Image

എന്തേ മോഡിജി ഒന്നും മിണ്ടാത്തൂ? (ഡല്‍ഹി കത്ത് : പിവി.തോമസ്)

പിവി.തോമസ് Published on 22 December, 2014
 എന്തേ മോഡിജി ഒന്നും മിണ്ടാത്തൂ? (ഡല്‍ഹി കത്ത് : പിവി.തോമസ്)
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മൗനത്തെ തുടര്‍ന്ന് രാജ്യസഭ ഒരു ആഴ്ചയായി സ്തംഭിച്ചിരിക്കുകയാണ്. വിഷയം മതപുനര്‍ പരിവര്‍ത്തനം അഥവാ ഘര്‍വാപ്പസി. മോഡിയുടെ മൗനം വാചാലവും കുറ്റകരവും  നിഗൂഢവും ആണെന്ന് വിമര്‍ശകരും പ്രതിപക്ഷവും ആക്ഷേപിക്കുന്നു. അല്ല അതില്‍ അസാധാരണം ആയി ഒന്നുമില്ലെന്ന്  ബി.ജെ.പി.യും  വാദിക്കുന്നു. മോഡി മതപുനര്‍പരിവര്‍ത്തനത്തെ കുറിച്ച് എന്തെങ്കിലും  രാജ്യസഭയില്‍ ഉരിയാടിയാല്‍ അത് തലനാരിഴ കീറി പരിശോധിക്കുവാന്‍ തയ്യാറായിട്ട് ഇരിക്കുകയാണ് സംഘപരിവാര്‍, പ്രത്യേകിച്ചും ആര്‍.എസ്.എസ്. അതുകൊണ്ട് തന്നെയാണ് മോഡി അഗ്നി പരീക്ഷണത്തില്‍ നിന്നും ഒഴിഞ്ഞ് മാറുന്നതും. അത് പ്രതിപക്ഷത്തിന്  ശരിക്കും അറിയാം. അതുകൊണ്ട് അവര്‍ ഇവിടെ മുറുകെ പിടിക്കുന്നതും. അതില്‍ വലിയ തെറ്റും ഇല്ല. കാരണം രാഷ്ട്രത്തിന് അറിയണമല്ലൊ പ്രധാനമന്ത്രിയുടെ മനസ്. അദ്ദേഹം ആണല്ലോ 120 ല്‍ പരം കോടി ജനതയുടെ വിധി നിര്‍ണ്ണയിക്കുന്ന  ആള്‍. എന്തുകൊണ്ടാണ് പ്രധാനമന്ത്രി തന്ത്രപരമായ  ഒരു മൗനം രാജ്യസഭയില്‍ പാലിക്കുന്നത്? അതിന് മോഡിയും ബി.ജെ.പി.ക്കും ഉത്തരം ഉണ്ടായിരിക്കാം.

പാര്‍ലിമെന്റിന്റെ ഇരുസഭകളുടെയും സെഷനുകള്‍ തടസ്സപ്പെടുന്നത് ഇത് ആദ്യമായിട്ടൊന്നും അല്ല.  കഴിഞ്ഞ  കാല്‍ നൂറ്റാണ്ടിലേറെയായി പാര്‍ലിമെന്റ് കവര്‍ ചെയ്യുന്ന ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഞാന്‍ അതിന് ദൃക്‌സാകഷിയും ആണ്. ഞാന്‍ അതിലേക്കൊന്നും ഇപ്പോള്‍ വിശദമായി വരുന്നില്ല. ഒരു ദിവസം പാര്‍ലിമെന്റിന്റെ സെഷന്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപ്പെടുന്നത് പണപരമായി കോടികളും ഭരണപരമായി തീര്‍ത്താല്‍ തീരാത്ത തുകകളും ആണ്. ശരിയാണ്. പക്ഷേ ഇതിന് ഒരു മറുചോദ്യവും ഉണ്ട്. നമ്മള്‍ ഒരു ജനാധിപത്യ രാജ്യം അല്ലായിരുന്നുവെന്ന് വിചാരിക്കുക. ഒരു രാജാധിപത്യ രാജ്യം ആണെന്ന് കരുതുക. ഒരു മുല്ലപ്പെരിയാറിനും ഒരു കാവേരിക്കും വേണ്ടി എത്രയെത്ര യുദ്ധങ്ങള്‍ നടത്തിയേനെ എത്രയെത്ര ജീവിതങ്ങള്‍ കൊന്നൊടുക്കിയേനെ? അപ്പോള്‍ ഒരു ഇറങ്ങിപ്പോക്കും, ഓരു പോയിന്റ് ഓഫ് ഓര്‍ഡറു, ഒരു സ്തംഭനവും അതിനേക്കാള്‍ എത്രയോ നല്ലതാണ്. അല്ലേ ജനാധാപത്യം നമുക്ക് നല്‍കിയ അനുഗ്രഹവും ഒരു ഇറങ്ങിപ്പോക്കിനു പകരം  ഒരു ബാറ്റില്‍ ഓഫ് മുല്ലപ്പെരിയാറോ, കാവേരിയോ ഒട്ടും അഭികാമ്യം അല്ല. ഞാന്‍ ഓര്‍മ്മിക്കുകയാണ്. ദിവസങ്ങളോളം ആഴ്ചകളോളം ചിലപ്പോള് പാര്‍ലിമെന്റ് തടസ്സപ്പെട്ടിട്ടുണ്ട്. നിര്‍ബദ്ധവും, നിസങ്കോചം, നിഷ്‌ക്കരുണം. വിഷയങ്ങള്‍ പലതാണ്. ഞാന്‍ നേരില്‍ കാണുന്നത് ബോഫേഴ്‌സ് പീരങ്കി കോഴവിവാദം മുതല്‍ ആണ്. പിന്നീട് ടെലകോം കോഴവിവാദം, പെട്രോള്‍ പമ്പ് അനുമതി, ഓഹരികുംഭകോണം, കുഴല്‍പ്പണ വിവാദം… അങ്ങനെ എത്രയെത്ര? ഒട്ടേറെ സെഷനുകള്‍ ഒരു ബിസിനസും നടത്താതെ അപ്പാടെ ഒലിച്ചുപോയിട്ടുണ്ട്. അതിന് ഉത്തരവാദികള്‍ കോണ്‍ഗ്രസ് എന്നോ ബി.ജെ.പി. എന്നോ മറ്റ് കക്ഷികള്‍ എന്നോ ഉള്ള യാതൊരു വ്യത്യാസവും ഇല്ല. ഇതുപോലുള്ള സ്തംഭിപ്പിക്കലുകള്‍ ഒരു ജനാധിപത്യപ്രക്രിയയാണ്, ക്രൂരമായ വിനോദം ആണ് ഒരുതരം വിളയാട്ടം ആണ്. നടക്കട്ടെ. അത് ജനാധിപത്യം ആണ്.

ഭരണകക്ഷിയും പ്രതിപക്ഷവും ഏറ്റുമുട്ടുന്നത് സ്വാഭാവികം.  ആദ്യം സൂചിപ്പിച്ചതുപോലെ മത പുനര്‍ പരിവര്‍ത്തനത്തെചൊല്ലിയാണ് ഭരണകക്ഷിയും പ്രതിപക്ഷവും ഏറ്റവും ഒടുവിലായി ഏറ്റുമുട്ടിയത്. വേദി രാജ്യസഭ. അവിടെ ഭരണകക്ഷി ന്യൂനപക്ഷവും ആണ്. അതിനാല്‍ തന്നെ മോഡി കഴിയുമെങ്കില്‍ അവിടേക്ക് പോകാറും ഇല്ല. പക്ഷേ, ആചാരപ്രകാരം പ്രധാനമന്ത്രി എല്ലാ വ്യാഴാഴ്ചയും രാജ്യസഭയില്‍ ഹാജരാകേണ്ടതാണ്. കുറേ ദിവസങ്ങള്‍ക്ക് ശേഷം ഈ വ്യാഴാഴ്ച (ഡിസംബര്‍ 18) അദ്ദേഹം രാജ്യസഭയില്‍ ഹാജരായെങ്കിലും മത പുനര്‍പരിവര്‍ത്തന കോലാഹലത്തെ ചൊല്ലി സഭ വിടുകയാണുണ്ടായത്. പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം മോഡി ഈ വിഷയത്തെകുറിച് പ്രതികരിക്കണം എന്നുള്ളതാണ്. പക്ഷേ മോഡിയോ ബി.ജെ.പി.യോ അതിന് തയ്യാര്‍ അല്ല. അവര്‍ക്ക് അതിന് അവരുടേതായ ന്യായീകരണവും ഉണ്ട്. എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പ്രതികരിക്കേണ്ടതായിട്ടില്ല. അതിന് വകുപ്പ് മന്ത്രിമാര്‍ ഉണ്ട്. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് മന്ത്രി രാജ്‌നാഥ് സിംങ്ങ്. അത് ന്യായം.

എങ്കില്‍ പിന്നെ എന്തുകൊണ്ട് മോഡി ഇതേ രാജ്യസഭയില്‍ തന്നെ ഡിസംബര്‍ 13-ന് അദ്ദേഹത്തിന്റെ മന്ത്രി സാധ്വി നിര്‍ജ്ഞന്‍ ജ്യോതിയുടെ “റാംസോദാ” “ഹരാം സാദാ” പ്രസ്താവനയില്‍ ഇടപെട്ടുകൊണ്ട് ഒരു പ്രസ്താവന നടത്തി? അവിടെ അദ്ദേഹത്തിന് ആ പാവം ഗ്രാമീണ- ദളിത് മന്ത്രിയെ ന്യായീകരിക്കണമായിരുന്നു. ഇവിടെ മോഡിക്ക് മതപുനര്‍പരിവര്‍ത്തനത്തെക്കുറിച്ച് ഒന്നും പറയുവാനില്ല. ഈ മൗനം അര്‍ത്ഥ ഗര്‍ഭം, മിസ്റ്റര്‍ പ്രധാനമന്ത്രി. ശരിയായിരിക്കാം. ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞാല്‍ മതിയായിരിക്കാം, ചട്ടപ്രകാരം, ചിട്ടപ്രകാരം. പക്ഷേ, ഇവിടെ നടന്നിരിക്കുന്നത് ഭരണഘടന ലംഘനം ആണ്. ഭരണഘടനയെതൊട് ആണയിട്ട് ഗവണ്‍മെന്റിന്റെ തലവനായി സ്ഥാനം ഏറ്റെടുത്ത പ്രധാനമന്ത്രിക്ക് ഭരണഘടനാപരമായ ഒരു ഉത്തരവാദിത്വം ഉണ്ട്. പട്ടാപ്പകല്‍ നിര്‍ബന്ധിത മതപുനര്‍പരിവര്‍ത്തനം നടത്തുകയില്ലെന്ന്. അദ്ദേഹം കര്‍ത്തവ്യത്തില്‍ നിന്നും ആണ് രാജ്യസഭയില്‍ ഈ ദിവസങ്ങളില്‍ ഒളിച്ചോടിയത്.

പ്രധാനമന്ത്രിയുടെ രാജ്യസഭയിലെ മറുപടിയിലേക്ക് രാജ്യം ഉറ്റുനോക്കുവാന്‍  ഗൗരവമായ കാരണങ്ങള്‍ ഉണ്ട്. വര്‍ഗ്ഗീയ വല്‍ക്കരണത്താല്‍  രാജ്യം വിഷലിപ്തം ആയിക്കൊണ്ടിരിക്കുകയാണ്. മത പുനര്‍പരിവര്‍ത്തനം മാത്രം അല്ല വിഷയം. അത് വലിയ ഒരു വിഷയം തന്നെയാണ്. ആ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചപ്പോള്‍ ബി.ജെ.പി. അതിനെ നേരിട്ടത് മത പരിവര്‍ത്തന നിരോധ നിയമം കൊണ്ടുവരിക എന്ന നിര്‍ദ്ദേശവും ആയിട്ടാണ്. ഇത് ഭരണഘടന വിരുദ്ധം ആണ് എന്ന് ആര്‍ക്കും അറിയാം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25(1) പ്രകാരം ഓരോ വ്യക്തിക്കും അവരുടെ ഇഷ്ടപ്രകാരമുള്ള മതം സ്വീകരിക്കുവാനും, ആചരിക്കുവാനും പ്രചരിപ്പിക്കുവാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം അധാര്‍മ്മീകവും നിയമ വിരുദ്ധവും ആണ്. അതിനെ നേരിടുവാന്‍ നിയമങ്ങള്‍ ഉണ്ട്. അവ കര്‍ശനമായി നടപ്പിലാക്കണം. അല്ലാതെ പൗരന്റെ ഭരണഘടനാനുസൃതമായ സ്വാതന്ത്രയത്തെ ധ്വംസിക്കുകയല്ല വേണ്ടത്.

സംഘപരിവാറിന്റെ ഓരോ നീക്കത്തിലും മതസഹിഷ്ണുതയില്ലായ്മ പ്രകടമാണ്. ഗവണ്‍മെന്റ് ഇതുതന്നെ പിന്തുടരുകയോ അല്ലെങ്കില്‍ കുറ്റകരമായ മൗനം പാലിക്കുകയും ചെയ്യുന്നു. അതു കൊണ്ടാണ് മോഡിയുടെ മൗനത്തിന്റെ ആക്കം കൂട്ടുന്നത്. മാനവ വിഭവ വികസന മന്ത്രാലയം ക്രിസ്തുമസ് ദിവസം സ്‌ക്കൂളുകള്‍ പ്രവര്‍ത്തിക്കുവാന്‍ ഇറക്കിയ സര്‍ക്കുലര്‍ ഇതിന് ഉദാഹരണം ആണ്. സ്മൃതി ഇറാനി ആണ് ഈ ആശയത്തിന്റെ ശില്പി. അതുപോലെതന്നെ ഡിസംബര്‍ 25 ക്രിസ്തുമസ് എന്നതിലുപരി സല്‍ഭരണദിനം ആയി ആചരിക്കുവാനുള്ള നീക്കവും ഉണ്ടായി. അന്ന് മുന്‍പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ ജന്മദിനം ആയതിനാല്‍ ആണ് എന്നാണ് ഗവണ്‍മെന്റിന്റെ ന്യായീകരണം. ഇതുകൊണ്ടൊക്കെ ആര്‍ എന്ത് നേടുന്നു? ബാബറി മസ്ജിദ് ഹിന്ദുക്കളുടെ ഏകീകരണത്തിന്റെ പ്രതീകം ആയി യോഗി ആദിത്യനാഥ് പാടിപുകഴ്ത്തുന്നു. എന്ത് സന്ദേശം ആണ് മിസ്റ്റര്‍  പ്രൈം മിനിസ്റ്റര്‍ ഇത് രാജ്യത്തിന് നല്‍കുന്നത്? മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ രാഷ്ട്രപിതാവിനൊപ്പം ഒരു രാജ്യസ്‌നേഹിയായി ബി.ജെ.പി. എം.പി. മഹാരാജ് പ്രകീര്‍ത്തിച്ചതിന് തൊട്ടുപിറകെയാണ് ഹിന്ദു മഹാസഭ ഗോഡ്‌സെയുടെ  പ്രതിമ രാജ്യമാകെ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്തത്. ഹിന്ദു മഹാസഭയുടെ ഓഫീസില്‍ ഗോഡ്‌സെയുടെ ഒരു  പ്രതിമ സ്ഥാപിച്ചും കഴിഞ്ഞു. ഈ ഓഫീസ്  പാര്‍ലിമെന്റ് മന്ദിരത്തില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അധികം ദൂരത്തില്‍ അല്ല സ്ഥിതിചെയ്യുന്നത്.

ഗോഡ്‌സെയുടെ പൂര്‍ണ്ണകായ പ്രതിമ പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സ്ഥാപിക്കപ്പെടുന്ന ദിനവും അതിവിദൂരം ആയിരിക്കുകയില്ല കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍. ഇതില്‍ നിന്നും എന്താണ് മനസിലാക്കേണ്ടത്? ഗോഡ്‌സെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ-വര്‍ഗ്ഗീയ തത്വശാസ്ത്രം ആണോ ഇപ്പോള്‍ ഇന്‍ഡ്യ ഭരിക്കുന്നത്? പ്രധാനമന്ത്രി ഇതിന് മറുപടി പറയണം. പ്രധാനമന്ത്രി മറുപടി പറഞ്ഞില്ലെങ്കില്‍ പിന്നെ ആര് മറുപടി തരും? ആര്‍.എസ്.എസും. ബി.ജെ.പി.യും പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്ധ്യയയുടെ വിശ്വാസപ്രമാണങ്ങള്‍ പ്രചരിപ്പിക്കുന്ന തെരക്കിലാണിപ്പോള്‍. നെഹ്‌റുവിയന്‍ രാഷ്ട്രീയ ദര്‍ശനത്തെ പട്ടേലിന്റെ വിശ്വാസ സംഹിതകള്‍ കൊണ്ട് മാറ്റി മിറച്ചു. ഗാന്ധിജിയേയും  ഗോഡ്‌സെയെയും  ഒരേ വേദിയില്‍ പ്രതിഷ്ഠിച്ചു. ആരാണ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ?. ശക്തമായ ഒരു വിശ്വാസ പ്രമാണം അദ്ദേഹത്തിന് ഉണ്ടായിരുന്നു. 'ഇന്റഗ്രല്‍ ഹ്യൂമാനിസവും'  കള്‍ച്ചറല്‍ നാഷ്ണലിസവും അദ്ദേഹത്തിന്റെ ദര്‍ശന ധാരയാണ്. കള്‍ച്ചറല്‍ നാഷ്ണലിസം അഥവാ സാംസ്‌ക്കാരിക ദേശീയത ഒരര്‍ത്ഥത്തില്‍ ഹിന്ദുത്വവാദം തന്നെയാണ്. ഇന്‍ഡ്യയുടെ കൊമ്പസിറ്റ് അഥവാ സങ്കര സംസ്ക്കാരത്തെ അത് അംഗീകരിക്കുന്നില്ല. ഇത് തന്നെയാണ് സംഘപരിവാറിന്റെയും ആര്‍.എസ്.എസി.ന്റെയും ബി.ജെ.പി.യുടെയും രാഷ്ട്രീയ സിദ്ധാന്തത്തിന്റെ ആധാരശില.

വര്‍ഗ്ഗീയ കാലാപങ്ങളില്‍ പ്രതി ആയവരെ ആദരിക്കുന്നതും അവരെ എം.പി.മാരും മന്ത്രിമാരും ആക്കുന്നതും ഇതുപോലുള്ള വിചിത്രമായ വിചാരധാരയുടെ പരിണിത ഫലം ആണ്. ഏറ്റവും ഒടുവില്‍ കേട്ടത് കൊല്‍ക്കട്ടായില്‍ നിന്നും ആണ്. വിശ്വഹിന്ദു പരിഷത്തിന്റെ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍.എസ്.എസിന്റെ പ്രധാനി മോഹന്‍ ഭഗവത് പ്രസ്താവിച്ചു ഇന്‍ഡ്യ ഒരു ഹിന്ദു രാഷ്ട്രം ആണ് എന്ന് (ഡിസംബര്‍ 20, 2014). ഇതിനു മുമ്പ് മോഡി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് അദ്ദേഹം ഒരു ഹിന്ദു നാഷ്ണലിസ്റ്റ് ആണെന്ന്. അത് പ്രധാനമന്ത്രി ആകുന്നതിനുമുമ്പ്. അത് എത്രമാത്രം ശരിയാണ്. ക്രിസ്ത്യന്‍ നാഷ്ണലിസ്റ്റെന്നും മുസ്ലീം നാഷ്ണലിസ്റ്റെന്നും വകഭേദം ഉണ്ടോ നാഷ്ണലിസ്റ്റുകള്‍ക്കിടയില്‍? അതില്‍ ഇന്‍ഡ്യന്‍ നാഷ്ണലിസം എന്ന് ഒന്നു മാത്രം അല്ലേ ഉള്ളൂ?

ഇതുപോലുള്ള പ്രസ്താവനകളുടെയും പ്രവര്‍ത്തികളുടെയും ഗുജറാത്ത് വംശഹത്യയുടെ രക്തം ഉയർത്തുന്ന  ഓര്‍മ്മകളുടെയും സമീപകാലത്ത് നടന്നു കൊണ്ടിരിക്കുന്ന മതപുനര്‍പരിവര്‍ത്തനം പോലുള്ള സംഭവ ശൃംഖലകളുടെയും പശ്ചാത്തലത്തിലാണ് മോഡിയുടെ രാജ്യസഭയിലെ മൗനം അര്‍ത്ഥവത്താകുന്നത്. സാധാരണ ഗതിയില്‍ അദ്ദേഹത്തിന് പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു വഴങ്ങിയോ അല്ലെങ്കില്‍ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്വമേധയയോ ഒരു പ്രസ്താവന നടത്താവുന്നതാണ്. അതില്‍ മറ്റൊന്നും പറയേണ്ടതായിട്ടില്ല. ഭരണഘടനയെ സംരക്ഷിക്കുമെന്നു നിയമം കയ്യിലെടുക്കുവാന്‍ ആരെയും അനുവദിക്കുകയില്ല എന്നും പറഞ്ഞാല്‍  വിഷയം തീരും. പ്രസ്താവനയുടെ ഒടുവില്‍ ഏറിപ്പോയാല്‍ പ്രതിപക്ഷം ഒരു ഇറങ്ങിപ്പോക്കല്‍ നടത്തിയേക്കും.

അത് പതിവ് ഡ്രില്ല് ആണ്. പക്ഷേ, മോഡി ഇത്രയും പോലും പറയുവാന്‍ തയ്യാറാകാത്തതിന് പിറകില്‍ ശക്തമായ കാരണങ്ങള്‍ ഉണ്ടാകും. സംഘപരിവാര്‍ അദ്ദേഹത്തിന്റെ ശക്തമായ മണ്ഡലം ആണ്. ആര്‍.എസ്.എസ്. മുന്നണി പോരാളികളും. അവരെ പിണക്കുവാന്‍ മോഡി ആഗ്രഹിക്കുന്നില്ല. സംഘപരിവാറും മോഡിയെ പരീക്ഷിക്കുകയാണ്. അധികാരത്തില്‍ വന്നതിനുശേഷം അദ്ദേഹം ആളുമാറിയോ? മോഡി ഏതായാലും ഒരു പ്രതിസന്ധിയില്‍ ആണ്. ഏതാണ് യഥാര്‍ത്ഥ മോഡി എന്ന് അദ്ദേഹം വെളിപ്പെടുത്തണം. വികസനത്തിന്റെയും സല്‍ഭരണത്തിന്റെയും മോഡിയാണോ യഥാര്‍ത്ഥ മോഡി? അതോ സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടേതോ? മോഡിയെ ജനങ്ങള്‍ തെരഞ്ഞെടുത്തത് വന്‍ പ്രതീക്ഷയോടെയാണ്. വികസനവും സല്‍ഭരണവും വെറും മുഖം മൂടികള്‍ അല്ലായിരുന്നുവെന്ന് അദ്ദേഹം തെളിയിക്കണം. അദ്ദേഹം ഈ മൗനം വെടിയണം.
 എന്തേ മോഡിജി ഒന്നും മിണ്ടാത്തൂ? (ഡല്‍ഹി കത്ത് : പിവി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക