Image

മലയാറ്റൂര്‍ പള്ളിയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി -50: ജോര്‍ജ്‌ തുമ്പയില്‍)

Published on 27 December, 2014
മലയാറ്റൂര്‍ പള്ളിയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി -50: ജോര്‍ജ്‌ തുമ്പയില്‍)
ഒരു ക്രിസ്‌മസ്‌ കാലത്ത്‌, ഞാന്‍ ബാച്ചിലറായിരുന്ന സമയത്താണ്‌ ഞങ്ങള്‍ മലയാറ്റൂര്‍ പള്ളിയിലേക്ക്‌ യാത്ര പോയത്‌. പതിവു പോലെ ബിനുവിന്റെ കാറില്‍ കുടുംബസമേതം, ഒരു തീര്‍ത്ഥയാത്ര പോലെയായിരുന്നു അത്‌. മനസ്സില്‍ പുതിയ പള്ളിയും പൊന്‍ കുരിശും മലയാറ്റൂര്‍ പഴയപള്ളിയും പെരിയാറുമൊക്കെ നിറഞ്ഞു നിന്നു.

ക്രിസ്‌തുവിന്റെ ശിഷ്യനായ തോമാശ്ലീഹായുടെ നാമധേയത്തില്‍ മലയാറ്റൂര്‍ മലയില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള സെന്റ്‌ തോമസ്‌ പള്ളിയിലേക്ക്‌ കൊച്ചിയില്‍ നിന്ന്‌ 47കി.മീ ദൂരമുണ്ട്‌. ഞങ്ങള്‍ യാത്ര പുറപ്പെട്ടത്‌ എം.സി റോഡ്‌ വഴിയാണ്‌. ഈ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയം സമുദ്രനിരപ്പില്‍ നിന്ന്‌ 1269 അടി ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഓരോ വര്‍ഷവും മലയാറ്റൂര്‍ പെരുന്നാളിന്‌ ആയിരക്കണക്കിനു തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്നു. മലകയറ്റമാണ്‌ തീര്‍ത്ഥാടനത്തിലെ പ്രധാനഘടകം. മല കയറാനുള്ള മനസ്സുമായി തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക്‌ പുറപ്പെടുമ്പോള്‍ അത്‌ ഹൃദയവിശുദ്ധിയുടെ പുതിയ ഒരു യാത്രാനുഭവം കൂടിയാണെന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമായി കത്തോലിക്കാസഭ പ്രഖ്യാപിച്ച ഇവിടേക്ക്‌ വരണമെന്ന ഏറെക്കാലത്തെ ആഗ്രഹമാണ്‌ ഇപ്പോള്‍ സഫലമാവുന്നത്‌. രാവിലെ തന്നെ പാമ്പാടിയിലെ വീട്ടില്‍ നിന്നും പുറപ്പെട്ടു.

െ്രെകസ്‌തവ സഭാ ചരിത്രത്തില്‍ വളരെയധികം പ്രധാന്യമുള്ള ദേവാലയമാണ്‌ മലയാറ്റൂര്‍ പള്ളി എഡി 52-ലാണ്‌ നിര്‍മ്മിച്ചതെന്നു കരുതുന്നു. ഭാരതത്തിലെത്തിയ തോമാശ്ലീഹ മലയാറ്റൂര്‍ മലയാറ്റൂര്‍ മലയില്‍ വരികയും ദിവസങ്ങളോളം പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയും ചെയ്‌തു എന്നാണ്‌ വിശ്വാസം. മലയാറ്റൂര്‍ മലയില്‍ ഇന്നുള്ളതില്‍ വച്ച്‌ ഏറ്റവും കൂടുതല്‍ പഴക്കം ഉള്ള ചാപ്പലിനു കുറഞ്ഞത്‌ 500 വര്‍ഷം പഴക്കമെങ്കിലും കാണുമത്രേ. ദുഃഖവെള്ളിയും പുതുഞായറുമാണ്‌ തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന സമയം.

ഞങ്ങള്‍ മൂവാറ്റുപുഴയില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ചു. തുടര്‍ന്ന്‌ കാലടിയില്‍ എത്തി. പാലം കടന്ന്‌ ജംഗ്‌ഷനില്‍ നിന്ന്‌ വലത്തോട്ട്‌ തിരിഞ്ഞ്‌ അഞ്ചുമൈല്‍ വടക്കുകിഴക്കു മാറി പെരിയാറിന്റെ തീരത്തായി, ദൂരെ നിന്നേ കണ്ടു മലയാറ്റൂര്‍ മല.

വണ്ടി പാര്‍ക്ക്‌ ചെയ്‌തതിനു ശേഷം ഞങ്ങള്‍ മല കയറാന്‍ തയ്യാറെടുത്തു. പ്രകൃതി സുന്ദരമായ സ്ഥലം. ശാന്തമായി ഒഴുകുന്ന പെരിയാര്‍ കണ്ടപ്പോള്‍, പെരിയാറേ... പെരിയാറേ എന്ന പാട്ടിനെക്കുറിച്ച്‌ ഓര്‍ത്തു. കാടും മലയും പിടിച്ചു കിടക്കുന്ന ഇവിടം അന്നത്തെക്കാലത്ത്‌ എങ്ങനെ തോമാശ്ലീഹ കണ്ടു പിടിച്ചെന്ന്‌ ബിനു അത്ഭുതത്തോടെ ചോദിച്ചു. അതാണ്‌ ദൈവീകം എന്നു മാത്രം മനസ്സിലോര്‍ത്തു. ഞങ്ങള്‍ക്ക്‌ മുന്നില്‍ മലയാറ്റൂര്‍ മല തല ഉയര്‍ത്തി നിന്നു.

കൊടുങ്ങല്ലൂരിലെത്തിയ തോമാശ്ലീഹ പ്രാര്‍ത്ഥിയ്‌ക്കാന്‍ ശാന്തമായ ഒരു സ്ഥലം തേടിനടന്നപ്പോള്‍ കണ്ടെത്തിയ സ്ഥലമാണത്രേ മലയാറ്റൂര്‍ മല. മലമുകളിലെ പാറപ്പുറത്ത്‌ കാണുന്ന കാല്‍പ്പാദം തോമാശ്ലീഹയുടേതാണെന്നാണ്‌ വിശ്വാസം. നിറയെ പറക്കല്ലുകളും മുള്‍ച്ചെടികളുമെല്ലാമുള്ള പാതയിലൂടെ ദുഃഖവെള്ളി നാളില്‍ വലിയ മരക്കുരിശുമേന്തി `പൊന്നിന്‍കുരിശുമുത്തപ്പോ പൊന്‍മല കയറ്റം' എന്ന മന്ത്രവുമുരുവിട്ടാണ്‌ തീര്‍ത്ഥാടകര്‍ മലകയറാറുള്ളത്‌.

യേശുക്രിസ്‌തുവിന്റെ കാല്‍വരിയാത്രയെ അനുസ്‌മരിച്ചുകൊണ്ടാണ്‌ ഈ മലകയറ്റം. മലമുകളിലെ പാറക്കല്ലില്‍ തോമാശ്ലീഹ ഒരു കുരിശുരൂപം വരയ്‌ക്കുകുയും പിന്നീട്‌ അവിടെ ഒരു പൊന്‍കുരിശു പ്രത്യക്ഷപ്പെടുകയും ചെയ്‌തുവെന്നാണ്‌ കഥ. മലമുകളിലെ കുരിശിന്റെ അടിയില്‍ ഇപ്പോഴും ആ പൊന്‍കുരിശ്‌ മറഞ്ഞിരിക്കുന്നുണ്ടെന്നും വിശ്വാസികള്‍ പറയുന്നു. ഞങ്ങള്‍ മലകയറ്റം തുടങ്ങി. ബിനു ഇതിനു മുന്‍പ്‌ പല തവണ ഇവിടെ വന്നിട്ടുണ്ട്‌. മലമുകളില്‍ ഒരു അത്ഭുത നീരുറവയുമുണ്ടെന്നു ബിനു പറഞ്ഞു. തോമാശ്ലീഹ പാറപ്പുറത്ത്‌ വടികൊണ്ട്‌ അടിച്ചപ്പോള്‍ രൂപപ്പെട്ടതാണത്രേ ഈ നീരുറവ. തീര്‍ത്ഥാടകര്‍ ഇവിടെ നിന്നും ജലംശേഖരിയ്‌ക്കാറുണ്ട്‌. ഉയിര്‍ത്തെഴുന്നേറ്റ യേശുവിന്റെ തിരുമുറിവുകളില്‍ സ്‌പര്‍ശിച്ച പ്രിയശിഷ്യന്റെ വിശ്വാസതീവ്രതയേറ്റു വാങ്ങാനാണ്‌, മലയാറ്റൂര്‍ കുരിശുമുടിയില്‍ ഒരോ തീര്‍ഥാടകനുമെത്തുന്നത്‌. ആ ദൈവീകത അവിടെയെല്ലാം നിറഞ്ഞു നില്‍ക്കുന്നതു പോലെ തോന്നി. ഇടയ്‌ക്ക്‌ ഇരുന്നും ക്ഷീണമകറ്റിയും വഴിയരുകിലെ മാടക്കടയില്‍ നിന്നും സോഡ വാങ്ങി കുടിച്ചും ഞങ്ങള്‍ മെല്ലെ മല കയറി.

കേരളത്തിലെ സുവിശേഷദൗത്യത്തിനിടെ, തന്റെ ജീവന്‌ ഭീഷണിയുള്ളതായി മനസിലാക്കിയ തോമാശ്ലീഹ, സുരക്ഷിതമായി ഏകാന്തതയില്‍ ധ്യാനിക്കാന്‍ മലയാറ്റൂര്‍ മലമുകളിലെത്തി എന്നാണ്‌ വിശ്വാസം. ആറുപകലും ആറുരാത്രിയും അദ്ദേഹം മലമകുളിലെ പാറപ്പരപ്പില്‍ ഏകനായി പ്രാര്‍ഥനയില്‍ ചെലവിട്ടു. പരുക്കന്‍പാറയ്‌ക്കു മുകളില്‍ മുട്ടുകുത്തി ആകാശത്തിലേക്ക്‌ കൈകളുയര്‍ത്തി പ്രാര്‍ഥിച്ച അദ്ദേഹം, പ്രാര്‍ഥനയ്‌ക്കൊടുവില്‍ പാറമേല്‍ കുരിശടയാളം വരച്ച്‌ അതില്‍ ചുംബിച്ചു. ആ കുരിശടയാളത്തില്‍ ഉണ്ണിയേശുവുമായി പരിശുദ്ധമാതാവ്‌ പ്രത്യക്ഷപ്പെട്ടുവെന്നും അവര്‍ അദ്ദേഹത്തെ അനുഗ്രഹിച്ചുവെന്നുമാണ്‌ വിശ്വാസം.

മലയാറ്റൂര്‍ മലയെക്കുറിച്ച്‌ പല ഐതീഹ്യങ്ങളുമുണ്ടെന്നു ബിനു പറഞ്ഞു. ഏറെക്കാലം ഈ പ്രദേശം ആളനക്കമില്ലാതെ വിജനമായിരുന്നു. മലവേടന്‍മാര്‍ നായാട്ടിനായി മലമുകളിലെത്തി. നേരം വൈകിയതിനാല്‍ അവര്‍ രാത്രി മലമുകളില്‍ കഴിച്ചുകൂട്ടി. രാത്രിയില്‍ എന്തോ ശബ്ദം കേട്ട്‌ അവര്‍ ഉണര്‍ന്നു. വിശാലമായ വിരിപാറയില്‍ പ്രകാശം പരക്കുന്നതുകണ്ട്‌ അവര്‍ അത്ഭുതപ്പെട്ടു. അവര്‍ മെല്ലെ പാറപ്പരപ്പിലെത്തി. പ്രകാശം കണ്ടസ്ഥലത്ത്‌ ആയുധംകൊണ്ട്‌ കുത്തി. പെട്ടന്ന്‌ കുത്തിയഭാഗത്ത്‌ ചോരപ്പാടുകള്‍ തെളിഞ്ഞു. അതില്‍നിന്ന്‌ ഒരു കുരിശ്‌ ഉയര്‍ന്നുവന്നു. കുരിശടയാളത്തിനു സമീപം ആരോ മുട്ടുകുത്തിനിന്ന അടയാളവും അടുത്തായി മൂന്നു കാല്‌പാടുകളും. പിറ്റേന്ന്‌ മലയിറങ്ങിയ വേടന്‍മാര്‍ താഴ്‌വരയില്‍ താമസിക്കുന്നവരോട്‌ തങ്ങള്‍ സാക്ഷിയായ അത്ഭുതങ്ങള്‍ വെളിപ്പെടുത്തി. കേട്ടവരെല്ലാം മലമുകളിലേക്ക്‌ ഓടി. അവിടെ എത്തിയവര്‍ പാറയില്‍ തെളിഞ്ഞുകണ്ട പൊന്‍കുരിശിനെ വണങ്ങി, പ്രാര്‍ത്ഥിച്ചു. ഇതായിരുന്ന മലയാറ്റൂര്‍ തീര്‍ഥാടനത്തിന്റെ തുടക്കം. ഞങ്ങള്‍ മുകളിലെത്തി. ചെറിയ കാറ്റ്‌ വീശുന്നുണ്ട്‌. പള്ളിയ്‌ക്ക്‌ മുന്നില്‍ നിന്നപ്പോള്‍ ക്ഷീണമൊക്കെ പമ്പ കടന്നു.

പൊന്‍കുരിശു പ്രത്യക്ഷപ്പെട്ട സ്ഥലത്ത്‌ തറകെട്ടി അതിനുമുകളില്‍ തങ്കംപൂശിയ 16 അടി ഉയരമുള്ള കുരിശുസ്ഥാപിച്ചിട്ടുണ്ട്‌ ഇപ്പോള്‍. ഇവിടെനിന്നും 150 അടി മാറിയാണ്‌ പഴയ കപ്പേള. ഇതാണ്‌ ആനകുത്തിയ പള്ളി. (1968 വരെ മലയാറ്റൂര്‍ മല നിബിഡ വനമായിരുന്നു. അന്ന്‌ ആനകള്‍ കുത്തി ഈ പള്ളിയുടെ പിന്‍ഭാഗത്ത്‌ സാരമായ നാശ നഷ്ടങ്ങള്‍ വരുത്തിയിരുന്നു. പിന്നീട്‌ കേടുപാടുകള്‍ നീക്കിയെങ്കിലും ആനകള്‍ കുത്തിയ ഭാഗം ഇന്നും അതുപോലെ സൂക്ഷിച്ചിട്ടുണ്ട്‌) പൊന്‍കുരിശിനും പഴയ കപ്പേളയ്‌ക്കും മധ്യേ പുതിയ പള്ളി. പൊന്‍കുരിശിനു തൊട്ടുതാഴെ വിശുദ്ധന്റെ പാദമുദ്രകള്‍. അറിയാതെ വണങ്ങു പോയി. അത്രയ്‌ക്ക്‌ ദൈവീകചൈതന്യം അവിടമാകെ നിറഞ്ഞു നിന്നിരുന്നു.

ആനകുത്തിയ പള്ളിയുടെ സമീപം ചരിവിലാണ്‌ അത്ഭുത ഉറവ. ഈ ഉറവ ഒരിക്കലും വറ്റാറില്ലത്രേ. എല്ലാവര്‍ക്കും തോമ്മാശ്ലീഹായുടെ രൂപം വണങ്ങുന്നതിനുവേണ്ടി പുതുതായി നിര്‍മിച്ച മാര്‍ത്തോമ്മാ മണ്ഡപത്തില്‍ നിന്ന്‌ ഞാനും കണ്ണുകളടച്ച്‌ മുട്ടു കുത്തിനിന്നു പ്രാര്‍ത്ഥിച്ചു. മണ്ഡപത്തില്‍ വിശുദ്ധന്റെ രൂപവും തിരുശേഷിപ്പും സ്ഥാപിച്ചിരിക്കുന്നു. മണ്ഡപത്തിനു ഇരുനൂറടി പിറകിലായി സന്നിധാനം. ബലിയര്‍പ്പണത്തിനും സമര്‍പ്പണത്തിനുമുള്ള വേദിയാണിത്‌.

ഏറെ നേരം ഞങ്ങള്‍ പള്ളിയില്‍ ചെലവഴിച്ചു. വിശപ്പു വീണപ്പോള്‍ ബാഗില്‍ കരുതിയിരുന്ന നല്ല നാടന്‍ എത്തപ്പഴം കഴിച്ചു. ആത്മീയതയുടെയും വിശുദ്ധിയുടെയും തീര്‍ത്ഥപാദങ്ങളില്‍ ദൈവികചൈതന്യം നിറഞ്ഞു നില്‍ക്കുന്നത്‌ തിരിച്ചറിഞ്ഞു, മെല്ലെ മലയിറങ്ങി...

(തുടരും)

**********

``പ്രകൃതിയുടെ നിഴലുകള്‍ തേടിയുള്ള ഈ യാത്ര ആരംഭിച്ചിട്ട്‌ ഇത്‌ അമ്പതാം എപ്പിസോഡാണ്‌. വായിച്ചു പ്രോത്സാഹിപ്പിക്കുന്ന വായനക്കാരുടെ അകമഴിഞ്ഞ പിന്തുണയാണ്‌ വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നത്‌. ഒട്ടേറെ പേര്‍, ഫോണിലൂടെയും ഇ-മെയ്‌ലിലൂടെയും നേരിട്ടും അഭിനന്ദനമറിയിച്ചിട്ടുണ്ട്‌. എല്ലാവര്‍ക്കും നന്ദി. തുടര്‍ന്നും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു. കേരളത്തിന്റെ കാണാക്കാഴ്‌ചകള്‍ അമേരിക്കന്‍ മലയാളികള്‍ക്കായി പുനരാവിഷ്‌ക്കരിക്കുന്നതിന്റെ സന്തോഷം നിങ്ങള്‍ക്കൊപ്പം പങ്കുവയ്‌ക്കട്ടെ. എല്ലാ പ്രിയ വായനക്കാര്‍ക്കും ശാന്തിയും സമാധാനത്തിന്റെയും ക്രിസ്‌മസ്‌ പുതുവത്സര ആശംസകള്‍ നേര്‍ന്നു കൊള്ളുന്നു.''

-ജോര്‍ജ്‌ തുമ്പയില്‍
മലയാറ്റൂര്‍ പള്ളിയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി -50: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
A.C.George 2014-12-27 16:17:51
Mr. George, Your travel experience with historical over view and explanations are beautiful and I enjoyed your style of expressions. Your eddort and commitments are greately appreciated.
George Thumpayil 2014-12-29 06:58:30
Thank you Mr A C George for your encouraging comments. Appreciate your good gesture in taking time to comment on my articles. It's the enthusiasm stemming out of notes like this, inspiring me to be creative. Blessed Christmas and Happy New Year. George Thumpayil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക