Image

ആര്‍.എസ്.എസിന്‍െറ മതവും ബി.പി.എല്‍ കാര്‍ഡും

Madhyamam editorial Published on 12 December, 2014
ആര്‍.എസ്.എസിന്‍െറ മതവും ബി.പി.എല്‍ കാര്‍ഡും

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍, പഴയ സാധനങ്ങള്‍ പെറുക്കി വിറ്റ് ജീവിക്കുന്ന, ബംഗാളില്‍നിന്ന് കുടിയേറിയ അങ്ങേയറ്റം ദരിദ്രരായ മനുഷ്യര്‍ താമസിക്കുന്ന പ്രദേശമാണ് വേദ് നഗര്‍ കോളനി. കോളനിയിലെ 57 മുസ്ലിം കുടുംബങ്ങളില്‍പെട്ട 350 പേരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി സംഘ്പരിവാര്‍ സംഘടനകളായ ബജ്റംഗ് ദളും ധര്‍മ ജാഗരണ്‍ സമന്വയ വിഭാഗും മൂന്നു ദിവസം മുമ്പ് അവകാശപ്പെട്ടിരുന്നു. താനാണ് ഈ ‘ശുദ്ധീകരണ’ കര്‍മത്തിന് ചുക്കാന്‍പിടിച്ചതെന്ന് അവകാശപ്പെട്ട് ബജ്റംഗ് ദള്‍ ഉത്തര്‍പ്രദേശ് കോ-കണ്‍വീനര്‍ അവനീന്ദ്ര പ്രതാപ് സിങ് രംഗത്തുവരികയും ചെയ്തു. സമാന തരത്തിലുള്ള കൂട്ട മതപരിവര്‍ത്തനം ഡിസംബര്‍ 25ന് അലീഗഢിലും സംഘടിപ്പിക്കുമെന്നും അയാള്‍ അവകാശപ്പെട്ടു.

മതപരിവര്‍ത്തനം നിയമം വഴി നിരോധിക്കണമെന്ന നിലപാടുള്ളവരാണ് ആര്‍.എസ്.എസും അനുബന്ധ സംഘടനകളും. ബി.ജെ.പി അധികാരത്തിലിരുന്ന പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തനത്തെ തടയാന്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ ആവശ്യമായ നിയമങ്ങള്‍ അവര്‍ നടപ്പാക്കിയിട്ടുമുണ്ട്. മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരം നിയമങ്ങള്‍ നിലനില്‍ക്കുന്നത്. ഗുജറാത്ത് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് പ്രകാരം, ഒരാള്‍ക്ക് തന്‍െറ വിശ്വാസം മാറ്റണമെന്നുണ്ടെങ്കില്‍ ജില്ലാ മജിസ്ട്രേറ്റിന്‍െറ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം! മതസ്വാതന്ത്ര്യത്തിനായുള്ള യു.എന്‍ സമിതിയുടെ വിമര്‍ശം ഏറ്റുവാങ്ങിയ നിയമമാണിത്. ഏതു മതം തെരഞ്ഞെടുക്കണം എന്ന വ്യക്തിയുടെ അവകാശങ്ങള്‍ക്കുമേല്‍ കര്‍ശനമായ നിയന്ത്രണം വെക്കുന്നതാണ് ഇത്തരം നിയമങ്ങള്‍. രാജ്യമാസകലം ഇത്തരം നിയമങ്ങള്‍ വേണമെന്നതാണ് സംഘ്പരിവാര്‍ നിലപാട്. അതേസമയം, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ടവരെ ഹിന്ദുമതത്തിലേക്ക് മതം മാറ്റുന്ന കാര്യത്തില്‍ ആര്‍.എസ്.എസിന് വലിയ ആവേശവുമാണ്. ‘ഘര്‍ വാപസി’ (വീട്ടിലേക്കുള്ള തിരിച്ചു പോക്ക്) എന്നാണ് ഇതിന് അവര്‍ വിളിക്കുന്ന പേര്‍. അതായത്, ഇവിടെയുള്ള മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൂര്‍വികര്‍ ഹിന്ദുക്കളാണ്, അതിനാല്‍ അവര്‍ അവരുടെ പൂര്‍വ ഗൃഹത്തിലേക്ക് തിരിച്ചുപോകണം.

ആര്‍ക്കും അവരുടെ മതതത്വങ്ങള്‍^മതേതര തത്വങ്ങളും^സ്വതന്ത്രമായി പ്രചരിപ്പിക്കാനും ഏതൊരു വ്യക്തിക്കും അതില്‍ തനിക്ക് യുക്തിപൂര്‍ണമായി തോന്നിയത് തെരഞ്ഞെടുക്കാനും അഥവാ ഒന്നും തെരഞ്ഞെടുക്കാതിരിക്കാനും കഴിയുമ്പോഴാണ് വിശ്വാസ സ്വാതന്ത്ര്യം പ്രയോഗത്തില്‍ വരുന്നത്. ഈ അടിസ്ഥാന കാഴ്ചപ്പാടിന് എതിരാണ് ആര്‍.എസ്.എസിന്‍െറ നിലപാടുകള്‍. പാര്‍ട്ടിമാറിയവരെ കുലംകുത്തികളായി പ്രഖ്യാപിച്ച് കൊന്നു തള്ളുന്ന ചില മതേതര പാര്‍ട്ടികളുടെ നിലപാടും മതം മാറിയവരെ പിടിച്ചുകൊണ്ടുപോയി തിരിച്ചെടുക്കുന്ന മത യാഥാസ്ഥികരുടെ നിലപാടും അടിസ്ഥാനപരമായി ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. പക്ഷേ, ആഗ്രയില്‍ സംഘ്പരിവാറിന്‍െറ നേതൃത്വത്തില്‍ നടന്നത് ഇതിലും വഷളായ ഏര്‍പ്പാടായിരുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. ദരിദ്രരായ മനുഷ്യര്‍ക്ക് ബി.പി.എല്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ശരിയാക്കിക്കൊടുക്കാം എന്ന് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അവരെക്കൊണ്ട് പലവിധം കടലാസുകളില്‍ ഒപ്പിടീക്കുകയും നെറ്റിയില്‍ തിലകം ചാര്‍ത്തുകയും ചെയ്തു. ചിലര്‍ക്കെല്ലാം ഹിന്ദുത്വ സംഘടനകള്‍ പുതിയ പേരും നിര്‍ദേശിച്ചു കൊടുത്തു. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞപ്പോഴാണ് തങ്ങള്‍ക്ക് ‘വിശ്വാസ മാറ്റം’ സംഭവിച്ചതായി ആ മനുഷ്യര്‍ അറിയുന്നത്! അവര്‍തന്നെ ടെലിവിഷന്‍ കാമറകള്‍ക്കു മുമ്പില്‍ വന്ന് ബി.പി.എല്‍ കാര്‍ഡിന്‍െറ കഥ പറയുകയും ചെയ്തു. ആര്‍.എസ്.എസ് കൊണ്ടുനടക്കുന്ന വിശ്വാസദര്‍ശനത്തിന് ഒരു ബി.പി.എല്‍ കാര്‍ഡിന്‍െറ വിലയേ ഉള്ളൂ എന്ന ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്.

സ്വതന്ത്രമായി മതം മാറാനും പാര്‍ട്ടി മാറാനുമൊക്കെയുള്ള അവകാശം ജനാധിപത്യ സംസ്കാരത്തിന്‍െറ ഭാഗമാണ്. അതേസമയം, ദരിദ്രരായ മനുഷ്യര്‍ക്ക് പണവും വസ്തുക്കളും നല്‍കി പ്രലോഭിപ്പിച്ച് കൗശലത്തില്‍ അവരുടെ വിശ്വാസം ‘മാറ്റി’യെടുക്കുന്ന ഏര്‍പ്പാട് അങ്ങേയറ്റം വഷളത്തം നിറഞ്ഞതുമാണ്. നക്കാപിച്ച നല്‍കി വിലക്കു വാങ്ങേണ്ട ഒന്നല്ല മതവിശ്വാസം. ഇനി, അങ്ങനെ കുറേ വിശ്വാസികളെ സൃഷ്ടിച്ചതുകൊണ്ട് മതത്തിനെന്തു കാര്യം; ദൈവത്തിനെന്തു കാര്യം? ജനങ്ങളുടെ ദൈന്യതയെ തങ്ങളുടെ കുടിലമായ മത/രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മുതലെടുക്കുന്നത് എന്തുമാത്രം അശ്ളീലമായ കാഴ്ചയാണ്. ബി.ജെ.പി രാജ്യം ഭരിക്കുന്ന സന്ദര്‍ഭത്തില്‍ ആര്‍.എസ്.എസും അനുബന്ധ സംഘടനകളും സ്വല്‍പം ഒൗചിത്യത്തോടെ പെരുമാറും എന്ന് പ്രതീക്ഷിച്ചവര്‍ ഉണ്ടായിരുന്നു. രാജ്യഭരണത്തിന്‍െറ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ട ഒരു പ്രസ്ഥാനത്തില്‍നിന്ന് ആരും സ്വാഭാവികമായും പ്രതീക്ഷിക്കുന്ന ഒൗചിത്യബോധം. അത് സ്വായത്തമാക്കാന്‍ സംഘ്പരിവാറിന് കഴിഞ്ഞില്ല എന്നു മാത്രമല്ല, അക്കാര്യത്തില്‍ അവര്‍ കൂടുതല്‍ പിന്നാക്കം പോവുകയാണ് എന്നാണ് ആഗ്ര സംഭവം കാണിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക