Image

ശ്രീനിവാസനെന്താ കൊമ്പുണ്ടോ?

ജയമോഹന്‍.എം Published on 16 December, 2014
ശ്രീനിവാസനെന്താ കൊമ്പുണ്ടോ?
മലയാള സിനിമയിലെ പലരുടെയും കൊമ്പുകളെ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്‌തിട്ടുള്ളയാളാണ്‌ ശ്രീനിവാസന്‍. നിരവധിയായി സിനിമകളിലൂടെയും അഭിമുഖങ്ങളിലൂടെയും എഴുത്തുകളിലുടെയുമൊക്കെ ശ്രീനിവാസന്‍ എത്രയോ വ്യക്തിത്വങ്ങളെ വിമര്‍ശിച്ചിരിക്കുന്നു. ഉദയനാണ്‌ താരം എന്ന സിനിമയെ തന്നെ ഉദാഹരണമായിട്ടെടുക്കാം. സൂപ്പര്‍താരങ്ങളെ പരിഹസിക്കാന്‍ ശ്രീനിവാസന്‍ സൃഷ്‌ടിച്ച സിനിമയായിരുന്നു അത്‌. മമ്മൂട്ടിയെയും, മോഹന്‍ലാലിനെയും ഒരുപോലെ വിമര്‍ശിച്ച സിനിമയില്‍ മോഹന്‍ലാല്‍ യാതൊരു വൈക്ലബ്യവുമില്ലാതെ അഭിനയിക്കുകയും ചെയ്‌തു. അത്‌ ലാലിന്റെ പ്രൊഫഷണലിസം.

ഉദയനാണ്‌ താരത്തിനു ശേഷം സൂപ്പര്‍സ്റ്റാര്‌ സരോജ്‌കുമാര്‍ എന്ന ചിത്രം ശ്രീനിവാസന്‍ ഒരുക്കുന്നത്‌ തീര്‍ത്തും വികലവും ഫ്രസ്‌ട്രേഷന്‍ ബാധിച്ച മനസിന്റെ പരിഹാസങ്ങളുമായിരുന്നു. പരിഹാസങ്ങള്‍ പരിധി വിട്ടപ്പോഴും വിമര്‍ശനങ്ങള്‍ അര്‍ഥമില്ലാത്തവയായപ്പോഴും അത്‌ ഏറ്റുവാങ്ങേണ്ടി വന്നവര്‍ ശ്രീനിക്ക്‌ മുമ്പില്‍ നിശബ്‌ദരായി നിന്നു. ആരും പ്രതികരിക്കാന്‍ പോയില്ല എന്നത്‌ ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അംഗീകരിക്കല്‍ കൂടിയായിരുന്നു

എന്നാല്‍ വിമര്‍ശനങ്ങളുടെ അപോസ്‌തലനായ ശ്രീനിവാസന്‍ തന്നെ കഴിഞ്ഞ ദിവസം കാര്യകാരണ സഹിതം വിമര്‍ശിക്കപ്പെടുകയുണ്ടായി. ഒരു ഓണ്‍ ലൈന്‍ പോര്‍ട്ടലിന്‌ നല്‍കിയ അഭിമുഖത്തില്‍ രാജീവ്‌ രവിയാണ്‌ ശ്രീനിയെ കണക്കിന്‌ വിമര്‍ശിച്ചത്‌. മധ്യവര്‍ത്തി മലയാളിയുടെ വികാരങ്ങളെ ചൂഷണം ചെയ്‌ത വിഡ്ഡീപടങ്ങളായിരുന്നു ശ്രീനിവാസന്റേതെന്നുമാണ്‌ രാജീവ്‌ രവിയുടെ വിമര്‍ശനം. സിനിമകളിലുടെ എല്ലാവരെയും പരിഹസിച്ചും ചീത്ത പറഞ്ഞും ശ്രീനിവാസന്‍ പണമുണ്ടാക്കി വീട്ടില്‍ പോയതല്ലാതെ പ്രേക്ഷകനോ സിനിമക്കോ ഗുണമുണ്ടായിട്ടില്ലെന്നും രാജീവ്‌ രവി തുറന്ന്‌ വിമര്‍ശിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ വിഖ്യാത സംവിധായകന്‍ മണിരത്‌നത്തെയും ഹോളിവുഡ്‌ സംവിധായകന്‍ ട്വാറിന്റോയെയുമൊക്കെ രാജീവ്‌ രവി ഫ്രോഡുകള്‍ എന്ന അര്‍ഥത്തില്‍ വിമര്‍ശിക്കുന്നുണ്ട്‌.

അഭിപ്രായ സ്വാതന്ത്രം ഇരുമ്പുലക്കയല്ലാത്തിടത്തോളം കാലം രാജീവ്‌ രവിക്ക്‌ തന്റേതായ വിമര്‍ശനം ഉന്നയിക്കാവുന്നതാണ്‌. എന്നാല്‍ ഈ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ തന്നെ തിരക്കഥാകൃത്ത്‌ കെ.ഗിരിഷ്‌കുമാര്‍ പ്രതികരിച്ചത്‌ പോലെ രാജീവ്‌ രവി ചെയ്‌ത രണ്ടു ചിത്രങ്ങളും മലയാള സിനിമയില്‍ എവിടെ നില്‍ക്കുന്നു എന്നതും ഒരു ചോദ്യമാണ്‌. എങ്കിലും രാജീവ്‌ രവിക്കും സന്തോഷ്‌ പണ്‌ഡിറ്റിനും ഇവിടെ അഭിപ്രായ സ്വാതന്ത്രമുണ്ട്‌. എല്ലാവരെയും ശ്രീനിവാസന്‍ വിമര്‍ശിക്കുന്നത്‌ കേട്ട്‌ ചിരിച്ചിരുന്ന ആരാധകര്‍ ശ്രീനിവാസന്‍ വിമര്‍ശിക്കപ്പെടുന്നതും സഹിക്കേണ്ടത്‌ തന്നെ.

എന്നാല്‍ ഇവിടെ കാര്യങ്ങള്‍ സംഭവിച്ചത്‌ നേരെ മറിച്ചാണ്‌. ശ്രീനിവാസ
ന്റെ ആരാധകരായി രോഷം കൊണ്ട്‌ വന്നിരിക്കുന്നത്‌ ശ്രീനിവാസന്റെ രണ്ട്‌ മക്കള്‍ തന്നെയാണ്‌.

മൂത്തമകന്‍ വിനീത്‌ അച്ഛനെതിരെ വന്ന വിമര്‍ശനത്തോട്‌ ഫേസ്‌ബുക്കില്‍ പ്രതികരിച്ചത്‌ ഇങ്ങനെയാണ്‌.

`സ്‌ക്രീപ്‌ടില്ലാതെ സിനിമയെടുക്കാന്‍ പഠിപ്പിക്കുന്നുണ്ടെന്ന്‌ കേട്ടു. ആശയം വിപ്ലവകരമാണ്‌. ഈ പുതിയ വിദ്യ ഒന്ന്‌ പഠിപ്പിച്ചാല്‍ കൊള്ളാം. ഒപ്പം ചുമരില്ലാതെ ചിത്രം വരയ്‌ക്കാനും, തറ കെട്ടാതെ വീടുണ്ടാക്കാനും കൂടി ആരെങ്കിലും പഠിപ്പിച്ചു തരുമോ.

എന്ന്‌ ശ്രീനിവാസന്റെ മകന്‍ വിനീത്‌ ശ്രീനിവാസന്‍'. ഇങ്ങനെയാണ്‌ വിനീതിന്റെ കുറിപ്പ്‌.

ശ്രീനിവാസനെ വിമര്‍ശിച്ച അഭിമുഖത്തില്‍ സിനിമക്ക്‌ നടപ്പുരീതിയിലുള്ള ഒരു തിരക്കഥാ സംവിധാനം ആവിശ്യമില്ലെന്ന തരത്തില്‍ രാജീവ്‌ രവി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിനെ കളിയാക്കികൊണ്ടാണ്‌ വിനീതിന്റെ പോസ്റ്റ്‌.

എന്നാല്‍ വിനീത്‌ മനസിലാക്കാതെ പോകുന്ന ഒന്നുണ്ട്‌. ചിത്രം വരക്കാനുള്ള ചുമര്‌ പോലെയോ വീടിന്റെ തറ പോലെയോ ഒന്നല്ല തിരക്കഥ എന്നത്‌. തിരക്കഥ എന്നത്‌ പണിയാന്‍ പോകുന്ന സിനിമയുടെ അല്ലെങ്കില്‍ വീടിന്റെ ബ്ലൂപ്രിന്റ്‌ മാത്രമാണ്‌. ഈ ബ്ലൂപ്രിന്റ്‌ കടലാസിലാക്കാതെ തലയില്‍ ശേഖരിച്ച്‌ വെക്കാനും ഒരു എഴുത്തുജോലി പോലെ സിനിമ ഷൂട്ട്‌ ചെയ്‌ത്‌ പോകാനും കഴിവുള്ള ഒരു സംവിധായകന്‌ തിരക്കഥ വേണമെന്നില്ല. രാജീവ്‌ രവി ഉദ്ദേശിച്ചതും അതു തന്നെ.

മൂത്തമകനേക്കാള്‍ കടുത്ത പ്രതിഷേധമാണ്‌ ഇളയ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ പ്രകടിപ്പിച്ചത്‌.

`അഭിപ്രായ സ്വാതന്ത്രം എല്ലാവര്‍ക്കും ഉണ്ട്‌. പക്ഷെ ആരെക്കുറിച്ച്‌ അഭിപ്രായം പറയുന്നു എന്നു കൂടി ശ്രദ്ധിക്കണം. ശ്രീനിവാസന്റെ സിനിമകളെ ഇഷ്‌ടപ്പെട്ട ബഹുഭൂരിപക്ഷമുള്ളപ്പോള്‍ ശ്രീനിവാസന്റെ ഇന്‍സ്‌ട്രിയില്‍ നാം എവിടെ നില്‍ക്കുന്നു എന്ന്‌ ആലോചിക്കണമെന്നാണ്‌ ധ്യാനിന്റെ പ്രസ്‌താവന. ഒപ്പം അച്ഛനെ പറഞ്ഞാല്‍ സഹിക്കില്ല എന്നും ധ്യാന്‍ പറയുന്നു. '

ഇവിടെ ധ്യാന്‍ മനസിലാക്കേണ്ട കാര്യം. ധ്യാനിന്റെ അച്ഛന്‍ എന്ന വ്യക്തിത്വത്തെ രാജീവ്‌ രവി ഒന്നും പറഞ്ഞിട്ടില്ല. ശ്രീനിവാസന്‍ എന്ന എഴുത്തുകാരനെ, (അതും എഴുത്തിലൂടെയും അല്ലാതെയും നിരവധി പേരെ വിമര്‍ശിക്കുന്ന എഴുത്തുകാരന്‍)യാണ്‌ രാജീവ്‌ രവി വിമര്‍ശിക്കുന്നത്‌. ശ്രീനിവാസന്റെ സിനിമ ബഹുഭൂരിപക്ഷം ഇഷ്‌ടപ്പെടുന്നു എന്നത്‌ കൊണ്ട്‌ അയാളെ വിമര്‍ശിക്കാന്‍ പാടില്ല എന്ന്‌ പറയുന്നത്‌ ഫാസിസം തന്നെയാണ്‌. ചുരുക്കത്തില്‍ ശ്രീനിവാസന്റെ മക്കള്‍ രണ്ടുപേരും താരതമ്യേന വിവരക്കേടുകള്‍ പറയുന്നവരും തന്റെ അച്ഛ
ന്‍ വിമര്‍ശനത്തിനും അപ്പുറമുള്ള എന്തോ ഒരു കുന്തമാണെന്ന്‌ കരുതുന്നവരുമാണ്‌.

ശ്രീനിവാസന്‍ മോഹന്‍ലാലിനെ വിമര്‍ശിച്ചപ്പോള്‍ നിശബ്‌ദത പാലിച്ച പ്രണവ്‌ മോഹന്‍ലാലിന്‌ ആയിരം അഭിനന്ദനങ്ങള്‍. ഞങ്ങള്‍ എല്ലാവരെയും വിമര്‍ശിക്കും, ഞങ്ങളെ ആരും വിമര്‍ശിക്കാന്‍ പാടില്ല എന്ന തരത്തിലുള്ള മനോഭാവം തീര്‍ച്ചയായും വിഡ്ഡിത്തവും വികലവുമാണ്‌.

എന്തായാലും ശ്രീനിവാസന്റെ തിരക്കഥകള്‍ ഞൊടുക്കു വേലകളാണെന്ന അഭിപ്രായം ലേഖകനില്ല. പക്ഷെ ശ്രീനിയുടെ മക്കള്‍ വിചാരിക്കുന്നത്‌ പോലെ അവ അത്ര ഉദാത്തവുമാണെന്ന്‌ കരുതുക വയ്യ. രാജീവ്‌ രവി സൂചിപ്പിച്ചത്‌ പോലെ സാമാന്യമനുഷ്യന്റെ ഒരു അവസ്ഥയെ സ്‌ക്രീനിലിട്ട്‌ പരിഹസിച്ച്‌ രസിക്കുന്നവ തന്നെയാണ്‌ ശ്രീനിയുടെ തിരക്കഥകള്‍.

എല്ലാം കൊണ്ടും തന്റെ രാഷ്ട്രീയവും വിമര്‍ശനങ്ങളും തുറന്നു പറയാന്‍ രാജീവ്‌ രവി കാണിച്ച ചങ്കൂറ്റം അഭിനന്ദനനാര്‍ഹം തന്നെ. അഭിപ്രായ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാത്തവര്‍ ആരൊക്കെയെന്ന്‌ രാജീവ്‌ രവിയുടെ വിമര്‍ശനം കാട്ടിത്തന്നു. അഭിപ്രായ സ്വാതന്ത്ര്യം  വിലവെയ്‌ക്കാത്ത വിനീതിനെയും ധ്യാനിനെയും പോലെയുള്ളവരെ ജനം പുഛിച്ചു തള്ളും എന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ.
ശ്രീനിവാസനെന്താ കൊമ്പുണ്ടോ?
Join WhatsApp News
Shaji M 2014-12-17 13:49:37
Kompundennanu adehathinte vijaram!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക