Image

ചലച്ചിത്രമേള: മലയാളത്തിന്റെ സൗന്ദര്യമറിയിച്ച് ഏഴു ചിത്രങ്ങള്‍

ആശ.എസ്.പണിക്കര്‍ Published on 05 December, 2014
ചലച്ചിത്രമേള: മലയാളത്തിന്റെ സൗന്ദര്യമറിയിച്ച് ഏഴു ചിത്രങ്ങള്‍
ഭാഷയിലും അവതരണത്തിലും പുത്തന്‍ പരീക്ഷണങ്ങളുമായി ഏഴു ചിത്രങ്ങളാണ് ഇത്തവണ മലയാളം ഇന്ന്  വിഭാത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദൃശ്യസമ്പന്നത, ആഖ്യാന രീതിയിലെ ഏകാഗ്രത എന്നിവയിലെ വ്യത്യസ്തതകളുമായാണ് ഏഴുചിത്രങ്ങളും എത്തുന്നത്.

കേരള ചരിത്രത്തിന്റെ വ്യത്യസ്ത പുനരാവിഷ്‌കാരത്തോടൊപ്പം കോട്ടൂര്‍ എന്ന സ്വാതന്ത്ര്യ സമരസേനാനിയുടെ ജീവിതം ചേര്‍ത്തുവെച്ച് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് 'ഞാന്‍'.  ഒരു വിപ്ലവകാരിയുടെ ജീവിതത്തിനൊപ്പം സമാന്തര ചരിത്രം ആഖ്യാനം ചെയ്യുന്ന സംവിധാന മികവാണ് ചിത്രത്തിന്റെ പ്രത്യേകത. നാടകത്തിന്റെ തട്ടകത്തില്‍ നിന്നുകൊണ്ട് ദൃശ്യങ്ങളുടെ വിശദാംശങ്ങളിലൂടെ പ്രേക്ഷകരെ മുന്നോട്ടു നയിക്കുന്ന രീതി അപൂര്‍വ ഭംഗി നല്‍കുന്നു. ഇന്ത്യന്‍ പനോരമയിലെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചതാണീ ചിത്രം. സംവിധാനം രഞ്ജിത്ത്.

മലയാള ഹാസ്യസാഹിത്യത്തിലെ അതുല്യ എഴുത്തുകാരനായ സഞ്ജയന്റെ ജീവിതവും കലാ സപര്യയും ആവിഷ്‌കരിക്കുന്ന ചിത്രമാണ് വിദൂഷകന്‍. മുള്ളുള്ള ഹാസ്യത്തിന്റെ മേമ്പൊടികൊണ്ട് സമൂഹത്തിലെ അനാചാരങ്ങളെ നിശിതമായി വിമര്‍ശിച്ച എഴുത്തുകാരന്‍ അവസാനകാലത്ത്  ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്ന് വിട്ടു നിന്നു. ടി.എന്‍. സന്തോഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ വി.കെ. പ്രകാശാണ് സഞ്ജയനായി അഭിനയിക്കുന്നത്.

നാലു വര്‍ഷം മുമ്പ് നടന്ന കാല്‍ട്ടണ്‍ ടവര്‍ ദുരന്തത്തിന്റെ പിന്നാമ്പുറങ്ങള്‍ തേടുകയാണ് 'കാല്‍ട്ടണ്‍ ടവര്‍' എന്ന ചിത്രത്തിലൂടെ സംവിധായകന്‍ സലില്‍ലാല്‍ അഹമ്മദ്. കാല്‍ട്ടണ്‍ ടവറിലെ അഗ്നിബാധയെത്തുടര്‍ന്ന് മകനെ നഷ്ടപ്പെടുന്ന അച്ഛന്‍ ദുരന്തത്തിന്റെ യാഥാര്‍ഥ്യം തേടിയിറങ്ങുമ്പോള്‍  ചെന്നെത്തുന്നത് മകന്റെ ജീവിതത്തിലെ കാണാക്കാഴ്ചകളില്‍. കുത്തഴിഞ്ഞ നിയമവാഴ്ചയ്‌ക്കെതിരെ നടത്തുന്ന പോരാട്ടത്തിലൂടെ ജീവിതത്തിന് പുതിയ മാനം തേടുകയാണ് അച്ഛന്‍.

1983 ലെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ അബ്രിദ് ഷൈന്‍ അണിയിച്ചൊരു
ക്കിയ ചിത്രമാണ് '1983'. സച്ചിനെ ദൈവമായും ക്രിക്കറ്റിനെ ജീവശ്വാസമായും കാണുന്ന ഒരു കൂട്ടം യുവാക്കള്‍. നിഷ്‌കളങ്കമായ ഗ്രാമക്കാഴ്ചകള്‍ക്കൊപ്പം അവരുടെ ജീവിതത്തിലെ രസാവഹമായ സംഭവങ്ങളും പറയുകയാണ് സംവിധായകന്‍.

പ്രമേയത്തിന്റെ ശക്തികൊണ്ട് വ്യത്യസ്തമായ ചിത്രമാണ് എം.പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത 'ജലാംശം'. ജയില്‍വാസത്തിനുശേഷം സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്ന നായകന്‍. യാഥാസ്ഥിതികരായ ഗ്രാമീണര്‍ അയാളെ ഉള്‍ക്കൊള്ളാന്‍ വൈമനസ്യം പ്രകടിപ്പിക്കുന്നു. ഇരുണ്ട ഭൂതകാലത്താല്‍ വേട്ടയാടപ്പെട്ട് ദുരന്തജീവിതം നയിക്കുന്ന നായകന്റെ വിരസ്സമായ ജിവിതം ചിത്രത്തില്‍ അനാവരണം ചെയ്യുന്നു.

എന്‍.കെ. മുഹമ്മദ് കോയയുടെ പ്രഥമ സംവിധായക സംരംഭമാണ് 'ആലിഫ'. കണ്ണൂരിലെ മുസ്ലീം സ്ത്രീ സമൂഹത്തിന്റെ വ്യത്യസ്തമായ ഒരാവിഷ്‌കാരം. മതത്തിന്റെ പേരിലുള്ള സാമൂഹിക ചൂഷണത്തിനെതിരെ കലഹിക്കുന്ന ഫാത്തിമയുടെയും  ചുറ്റുമുള്ള ഒരുപറ്റം നിസ്സഹായരായ മനുഷ്യരുടെയും കഥ.

 ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ സനല്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഒരാള്‍പൊക്കം'. ദാമ്പത്യത്തിന്റെ ചങ്ങലക്കണ്ണികള്‍ പൊട്ടിച്ച് മായയും മഹിയും സ്വതന്ത്രരാകാന്‍ തീരുമാനിക്കുന്നു. ദിവസങ്ങള്‍ക്കുശേഷം കേദാര്‍നാഥില്‍ നിന്നും മഹിയെത്തേടി മായയുടെ ഫോണ്‍കോള്‍ എത്തുന്നു. തൊട്ടടുത്ത ദിവസം കേദാര്‍നാഥിലെ ഹിമവിസ്‌ഫോടനത്തെക്കുറിച്ച് അറിയുന്ന മഹി മായയെത്തേടി കേദാര്‍നാഥിലേക്ക്  തിരിക്കുന്നു. മനുഷ്യന്‍ നടത്തുന്ന അധിനിവേശത്തിന്റെ ഫലമായി അക്രമാസക്തയാകുന്ന പ്രകൃതിയാണ് യാത്രയിലൂടനീളം മഹിയെ കാത്തിരുന്നത്.
ചലച്ചിത്രമേള: മലയാളത്തിന്റെ സൗന്ദര്യമറിയിച്ച് ഏഴു ചിത്രങ്ങള്‍
Still from Njan
ചലച്ചിത്രമേള: മലയാളത്തിന്റെ സൗന്ദര്യമറിയിച്ച് ഏഴു ചിത്രങ്ങള്‍
still from 1983.
ചലച്ചിത്രമേള: മലയാളത്തിന്റെ സൗന്ദര്യമറിയിച്ച് ഏഴു ചിത്രങ്ങള്‍
still from Jalamsham
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക