Image

ആഖ്യാനത്തില്‍ മാജിക്കല്‍ റിയലിസം ഉപയോഗിച്ച പ്രതിഭയാണ്‌ അരവിന്ദന്‍: സുമിത്ര പെരൈസ്‌

ആശ എസ്‌. പണിക്കര്‍ Published on 17 December, 2014
ആഖ്യാനത്തില്‍ മാജിക്കല്‍ റിയലിസം ഉപയോഗിച്ച പ്രതിഭയാണ്‌ അരവിന്ദന്‍: സുമിത്ര പെരൈസ്‌
തിരുവനന്തപുരം: സാങ്കേതികവിദ്യ വികസിച്ചിട്ടില്ലാത്ത കാലത്തും തന്റെ ചിത്രങ്ങളില്‍ മാജിക്കല്‍ റിയലിസം കൊണ്ടുവന്ന അപൂര്‍വ ചലച്ചിത്ര പ്രതിഭയായിരുന്നു ജി. അരവിന്ദനെന്ന്‌ സംവിധായിക സുമിത്ര പെരൈസ്‌ പറഞ്ഞു. കൈരളി തിയേറ്ററില്‍ അരവിന്ദന്‍ അനുസ്‌മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അരവിന്ദന്റെ ഉള്ളിലുണ്ടായിരുന്ന ലോകം പുനസൃഷ്ടിക്കാന്‍ ഒരു മാന്ത്രികനും കഴിയില്ല. അത്‌ അദ്ദേഹത്തിന്റെ സിനിമകളില്‍ മാത്രം തെളിഞ്ഞുകാണാവുന്നതാണ്‌. അദ്ദേഹത്തിന്റെ അന്തര്‍മുഖത്വവും പ്രതിഭയും ഒരുപോലെ വ്യക്തമായ അപൂര്‍വ അനുഭവവും അവര്‍ പങ്കുവെച്ചു. 1982 ല്‍ ജപ്പാനില്‍ നടന്ന സൗത്ത്‌ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ്‌ അരവിന്ദനെ പ രിചയപ്പെടുന്നത്‌. ലോകപ്രശസ്‌ത സംവിധായകന്‍ അകിര കുറസോവ ചിത്രങ്ങളെ ഏറെ ഇഷ്ടപ്പെട്ട അരവിന്ദന്‍ അദ്ദേഹത്തെ അവിടെ നേരിട്ടു കണ്ടപ്പോല്‍ മൗനിയായി. കുറെയേറെ ഇടപഴകിയശേഷം സംസാരിച്ച അരവിന്ദന്റെ ആഴത്തിലുള്ള ഉള്‍ക്കാഴ്‌ചയും ചലച്ചിത്രത്തെക്കുറിച്ചുള്ള വീക്ഷണവും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ `കുമ്മാട്ടി' അന്ന്‌ പ്രദര്‍ശിപ്പിക്കുകയും ഏറെ പ്രശംസനേടുകയും ചെയ്‌തിരുന്നു. സുദീര്‍ഘമായ കാലം ചലച്ചിത്രത്തിന്‌ സംഭാവന നല്‍കാമായിരുന്ന അരവിന്ദന്റെ വിയോഗം കടുത്ത നഷ്ടമാണെന്നും അവര്‍ പറഞ്ഞു. ഷാജി എന്‍. കരുണ്‍ അരവിന്ദനെക്കുറിച്ച്‌ ഒരുക്കിയ ഹ്രസ്വചിത്രം `ചെറിയ ലോകവും വലിയ മനുഷ്യരും' പ്രദര്‍ശിപ്പിച്ചു. ചലച്ചിത്ര-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.


നല്ല സിനിമകള്‍ ജീവിതത്തിന്‌ സമാന്തരമായിരിക്കണം: ടി.വി. ചന്ദ്രന്‍

തിരുവനന്തപുരം: സമസ്‌ത മേഖലകളെയും സ്‌പര്‍ശിച്ചുകൊണ്ട്‌ ജീവിതത്തിന്‌ സമാന്തരമായി സഞ്ചരിക്കുന്നതാകണം നല്ല സിനിമകളെന്ന്‌്‌ പ്രശസ്‌ത സംവിധായകന്‍ ടി.വി. ചന്ദ്രന്‍ പറഞ്ഞു. മേളയുടെ ഭാഗമായി ന്യൂ തിയേറ്ററില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം. സിനിമയില്‍ നിന്നുള്ള സാമ്പത്തിക നേട്ടത്തിന്‌ മുഖ്യസ്ഥാനം വന്നാല്‍ സൗന്ദര്യാത്മകമായ ആന്തരിക സത്ത നഷ്ടപ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ സമാന്തര സിനിമയും വാണിജ്യസിനിമയും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ലെന്ന്‌ ജൂറി അംഗം ക്ലൗസ്‌ ഈഡര്‍ പറഞ്ഞു. സാമ്പത്തിക താത്‌പര്യം സമാന്തരചിത്രങ്ങളെ നശിപ്പിക്കുകയാണ്‌. എന്നിരുന്നാലും സാങ്കേതികവിദ്യയിലെ വിപ്ലവം പുത്തനുണര്‍വ്‌ പകരുമെന്ന്‌ അദ്ദേഹം പറഞ്ഞു. സിനിമയില്‍ സമാന്തരവും വാണിജ്യവുമെന്ന വകഭേദങ്ങളില്ലെന്ന്‌ സംവിധായകന്‍ കെ.ആര്‍. മോഹന്‍ പറഞ്ഞു. നല്ല സിനിമയും ചിത്ത സിനിമയുമെന്ന വ്യത്യാസമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നത സൗന്ദര്യബോധമുണ്ടാക്കുന്ന ചിത്രങ്ങള്‍ മേളയ്‌ക്കുപുറത്ത്‌ വാണിജ്യപരമായി വിജയിപ്പിക്കണമെന്ന്‌ സംവിധായകന്‍ സണ്ണി ജോസഫ്‌ പറഞ്ഞു. കാലഘട്ടത്തിലൂടെ കടന്നുവന്നപ്പോള്‍ ഇന്ത്യന്‍ സമാന്തര സിനിമ വലിയ മാറ്റങ്ങള്‍ക്കു വിധേയമായെന്ന്‌ ഫിപ്രസി ജൂറി അംഗം ടേഡസ്‌ ലുബിന്‍സ്‌കി പറഞ്ഞു. ഡോ. സി.എസ്‌. വെങ്കിടേശ്വരന്‍ മോഡറേറ്ററായിരുന്നു.


ജര്‍മന്‍ ചിത്രങ്ങള്‍ മാറ്റങ്ങള്‍ക്ക്‌ വിധേയമായില്ല: സര്‍ജോദയ്‌ ചാറ്റര്‍ജി

തിരുവനന്തപുരം: ജര്‍മന്‍ സിനിമയില്‍ അവിടത്തെ സാമൂഹ്യമാറ്റങ്ങള്‍ക്കൊപ്പമുള്ള ചലനങ്ങളുണ്ടായിട്ടില്ലെന്ന്‌ ഗോഥെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌ മേധാവി സര്‍ജോദയ്‌ ചാറ്റര്‍ജി പറഞ്ഞു. മേളയോടനുബന്ധിച്ച്‌ ഹൈസിന്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജര്‍മന്‍ സിനിമയുടെ തുടക്കകാലത്ത്‌ പ്രണയവും ഹാസ്യവുമായിരുന്നു മുഖ്യവിഷയമെങ്കില്‍ 1920 കളോടെ സിനിമയിലെ എക്‌സ്‌പ്രഷനിസം വിജയകരമായി പരീക്ഷിച്ചു. രണ്ടാം ലോക മഹായുദ്ധങ്ങളും ജര്‍മന്‍ സിനിമയെ പ്രതികൂലമായി ബാധിച്ചു. ഹിറ്റ്‌ലറുടെ കാലത്ത്‌ സിനിമയെന്നത്‌ കേവലം നാസി സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാനുള്ള മാധ്യമമായിരുന്നു. ഹിറ്റ്‌ലറുടെ ദാരുണമായ നരഹത്യകള്‍ 1965 കളോടെ മാത്രമേ സംവിധായകര്‍ തിരശ്ശീലയിലെത്തിക്കാന്‍ ധൈര്യം കാണിച്ചിരുന്നുള്ളുവെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെസ്റ്റിവെല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓണ്‍ട്രില്ല ഹസ്‌റ പ്രതാപ്‌ സംബന്ധിച്ചു.
ആഖ്യാനത്തില്‍ മാജിക്കല്‍ റിയലിസം ഉപയോഗിച്ച പ്രതിഭയാണ്‌ അരവിന്ദന്‍: സുമിത്ര പെരൈസ്‌
ആഖ്യാനത്തില്‍ മാജിക്കല്‍ റിയലിസം ഉപയോഗിച്ച പ്രതിഭയാണ്‌ അരവിന്ദന്‍: സുമിത്ര പെരൈസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക