Image

കാശ്മീര്‍ വിഭജനം തിരുത്തുവാന്‍ മോഡിക്ക് സാധിക്കുമോ? ഝാര്‍ഖണ്ഡില്‍ കാവിയും ചുവപ്പും ഏറ്റുമുട്ടുമോ? (ഡല്‍ഹി കത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 29 December, 2014
കാശ്മീര്‍ വിഭജനം തിരുത്തുവാന്‍ മോഡിക്ക് സാധിക്കുമോ? ഝാര്‍ഖണ്ഡില്‍ കാവിയും ചുവപ്പും ഏറ്റുമുട്ടുമോ? (ഡല്‍ഹി കത്ത്:  പി.വി.തോമസ്)
ജമ്മു-കാശ്മീരിലും ഝാര്‍ഖണ്ഡിലും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ച മോഡി-ജമ്മുകാശ്മീരില്‍ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി, ഝാര്‍ഖണ്ഡില്‍ ഭരണകക്ഷി- വളരെ ഗൗരവതരമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ജമ്മുവിന്റെയും കാശ്മീര്‍ താഴ് വരയുടെയും മത-ഭൂമിശാസ്ത്രപരമായ വിഭജനം ആണ് ആദ്യത്തേത്. ഈ തെരഞ്ഞെടുപ്പോടെ കാശ്മീരിന്റെ മത-പ്രാദേശിക വിഭജനം പൂര്‍ത്തിയായിരിക്കുന്നു. മോഡിയുടെ ജമ്മുവിലെ വിജയം(37 ല്‍ 25 സീറ്റുകള്‍) അദ്ദേഹത്തിനും ബി.ജെ.പി.ക്കും നല്ല വാര്‍ത്ത ആയിരിക്കാമെങ്കിലും ഇന്‍ഡ്യക്ക് അത് അത്ര ശുഭകരമായ വാര്‍ത്ത അല്ല. കാരണം ജമ്മുവിന്റെയും കാശ്മീര്‍ താഴ് വരയുടെയും മതപരവും ഭൂമിശാസ്ത്രപരവുമായ ധ്രുവീകരണം ഇന്‍ഡ്യക്ക് ആകമാനം ഒരു വെല്ലുവിളി ആണ്.
ഈ വികേന്ദ്രീകരണം ആണ് മോഡി ഈ തെരഞ്ഞെടുപ്പിലൂടെ സാധിച്ചിരിക്കുന്നത്. അദ്ദേഹം ഒരു ഹിന്ദു ജമ്മുവെയും ഒരു മുസ്ലീം കാശ്മീരിനെയും അരക്കിട്ട് ഉറപ്പിച്ചിരിക്കുന്നു. ദീര്‍ഘവീക്ഷണം ഉള്ള, ഒരു ഭാരതീയനും ഇത് ഒരിക്കലും നല്ല ഒരു വാര്‍ത്ത അല്ല. ഇത് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സംഭവിച്ചാല്‍ എന്തായിരിക്കും ഇന്‍ഡ്യയുടെ ഭാവി? അതോ ഈ വിഭജനവും അങ്ങനെയുള്ള ഒരു ഭരണവും ആണോ ഈ ഹൃസ്വ വീക്ഷണകാരികള്‍ ആയ രാഷ്ട്രീയക്കാര്‍ വിഭാവനം ചെയ്യുന്നത്? എന്തായാലും ഈ തെരഞ്ഞെടുപ്പോടെ ഇന്‍ഡ്യയുടെ ഭൂപടത്തില്‍ ഒരു ഹിന്ദു ജമ്മുവും ഒരു മുസ്ലീം കാശ്മീരും ജന്മം എടുത്തിരിക്കുകയാണ്. മോഡിയുടെയും സംഘപരിവാറിന്റെയും വിഭാഗീയ രാഷ്ട്രീയം ആണ് ഇതിന് കാരണം. അതുകൊണ്ട് അവരുടെ ഈ വിജയത്തെ ഇന്‍ഡ്യയുടെ, ഇന്‍ഡ്യ എന്ന സങ്കല്പത്തിന്റെ, പരാജയം ആയിട്ടേ എനിക്ക് കണക്കാക്കുവാന്‍ സാധിക്കുകയുള്ളൂ. ഇനി ജമ്മു-കാശ്മീരില്‍ ഒരു പീപ്പിള്‍സ് ഡെമോക്രാറ്റിക്ക്  പാര്‍ട്ടി(പിഡിപി)-നാഷ്ണല്‍ കോണ്‍ഫ്രന്‍സ് (എന്‍.സി.)- കോണ്‍ഗ്രസ് ഗവണ്‍മെന്റ് ആണ് അധികാരത്തില്‍ വരുന്നതെങ്കില്‍ ജമ്മു-കാശ്മീരിന്റെ മത-പ്രാദേശിക വിഭജനത്തിന്റെ മറ്റൊരു കഥ ആയിരിക്കും അത്.
(ഇത് എഴുതുമ്പോള്‍, ഗവണ്‍മെന്റ് രൂപീകരണം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതേയുള്ളൂ) ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസിഡന്‌റിന്റെ ഭരണവും രാഷ്ട്രീയനിരീക്ഷകര്‍ തള്ളി കളയുന്നില്ല. അത് ബി.ജെ.പി.- സംഘപരിവാറിന്റെ ഭരണത്തിന്റെ മറ്റൊരു വകഭേദം മാത്രം ആയിരിക്കും. ഭീകരവാദവും വിഘടനവാദവും നിലനില്‍ക്കുന്ന ഒരു അതിര്‍ത്തി സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത ഒട്ടും അഭികാമ്യം അല്ല.
കക്ഷി രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് അതീതമായി ജമ്മു- ഹിന്ദു സെന്‍ട്രിക്ക് ആയ പാര്‍ട്ടിയും(ബി.ജെ.പി.) കാശ്മീര്‍ താഴ് വര- മുസ്ലീം സെന്‍ട്രിക്ക് ആയ പാര്‍ട്ടികളും(പി.ഡി.പി.-എന്‍.സി.) ചിന്തിച്ച് സംസ്ഥാനത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കേണ്ട അവസരം ആണ് ഇത്. അതിനുള്ള ഒരു സുവര്‍ണ്ണ സന്ദര്‍ഭം ആണ് ഈ തെരഞ്ഞെടുപ്പ് ഫലം ജമ്മു-കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രദാനം ചെയ്തിരിക്കുന്നത്. ഇത് രണ്ടു വഴിക്ക് പ്രവര്‍ത്തിക്കാം. ഒന്നുകില്‍ ഹിന്ദു- മുസ്ലീം- ജമ്മു കാശ്മീര്‍ താഴ് വര വിഭാഗീയതയുടെ ആക്കം വര്‍ദ്ധിപ്പിക്കാം.
അത് ഏത് പരിധിവരെയും പോകാം. അല്ലെങ്കില്‍ അവസരത്തിനൊത്തുയര്‍ന്ന് പുതിയ ഗവണ്‍മെന്റിന് ഈ വിടവ് കൂട്ടി യോജിപ്പിക്കാം. അങ്ങനെ ദേസീയ ഐക്യം സ്ഥാപിക്കാം. ക്രാന്തദര്‍ശികളായ ഭരണാധികാരികളില്‍ നിന്നും രാഷ്ട്രീയ നേതാക്കന്മാരില്‍ നിന്നും ജനം ഇതാണ് പ്രതീക്ഷിക്കുന്നത്? ഈ ജമ്മു-ഹിന്ദു-കാശ്മീര്‍ താഴ് വര-മുസ്ലീം വിഭാഗീയതക്ക് ഇടയില്‍ ബുദ്ധമത ഭൂരിപക്ഷ ലഡാക്കിന്റെ സ്ഥിതി എന്തായിരിക്കും എന്നത് ആശങ്കാജനകം ആണ്. ലഡാക്ക് ചൈനയുടെ അതിര്‍ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തന്ത്രപ്രദാനമായ ഒരു പ്രവശ്യ ആണ്. അവിടെയുള്ള നാല് അസംബ്ലി സീറ്റുകളില്‍ ജയിച്ചത് കോണ്‍ഗ്രസ് ആണ് എന്നതും ശ്രദ്ധാര്‍ഹം ആണ്.

ജമ്മു-കാശ്മീര്‍ തെരഞ്ഞെടുപ്പിന്റെ ഫലം മോഡി പ്രഭാവത്തിന്റെ അവസാനത്തിന്റെ ആരംഭം ആണോ? ആണെന്നും അല്ലെന്നും വിശ്വസിക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ഉണ്ട്. ബി.ജെ.പി.യും മോഡിയും, വലിയ പ്രതീക്ഷകളോടെ ആണ് ജമ്മു-കാശ്മീര് തെരഞ്ഞെടുപ്പിനെ സമീപിച്ചത്. മിഷന്‍ കാശ്മീരിന്റെ മര്‍മ്മപ്രധാനമായ മുദ്രാവാക്യം 44 പ്ലസ് എന്നതായിരുന്നു. അതായത് ഇന്‍ഡ്യയിലെ മുസ്ലീം ഭൂരിപക്ഷമുള്ള ഒരേ ഒരു സംസ്ഥാനമായ ജമ്മു-കാശ്മീരില്‍ കേവല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരിക.
അതിലൂടെ മുസ്ലീം വിരുദ്ധന്‍ എന്ന് മുദ്രകുത്തപ്പെട്ട മോഡിക്ക്  ഇന്‍ഡ്യക്കും വിദേശ രാജ്യങ്ങള്‍ക്കും ശക്തമായ ഒരു സന്ദേശം നല്‍കുവാന്‍ സാധിക്കും. പക്ഷേ മിഷന്‍ 44 പ്ലസ് നടന്നില്ല. മുസ്ലീം ഭൂരിപക്ഷ കാശ്മീര്‍ താഴ് വരയില്‍ ഒരു സീറ്റെങ്കിലും ജയിച്ച് അക്കൗണ്ട് തുറക്കാമെന്ന് മോഡി പ്രതീക്ഷിച്ചിരുന്നു. ഇതിനായി അദ്ദേഹം പലകുറി തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളെ കാശ്മീര്‍ താഴ് വരയില്‍ അഭിസംബോധന ചെയ്യുകയുണ്ടായി. പക്ഷേ, ഫലം ഉണ്ടായില്ല. ശ്രീനഗറില്‍ നിന്നും ബി.ജെ.പി.യുടെ കാശ്മീര്‍ താഴ് വരയിലെ മുഖം ആയ ഹീനാഭട്ട് എങ്കിലും ജയിക്കും എന്ന് മോഡിയും കൂട്ടരും വിശ്വസിച്ചിരുന്നു. അതും നടന്നില്ല. ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും പ്രധാന മുദ്രാവാക്യങ്ങള്‍ ആയ ആര്‍ട്ടിക്കിള്‍ 37 ഉം(കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍) നിര്‍മ്മാജ്ജനം ചെയ്യുക, കോമണ്‍ സിവിള്‍ കോഡ് നടപ്പില്‍ വരുത്തുക എന്നിവ മാറ്റിവച്ചുകൊണ്ട് ആണ് മോഡി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. പക്ഷെ, കാശ്മീര്‍ താഴ് വരയില്‍ അക്കൗണ്ട് തുറക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
മുന്‍ വിഘടനവാദിയും പീപ്പിള്‍സ് കോണ്‍ഫ്രന്‍സിന്റെ നേതാവുമായ സജദ് ലോണുമായി കൂട്ടുപിടിക്കുകവരെയുണ്ടായി മോഡി മിഷന്‍ കാശ്മീരിന്റെയും കാശ്മീര്‍ താഴ് വരയിലെയും വിജയത്തിനായി. മോഡിക്ക് കാശ്മീര്‍ താഴ് വരയില്‍ ആശ്വസിക്കാവുന്നത് ലോണ്‍ രണ്ട സീറ്റുകള്‍ അവിടെ ജയിച്ചത് ആണ്. പക്ഷേ ലോണ്‍ ഒരു മുന്‍ വിഘടനവാദി ആണെന്ന വസ്തുത അതിന്റെയും ശോഭ കെടുത്തുന്നു. അപ്പോള്‍ ഇതിന്റെ അര്‍ത്ഥം ഏറെ കൊട്ടിഘോഷിച്ച മോഡി മാജിക്കിന്, മോഡി പ്രഭാവത്തിന് പ്രശസ്തമായ 'വീര്‍ പഞ്ചാല്‍' റെയിഞ്ച് ഭേദിച്ച് കാശ്മീര്‍ താഴ് വരയില്‍ കടക്കുവാന്‍ ആയില്ല എന്ന് ആണ്. അതിനപ്പുറം ലഡാക്കിലും. ഇവിടെ ഒരു ട്രസ്റ്റ് ഡെഫിസിസ്റ്റ്,  അവിശ്വാസം, ആണ് വെളിപ്പെടുന്നത്. ഒരു ദേശീയ നേതാവിന്, ഒരു പ്രധാനമന്ത്രിക്ക് ഇത് ഒട്ടും ഭൂഷണം അല്ല.

ജമ്മു-കാശ്മീരിലെ നാല് ലോകസഭ സീറ്റുകളില്‍ മൂന്നും-കാശ്മീര്‍ താഴ് വരയിലെ ഒരെണ്ണം (ശ്രീനഗര്‍) ഒഴിച്ച്- വിജയിച്ച ആത്മവിശ്വാസത്തോടെ ആണ് മോഡി അദ്ദേഹത്തിന്റെ ഹിമവല്‍ പടയോട്ടത്തിന് ഇറങ്ങി പുറപ്പെട്ടത്. ജമ്മുവിനെ മൂന്ന് ലോകസഭ സീറ്റുകളും അദ്ദേഹം വിജയിച്ചു. അതിനര്‍ത്ഥം ജമ്മുവിലെ 37 അസംബ്ലി സീറ്റുകളില്‍ അദ്ദേഹം27-30 സീറ്റുകള്‍ എങ്കിലും പിടിക്കണം എന്നാണ്. പക്ഷേ, അത് ഉണ്ടായില്ല. 25 സീറ്റുകള്‍ ആണ് മോഡിക്ക് ലഭിച്ചത്. ജമ്മുവില്‍ മോഡിക്കും അമിത്ഷായ്ക്കും സാധിച്ച ഹിന്ദുവോട്ട് ധ്രുവീകരണവും അതുമൂലം ഉണ്ടായ  വിജയവും പ്രതീക്ഷച്ചതു തന്നെ ആയിരുന്നു. അത് ഇന്‍ഡ്യയുടെ ഭാവിക്ക് നല്ലതാണോ? അതിന് ചരിത്രം മറുപടി തരും.

കാശ്മീര്‍ താഴ് വരയില്‍ ഉണ്ടായ മുസ്ലീം വോട്ട് ധ്രുവീകരണവും ബാക്ക്‌ലാഷും പാഠങ്ങള്‍ ആണ്. ഏതായാലും 2008- ല്‍ ജമ്മു പ്രവശ്യയില്‍ വെറും പതിനൊന്ന് സീറ്റുകള്‍ മാത്രം വിജയിച്ച ബി.ജെ.പി.ക്ക് ഇപ്പോള്‍ ലഭിച്ച 25 സീറ്റുകള്‍ വലിയ ഒരു വിജയം തന്നെ ആണ്. അത് മോഡിയുടെ പ്രഭാവം കൊണ്ട് തന്നെ ആണ്. ഹിന്ദുത്വ കാര്‍ഡും ആണ് അതിന്റെ ആധാരശില. ഏതായാലും 2014-ലെ ലോകസഭ തെരഞ്ഞെടുപ്പ് വിജയത്തിലെ മോഡി പ്രഭാവത്തിന് മങ്ങള്‍ ഏറ്റിട്ടേ ഇല്ലേയെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. പ്രത്യേകിച്ചും കാശ്മീര്‍ താഴ് വരയിലെയും ലഡാക്കിലെയും പരാജയങ്ങളുടെ പശ്ചാത്തലത്തില്‍. മറ്റൊരു ചിന്തനീയം ആയ കാര്യം മോഡിയും ബി.ജെ.പി.യും ജമ്മുവില്‍ മാത്രം ഒതുങ്ങിയപ്പോള്‍ മറ്റ് പാര്‍ട്ടികള്‍ പി.ഡി.പി., എന്‍.സി, കോണ്‍ഗ്രസ്, മൂന്ന് പ്രവശ്യകളിലും- ജമ്മു, കാശ്മീര്‍, ലഡാക്ക്- വിജയം കൊയ്തു, അവരുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. മോഡി-ഷാ കമ്പനിയുടെ മിഷന്‍ കാശ്മീര്‍ ഭാഗീകമായി വിജയം കണ്ടെങ്കിലും അത് മുഹമ്മദ് അലി ജിഹ്നയുടെ ഇതു രാഷ്ട്ര തിയറിയിലേക്കുള്ള ഒരു ചുവടു വയ്പ്പ് ആണോ എന്ന് ആശങ്കയോടെ ചിന്തുച്ചു പോകുന്നു.

കാവി ചുവപ്പിന്റെ ഇടനാഴിയില്‍ എത്തിയ കഥയാണ് ഝാര്‍ഖണ്ഡിന് പറയുവാനുള്ളത്. ഇവിടെ മോഡിക്ക് തനിച്ച് ഭൂരിപക്ഷം നേടുവാന ആയില്ലെങ്കിലും സംഖ്യകക്ഷികളുടെ പിന്തുണയോടെ ഒരു ഗവണ്‍മെന്റ് തട്ടികൂട്ടാം. 81 അംഗങ്ങള്‍ ഉള്ള ഝാര്‍ഖണ്ഡ് നിയമസഭയില്‍ മോഡിക്ക് ലഭിച്ചത് 37 സീറ്റുകള്‍ ആണ്. കേവലം ഭൂരിപക്ഷമായ 41 സീറ്റുകള്‍ക്ക് 4 സീറ്റുകള്‍ കുറവ്. ബി.ജെ.പി.ക്കും സഖ്യകക്ഷികള്‍ക്കും കൂടെ ലഭിച്ചത് 42 സീറ്റുകള്‍ ആണ്. കേവല ഭൂരിപക്ഷത്തില്‍ നിന്നും ഒരു സീറ്റ് അധികം. ഇത് അത്ര വലിയ ഒരു തകര്‍പ്പന്‍ വിജയം അല്ല. അല്ലെങ്കില്‍ മോഡി മാജിക്കിന്റെ വമ്പന്‍ പ്രകടനവും അല്ല. എന്നാല്‍ ഒരു പരിധിവരെ ആണ് താനും. മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയൊന്നും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചില്ലെങ്കിലും ഝാര്‍ഖണ്ഡിന്റെ പ്രത്യേക രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാല്‍ ഇത് അത്ര നിസാരവിജയം അല്ലെന്ന് മനസിലാക്കുവാന്‍ സാധിക്കും. 2000-ല്‍ ഉത്തര്‍ഖണ്ഡിന്റെ 14 വര്‍ഷത്തെ ചരിത്രത്തില്‍ 9 ഗവണ്‍മെന്റുകള്‍ ആണ് അധികാരത്തില്‍ വന്നുപോയിട്ടുള്ളത്. മൂന്ന് പ്രാവശ്യം അത് പ്രസിഡന്റിന്റെ ഭരണത്തിന്റെ കീഴിലും ആയിരുന്നു. ഭരണ അസ്ഥിരത  ആണ് ഈ സംസ്ഥാനത്തിന്റെ ശാപം. ആദ്യമായിട്ടാണ് ഝാര്‍ഖണ്ഡില്‍ ഒരു പ്രീപോള്‍ സഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിക്കുന്നത്.

അതുകൊണ്ട് മോഡിയുടെ ഈ വിജയത്തിന് പ്രസക്തിയും തിളക്കവും ഏറും. ഝാര്‍ഖണ്ഡിലെ ഈ വിജയത്തോടെ ഇന്‍ഡ്യയിലെ രണ്ട് ആദിവാസി ഭൂരിപക്ഷ സംസ്ഥാനങ്ങള്‍ ബി.ജെ.പി.യുടെ ഭരണത്തില്‍ ആയിരിക്കുകയാണ്. രണ്ടാമത്തെ സംസ്ഥാനം ഛത്തീസ്ഘട്ട് ആണ്. പക്ഷേ, ബി.ജെ.പി.യുടെ തുടക്കം പിഴച്ചു. ഝാര്‍ഖണ്ഡിന്റെ ചരിത്രത്തില്‍ ആദ്യമായി ഇപ്രാശ്യം ആദിവാസി അല്ലാത്ത ഒരു വ്യക്തിയെ മുഖ്യമന്ത്രി ആയി നിയമിച്ചിരിക്കുകയാണ് മോഡ്. ഇത് ബി.ജെ.പി.യുടെ ആദിവാസി നേതാവ് ആയ അജ്ജന്‍ മുണ്ടയുടെ  പരാജയം കാരണം ആണെന്ന് വാദിക്കാമെങ്കിലും ബി.ജെ.പി.ക്ക് രണ്ടാമതൊരു ആദിവാസി നേതാവ് മുഖ്യമന്ത്രി ആകുവാന്‍ ഇല്ല എന്നത് ബി.ജെ.പി.യുടെ നേതൃപാപ്പരത്തെ ആണ് ചൂണ്ടികാണിക്കുന്നത്.

ഇത് ആദ് വിരുദ്ധത ആണെങ്കില്‍ തിരിച്ചടി ഉണ്ടാകും. ബി.ജെ.പി,ക്ക് അതിന്റെ പ്രഖ്യാപിത നയമായ സല്‍ഭരണത്തിന്റെ പരീക്ഷണശാല ആക്കാവുന്ന ഒരു സംസ്ഥാനം ആണ് ഝാര്‍ഖണ്ഡ്. ഭരണ അസ്ഥിരത, അഴിമതി, സര്‍വ്വത്ര പിന്നോക്കാവസ്ഥ ഇവയെല്ലാം ആണ് ഝാര്‍ഖാണ്ഡിന്റെ മുഖമുദ്ര. ഇതിന്റെ എല്ലാം സൃഷ്ടി ആയ ഇടതുപക്ഷ സായുധ തീവ്രവാദവും അതിശക്തമായി സംസ്ഥാനത്തുണ്ട്. ഝാര്‍ഖണ്ഡിലെ വനാന്തരങ്ങളിലെ പല ഭാഗങ്ങളും മാവോയിസ്റ്റുകളുടെ ഭരണത്തില്‍ ആണ്. പ്രകൃതി വിഭവം കൊണ്ടും ധാതു സമ്പത്തുകൊണ്ടും ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നമായ ഒരു സംസ്ഥാനത്തിലെ ജനങ്ങള്‍ എന്തുകൊണ്ട് രാജ്യത്തിലെ ഏറ്റവും ദരിദ്രര്‍ ആയ ജനം ആയി മാറി. ഇതിന്റെ മറുപടി ആണ് ഝാര്‍ഖണ്ഡിലെ വനാന്തരങ്ങളില്‍ തോക്കിന്റെ കുഴലിലൂടെയും കുഴിബോബിന്റെ സ്‌ഫോടനത്തിലൂടെയും ചിതറിവീഴുന്ന മനുഷ്യ ശരീരങ്ങളിലൂടെയും മാവോയിസ്റ്റുകള്‍ പറയുന്നത്.

മാവോയിസം ഒരു ക്രമസമാധാന പ്രശ്‌നം ആയിട്ട് കാണുന്ന നയം ആണ് ബി.ജെ.പി.യുടേത്. അതിനെ സാമ്പത്തീക-സാമൂഹിക പ്രശ്‌നമായി ബി.ജെ.പി. കാണുന്നില്ല. ഈ നിലപാട് മാറ്റി സംസ്ഥാനത്തിന്റെ വികസനം ഉറപ്പ് വരുത്തി ഭരിക്കുകയാണ് ബി.ജെ.പി. ചെയ്യേണ്ടത്. കാവിയുടെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ഒരു തത്വശാസ്ത്രമാക്കി ഭരിച്ചാല്‍ ചുവപ്പിന്റെ ഇടനാഴിയില്‍ അസ്വസ്ഥതയുടെയും സായുധ സംഘട്ടനത്തിന്റെയും ദിനങ്ങള്‍ ആയിരിക്കും ഇനി. മറിച്ചാണെങ്കില്‍ ബി.ജെ.പി.ക്കും മോഡിക്കും അവിടെ ഒരു വിജയഗാഥ രിചിക്കാം.

ഝാര്‍ഖണ്ഡില്‍ ബി.ജെ.പി.യുടെയും മോഡി പ്രഭാവത്തിന്റെയും വിജയം കുറച്ചു കാണിക്കുവാന്‍ സാധിക്കുകയില്ലെങ്കിലും അത് അത്ര ഊതി വീര്‍പ്പിച്ച് കാണിക്കേണ്ട കാര്യവും ഇല്ല. 2009-ല്‍  ബി.ജെ.പി തന്നെ ആയിരുന്നു അവിടെ ഏറ്റവും വലിയ ഒറ്റ കക്ഷി. എന്നാല്‍ രണ്ടാമതും മൂന്നാമതും വന്ന ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും കൂടെ ഒരു കൂട്ടുകക്ഷി ഗവണ്‍മെന്റ് തട്ടികൂട്ടി ഉണ്ടാക്കുക ആയിരുന്നു. ആ പരീക്ഷണം വിജയിച്ചില്ല. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ സഖ്യം പിരിഞ്ഞു. കാശ്മീരിലെ എന്‍.സി-കോണ്‍ഗ്രസ് സഖ്യം തെരഞ്ഞെടുപ്പിന് മുമ്പ് പിരിഞ്ഞതു പോലെ തന്നെ. ഇത് രണ്ടിടത്തും ബി.ജെ.പി.ക്ക് സഹായം ആയി ഒരു പരിധിവരെ.

ജമ്മു-കാശ്മീര്‍ തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത ബി.ജെ.പി. അതിന്റെ സീറ്റ് ഇരട്ടിയിലേറെ വര്‍ദ്ധിപ്പിച്ചെങ്കിലും എന്‍.സി.യും കോണ്‍ഗ്രസും അവരുടെ സീറ്റുകള്‍ മിക്കവാറും നിലനിര്‍ത്തി എന്നതാണ്. ക്ഷീണം സംഭവിച്ചത് ഏറ്റവും വലിയ ഒറ്റക്ഷിയായി വന്ന പി.ഡി.പി.ക്ക് ആണ്. പക്ഷേ, ഝാര്‍ഖണ്ഡില്‍ ദേശീയകക്ഷി ആയ കോണ്‍ഗ്രസിന് വലിയ ക്ഷീണം ആണ് സംഭവിച്ചത്. ആറ് സീറ്റുകള്‍ ആണ് നേടിയത്. 15 സീറ്റുകള്‍ നഷ്ടപ്പെട്ടു. ഓയില്‍ ഇട്ടയന്ത്രത്തിന് സമാനമായ ഒരു സംഘടനയുടെയും ശക്തമായ നേതൃത്വത്തിന്റെയും അഭാവം പാര്‍ട്ടിയെ പരാജയത്തിലേക് നയിച്ചു. കോണ്‍ഗ്രസ് ഉപാദ്ധ്യകഷ്ന്‍ പങ്കെടുത്ത എട്ട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടന്ന മണ്ഡലങ്ങളില്‍ ഏഴും കോണ്‍ഗ്രസിന് നഷ്ടമായി.

ജമ്മു-കാശ്മീരിലെയും ഝാര്‍ഖണ്ഡിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മോഡി പ്രഭാവത്തിന്റെ ഉരകല്ലുകള്‍ ആയിരുന്നു. അതിന് എവിടെയെല്ലാമോ കടിഞ്ഞാണ്‍ വീഴുന്നതുപോലെ തോന്നുന്നു. പക്ഷേ, പ്രയാണം തുടരുകയാണ്. ജമ്മുപോലെയുള്ള കാര്‍ഡുകള്‍ അപകടകരം ആണ്. ഒപ്പം കാശ്മീര്‍ താഴ് വരയുടെ കാര്‍ഡും.
കാശ്മീര്‍ വിഭജനം തിരുത്തുവാന്‍ മോഡിക്ക് സാധിക്കുമോ? ഝാര്‍ഖണ്ഡില്‍ കാവിയും ചുവപ്പും ഏറ്റുമുട്ടുമോ? (ഡല്‍ഹി കത്ത്:  പി.വി.തോമസ്)
Join WhatsApp News
Ninan Mathullah 2014-12-29 05:34:27
Intelligence is the ability to foresee into the future. How far these opportunists can foresee    ahead? They can come to power by playing race and religion cards, and injecting these poisons into human minds. There is a lack of leadership that can see India as one and all Indians as brothers and sisters. Soon cry for independence from India from difference corners may arise due to these policies. Instead of moving forward standing united we can fall divided if leaders play with fire.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക