Image

തിരക്കഥ സിനിമയുടെ ആത്മാവ്- മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 15 December, 2014
തിരക്കഥ സിനിമയുടെ ആത്മാവ്- മീട്ടു റഹ്മത്ത് കലാം

സിനിമയുടെ അടിസ്ഥാനം തിരക്കഥയാണെന്നും, സിനിമയ്ക്ക് തിരക്കഥയുടെ ആവശ്യമില്ലെന്നുമുള്ള പാദങ്ങള്‍ ചലച്ചിത്രലോകം സജീവമായി ചര്‍ച്ചചെയ്ത വിഷയമാണ്. 'സിനിമയെടുക്കും മുന്‍പ് സ്‌ക്രിപ്റ്റ് കത്തിച്ചു കളയണം' എന്ന ശീര്‍ഷകത്തോടെ സംവിധായകന്‍ രാജിവ് രവിയുടെ അഭിമുഖം വന്നത് വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഈ ചിന്ത കൂടുതല്‍ പ്രസക്തമാകുകയാണ്.

തിരക്കഥയുടെ പ്രാധാന്യം അിറയാതിരുന്ന ആദ്യകാല സിനിമകള്‍ക്ക് നാടകങ്ങളെക്കാള്‍ മെച്ചമായി അവകാശപ്പെടാന്‍ ഒന്നും ഉണ്ടായിരുന്നില്ല. തിരശ്ശീലയില്‍ എന്ത് തെളിയണമെന്നതിന്റെ രൂപരേഖയുണ്ടാക്കി ഷോട്ടുകള്‍ തിരിച്ച് ചിത്രീകരണം തുടങ്ങിയതോടെ ചലച്ചിത്രങ്ങള്‍ ഒരു ആസ്വാദവൃന്ദത്തെ  സൃഷ്ടിച്ചെടുത്തു. തിരക്കഥ പകര്‍ന്ന പുതുജീവനാണ് സിനിമ എന്ന മാസ്മരിക സംരംഭത്തിന് പറന്നുയരാന്‍ പുത്തന്‍ വിഹായസ്സ് പടുത്തുയര്‍ത്തിയത്. അടുക്കുംചിട്ടയോടും കെട്ടുറപ്പോടെയും അവതരിപ്പിക്കപ്പെട്ട ചലച്ചിത്രങ്ങള്‍ ശ്രദ്ധേയമായതോടെ തിരക്കഥ എന്ന അടിത്തറ സിനിമയ്ക്ക് അവിഭാജ്യഘടകമായി മാറി. ആഖ്യാനരീതിയില്‍ മാറ്റം വരുമ്പോഴും ലിഖിതനിയമങ്ങളേതുമില്ലാതെ അസ്തിത്വം  നഷ്ടപ്പെടാതെ തിരകക്കഥ നിലനില്‍ക്കുന്നത് അതിന്റെ എക്കാലത്തെയും പ്രസക്തിയ്ക്ക് അടിവരയിടുന്നു.
സിനിമയുടെ താത്വികമായ ചട്ടക്കൂട്ടില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമമായി നവതരംഗപ്രസ്ഥാനം തിരക്കഥ വേണ്ട എന്ന പ്രസ്ഥാവന വളരെ മുന്‍പേ നടത്തിയിരുന്നു. പേനകൊണ്ട് ഒരാള്‍ സാഹിത്യം രചിക്കുന്നതുപോലെ ക്യാമറകൊണ്ട് ആത്മാവിഷ്‌കാരത്തിന്റെ കലയായി സിനിമകള്‍  സൃഷ്ടിക്കപ്പെടണം എന്ന അവരുടെ ആശയമാണ് സംവിധായകന്‍ രാജീവ് രവി ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നത്. കവിതപോലെയോ കഥപോലെയോ പ്രീകണ്‍സീവ് ചെയ്യാതെ ജന്മം നല്‍കാവുന്ന ഒന്നാണ് സിനിമയെങ്കില്‍ മാര്‍ക്കസ് ബട്‌ലി, മെല്ലി ഇറാനി, ബാലു മഹേന്ദ്ര തുടങ്ങി ക്യാമറകൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത കലാകാരന്മാര്‍ അരുടെ ചിത്രങ്ങള്‍ക്ക് തിരക്കഥ തേടുമായിരുന്നില്ല. വ്യക്തമായി എഴുതി തയ്യാറാക്കിയ തിരക്കഥ വായിച്ച ശേഷമാണ് ഛായാഗ്രഹകനും സംവിധായകനും അതിലെ ഓരോ ഫ്രെയിമുകളും എങ്ങനെ സെല്ലുലോയിഡില്‍ പകര്‍ത്താമെന്ന് നിശ്ചയിക്കുന്നത്. തിരക്കഥയില്ലാതെ കഥയും സംഭാഷണവും മാത്രമായാല്‍ മൂവീക്യാമറയില്‍ ഒപ്പിയെടുക്കാന്‍ കഴിയുന്നത് സിനിമയുടെ അതേ ദൈര്‍ഘ്യമുള്ള നാടകമായിരിക്കും. പ്രേക്ഷകര്‍ക്ക് അതൊരിക്കലും സ്വീകാര്യമാവില്ല.
മഹാനായ ചലച്ചിത്ര ശില്പി ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ വിശ്വാസം സ്‌ക്രിപ്റ്റിന്റെ പണിതീര്‍ന്നു കഴിഞ്ഞാല്‍ ചിത്രം മനസ്സില്‍ പൂര്‍ത്തിയായി എന്നതായിരുന്നു. നൂറ്റാണ്ടുകളിലെ സംഭവങ്ങള്‍ മിനിട്ടുകളിലേയ്ക്ക് ഒതുക്കി നിര്‍ത്താന്‍ കഴിവുള്ള ജാലവിദ്യയാണ് തിരക്കഥ.
ഓരോരുത്തര്‍ക്കും സിനിമയോട് വ്യത്യസ്ത സമീപനമാണുള്ളത്. ലൊക്കേഷനില്‍ ഇരുന്ന് സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തുന്നവര്‍ മുതല്‍ കേവലം കുത്തിക്കുറുപ്പില്‍ നിന്ന്  ഷൂട്ടിങ്ങിനിടയില്‍ തിരക്കഥ വികസിപ്പിക്കുന്നവര്‍ വരെയുണ്ട്.

സഹപ്രവര്‍ത്തകരെ വട്ടം ചേര്‍ത്തിരുത്തി തന്റെ ഉള്ളിലെ ആശയം വിവരിച്ച്, ഇതാണ് കഥാപാത്രങ്ങള്‍… ഇതാണ് പശ്ചാത്തലം എന്ന രീതിയില്‍ ചര്‍ച്ചാരൂപത്തില്‍ ഇന്‍ഗ്മര്‍ ബെര്‍ഗ്മാന്‍ സിനിമ എടുത്തിട്ടുണ്ട്. താന്‍ വരച്ച ഏതാനും സ്‌കെച്ചസിന്റെ പിന്‍ബലത്തോടെയാണ് സത്യജിത്ത് റേ ക്ലാസിക് ചലച്ചിത്രം പഥേര്‍ പാഞ്ചാലി ഒരുക്കിയത്. കാലത്തിനൊപ്പം സിനിമയും ഏറെ മാറുകയും വളരുകയും ചെയ്തിട്ടുണ്ട്. നിലയ്ക്കാതെ ഒഴുകുന്ന പുഴപോലെ മനസ്സിലൂടെ സിനിമ ഒഴുകിയാലും കുറ്റമറ്റതായും ആസ്വാദ്യകരവുമായ സൃഷ്ടിയായി അതിനെ മാറ്റാന്‍ തിരക്കഥ കൂടിയേ തീരൂ.
പത്മരാജന്റെ 'തൂവാനത്തുമ്പികള്‍' എന്ന ചിത്രത്തിന്റെ തിരക്കഥയില്‍ ക്ലാരയുടെ ചിരിയെപ്പറ്റി ഒരു വരിയുണ്ട്: “ഉള്ളില്‍ നിന്നും നുരഞ്ഞു പൊങ്ങുന്ന ചിരി.” സുമലത തന്നെ അത്ര വശ്യമായ ചിരി മറ്റൊരു സിനിയിലും സമ്മാനിച്ചിട്ടില്ല. ആ അക്ഷരങ്ങള്‍ കഥാപാത്രത്തിന് പകര്‍ന്നു നല്‍കുന്ന വികാരതീവ്രതയാണ് ഇതിന് കാരണം. ഇത്തരത്തില്‍ നടീനടന്മാരുടെ അഭിനയശേഷിയുടെ മാറ്റ് കൂട്ടാന്‍ തിരക്കഥയ്ക്ക് കഴിവുണ്ട്. വടക്കന് വീരഗാഥയില്‍  ചന്തു ഉണ്ണിയാര്‍ച്ചയോട് പറയുന്നുണ്ട്:  “നീയടക്കമുളള പെണ്‍വര്‍ഗ്ഗം മറ്റാരും കാണാത്തത് കാണും. നിങ്ങള്‍ ശപിച്ചുകൊണ്ട് കൊഞ്ചും ചിരിച്ചുകൊണ്ട് കരയും, മോഹിച്ചുകൊണ്ട് വെറുക്കും.” എം.ടി. എഴുതിയ ഈ വാക്കുകള്‍ ഉരുവിടുമ്പോള്‍ തന്നെ പെണ്‍വര്‍ഗ്ഗത്തോട് ചന്തുവിന് ആ സന്ദര്‍ഭത്തില്‍ തോന്നുന്ന അവജ്ഞ അഭിനേതാവില്‍ ആവാഹിക്കപ്പെടും. ഇത് അഭിനയത്തിന് കൂടുതല്‍ സ്വാഭാവികത നല്‍കും.
പിക്കാസോയുടെ വാക്കുകള്‍ കടമെടുത്താല്‍ കല ഒരു സത്യമല്ല. സത്യത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന കളവാണ്. ജീവിതഗന്ധിയായ ചിത്രമെടുത്താല്‍ ഏതെങ്കിലുമൊരു വ്യക്തിയുടെ നേര്‍ക്ക് ക്യാമറ തിരിച്ചുവച്ചിട്ട് കാര്യമില്ല. ദൈനംദിന ജീവിതം സംഭവബഹുലമല്ല. പലപ്പോഴും ആവര്‍ത്തന വിരസമായ രംഗങ്ങള്‍ മാത്രമാകും. സിനിമയ്ക്ക് പറ്റിയത് എന്ന് തോന്നുന്ന കാര്യങ്ങള്‍ അപൂര്‍വ്വമായി വീണു കിട്ടും. അത് തിരിച്ചറിഞ്ഞ് പുനരാവിഷ്‌കരിക്കുന്നതിലാണ് കലാകാരന്റെ വൈഭവം. ഇതിനായ് ചുറ്റുപാടും നടക്കുന്നത് സുസ്ഥിരം നിരീക്ഷിച്ചു കൊണ്ടേയിരിക്കണം.
സിനിമയ്ക്ക് സാമൂഹിക പ്രതിബദ്ധത വേണം എന്നതിനോട് യോജിക്കാമെങ്കിലും അത് മാത്രം ലക്ഷ്യം വച്ച് സിനിമ എടുക്കാന് കഴിയില്ലെന്നതാണ് സത്യം. സിനിമ പറയുന്നത് പല മനുഷ്യരുടെ  കഥകളാണ്. എല്ലാ ജീവിതങ്ങളും മാതൃകാപരമാവില്ല. കലാസൃഷ്ടികളില്‍ വച്ച് സിനിമയ്ക്ക് സമൂഹത്തില്‍ കൂടുതല്‍ സ്വാധീനമുണ്ടെങ്കിലും അതിനൊരു കാലപരിധിയുണ്ട്. സ്പിരിറ്റ് എന്ന രഞ്ജിത്ത് ചിത്രം കണ്ട് മദ്യപാനികള്‍ക്ക് മാനസാന്തരം വന്നതായി കേട്ടെങ്കിലും അതിലൂടെ മദ്യവിമുക്ത കേരളമൊന്നും ഉണ്ടായില്ല. സിനിമയുടെ ആയുസ്സ് പോലെ അതിന്റെ സ്വാധീനത്തിന്റെ ആയുസ്സും ചിത്രം തിയേറ്ററില്‍ പ്രദര്‍ശനത്തിനുള്ളത്ര ദൈര്‍ഘ്യമേ പ്രതീക്ഷിക്കാന്‍ കഴിയൂ.

സിനിമ എന്റര്‍ടെയ്ന്‍മെന്റിനുള്ളതാണോ എന്ന ചോദ്യം ഉയരുമ്പോള്‍ സിനിമയില്‍ നിന്നുമുള്ള ഓരോ പ്രേക്ഷകന്റെയും ആവശ്യവും പ്രതീക്ഷയും വ്യത്യസ്തമാണെന്ന് കൂടി  കൂട്ടിവായിക്കണം. ചിലര്‍ക്ക് സിനിമ കണ്ട് പൊട്ടിച്ചിരിക്കണം, ചിലര്‍ക്ക് ഹൃദയത്തില്‍ തട്ടുന്ന രംഗം കണ്ട് കരയണം, ചിലര്‍ക്ക് കാലാമൂല്യം വേണം. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ പല തരത്തിലെ സിനിമകള്‍ ഉണ്ടാകണം. വ്യത്യസ്ത രീതിയിലെ തിരക്കഥകള്‍ ഉണ്ടാകണം.

ഒരു കലാസൃഷ്ടി നല്ലതോ മോശമോ എന്ന് പറയാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ഒരേ മേഖലയില്‍ പ്രവൃത്തിക്കുന്നവര്‍ പേരെടുത്ത് ആ തിരക്കഥാകൃത്തിനോട് വെറുപ്പാണ് എന്ന തരത്തില്‍ സംസാരിക്കുന്നത്, ശരിയായ പ്രവണതയല്ല. ശ്രീനിവാസനെയും മണിരത്‌നത്തെയും പോലെ ഏറെ ആരാധകരുള്ളവരുടെ ചിത്രങ്ങള്‍ മോശമാണെന്ന് പറഞ്ഞിട്ടല്ല ഗിരീഷ് കാസറവള്ളിയുടെയും മറ്റും ചിത്രങ്ങളെക്കുറിച്ച് രാജീവ് രവിയെപ്പോലൊരു ഫിലിം മേക്കര്‍ പ്രകീര്‍ത്തിക്കേണ്ടിയിരുന്നത്. പണ്ട് മഹാകവി വള്ളത്തോളിനും കുമാരനാശാനുമിടയില്‍ സംസ്‌കൃതത്തിന്റെ ചട്ടക്കൂട്ടില്‍ നില്‍ക്കുന്നവനും ആംഗലേയ സ്വാധീനത്തില്‍ ആധുനികയിലേയ്ക്ക് കാലൂന്നിയവനും ഇടയില്‍ എത്താവുന്ന മത്സരബുദ്ധി ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. കാലം ഇരുവരെയും കുറ്റം പറയാത്തത് രണ്ട് പേരും അവരവരുടെ വ്യക്തിമുദ്ര പതിപ്പിച്ചതുകൊണ്ടാണ്. സോഷ്യല്‍ മീഡിയയിലൂടെ അന്യോന്യം കൊമ്പുകോര്‍ക്കുന്നതാവരുത് കലാകാരന്റെ സംസ്‌കാരം. നല്ല സിനിമകള്‍ സൃഷ്ടിക്കപ്പെടണം എന്ന ആഗ്രഹം മാത്രമേ അവര്‍ക്കുണ്ടാകാവൂ.

തിരക്കഥ സിനിമയുടെ ആത്മാവ്- മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക