Image

പത്മാവതി (കഥ: കൃഷ്‌ണ)

Published on 19 December, 2014
പത്മാവതി (കഥ: കൃഷ്‌ണ)
എന്‍റെ വീടിനടുത്ത്‌ പത്മാവതിചേച്ചി താമസിക്കാന്‍ എത്തിയപ്പോള്‍ എനിക്ക്‌ പതിന്നാലു വയസ്സ്‌ മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. ചേച്ചിയുടെ പ്രായം ഇരുപത്തൊന്നു വയസ്സ്‌. ഞങ്ങളുടെ സ്‌കൂളിലെ ഹെഡ്‌മാസ്റ്റര്‍ ആയി ചേച്ചിയുടെ അച്ഛനെ പോസ്റ്റ്‌ ചെയ്‌തതുകൊണ്ടാണ്‌ ചേച്ചി അവിടെ വരാന്‍ ഇടയായത്‌. തൊട്ടടുത്ത വീട്‌ എന്ന നിലയില്‍ ചേച്ചിയുടെ അച്ഛനും അമ്മയും ചേച്ചിയെയും കൊണ്ട്‌ ആദ്യത്തെ ദിവസം തന്നെ ഞങ്ങളുടെ വീട്ടില്‍ എത്തി. അന്ന്‌ ഒറ്റയ്‌ക്ക്‌ കണ്ടപ്പോള്‍ ഞാന്‍ ചേച്ചിയോട്‌ ചോദിച്ചു:

` ചേച്ചി എത്രാം ക്ലാസ്സിലാ?'

മറുപടി ഒന്നും പറയാതെ ചിരിച്ചുകൊണ്ട്‌ എന്‍റെ കവിളില്‍ കുത്തുകയാണ്‌ ചേച്ചി ചെയ്‌തത്‌. ആ നിമിഷം ചേച്ചി എനിക്ക്‌ അപരിചിത അല്ലാതാകുകയായിരുന്നു.

പിന്നീട്‌ ഞാന്‍ അറിഞ്ഞു, ചേച്ചി എസ്‌.എസ്‌.എല്‍.സി. ഫസ്റ്റ്‌ ക്ലാസ്സോടെ പാസ്സായതാണെന്നും അടുത്തു കോളേജ്‌ ഇല്ലാഞ്ഞതുകൊണ്ടും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ടും തുടര്‍ന്നു പഠിക്കാന്‍ കഴിയാതെ പോയതും ആണെന്ന്‌.

ആ അറിവ്‌ എന്‍റെ മനസ്സില്‍ ഒരു മുള്ളുപോലെ തടഞ്ഞുനിന്നു. അതുകൊണ്ടും കൂടിയാകാം ഒരുദിവസം ഞാന്‍ തനിയെ പറഞ്ഞുപോയത്‌.

`കഷ്ടമായിപ്പോയി.'
അമ്മ തൊട്ടടുത്തുനില്‌പ്പുണ്ടായിരുന്നു.
`എന്തവാടാ ഇത്ര കഷ്ടമായിപ്പോയത്‌?'
`പത്മാവതിചേച്ചിയെ കോളേജില്‍ അയയ്‌ക്കാഞ്ഞത്‌.'
അമ്മ എന്നെ സൂക്ഷിച്ചുനോക്കി. എന്നിട്ട്‌ നീട്ടിയൊരു മൂളലും.
എന്തിനെന്ന്‌ എനിക്ക്‌ മനസ്സിലായില്ല. പക്ഷെ ഞാന്‍ എന്തോ തെറ്റ്‌ ചെയ്‌തതുപോലെ ആയിരുന്നു ആ മൂളല്‍.

അന്നു തൊട്ടാണെന്നു തോന്നുന്നു, പത്മാവതി എന്നത്‌ ഒരു ചേച്ചി മാത്രമല്ലെന്നും ഒരു സുന്ദരിയായ പെണ്‍കുട്ടി കൂടിയാണെന്നും എനിക്ക്‌ തോന്നിത്തുടങ്ങിയത്‌.

ചേച്ചി എവിടെ പോകുമ്പോഴും എന്നെ കൂട്ടിനു വിളിക്കുമായിരുന്നു. കൂടെ പോകാന്‍ എനിക്കും ഇഷ്ടമായിരുന്നു.
`എവിടെപ്പോകുമ്പൊഴും ഇവനെ എന്തിനാ കൊണ്ട്‌ നടക്കുന്നെ?' ഒരു ദിവസം എന്‍റെ മുന്‍പില്‍ വച്ച്‌ ഒരു കൂട്ടുകാരി ചേച്ചിയോട്‌ ചോദിച്ചു.
`ഇവനോ? ഇവനല്ലേ എന്‍റെ സ്വന്തം ആള്‍. എനിക്ക്‌ എപ്പോഴും കാവല്‍.' എന്‍റെ കൈ പിടിച്ചുകൊണ്ട്‌ ചേച്ചി പറഞ്ഞു. അത്‌ കേട്ടപ്പോള്‍ എന്‍റെ ഉത്തരവാദിത്വം വര്‍ദ്ധിച്ചതുപോലെ എനിക്ക്‌ തോന്നി.
ചേച്ചി പുസ്‌തകങ്ങള്‍ ഒന്നും വായിക്കുന്നത്‌ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ ഒരുദിവസം ചേച്ചി എന്നോടു ചോദിച്ചു.
`നിന്‍റെ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന്‌ `രമണന്‍' എന്ന പുസ്‌തകം ഒന്നുകൊണ്ടുവാ.'
`എന്തിനാ ചേച്ചീ?'
`പുസ്‌തകം എന്തിനാ? വായിക്കാന്‍.'
ഞാന്‍ പുസ്‌തകം കൊണ്ടുപോയി കൊടുത്തു. ചേച്ചിക്ക്‌ സന്തോഷമായി.
വായിച്ചിട്ട്‌ തിരിച്ചുതരുമ്പോള്‍ ചേച്ചി ചോദിച്ചു:
`നീ ഇത്‌ വായിച്ചോ?'
`ഇല്ല.'
`വായിക്കണം.'
പരീക്ഷ കഴിഞ്ഞ്‌ രമണന്‍ വായിച്ചുകൊള്ളാമെന്നു ഞാന്‍ സമ്മതിച്ചു.

പിന്നീട്‌ ഒരുദിവസം ഞങ്ങള്‍ എന്തിനോ ഒരു ക്യുവില്‍ നില്‍ക്കുകയായിരുന്നു. എന്‍റെ മുന്‍പില്‍ ആയിരുന്നു ചേച്ചി.
ചേച്ചി തലയില്‍ ചൂടിയിരുന്ന മുല്ലപ്പൂക്കളുടെ തീഷ്‌ണമായ സുഗന്ധം. അതോടൊപ്പം മറ്റെന്തോ ഒരു സുഗന്ധം. രണ്ടും കൂടി എന്നെ മത്തുപിടിപ്പിക്കുന്നതു പോലെ തോന്നി. എന്‍റെ കൌമാരമനസ്സ്‌ അപരിചിതമായ ഏതൊക്കെയോ ഊടുവഴികളില്‍ പെട്ടതുപോലെ.
പെട്ടെന്ന്‌ ചേച്ചി തിരിഞ്ഞ്‌ എന്‍റെ മുഖത്തേക്ക്‌ ഒരു നിമിഷം സൂക്ഷിച്ചുനോക്കി എന്നിട്ട്‌ കുനിഞ്ഞ്‌ എന്‍റെ കാതില്‍ പറഞ്ഞു:

`നീ മുന്‍പില്‍ നില്‍ക്ക്‌.'

ഒന്നും മിണ്ടാതെ മഞ്ഞളിച്ച മുഖത്തോടെ ഞാന്‍ ചേച്ചിയുടെ മുന്നിലേക്ക്‌ മാറി.
അന്ന്‌ പിന്നീട്‌ അത്യാവശ്യകാര്യങ്ങള്‍ ഒഴികെ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല. രണ്ടു ദിവസത്തേക്ക്‌ ഞാന്‍ ചേച്ചിയുടെ വീട്ടിലേക്കു പോയതുമില്ല.
പക്ഷെ അപ്പോഴേക്കും ഇരിപ്പുറയ്‌ക്കാതായി. ഞാന്‍ ചേച്ചിയുടെ വീട്ടിലേക്കു നടന്നു.
ഞാന്‍ എത്തുമ്പോള്‍ ചേച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
`എവിടാരുന്നു രണ്ടു ദിവസം?' ചിരിച്ചുകൊണ്ട്‌ ചേച്ചി ചോദിച്ചു.

എന്നെ ചേച്ചി വഴക്കുപറയും എന്ന്‌ ഭയന്നാണ്‌ ഞാന്‍ പോയത്‌. അതുകൊണ്ടു തന്നെ എനിക്ക്‌ ചിരിക്കാന്‍ കഴിഞ്ഞില്ല.
`നിന്‍റെ മുഖമെന്താ കടന്നല്‍ കുത്തിയപോലിരിക്കുന്നേ?' എന്‍റെ തോളില്‍ തട്ടിക്കൊണ്ടു ചേച്ചി ചോദിച്ചു.
എന്‍റെ ഭയവും വിഷമവും അതോടെ മാറി. ഞാന്‍ വീട്ടിനുള്ളിലേക്ക്‌ നോക്കി. അപ്പോള്‍ എന്‍റെ മനസ്സ്‌ വായിച്ചിട്ടെന്നവണ്ണം ചേച്ചി പറഞ്ഞു.
`അമ്മ ഇവിടില്ല.'
എന്നിട്ട്‌ എന്‍റെ മുഖം പിടിച്ചുയര്‍ത്തിയിട്ട്‌ കുനിഞ്ഞ്‌ കവിളില്‍ മൃദുവായ ഒരു ഉമ്മ തന്നു.
എന്‍റെ മനസ്സിളക്കാന്‍ അത്‌ മതിയായിരുന്നു. ഞാന്‍ ചേച്ചിയെ കെട്ടിപ്പിടിച്ചു. `എന്‍റെ ചേച്ചീ.'
എന്നെ പതുക്കെ പിടിച്ചകത്തിയിട്ട്‌ ചേച്ചി പറഞ്ഞു:
`മതി. അമ്മ ഇപ്പം വരും.'
ഞങ്ങള്‍ മുറ്റത്തേക്ക്‌ ഇറങ്ങിയതും ചേച്ചിയുടെ അമ്മ മുന്നില്‍! ഞാന്‍ ഭയത്തോടെ ചേച്ചിയുടെ മുഖത്തേക്കുനോക്കി. പക്ഷെ ചേച്ചി അമ്മയോട്‌ എന്തോ ചോദിക്കുകയായിരുന്നു.
വെളിയില്‍ വന്നപ്പോള്‍ ചേച്ചി പറഞ്ഞു: `നീയെന്താ അമ്മേക്കണ്ടപ്പം പേടിച്ചുപോയോ?'

അടുത്ത ഞായറാഴ്‌ച രാവിലെ അച്ഛന്‍ അമ്മയോട്‌ പറയുന്നത്‌ ഞാന്‍ കേട്ടു.
`ഞാന്‍ അങ്ങേലോട്ടു പോയിട്ട്‌ വരാം.'
`എന്താ വിശേഷം?'
`പത്മാവതിയെ പെണ്ണുകാണാന്‍ ഇന്നൊരു പാര്‍ട്ടി വരുമെന്നും ഞാനും കൂടെ ചെല്ലണമെന്നും ഇന്നലെ സാര്‍ പറഞ്ഞു. അവര്‍ക്ക്‌ ഇവിടെ ബന്ധുക്കള്‍ ആരും ഇല്ലല്ലോ?'
അച്ഛന്‍ നടന്നു.
ചേച്ചിയുടെ കല്യാണം എന്ന്‌ കേട്ടപ്പോള്‍ മനസ്സില്‍ സന്തോഷം നിറഞ്ഞ ഞാന്‍ .അമ്മയോട്‌ ചോദിച്ചു:
`അമ്മ പോന്നില്ലേ?'
എന്തോ ചിന്തിച്ചിട്ട്‌ അമ്മ പറഞ്ഞു. `എന്നാ വാ. നമുക്കും പോകാം.'

ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ എത്തിക്കഴിഞ്ഞിരുന്നു. അകത്തു കയറിയിട്ട്‌ ഞാന്‍ രഹസ്യമായി ചേച്ചിയോട്‌ ചോദിച്ചു.
`ഏതാ ആള്‌?'
ചേച്ചി ഒന്നും പറഞ്ഞില്ല.

ഞാന്‍ അവര്‍ ഇരുന്ന മുറിയിലേക്ക്‌ നോക്കി. മൂന്നു വൃദ്ധന്മാര്‍. കൂടെ അവരെക്കാള്‍ അല്‍പ്പം പ്രായം കുറഞ്ഞ വേറൊരാളും. ചേച്ചിയുടെ ഭര്‍ത്താവാകാന്‍ പറ്റിയ ആരെയും അവിടെകണ്ടില്ല.
ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായി. അപ്പോള്‍ അമ്മയോട്‌ ചേച്ചിയുടെ അമ്മ പറയുന്നതുകേട്ടു.
`ആ ഇരിക്കുന്നതാ പയ്യന്‍'
അക്കൂട്ടത്തില്‍ ഉണ്ടായിരുന്ന നാലാമത്തെ ആളിനെ ചൂണ്ടിയാണ്‌ അവര്‍ പറഞ്ഞത്‌. പത്തുനാല്‍പ്പതു വയസ്സ്‌ പ്രായമുള്ള ഒരാള്‍. ഇയാളാണോ പയ്യന്‍! എന്‍റെ ചേച്ചിയെ കല്യാണം കഴിക്കാന്‍ പോകുന്നത്‌ ഈ വയസ്സനാണോ?
ഞാന്‍ ചേച്ചിയുടെ മുഖത്തേക്ക്‌ ഒളിഞ്ഞുനോക്കി. എനിക്ക്‌ ഇയാളെ ഇഷ്ടമല്ല എന്ന്‌ അവിടെ എഴുതിവച്ചിരിക്കുന്നതുപോലെ.
രാത്രിയില്‍ അമ്മ അച്ഛനോട്‌ ചോദിക്കുന്നത്‌ കേട്ടു.
`അവള്‍ക്ക്‌ ഒട്ടും ചേരാത്ത പയ്യന്‍. അവളുടെ ഇരട്ടി പ്രായം കാണും.'
`എന്ത്‌ ചെയ്യാനാ? പിന്നെ നല്ല ജോലിയാ. കൊച്ചിന്‌ സുഖമായി കഴിയാം.'
`എന്തോന്ന്‌ സുഖം!'
കുറച്ചുകഴിഞ്ഞ്‌ അമ്മ ചോദിച്ചു:
`അയാളുടെ രണ്ടാം കെട്ടാണല്ലേ?'
`അതേ. ആദ്യത്തെ ഭാര്യ കല്യാണം കഴിഞ്ഞ്‌ നാലാം കൊല്ലം മരിച്ചു.'
`ആ വകയില്‍ കുട്ടികള്‍?'
`ഇല്ല. അതൊരു സമാധാനം.'
പിന്നെ രണ്ടുമൂന്നു ദിവസം ചേച്ചിയെ കണ്ടില്ല. നാലാം ദിവസം ചേച്ചിയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.
`ചേച്ചിക്ക്‌ അയാളെ ഇഷ്ടമായോ?'
`നിനക്ക്‌ ഇഷ്ടമായോ?'
ചേച്ചി ഒന്നും പറയാതെ നിന്നപ്പോള്‍ ഞാന്‍ ചോദിച്ചു.
`ചേച്ചി എന്താ ഒന്നും പറയാത്തത്‌? ഇഷ്ടമായില്ല അല്ലെ?'
`വീട്ടുകാരുടെ ഇഷ്ടത്തിനല്ലേടാ പെണ്‍കുട്ടികളുടെ കല്യാണം? അവര്‍ക്ക്‌ ഇഷ്ടമായാല്‍ നടത്തും. ഇല്ലെങ്കില്‍ ഇല്ല. അതുപോട്ടെ, നീയെന്തിനാ ഇതൊക്കെ ആലോചിച്ചു വേവലാതിപ്പെടുന്നേ?'
എനിക്ക്‌ മറുപടി ഒന്നും ഉണ്ടായിരുന്നില്ല. ചേച്ചി എന്‍റെ തലയിലും തോളിലും തടവി.
`നീ വെഷമിക്കാതെ പോയിരുന്നു വല്ലോം പഠിക്കാന്‍ നോക്ക്‌?'
രണ്ടാഴ്‌ചയ്‌ക്കു ശേഷം ആ കല്യാണം നടന്നു. ചേച്ചിയുടെ വീട്ടില്‍ വച്ചുതന്നെ ആയിരുന്നു. ഞാന്‍ ഒരു ചുമതല പോലെ, വീട്ടുകാരെ ബോധിപ്പിക്കാന്‍ അതില്‍ പങ്കുകൊണ്ടു. ഒട്ടും സന്തോഷം ഇല്ലാതെ. ചേച്ചിക്ക്‌ ഇഷ്ടമില്ലാത്ത കല്യാണം കൂടാന്‍ എനിക്കെന്തു സന്തോഷം?
പക്ഷെ വരനോടൊപ്പം പോകാന്‍ ചേച്ചി വണ്ടിയില്‍ കയറുന്നത്‌ കണ്ടപ്പോള്‍ എനിക്ക്‌ പിടിച്ചുനില്‍ക്കാനായില്ല. എന്‍റെ ഏങ്ങലടി മറ്റുള്ളവരില്‍ നിന്നും മറയ്‌ക്കാനായി ഞാന്‍ ദൂരെ മാറി നിന്നു.
ചേച്ചിയുടെ കണ്ണുകള്‍ ആരെയോ തിരയുന്നത്‌ ഞാന്‍ കണ്ടു. അത്‌ എന്നെയാണെന്നും എനിക്ക്‌ ഉറപ്പുണ്ടായിരുന്നു. ആ ഉറപ്പ്‌ എന്തുകൊണ്ടോ എനിക്ക്‌ അല്‍പ്പം സന്തോഷമാണ്‌ തന്നത്‌.
അധികം താമസിയാതെ ചേച്ചിയുടെ അച്ഛനും അമ്മയും അവരുടെ നാട്ടിലേക്ക്‌ പോയി.
പിന്നെ ഞാന്‍ ചേച്ചിയെ കാണുന്നതു ഏഴെട്ടു വര്‍ഷം കഴിഞ്ഞായിരുന്നു. ചേച്ചി വീട്ടിലേക്കു വന്നു. ഒറ്റയ്‌ക്ക്‌. ഒരു ഞായറാഴ്‌ച.

ഞാന്‍ വെളിയില്‍ നില്‍ക്കുകയായിരുന്നു.
ചേച്ചി ആകെ മാറിപ്പോയിരുന്നു. അകാലത്തില്‍ വൃദ്ധയായതുപോലെ. തല കുറേശ്ശെ നരച്ചുകഴിഞ്ഞിരുന്നു. മുന്‍വശത്തെ രണ്ടുമൂന്നു പല്ലുകള്‍ കാണാനില്ല.
ചേച്ചി ചോദിച്ചു. `ഓര്‍ക്കുന്നോ എന്നേ?'
അത്‌ വെറുതെ ചോദിച്ചതാണെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു.
`ചേട്ടനും കുഞ്ഞുങ്ങളും എന്തിയേ?' ഞാന്‍ ചോദിച്ചു.
`ചേച്ചിക്ക്‌ കുഞ്ഞുങ്ങള്‍ ഇല്ലെടാ.'
`ഐ ആം സോറി.' ഞാന്‍ പറഞ്ഞു.
നീ വല്യ ഇംഗ്ലീഷുകാരന്‍ ആയിപ്പോയി, ഇല്ലിയോ?' എന്നിട്ട്‌ എന്‍റെ തോളില്‍ ആഞ്ഞുതട്ടി. എനിക്ക്‌ ശരിക്കും വേദനിച്ചു.
`നിനക്ക്‌ നൊന്തോ? സോറി.'
`അപ്പം ചേച്ചീം ഇംഗ്ലീഷുകാരിയായി.'
`അതൊക്കെ പോട്ടെ. നീ അങ്ങ്‌ വല്ല്യ ആളായിപ്പോയല്ലോ? ഇനീം ഒരു കല്യാണം കഴിക്ക്‌. കുട്ടികള്‍ ഒക്കെ ആകട്ടെ. എന്നിട്ട്‌ നിന്‍റെ മക്കളെക്കൊണ്ട്‌ എന്നെ അമ്മേന്നു വിളിപ്പിക്കണം.'

പറഞ്ഞുതീര്‍ന്നപ്പോഴെക്കും ചേച്ചി തേങ്ങിപ്പോയി. എന്തിനെന്നറിയാതെ ഞാന്‍ മിഴിച്ചുനിന്നപ്പോള്‍ ചേച്ചി അകത്തേക്ക്‌ കടന്നു.
രാത്രി അച്ഛനും അമ്മയും തമ്മില്‍ സംസാരിക്കുന്നത്‌ ഞാന്‍ കേട്ടു. ചേച്ചിയുടെ ഭര്‍ത്താവ്‌ അവരെ കണ്ടമാനം ഉപദ്രവിക്കുംപോലും. അയാള്‍ ഒരു സംശയരോഗി ആണത്രേ. അയാളുടെ ആദ്യത്തെ ഭാര്യ മരിച്ചത്‌ അയാള്‍ കാരണമാണെന്നാണത്രേ നാട്ടിലെ സംസാരം. അയാള്‍ക്ക്‌ വേറെയും എന്തൊക്കെയോ കുഴപ്പം ഉണ്ട്‌. ഏതായാലും ചേച്ചിക്ക്‌ ആ ബന്ധം മതിയായി. വിവാഹമോചനത്തിനു അപേക്ഷ കൊടുത്തിട്ടുണ്ട്‌. ഇപ്പോള്‍ ചേച്ചി താമസം സ്വന്തം വീട്ടിലാണ്‌.
ചേച്ചി പോകുമ്പോള്‍ എന്നോട്‌ ഒന്നും പറഞ്ഞില്ല എന്നു ഞാന്‍ ഓര്‍ത്തു. വിഷമം കൊണ്ടായിരിക്കും. ആ വിഷമത്തിന്‌ ഞാനും ഉത്തരവാദിയാണെന്ന്‌ അപ്പോള്‍ എന്തുകൊണ്ടോ എനിക്ക്‌ തോന്നി.

ആ തോന്നല്‍ ഇന്നും ഉണ്ട്‌. പക്ഷെ ചേച്ചി എന്റെ സ്വന്തമാണെന്ന ഒരു വിശ്വാസവും അതിന്‍റെ സന്തോഷവുമാണ്‌ അതിലൂടെ എന്‍റെ മനസ്സില്‍ നിറയുന്നത്‌

(കൃഷ്‌ണ)
പത്മാവതി (കഥ: കൃഷ്‌ണ)
Join WhatsApp News
വായനക്കാരൻ 2014-12-19 21:41:34
പത്മരാജന്റെ(പത്മാവതി എന്ന പേരിന്റെ പിന്നിലെ പ്രചോദനം?) രതിനിര്‍വേദത്തില്‍ പപ്പുവിലൂടെ നാം കണ്ടതുപോലെയുള്ള കൗമാരചേതനയുടെ സ്വതന്ത്രമായ യാത്രകളുടെ നല്ല ആവിഷ്കരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക