Image

ജീത്തുവിന്റെ ചിത്രത്തിലൂടെ മണ്ണില്‍ പണിയെടുക്കാന്‍ ദിലീപും

ആശാ എസ്. പണിക്കര്‍ Published on 08 December, 2014
ജീത്തുവിന്റെ ചിത്രത്തിലൂടെ മണ്ണില്‍ പണിയെടുക്കാന്‍ ദിലീപും
മോഹന്‍ലാല്‍ കര്‍ഷകന്റെ വേഷം കെട്ടിയ രണ്ടു ചിത്രങ്ങളായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയും ജീത്തു ജോസഫിന്റെ ദൃശ്യവും. രണ്ടും ഗംഭീര വിജയങ്ങളാവുകയും ചെയ്തു. ജീത്തു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ലൈഫ് ഓഫ് ജോസുകുട്ടി ഒരു ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലൂടെ പതിവ് ഗ്‌ളാമര്‍ ഗെറ്റപ്പ് മാറ്റിവച്ച് ദിലീപും മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന കര്‍ഷകനായി വേഷമിടുന്നു.

സിനിയുടെ ചിത്രീകരണം കട്ടപ്പനയിലാണ്. പഴയ അയ്യപ്പന്‍ കോവില്‍ ക്ഷേത്രത്തിനും തൂക്കുപാലത്തിനും സമീപമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.  സിനിമയുടെ സെറ്റ് നിര്‍മാണം  അയ്യപ്പന്‍ കോവിലില്‍ പുരോഗമിക്കുകയാണ്.

നായകന്റെയും നായികയുടെയും വീടുകള്‍ അടുത്തടുത്താണു സ്ഥിതിചെയ്യുന്നത്. രചന നാരായണന്‍കുട്ടിയും ജ്യോതികൃഷ്ണയുമാണ് ചിത്രത്തിലെ നായികമാര്‍. ദിലീപിനൊപ്പം സുരാജ് വെഞ്ഞാറമൂടും മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട്. ദൃശ്യം സിനിമയ്ക്കു വേണ്ടി മനോഹരമായ സെറ്റ് ഒരുക്കിയ കലാസംവിധായകന്‍ സാജൂ റാം ആണ് ജോസുകുട്ടിയുടെ വീടും ഒരുക്കുന്നത്. കുടിയേറ്റ കര്‍ഷകര്‍ താമസിക്കുന്ന വീടുകളും വാഴത്തോട്ടവും കൃഷിയിടവും തൊഴുത്തുമെല്ലാം തനിമ നിലനിര്‍ത്തിക്കൊണ്ട് തന്നെ പുനഃസൃഷ്ടിച്ചിരിക്കുകയാണിവിടെ.ഗ്രാമീണ പശ്ചാത്തലത്തിലുള്ള രണ്ടു വീടുകളാണ് ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അയ്യപ്പന്‍ കോവിലില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ വീടുകള്‍ കേന്ദ്രീകരിച്ചാവും സിനിമയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കുക.

ഡിസംബര്‍ പകുതിയോടെ ഷൂട്ടിങ് തുടങ്ങും. അയ്യപ്പന്‍ കോവിലിലെ ചിത്രീകരണത്തിനു ശേഷം രണ്ടാംഘട്ടം ന്യൂസിലന്‍ഡിലാണ്. അതുകഴിഞ്ഞ് വീണ്ടും അയ്യപ്പന്‍കോവിലിലെത്തും. ജലാല്‍ മേനോന്‍, അനില്‍ ബിശ്വാസ് എന്നിവരാണ് നിര്‍മാതാക്കള്‍. ചേര്‍ത്തല സ്വദേശിയായ ജലാല്‍ മേനോന്‍ തന്നെയാണ് ചിത്രത്തിനായി കഥയെഴുതിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക