Image

ഭരത്‌ മുരളി നാടകോത്സവം അബുദാബിയില്‍ ഡിസംബര്‍ 16 മുതല്‍

അനില്‍ സി. ഇടിക്കുള Published on 16 December, 2011
ഭരത്‌ മുരളി നാടകോത്സവം അബുദാബിയില്‍ ഡിസംബര്‍ 16 മുതല്‍
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഭരത്‌ മുരളി നാടകോത്സവത്തിന്‌ ഡിസംബര്‍ 16ന്‌ തിരശീല ഉയരുന്നു. ഏഴു നാടകങ്ങളാണ്‌ ഇക്കുറി മത്സരത്തിനെത്തുകയെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 29നാണ്‌ സമാപന സമ്മേളനം.

16ന്‌ പ്രമുഖ എഴുത്തുകാരന്‍ സി.വി. ബാലകൃഷ്‌ണന്റെ നോവലിനെ ആസ്‌പദമാക്കി സുവീരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ആയുസിന്റെ പുസ്‌തകം എന്ന നാടകം അബുദാബി നാടക സൗഹൃദം അരങ്ങിലെത്തിക്കും.

18ന്‌ യുവകലാസാഹിതി അബുദാബി ബെത്‌ഹോള്‍ഡ്‌ ബ്രെഹ്‌തിന്റെ ശ്രീ പെനി ഓപ്പറ സാം ജോര്‍ജിന്റെ സംവിധാനത്തില്‍ അവതരിപ്പിക്കും.

20ന്‌ ഗിരീഷ്‌ ഗ്രാമിക രചിച്ച്‌ ബാബു അനൂര്‍ സംവിധാനം നിര്‍വഹിച്ച ശബ്‌ദവും വെളിച്ചവും എന്ന നാടകം കല അബുദാബി അവതരിപ്പിക്കും.

22ന്‌ അബുദാബി ശക്തി തിയറ്റേഴ്‌സ്‌ എ. ശാന്തകുമാറിന്റെ രചനയിലും സാംകുട്ടി പട്ടംകരിയുടെ സംവിധാനത്തിലും ഘടകര്‍പ്പരന്മാര്‍ എന്ന നാടകത്തിന്‌ രംഗഭാഷ്യമൊരുക്കും.

23ന്‌ ദല ദുബായ്‌ ഒരുക്കുന്ന ചിന്നപാപ്പന്‍ വി.ആര്‍. സുരേന്ദ്രന്‍ രചനയും കണ്ണൂര്‍ വാസൂട്ടി സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

26ന്‌ തിക്കോടിയന്റെ രചനയില്‍ പള്ളിക്കല്‍ ഷുജാഹി സംവിധാനം ചെയ്‌ത്‌ ഫ്രണ്‌ട്‌സ്‌ ഓഫ്‌ എസിഎംഎസ്‌ അബുദാബി അവതരിപ്പിക്കുന്ന പുതുപ്പണം കോട്ട.

28ന്‌ അലൈന്‍ യുവകലാസമിതി സാജിദ്‌ കൊടിഞ്ഞി രചനയും സംവിധാനവും നിര്‍വഹിച്ച സര്‍പ്പം എന്ന നാടകം അവതരിപ്പിക്കും.

ഡിസംബര്‍ 29ന്‌ സമാപന സമ്മേളനവും അവാര്‍ഡ്‌ ദാനവും നടക്കും. മികച്ച നാടകം, മികച്ച രണ്‌ടാമത്തെ നാടകം എന്നിവയ്‌ക്ക്‌ 10,000 ദിര്‍ഹം, 7,000 ദിര്‍ഹം കാഷ്‌ അവാര്‍ഡ്‌ നല്‍കുമെന്ന്‌ പ്രസിഡന്റ്‌ കെ.ബി. മുരളി അറിയിച്ചു.

മികച്ച നടന്‍, രണ്‌ടാമത്തെ നടന്‍, മികച്ച നടി, രണ്‌ടാമത്തെ നടി, ബാലതാരം, സംവിധാനം, പശ്ചാത്തല സംഗീതം, ചമയം രംഗസജ്ജീകരണം എന്നീ വിഭാഗങ്ങളിലും അവാര്‍ഡുകള്‍ സമ്മാനിക്കും.

സിനിമാ, നാടകരംഗത്തെ പ്രമുഖരായ പ്രിയനന്ദന്‍, ശൈലജ എന്നിവരുള്‍പ്പെടുന്ന ജഡ്‌ജിംഗ്‌ പാനലാണ്‌ വിജയികളെ തെരഞ്ഞെടുക്കുക.എല്ലാ ദിവസവും 8.30ന്‌ ആരംഭിക്കുന്ന നാടകോത്സവത്തിലേക്കുള്ള പ്രവേശനം പാസുമൂലം നിയന്ത്രിച്ചിരിക്കുന്നു. അഹല്യ എക്‌സ്‌ചേഞ്ചാണ്‌ മുഖ്യ പ്രായോജകര്‍. അഡ്വ. അന്‍സാരി സൈനുദ്ദീന്‍, ബാബു വടകര, എ. മോഹന്‍ദാസ്‌, എ.ജി. ഗോപാലന്‍, കെ. വിമല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഭരത്‌ മുരളി നാടകോത്സവം അബുദാബിയില്‍ ഡിസംബര്‍ 16 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക