Image

പുതുതലമുറ സംവിധായകരെ പ്രോത്സാഹിപ്പിക്കണം: അടൂര്‍

ആശ എസ്‌. പണിക്കര്‍ Published on 13 December, 2014
പുതുതലമുറ സംവിധായകരെ പ്രോത്സാഹിപ്പിക്കണം: അടൂര്‍
ഫിലിം മാര്‍ക്കറ്റിന്‌ തുടക്കമായി

സമരസപ്പെടാതെ മികച്ച ചിത്രങ്ങള്‍ ഒരുക്കുന്ന പുതുതലമുറയിലെ സംവിധായകര്‍ക്ക്‌ അര്‍ഹമായ പ്രോത്സാഹനം നല്‍കണമെന്ന്‌ ചലച്ചിത്രമേളയുടെ ഉപദേശക സമിതി ചെയര്‍മാന്‍ അടൂര്‍ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. ഹോട്ടല്‍ ഹൈസെന്തില്‍ മലയാള ചിത്രങ്ങളുടെ പരിപോഷണം ലക്ഷ്യമിട്ട്‌ സംഘടിപ്പിക്കുന്ന ഫിലിം മാര്‍ക്കറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിലിം മാര്‍ക്കറ്റിന്റെ ഭാഗമായി എല്ലാ ദിവസവും ഹൈസെന്തില്‍ മലയാള സിനിമാ പ്രദര്‍ശനവും സെമിനാറുകളും നടക്കും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക്‌ സ്വന്തം നാട്ടിലെ പ്രദര്‍ശനത്തിനായി മലയാള ചിത്രങ്ങള്‍ ലഭ്യമാക്കുന്നതിനും സൗകര്യമുണ്ട്‌. മത്സരവിഭാഗമായ ഓപ്പണ്‍മാര്‍ക്കറ്റില്‍ 18 മലയാള ചിത്രങ്ങള്‍പ്രദര്‍ശിപ്പിക്കും. അസ്‌തമയം വരെ, സഹീര്‍, ജലാംശം, ആലിഫ്‌, കാള്‍ട്ടന്‍ ടവേഴ്‌സ്‌, ഞാന്‍, ഒരാള്‍പൊക്കം, വിദൂഷകന്‍, 1983, 101 ചോദ്യങ്ങള്‍, കളിയച്ഛന്‍, ക്രൈം നം 89, കന്യകാ ടാക്കീസ്‌, ഇംഗ്ലീഷ്‌, സെല്ലുലോയ്‌ഡ്‌, അഞ്ച്‌ സുന്ദരികള്‍, വേനല്‍ ഒടുങ്ങാതെ, അന്നയും റസൂലും എന്നിവയാണ്‌ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.
തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ എക്‌സലന്‍സ്‌ പുരസ്‌കാരം നല്‍കും. വിവിധ രാജ്യാന്തര മേളകളിലേക്ക്‌ ചലച്ചിത്ര അക്കാമദി ഈ ചിത്രങ്ങളെ പ്രമോട്ട്‌ ചെയ്യും. ഹോങ്കോങ്‌ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ജേക്കബ്‌ വോങ്‌, ലാ വിനാലെ ഡി വെനീസിലെ ഇറ്റലി കണ്‍സള്‍ട്ടന്റ്‌ പൗലോ ബര്‍ട്ടോളിന്‍ എന്നിവരടങ്ങുന്നതാണ്‌ ജൂറി.

മത്സരവിഭാഗത്തിലെ മൂന്ന്‌ ചിത്രങ്ങള്‍ ഇന്ന്‌ പ്രദര്‍ശനത്തിനെത്തുന്നു

രാജ്യന്തര ചലച്ചിത്രമേളയില്‍ ഇന്ന്‌ മത്സരവിഭാഗത്തില്‍ നിന്നുള്ള മൂന്ന്‌ ചിത്രങ്ങള്‍ ആദ്യ പ്രദര്‍ശനത്തിനെത്തും. അര്‍ജന്റീനയന്‍ ചിത്രം `റഫ്യൂജിയാഡോ', മലയാള ചിത്രം `അസ്‌തമയം വരെ', ഇറാനിയന്‍ ചിത്രം `ഒബ്ലിവിയന്‍ സീസണ്‍' എന്നീ ചിത്രങ്ങളാണ്‌ ഇന്ന്‌ പ്രദര്‍ശിപ്പിക്കുന്നത്‌.
ആഭ്യന്തര കലാപം തകര്‍ത്തെറിഞ്ഞ നാട്ടില്‍ അതിജീവനത്തിനുള്ള മാര്‍ഗം തേടുന്ന ലോറയുടെയും മകന്റെയും കഥ പറയന്ന `റഫ്യൂജിയാഡോ' 9.15 ന്‌ ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. സജിന്‍ ബാബു സംവിധാനം ചെയ്‌ത `അസ്‌തമയം വരെ നിര്‍ബന്ധിത പൗരോഹിത്യവൃത്തി വലിച്ചെറിഞ്ഞ്‌ സ്വത്വം തേടി ഒരു യുവാവ്‌ നടത്തുന്ന യാത്രയുടെ കഥപറയുന്നു. ന്യൂ തിയേറ്ററിലെ സ്‌ക്രീന്‍ ഒന്നില്‍ 11.30 നാണ്‌ ചിത്രം പ്രദര്‍ശിപ്പിക്കുക.
വേശ്യാവൃത്തിയുടെ ഇരുണ്ടലോകം വിട്ടെറിയുന്ന സ്‌ത്രീ പുതിയൊരു ജീവിതമാണ്‌ കാമുകനിലൂടെ സ്വപ്‌നം കാണുന്നത്‌. എന്നാല്‍ പുരുഷാധിപത്യലോകത്ത്‌ പ്രണയം വലിയൊരു തടവറയാണെന്ന്‌ അവള്‍ തിരിച്ചറിയുന്നു. അബ്ബാസ്‌ റാഫി സംവിധാനംചെയ്‌ത `ഒബ്ലിവിയന്‍ റീസണ്‍' കൈരളിയില്‍ 2.30 ന്‌ പ്രദര്‍ശിപ്പിക്കും.

മലയാള സിനിമയുടെ ചരിത്രം- ഫോട്ടോ പ്രദര്‍ശനം തുടങ്ങി

മലയാളസിനിമയുടെ ചരിത്രം വിശദീകരിച്ചു കൊണ്ട്‌ ,ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കണ്ട മലയാള സിനിമ, എന്ന പേരില്‍ സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം കനകക്കുന്ന്‌ കൊട്ടാരത്തില്‍ തുടങ്ങി. മന്ത്രി വി.എസ്‌.ശിവകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ചലച്ചിത്രമേളയുടെ എക്‌സിബിഷന്‍ കമ്മിറ്റിയാണ്‌ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്‌. ശാസ്‌തമംഗലം മോഹനന്‍, ചലച്ചിത്ര അക്കാമദി സെക്രട്ടറി എസ്‌. രാജേന്ദ്രന്‍ നായര്‍, അഡ്വ. ആര്‍.വി. രാജേഷ്‌, വി.എസ്‌. രജിത്‌ ലാല്‍, സാബു പ്രഭാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുതുതലമുറ സംവിധായകരെ പ്രോത്സാഹിപ്പിക്കണം: അടൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക