണിയെ തുടര്‍ന്ന്   ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകള്‍ പുന:സ്ഥാപിക്കാന്‍ തീരുമാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക