Image

രാജ്യാന്തര ചലച്ചിത്രോത്സവം: സപ്‌തചിത്രങ്ങളുമായി ഇന്ത്യന്‍ സിനിമാ വിഭാഗം (ആശ.എസ്‌.പണിക്കര്‍)

Published on 05 December, 2014
രാജ്യാന്തര ചലച്ചിത്രോത്സവം: സപ്‌തചിത്രങ്ങളുമായി ഇന്ത്യന്‍ സിനിമാ വിഭാഗം (ആശ.എസ്‌.പണിക്കര്‍)
ഭാരതത്തിന്റെ സാംസ്‌കാരിക സവിശേഷതകള്‍ അനാവരണം ചെയ്യുകയും അവതരണത്തില്‍ വൈവിധ്യം പുലര്‍ത്തുകയും ചെയ്യുന്ന ഏഴ്‌ ചിത്രങ്ങളാണ്‌ ഇന്ത്യന്‍ സിനിമ ഇന്ന്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. `89', `ഏക്‌ ഹസ്സാര്‍ കി നോട്ട്‌', `ബ്‌ളെമിഷ്‌ഡ്‌ ലൈറ്റ്‌', ഗൗര്‍ഹരിഡസ്‌താന്‍ ദി ഫ്രീഡം ഫയല്‍, മിത്ത്‌ ഓഫ്‌ ക്ലിയോപാട്ര', `പന്നയ്യാറും പദ്‌മിനിയും', ദി ടെയ്‌ന്‍ ഓഫ്‌ നയന ചംമ്പ' എന്നിവയാണ്‌ ചിത്രങ്ങള്‍. ബംഗാളി, തമിഴ്‌, ഇംഗ്ലീഷ്‌, മറാത്തി ഭാഷകളില്‍ നിര്‍മിച്ച ചിത്രങ്ങള്‍ രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക അവസ്ഥകളെ വരച്ചുകാട്ടുന്നു.

മാനസിക ആകുലതകളാല്‍ വലയുന്ന മനോരോഗ വിദഗ്‌ധയുടെ ജീവിതത്തിലേക്ക്‌ അപ്രതീക്ഷിതമായി ഒരു പൊലീസ്‌ ഓഫീസറും കൊലയാളിയും കടുന്നുവരുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ്‌ `89' എന്ന ചിത്രത്തിലൂടെ സംവിധായകന്‍ മനോജ്‌ മിക്ക്‌ പറയുന്നത്‌. 109 മിനിറ്റ്‌ ദൈര്‍ഘ്യമാണ്‌ ഈ ബംഗാളി ചിത്രത്തിനുള്ളത്‌.

ഇന്ത്യയിലെ ദരിദ്ര കാര്‍ഷിക സമൂഹത്തെ വരച്ചുകാട്ടുകയാണ്‌ `ഏക്‌ ഹസാര്‍കി നോട്ട്‌' എന്ന മറാഠി ചിത്രത്തിലൂടെ ശ്രീഹരി സാതെ (89 മിനിറ്റ്‌). ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ റാലിക്കിടയില്‍ വൃദ്ധയായ ബുധിക്ക്‌ ആയിരം രൂപയുടെ നോട്ടുകള്‍ ലഭിക്കുമ്പോളുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെ സിനിമ കടന്നുപോകുന്നു.

സ്വാതന്ത്ര്യസമരസേനാനി എന്ന്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനുവേണ്ടി അലയുന്ന ഹരിദാസിന്റെ വേദനയാര്‍ന്ന ജീവിതകഥയാണ്‌ ഹിന്ദി ചിത്രമായ `ഗൗര്‍ഹരി ദസ്‌താന്‍ ദി ഫ്രീഡം ഓഫ്‌ ഫയല്‍' (112 മിനിറ്റ്‌). ഇന്ത്യയുടെ സമകാലിക രാഷ്‌ട്രീയ അവസ്ഥയാണ്‌ ചിത്രത്തിലൂടെ സംവിധായകന്‍ അനന്തനാരായണന്‍ മഹാദേവന്‍ തുറന്നുകാട്ടുന്നത്‌.

ചമ്പ എന്ന സ്‌ത്രീയുടെ ജീവിതത്തിലെ ഒരു ദിവസത്തെ യാത്രയിലൂടെ ബംഗാളി ചിത്രമായ `ദി ടെയ്‌ല്‍ ഓഫ്‌ നയന്‍ ചമ്പ' കടന്നുപോകുന്നു (104 മിനിറ്റ്‌). നഗരത്തിന്റെ യഥാര്‍ഥ ചിത്രം ശേഖര്‍ദാസ്‌ ഈ സിനിമയിലൂടെ കാട്ടിത്തരുന്നു.

ക്ലിയോപാട്ര എന്ന പേരുള്ള മൂന്ന്‌ സ്‌ത്രീകളുടെ ജീവിതയാത്രകളും പിന്നീടുണ്ടാകുന്ന ദുരന്തങ്ങളും ഒരേ ചരടില്‍ കോര്‍ത്തിണക്കുകയാണ്‌ സംവിധായകന്‍ അധേയപാര്‍ഥയുടെ ഹിന്ദി ചിത്രമായ ഗൗര്‍ഹരിഡസ്‌താന്‍ ദി ഫ്രീഡം ഫയല്‍ മിത്ത്‌ ഓഫ്‌ ക്ലിയോപാട്ര' എന്ന ചിത്രത്തിലൂടെ.

1980 കാലഘട്ടത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ഭൂവുടമയായ പന്നയാറും അദ്ദേഹത്തിന്റെ പ്രിമിയര്‍ പദ്‌മിനി കാറും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്നു അരുണ്‍കുമാറിന്റെ തമിഴ്‌ ചിത്രമായ `പന്നയ്യറും പദ്‌മിനിയും'.

തട്ടിക്കൊണ്ടുപോകല്‍ പരമ്പരയിലൂടെ പീഡനങ്ങളിലൂടെയും വികസിക്കുന്ന ചിത്രമാണ്‌ `ബ്‌ളെമിഷ്‌ഡ്‌ ലൈറ്റ്‌'. ജീവിതസമ്മര്‍ദവും അതിനെ സമീപിക്കുന്നതിലെ വ്യത്യാസവും തുറന്ന്‌ കാണിക്കുന്നു. ഇന്തോ-അമേരിക്കന്‍ സംരംഭമായ ഈ ചിത്രം സംവിധാനം ചെയ്‌തത്‌ രാജ്‌ അമിത്‌ കുമാര്‍.

മാറ്റുകൂട്ടാന്‍ ഓപ്പണ്‍ ഫോറവും സെമിനാറുകളും

രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച്‌ ഇത്തവണ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഫോറങ്ങളും സെമിനാറുകളും മേളയെ കൂടുതല്‍ ആകര്‍ഷകമാക്കും. മീറ്റ്‌ ദ ഡയറക്‌ടര്‍ , ജൂറി ചെയര്‍മാന്‍ ഷിഫെയുമായും സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌കാര ജേതാവ്‌ മാര്‍ക്കോ ബലോക്കിയുമായുള്ള സംവാദം, പാനല്‍ചര്‍ച്ചകള്‍ എന്നിവ മുഖ്യ ആകര്‍ഷണങ്ങളായിരിക്കും.

ഇത്തവണ 12 തിയേറ്ററുകളിലായാണ്‌ ചലച്ചിത്ര പ്രദര്‍ശനം നടക്കുക. കൈരളി, ശ്രീ, നിള, ശ്രീകുമാര്‍, ശ്രീ വിശാഖ്‌, കലാഭവന്‍, ധന്യ, രമ്യ, ന്യൂ തിയേറ്ററിലെ മൂന്ന്‌ വേദികള്‍, നിശാഗന്ധി എന്നിവിടങ്ങളാണ്‌ വേദികള്‍.

എല്ലാ ദിവസവും വൈകിട്ട്‌ മൂന്നിന്‌ ന്യൂ തിയേറ്ററിലെ സ്‌ക്രീന്‍ - 3 ല്‍ നടക്കുന്ന മീറ്റ്‌ ദി ഡയറക്ടര്‍ പരിപാടിയില്‍ സംവിധായകരുമായി മുഖാമുഖം നടത്താനാകും. ഡിസംബര്‍ 14 മുതല്‍ 17 വരെ വൈകിട്ട്‌ അഞ്ചിന്‌ കൈരളി തിയേറ്ററില്‍ പ്രഗത്ഭ സംവിധായകരുമായി സംവാദമുണ്ടാകും. 14 ന്‌ ജൂറിചെയര്‍മാനും ചൈനീസ്‌ സംവിധായകനുമായ ഷിഫെയുമായും 15 ന്‌ സമഗ്രസംഭാവനയ്‌ക്കുള്ള പുസ്‌കാരജേതാവായ മാര്‍കോ ബലോക്കിയോയുമായും 17 ന്‌ തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ഗെ സെയ്‌ലനുമായും സംവാദം നടക്കും.

16 ന്‌ വൈകിട്ട്‌ അഞ്ചിന്‌ കൈരളി തിയേറ്ററില്‍ നടക്കുന്ന അരവിന്ദന്‍ അനുസ്‌മരണത്തില്‍ സുമിത്രാ പെരിസ്‌ പങ്കെടുക്കും. 13 മുതല്‍ 16 വരെ ഉച്ചയ്‌ക്ക്‌ 2.30 ന്‌ ഹോട്ടല്‍ ഹൈസിന്ദില്‍ സെമിനാറുകള്‍ നടക്കും. 13 ന്‌ സ്റ്റാന്‍ ബ്രക്കേജ്‌: ദി ആക്‌ട്‌ ഓഫ്‌ സീയിങ്‌ വിത്ത്‌ വണ്‍സ്‌ ഓണ്‍ ഈവ്‌സ്‌ എന്ന വിഷയത്തില്‍ സുരജന്‍ ഗാംഗുലി സംസാരിക്കും. 14 നവ മാധ്യമങ്ങളും സിനിമാ വ്യവസായവും എന്ന വിഷയത്തില്‍ ഉജ്ജ്വല്‍ നിര്‍ഗുധാര്‍ പ്രബന്ധം അവതരിപ്പിക്കും. 15 ന്‌ അഞ്‌ജും രാജാബാലി സിനിമാ തിരക്കഥയും ലിംഗസമത്വവും എന്ന വിഷയം അവതരിപ്പിക്കും. 16 ന്‌ ഗോഥെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആര്‍ക്കൈവ്‌ കളക്ഷനെക്കുറിച്ച്‌ സുര്‍ജോഹൈ ചാറ്റര്‍ജി സംസാരിക്കും.

17 ന്‌ ഉച്ചയ്‌ക്ക്‌ മൂന്നിന്‌ ടര്‍ക്കിഷ്‌ സിനിമയെ സംബന്ധിച്ച്‌ പാനല്‍ ചര്‍ച്ച കൈരളിയില്‍ നടക്കും.
രാജ്യാന്തര ചലച്ചിത്രോത്സവം: സപ്‌തചിത്രങ്ങളുമായി ഇന്ത്യന്‍ സിനിമാ വിഭാഗം (ആശ.എസ്‌.പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക