Image

വിവാദ പ്രസ്താവന ചിദംബരം പിന്‍വലിച്ചു

Published on 18 December, 2011
വിവാദ പ്രസ്താവന ചിദംബരം പിന്‍വലിച്ചു
ന്യൂഡല്‍ഹി: പിറവം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം കുത്തിപ്പൊക്കിയതെന്ന തന്റെ പ്രസ്താവന കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം പിന്‍വലിച്ചു. പ്രസ്താവന പിന്‍വലിക്കുന്നതായി വാര്‍ത്താക്കുറിപ്പിലൂടെ അദ്ദേഹം അറിയിക്കുകയായിരുന്നു.

പരാമര്‍ശം അനാവശ്യമായിരുന്നുവെന്ന് തിരിച്ചറിയുന്നു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല-ചിദംബരം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പിറവം ഉപതിരഞ്ഞെടുപ്പാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നം കുത്തിപ്പൊക്കാനിടയായതെന്ന് പറഞ്ഞിട്ടില്ലെന്നും പിറവം ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് സാധാരണ പരാമര്‍ശം മാത്രമാണ് താന്‍ നടത്തിയതെന്നും വാര്‍ത്താക്കുറിപ്പില്‍ ചിദംബരം പറയുന്നുണ്ട്. എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് ഒരുപോലെയുണ്ടെന്നും നിരവധി ആളുകളെ ബാധിക്കുന്ന പ്രശ്‌നമാണ് മുല്ലപ്പെരിയാറിലേതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ചിദംബരത്തിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും ചിദംബരത്തിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ചിരുന്നു. ചിദംബരത്തിനെതിരെ ഹൈക്കമാന്റിന് പരാതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചിദംബരം തന്റെ പ്രസ്താവന പിന്‍വലിച്ചിരിക്കുന്നത്. ചിദംബരത്തിന്റെ പ്രസ്താവന പിറവം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തലും പ്രസ്താവന പിന്‍വലിക്കാന്‍ ചിദംബരത്തിനുമേല്‍ സമ്മര്‍ദ്ദമുണ്ടാക്കി.

''ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഈ പ്രശ്‌നം ഇപ്പോള്‍ ഉയര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവിടെ തിരഞ്ഞെടുപ്പ് നേരത്തേ നടത്തിയിരുന്നെങ്കില്‍ എന്ന് നമ്മള്‍ ആശിച്ചുപോകുന്നു. എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ കരികാലചോളന്‍ പണിത കല്ലണ ഇപ്പോഴും സുരക്ഷിതമായി നിലകൊള്ളുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന വാദത്തില്‍ ഒരു കഴമ്പുമില്ല. തമിഴ്‌നാടിനായി കെട്ടിയ അണയാണത്. അവിടെ നിന്നുള്ള മുഴുവന്‍ വെള്ളവും നമുക്ക് കിട്ടേണ്ടതാണ്''- ഇതായിരുന്നു ചിദംബരം ഇപ്പോള്‍ പിന്‍വലിച്ച പ്രസ്താവന.

അതേസമയം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീം കോടതിയുടെ അന്തിമതീര്‍പ്പ് തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്ന പ്രസ്താവന അദ്ദേഹം പിന്‍വലിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകം ചെന്നൈയില്‍ ശനിയാഴ്ച സംഘടിപ്പിച്ച യോഗത്തിലാണ് ചിദംബരം വിവാദ പരാമര്‍ശം നടത്തിയത്. ''വരുന്ന ഫിബ്രവരി രണ്ടാം വാരത്തിലോ മൂന്നാം വാരത്തിലോ ഉന്നതാധികാര സമിതി മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലുള്ള റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറും. റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ കോടതിവിധി പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്. ഈ വിധി തമിഴ്‌നാടിന് അനുകൂലമാവുമെന്ന് നമ്മള്‍ വിശ്വസിക്കുന്നു''- ചിദംബരം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക