Image

ക്രൈസ്തവര്‍ക്കുനേരെ അക്രമങ്ങള്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി പ്രധാനമന്ത്രിക്കു നിവേദനം നല്‍കും

Published on 07 December, 2014
ക്രൈസ്തവര്‍ക്കുനേരെ അക്രമങ്ങള്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി പ്രധാനമന്ത്രിക്കു നിവേദനം നല്‍കും
കൊച്ചി: ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ അപലപനീയമാണെന്നും ഇവ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാകില്ലെന്നും അടിയന്തരമായി ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍ ക്രൈസ്തവസമൂഹത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം നല്‍കുമെന്ന്  ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി ദേശീയ പ്രസിഡന്റ് വിന്‍സന്റ് എച്ച് പാല എംപിയും സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റിയനും കൊച്ചിയില്‍ പറഞ്ഞു.
    ദ്വിദിന കേരളസന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ ദേശീയ പ്രസിഡന്റ്  വിന്‍സന്റ് എച്ച് പാല എംപിയെ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് വിവി അഗസ്റ്റിന്‍, ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കോര്‍ഡിനേറ്റര്‍ സിറിള്‍ സഞ്ജു ജോര്‍ജ്, ഗള്‍ഫ് കോര്‍ഡിനേറ്റര്‍ ഷെവലിയര്‍ സിബി വാണിയപ്പുരയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.  പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഡല്‍ഹിയില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ക്രിസ്മസ് ആഘോഷത്തില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചിട്ടുണ്ട്.  തദവസരത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളേക്കുറിച്ച് നേരിട്ടുസംസാരിക്കുമെന്ന് വിന്‍സന്റ് എച്ച് പാല എംപി പറഞ്ഞു.
    ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ക്രൈസ്തവ പ്രമുഖരുടെയും പ്രതിനിധികളുടെയും സമ്മേളനം ഫെബ്രുവരി 17ന് ഷില്ലോങ്ങിലും നാഷണല്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് മെയ് 13,14 തീയതികളില്‍ ഡല്‍ഹിയിലും നടത്തുമെന്ന്  സെക്രട്ടറി ജനറല്‍ ഷെവലിയര്‍ വി.സി.സെബാസ്റ്റിയന്‍ അറിയിച്ചു.

   


സിറിള്‍ സഞ്ജു ജോര്‍ജ്
നാഷണല്‍ കോര്‍ഡിനേറ്റര്‍


ക്രൈസ്തവര്‍ക്കുനേരെ അക്രമങ്ങള്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി പ്രധാനമന്ത്രിക്കു നിവേദനം നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക