Image

മുംബൈ തിയറ്ററില്‍ ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ പ്രദര്‍ശനത്തിന് തിരക്കൊഴിയുന്നില്ല

Published on 12 December, 2014
മുംബൈ തിയറ്ററില്‍ ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ പ്രദര്‍ശനത്തിന് തിരക്കൊഴിയുന്നില്ല

മുംബൈ: ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ എന്ന പ്രണയ കഥക്ക് ഇന്ന് ഏഴായിരം ദിവസം. എന്നിട്ടും, മുംബൈ നഗരത്തിന്‍െറ അടയാളങ്ങളിലൊന്നായ മറാത്താ മന്ദിര്‍ തിയറ്ററിലെ പതിനൊന്നരയുടെ പ്രദര്‍ശനത്തിന് തിരക്കൊഴിഞ്ഞില്ല. വ്യാഴാഴ്ചയും ബാല്‍ക്കണി ‘ഹൗസ്ഫുള്‍’. അറുന്നൂറ്റമ്പത് പേര്‍ അകത്തിരുന്ന് ആ പ്രണയ കഥക്കൊപ്പം ഒഴുകി. കൈയടിയും വിസിലടിയും ഒക്കെയായി. യാഷ്ചോപ്ര ഫിലിംസിനായി സംവിധായകന്‍ ആദിത്യ ചോപ്ര തീര്‍ത്ത പ്രണയകാവ്യം ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ അങ്ങനെ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ സുവര്‍ണാക്ഷരങ്ങളായി. ഈ പ്രണയകാവ്യം മുടക്കില്ലാതെ മറാത്താ മന്ദിറിലെ സ്ക്രീനില്‍ തെളിഞ്ഞു തുടങ്ങിയിട്ട് ഇന്നേക്ക് ഏഴായിരം ദിവസം തികഞ്ഞു.

‘ജീവന്‍ പൊലിയും മുമ്പ് കണ്ടിരിക്കേണ്ട 1001 (ലോക ) സിനിമകളില്‍’ ഇടം നേടിയ രണ്ടാമത്തെ ഇന്ത്യന്‍ സിനിമയാണ് ഷാറൂഖ് ഖാനും കജോളും പ്രണയ ജോടികളായി പ്രേക്ഷക ഹൃദയം കവര്‍ന്ന ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’. 1995ല്‍ നിര്‍മിച്ച ചിത്രം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമയെന്ന ബഹുമതി നേടിക്കഴിഞ്ഞു. 2001 വരെ ‘ഷോലെ’ക്കായിരുന്നു ബഹുമതി. സിനിമക്ക് ആദിത്യ തന്നെ രചിച്ച കഥയും ഷാറൂഖ്, കജോള്‍ ജോടികളുടെ ഭാവാഭിനയവും ഇന്ത്യന്‍ സിനിമയുടെ ചരിത്രത്താളുകളിലേക്കാണ് കടന്നുചെന്നത്. ഇതുവരെ രാജ്യത്തിനകത്തും പുറത്തുമായി സിനിമ വാരിക്കൂട്ടിയ പണത്തിന് കണക്കില്ല. നായകനും നായികക്കും നല്‍കിയ ജനസമ്മതിക്കും.

മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി, പാട്ട്, തിരകഥ തുടങ്ങി 96ലെ ഫിലിംഫെയര്‍ അവാര്‍ഡ് പത്തെണ്ണമാണ് ചിത്രം നേടിയത്. ആ വര്‍ഷത്തെ മികച്ച പോപുലര്‍ സിനിമയെന്ന ദേശീയ ബഹുമതിയും. ലണ്ടനില്‍ കഴിയുന്ന ഇന്ത്യന്‍ വംശജരായ രാജ് മല്‍ഹോത്രയെന്ന യുവാവിന്‍െറയും സിമ്രാന്‍ സിങ്ങെന്ന യുവതിയുടെയും പ്രണയമാണ് കഥ. തീര്‍ത്തും ഇന്ത്യന്‍ സംസ്കാരത്തിനകത്ത് വളര്‍ന്ന നായികയെ സ്വതന്ത്ര ചിന്താഗതിക്കാരനായ നായകന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിലെ വ്യത്യസ്തതയാണ് കഥയുടെ മര്‍മം. ഒളിച്ചോടാന്‍ നില്‍ക്കാതെ കടുപ്പക്കാരനായ നായികാ പിതാവിന്‍െറ മനസ്സു നേടാനുള്ള നായകന്‍െറ ശ്രമമാണത്. ഇന്ത്യ, ലണ്ടന്‍, സ്വിസ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. പിന്നണി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡോക്യുമെന്‍ററി ഇറങ്ങിയ ചിത്രമെന്ന ഖ്യാതിയും ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ക്കുണ്ട്. 1000 വാരം തികക്കുന്നതിന്‍െറ ഭാഗമായി പുതിയ ട്രെയിലറും ഇറങ്ങി.

ആയിരം ആഴ്ചകള്‍ തികയുന്ന ദിവസം ആഘോഷം കേമമാക്കുന്നുമുണ്ട്. നായികാനായകന്മാരായ ഷാറൂഖും കജോളും ചിത്രീകരണാനുഭവങ്ങള്‍ പങ്കുവെക്കും. ചിത്രത്തിനൊപ്പം മറാത്താ മന്ദിറും ചരിത്രത്താളുകളില്‍ ഇടംപിടിക്കുകയാണ്. നിരവധി ഹിന്ദി സിനിമകള്‍ നിറഞ്ഞോടിയ തിയറ്ററെന്ന ഖ്യാതി നേരത്തെ തന്നെയുണ്ട്. നഗരത്തിന്‍െറ പ്രശസ്തമായ അടയാളങ്ങളിലൊന്നാണ് മുംബൈ സെന്‍ട്രലില്‍ നിലകൊള്ളുന്ന തിയറ്റര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക