Image

2014- മോഡിയുടെ വര്‍ഷം. 2015 ഗോഡ്‌സെയുടെ വര്‍ഷം ആകുമോ? (ഡല്‍ഹി കത്ത്: പി.വി. തോമസ്)

പി.വി.തോമസ് Published on 05 January, 2015
2014- മോഡിയുടെ വര്‍ഷം. 2015 ഗോഡ്‌സെയുടെ വര്‍ഷം ആകുമോ? (ഡല്‍ഹി കത്ത്: പി.വി. തോമസ്)
2014-ന്റെ കണക്കെടുപ്പ്  നടത്തുമ്പോള്‍ അത് ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തില്‍ വിപ്ലവകാരമായ പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു വര്‍ഷം ആണെന്ന് കാണാം. 2014 നരേന്ദ്ര ദാമോദര്‍ദാസ് മോഡിയുടെ വര്‍ഷം ആയിരുന്നുവെന്ന് ആരും നിസ്സംശയം പറയും. പക്ഷേ, മറ്റ് ഒരു താരത്തിന്റെ ഉദയവും 2014-ന്റെ അവസാന ദിനങ്ങളില്‍ ഇന്ത്യകണ്ടു. മഹാത്മ ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ. രാഷ്ട്രീയ പിതാവിന്റെ കൊലയാളിയുടെ നാമകരണ ചടങ്ങ് കഴിഞ്ഞു. ഇനി വിശുദ്ധനായി പ്രഖ്യാപിച്ചാല്‍ മതി. അമ്പലവും തയ്യാറാക്കുവാന്‍ പോകുന്നു. അങ്ങനെ 2015 ഗോഡ്‌സെയുടെ വര്‍ഷം ആകുവാന്‍ പോകുന്നു. ആകുമോ? 

1990-കളുടെ ആരംഭത്തില്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ വായിച്ച ഒരു വാര്‍ത്തയുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അവിശ്വസനീയവും, സ്‌തോഭജനകവും ആയ വാര്‍ത്ത ആയിരുന്നു അത്. റഷ്യയില്‍ കമ്മ്യൂണിസം നിരോധിക്കപ്പട്ടുവെന്നത്. 2014-ല്‍ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വാര്‍ത്ത ഇന്ത്യയിലെ വലിയ വിവാദ രാഷ്ട്രീയക്കാരനായ മോഡി പ്രധാനമന്ത്രി ആയത് അല്ല. നാഥുറാം ഗോഡ്‌സെയെ ദേശസ്‌നേഹിയായി സംഘപരിവാര്‍ പ്രഖ്യാപിക്കുന്നതും, അദ്ദേഹത്തിന്റെ പ്രതിമകള്‍ സ്ഥാപിക്കുന്നതും, മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനമായ ജനുവരി 30 ഗോഡ്‌സെയുടെ ആദരവിനായി ശൗര്യ ദിവസമായി ആചരിക്കുവാന്‍ തീരുമാനിച്ചതും, ഇതിനെല്ലാം മകുടം ചാര്‍ത്തുവാനായി മീററ്റില്‍ (ഉത്തര്‍പ്രദേശ്) ഗോഡ്‌സെയുടെ ആരാധനയ്ക്ക് ആയി ഒരു അമ്പലം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചതും ആണ്. ഇതൊന്നും നേരിട്ട് കണ്ടും കേട്ടും അറിഞ്ഞില്ലായിരുന്നുവെങ്കില്‍ എനിക്ക് വിശ്വസിക്കുവാന്‍ ആവുകയില്ലായിരുന്നു. എന്റെയും എന്റെ മുമ്പുള്ള തലമുറയില്‍പ്പെട്ടവര്‍ക്കും ഇത്  വിശ്വസിക്കുവാന്‍ ആകുമെന്ന് തോന്നുന്നില്ല. ഈ പംക്തിയില്‍ ഒരിക്കല്‍ ഞാന്‍ എഴുതുകയുണ്ടായി. നമുക്ക് മഹാത്മാ ഗാന്ധിയെ മറക്കാം. നമുക്ക് ഗോഡ്‌സെമാരെ സ്മരിക്കാം. ആദരിക്കാം. അവരാകട്ടെ പുരോഗതിയിലേക്കും, പരിവര്‍ത്തനത്തിലേക്കും, വരാന്‍ പോകുന്ന നല്ല ദിനങ്ങളിലേക്കും ഉള്ള നമ്മുടെ വഴികാട്ടികള്‍ (“നമുക്ക് ഇനി ഗുജറാത്ത് മനുഷ്യക്കുരുതി മറക്കാം. പുരോഗമന ഗാഥകള്‍ പാടാം”.) പക്ഷേ, ഈ വാചകങ്ങള്‍ ഇത്രവേഗം മാംസമായി അവതരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.

2014-ന്റെ ഒരു അവലോകനം നടത്തുമ്പോള്‍ ആദ്യം ഓടിയെത്തിയത് ഗോഡ്‌സെയുടെ ഈ വാഴ്ത്തപ്പെടുത്തല്‍ ആണ്. ആവര്‍ത്തനം ആണെങ്കിലും എഴുതുമ്പോള്‍ ഇത് ഒരു ആവര്‍ത്തനം ആണെന്ന് എനിക്ക് തോന്നുന്നില്ല. വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇത് ഒരു ആവര്‍ത്തനം ആണെന്ന് തോന്നിയാല്‍ ക്ഷമിക്കുക. കാരണം,  ഇത് ആവര്‍ത്തനം കൊണ്ട് ഒരിക്കലും വിരസം ആകുവാന്‍ ആകാത്ത ഇന്ത്യയുടെ സമകാലിക ചരിത്രത്തിലെ സത്യം ആണ്.

ഗോഡ്‌സെയെ പാര്‍ലമെന്റില്‍ ഒരു സംഘപരിവാര്‍ അംഗം ദേശഭക്തനായി വാഴ്ത്തുക. എന്നിട്ട് അതിനുള്ള കാരണങ്ങള്‍ അക്കം ഇട്ട് നിരത്തുക. സംഘപരിവാര്‍ നേതാക്കന്മാര്‍ മഹാത്മാവധത്തെ ന്യായീകരിക്കുന്നത് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി അല്ല എന്ന പേരിലാണ്.  അത് ശരിയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വ്യക്തിപരമായ ശത്രുത ചരിത്രത്തില്‍ ഒരിക്കലും തന്നെ ഉണ്ടായിരുന്നിട്ടില്ല. പക്ഷേ, പ്രശ്‌നം അതല്ല, ആരാണ് ഗോഡ്‌സെ? ആരാണ് മഹാത്മജി ? സംഘപരിവാറിന്റെ വെറുപ്പ് രാഷ്ട്രീയത്തിലധിഷ്ഠിതമായ വിശ്വാസ പ്രമാണങ്ങളില്‍ വിശ്വസിച്ച് അതിന്റെ പ്രചാരകനായിരുന്ന ഒരു മതഭ്രാന്തന്‍ ആയിരുന്നു ഗോഡ്‌സെ. മഹാത്മജിയെ വധിച്ചതിനുശേഷം തൂക്കുകയര്‍ കാത്ത് കിടക്കുമ്പോള്‍ അദ്ദേഹം എഴുതിയ പുസ്തകം : “എന്തുകൊണ്ട് ഞാന്‍ ഗാന്ധിയെ വധിച്ചു ?” ഞാന്‍ വായിച്ചിട്ടുണ്ട്. അതിന്റെ ഉള്ളടക്കം ഒരു തരം രാഷ്ട്രീയ-മതവെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റെ ആണയിട്ട സമ്മതം ആണ്. 

രാഷ്ട്രീയ പ്രതിയോഗികളെ നേരിടുവാനുള്ള വഴി അവരുടെ ഹത്യ ആണോ ? അതാണോ ഹിന്ദു മഹാസഭയും വിശ്വഹിന്ദുപരിഷത്തും ആര്‍.എസ്.എസും, ബജ്രംങ്ങ് ദളും പ്രചരിപ്പിക്കുന്നത്. ഗോഡ്‌സെയെ ഇത്തരത്തില്‍ പുണ്യവല്‍ക്കരിക്കുന്നതിലൂടെ ഇവര്‍ ഇന്ത്യയുടെ ചരിത്രവും പൈതൃകവും മാറ്റി എഴുതുവാനുള്ള വ്യാമോഹത്തില്‍ ആണ്. ഇതിനാണ് മോഡിയുടെ മൌന സമ്മതവും  - അതാണ് ഏറ്റവും സങ്കടകരവും. മോഡിയെ 2002 മുസ്ലീം വംശഹത്യക്ക് ശേഷം സംശയ ദൃഷ്ട്യാ നാളിതുവരെ വീക്ഷിച്ചു വരുന്ന രാഷ്ട്രീയ നിരീക്ഷകര്‍ക്കും, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും അസ്വസ്ഥത ഉളവാക്കുന്നതും ഇത് തന്നെയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ഭാഗവാക്ക് ആകാത്ത ഒരു സംഘടനയാണ് ആര്‍.എസ്.എസ്. അവര്‍ക്ക് അതിനുള്ള കാരണവും ഉണ്ടായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചാല്‍ രൂപപ്പെടുന്നത് ഒരു ഹിന്ദു രാഷ്ട്രം ആയിരിക്കുകയില്ല. അതുകൊണ്ട് മഹാത്മജിയുടെ സ്വാതന്ത്ര്യ സമരവുമായി സഹകരിക്കാതിരിക്കുക. ഇതായിരുന്നു അവരുടെ നയം. ഇത് തന്നെയായിരുന്നു മുഹമ്മദ് അലി ജിന്നയുടെ മുസ്ലീം ലീഗിന്റെയും നിലപാട്. അവസാനം ഗോഡ്‌സെ ഗാന്ധിയെ വധിച്ചു. അദ്ദേഹത്തിന്റെ കാരണം ഗാന്ധിജി മതനിരപേക്ഷതയ്ക്കും മുസ്ലീം താല്പര്യങ്ങള്‍ക്കും ആയി ഹിന്ദുക്കളെ ബലികൊടുക്കുന്നുവെന്നതായിരുന്നു. 

മഹാത്മജി നില കൊണ്ടത് ഇന്ത്യയുടെ അഖണ്ഢതയക്ക് വേണ്ടി ആയിരുന്നു. ഗോഡ്‌സെ നിലകൊണ്ടതാകട്ടെ , മതവൈര്യം കത്തിക്കൊള്ളുന്ന ഒരു വിഭാഗത്തിനുവേണ്ടിയും. അതിന്റെ പുനരവതാരമാണ് ഇപ്പോള്‍ ഈ ഗോഡ്‌സെ പുനരവരതാരത്തിലൂടെ മോഡി ഭരണത്തില്‍ അരങ്ങേറുന്നത്. ജനങ്ങള്‍ തീരുമാനിക്കണം അവര്‍ക്ക് ആരെ ആണ് വേണ്ടതെന്ന് . മഹാത്മജിയെയോ? ഗോഡ്‌സെയേയോ? ഗോഡ്‌സെയിലേക്കുള്ള പ്രതിപത്തി, മാറുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ പ്രതിഫലനം ആണ്. എനിക്ക് അത് ഒരിക്കലും അംഗീകരിക്കാനാവില്ല. വികസനത്തിന്റെ പേരില്‍ ഗോഡ്‌സെയെ വിറ്റാല്‍ ആര് അതിനെ വാങ്ങും? ഞാന്‍ വാങ്ങില്ല. 

മനുഷ്യാവകാശം ഇല്ലാത്ത, രാഷ്ട്രീയ മൂല്യങ്ങളെ മാനിക്കാത്ത വികസനം എനിക്ക് പുല്ലാണ്. ഹിറ്റലറുടെ ഫാസിസത്തിലും വികസനങ്ങള്‍ നടന്നിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവ്‌സഥയിലും ഇരുപതിന പരിപാടിയിലും വികസനം നടന്നിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. പക്ഷേ, ഇതാണോ നമ്മള്‍ വിഭാവന ചെയ്ത ജനകീയ ജനാധിപത്യവും, മതേതരത്വവും, സര്‍വ്വജന പുരോഗതിയും ? ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനവും, സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനവും ഒരുമിച്ചായ ഒക്‌ടോബര്‍ 31-ല്‍ രക്തസാക്ഷി ദിനത്തെ അപ്പാടെ മറന്ന്, സമാധി സ്ഥലത്ത്  ഒരു സന്ദര്‍ശനം പോലും നടത്താതെ , മോഡി ആ ദിവസത്തെ ഐക്യത്തിന്റെ ദിവസം ആയി ആചരിക്കുക വഴി എന്ത് സന്ദേശം ആണ് രാഷ്ട്രീയത്തിന് നല്‍കിയത് ? 

ക്രിസ്തുമസ് ദിവസത്തിന്റെ പ്രസക്തി തേച്ച് മാച്ച് കളഞ്ഞ് അത് അടല്‍ ബിഹാരി വാജ്‌പേയി എന്ന ബഹുമാന്യനായ മുന്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റെ പേരില്‍ സല്‍ഭരണ ദിനമായി ആഘോഷിക്കുക വഴി എന്ത് സന്ദേശം ആണ് മോഡി നല്‍കിയത് ? മാറുന്ന രാഷ്ട്രീയ-മത സംസ്‌കാരത്തിന്റെ വിവേചനത്തിന്റെ സന്ദേശം ആണോ അത് ? മോഡിയുടെ കേന്ദ്രമന്ത്രിമോരുടെ ജല്പനങ്ങളും മാപ്പും എല്ലാം ഇത് തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ മാറുകയാണ്. മത പുനപരിവര്‍ത്തനവും അതിനെ എതിര്‍ത്ത് മോഡി ഒരു വാക്ക് ഉരിയാടാത്തതും ഈ മാറുന്ന ഇന്ത്യയുടെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ ആണ്.

2014-ല്‍ വാജ്‌പേയിക്ക് ഭാരതരത്‌നം നല്‍കിയത് ഓരോ ഇന്ത്യാക്കാരും അഭിമാനിക്കുന്ന ഒന്നാണ്. ഇത് യു.പി.എയ്ക്ക് ചെയ്യാവുന്ന ഒരു കാര്യമായിരുന്നു. പക്ഷേ, ഇടുങ്ങിയ മനസ്ഥിതിയില്‍ അധിഷ്ഠിതമായ അവരുടെ രാഷ്ട്രീയം അതിന് അവരെ അനുവദിച്ചില്ല. ഇന്ദിരാഗാന്ധി മക്കള്‍ തിലകം എം.ജി.ആറിന്  (എം.ജി.രാമചന്ദ്രന്‍) തികച്ചും രാഷ്ട്രീയമായ കാരണങ്ങളാല്‍ ഭാരതരത്‌നം നല്‍കിയ ഒരു രാഷ്ട്രം ആണ് നമ്മുടെതെന്ന് ഓര്‍മ്മിക്കണം. പക്ഷേ, മദന്‍ മോഹന്‍ മാളവ്യ എന്ന ഹിന്ദു മഹാസഭുയടെ സ്ഥാപകന് അദ്ദേഹം മരിച്ചതിന് 67 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഭാരതരത്‌നം വാജ്‌പേയിക്കൊപ്പം നല്‍കിയത് അല്പം ചിന്തനീയമാണ്. അദ്ദേഹം നാല് പ്രാവശ്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആയിരുന്നു. പക്ഷേ, ഒടുവില്‍ അദ്ദേഹം ഒരു ഹിന്ദു നാഷണലിസ്റ്റ് ആയി മാറി. 

മതപരിവര്‍ത്തനത്തന്റെ എതിരാളി ആയിരുന്നു. ഈ മാറുന്ന വര്‍ഗ്ഗീയ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഭാരതരത്‌നം നല്‍കിയത് വിവാദ വിഷയം ആയതില്‍ ഒട്ടും അതിശയമില്ല. അദ്ദേഹത്തിന്റെ സംഭാവനകള്‍ കനപ്പെട്ടത് തന്നെ ആയിരുന്നു. എങ്കില്‍ എന്തുകൊണ്ട് ഒട്ടേറെപേരെ മറ്റുള്ളവര്‍ അവഗണിച്ചു. ടാഗോര്‍, ഫുലെ, തിലക്, ഗോഖലെ, വിവേകാനന്ദ, അക്ബര്‍, ശിവജി, അശോക, ഗുരുനാനാക്ക്, ഭഗത് സിംങ്ങ്…ഇങ്ങനെ ഒട്ടേറെപ്പേരെ ഇതില്‍ ഉള്‍പ്പെടുത്താം. ഇത് സംഘപരിവാറിന്റെ താല്പര്യം ആണ്. മോഡി അത് നടത്തിക്കൊടുത്തു. മാളവ്യ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപിച്ചു എന്നതാണ് പ്രധാനമായി അവാര്‍ഡിന് കാരണമായി പറയുന്നത്. ശരിയാണ്. എങ്കില്‍ എന്തുകൊണ്ട് അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി സ്ഥാപിച്ച സര്‍ സയ്യിദ് അഹമ്മദ് ഖാന്  ഭാരതരത്‌നം  നല്‍കിയില്ല. ഭാരതരത്‌നത്തെ രാഷ്ട്രീയവല്‍ക്കിരിക്കുന്നതും കാവീവല്‍ക്കരിക്കുന്നതും നല്ലതല്ല. അത് ചെയ്യുന്നത്  ഇന്ദിരാഗാന്ധി ആയാലും നരേന്ദ്രമോഡി ആയാലും ശരിയല്ല. സത്യം  പറഞ്ഞാല്‍ ഇവയ്‌ക്കൊന്നും ചരിത്രത്തില്‍ അറിയപ്പെടുവാന്‍, അനുസ്മരിക്കപ്പെടുവാന്‍, ആദരിക്കപ്പെടുവാന്‍ ഇങ്ങനെ ഒരു നെറ്റിപ്പട്ടത്തിന്റെ ആവശ്യമില്ല.

2014-ല്‍ മോഡി അധികാരത്തില്‍ വന്നതിനുശേഷം ഉള്ള ഒട്ടേറെ മത-സാംസ്‌കാരിക- രാഷ്ട്രീയ അസഹിഷ്ണുതകള്‍ ഉണ്ട്. അമീര്‍ഖാന്റെ “പി.കെ.” എന്ന ഹിന്ദി ചലച്ചിത്രത്തിനെതിരെ പരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ട ആക്രമണം ആണ് അതില്‍ ഒന്ന്. ഈ ചിത്രം ഹിന്ദു മൂല്യങ്ങള്‍ക്ക് എതിരാണ് എന്നാണ് ഇവരുടെ വാദം. പലയിടത്തും വ്യാപകമായ ആക്രമണങ്ങള്‍ ഉണ്ടായി. തിയേറ്ററുകള്‍ കത്തിച്ചും പ്രേക്ഷകരെ തടഞ്ഞു. ആരാണ് ബജ് റംഗ് ദളിനും മറ്റും ഹിന്ദു മൂല്യങ്ങളുടെ കുത്തകാവകാശം നല്‍കിയിരിക്കുന്നത്? ആരും നല്‍കിയിട്ടില്ല. ഇവര്‍ തന്നെയാണ് വെന്റി ഡോണിഗെറിന്റെ 'ദി ഹിന്ദൂസ്. ആന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി' പള്‍പ്പാക്കിച്ചതും. ഈ രീതിയിലുള്ള അസഹിഷ്ണുത ഫാസിസത്തിന്റെ മുഖമുദ്രയാണ്. മോഡി അധികാരത്തില്‍ വന്നതിനുശേഷം ഈ മത ഫാസിസ്റ്റ് ശക്തികള്‍ക്ക് പുതിയ ഉണര്‍വ്വും ഉത്തേജനവും, ലഭിച്ചിരിക്കുകയാണ്. അതിനെ നിയന്ത്രിച്ചില്ലെങ്കില്‍ അപകടം ആണ്.

മോഡി ഒട്ടേറെ  മുദ്രാവാക്യങ്ങള്‍ 2014-ല്‍ രാഷ്ട്രത്തിന് നല്‍കി. ചെങ്കോട്ടയുടെ എടുപ്പുകളില്‍ നിന്നുകൊണ്ട് അദ്ദേഹം സ്വാതന്ത്ര്യ ദിന പ്രസംഗത്തിന്‍ പറഞ്ഞു  വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് പത്ത് വര്‍ഷത്തെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന്. നല്ലതുതന്നെ, പക്ഷേ, സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ “മെയ്ക്ക് ഇന്‍ ഇന്ത്യ  , ജന്‍ ധന്‍ യോജന, ശുചിത്വ ഭാരതം, സബ്കാ സാത്ത് സബ്കാ വികാസ്, അച്ചേ ദിന്‍ ആയേഗ” എന്നീ മുദ്രാവാക്യങ്ങള്‍ നല്ലത് തന്നെ. ഇവയെല്ലാം ജനങ്ങളുടെ ശ്രദ്ധയും പ്രതീക്ഷയും ഉണര്‍ത്തിയിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന് ഈ പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍ സഫലീകരിക്കുവാന്‍ സാധിക്കുമോ ജനങ്ങള്‍ പ്രതീക്ഷയിലും അതേപോലെ തന്നെ സന്ദേഹത്തിലുമാണ്. പ്രതീക്ഷയാണ് ഏറെ.

വിദേശ രംഗത്ത് മോഡി ഒട്ടേറെ തുടക്കങ്ങള്‍ കുറിച്ചിട്ടുണ്ട്. സ്വദേശത്തേക്കാള്‍ വിദേശം ആയിരുന്നു അദ്ദേഹത്തിന്റെ അജണ്ടയില്‍ മുന്നില്‍ സ്ഥാനം പിടിച്ചതും.  തൊട്ടടുത്ത അയല്‍ക്കാരെയും അദ്ദേഹം മറന്നില്ല. അമേരിക്കയും, ഓസ്‌ട്രേലിയയും, ചൈനയും, ജാപ്പാനും, റഷ്യയും അദ്ദേഹത്തന്റെ റഡാറില്‍ ഉണ്ട്. 2015-ല്‍ ഫ്രാന്‍സും, ജര്‍മ്മനിയും ബംഗ്ലാദേശും, ചൈനയും മോഡി സന്ദര്‍ശിക്കുന്നുണ്ട്. ഇതെല്ലാം പ്രതീക്ഷയോടെ ആണ് രാഷ്ട്രം നോക്കി കാണുന്നത്. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളും പരിഷ്‌ക്കരണങ്ങളും ആണ് ജനം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഓര്‍ഡിനന്‍സ് റൂട്ടിലൂടെ വന്ന പരിഷ്‌ക്കരണങ്ങളുടെ ജനകീയ വിചാരണ വരുവാന്‍ ഇരിക്കുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ വിദേശ നയതന്ത്ര പരിപാടികളുടെ ഉച്ചകോടി ആയി റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യ അതിഥി ആയി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പങ്കെടുക്കും. ആഘോഷങ്ങളും പ്രകടനങ്ങളും തുടരട്ടെ പ്രകമ്പനം കൊള്ളിക്കട്ടെ . 

2015  തീര്‍ച്ചയായും മോഡിയുടെ ഭരണ പ്രാപ്തി വരിക്കുന്ന വര്‍ഷം ആയിരിക്കും. വെല്ലുവിളികള്‍ ഏറെയുണ്ട് അദ്ദേഹം ഉയര്‍ത്തിയ മുദ്രാവാക്യങ്ങളുടെ വാസ്തവകത ജനം അളക്കും. രാഷ്ട്രീയ-ഭരണ രംഗത്തും സാമ്പത്തിക മേഖലയിലും അദ്ദേഹത്തിന് കഴിവ് തെളിയിക്കേണ്ടതായി വരും. അതോ 2015 ഗോഡ്‌സെ തട്ടിയെടുക്കുമോ ? രാഷ്ട്രപിതാവിനെ വെടിവെച്ച് വീഴ്ത്തിയിട്ട് ഏതാനും ദിവസങ്ങള്‍ക്കകം 67 വര്‍ഷം ആകും. 

ഗോഡ്‌സെ മാരുടെ ശൗര്യം നീണാള്‍ വാഴട്ടെ , ഹെ ! റാം!
2014- മോഡിയുടെ വര്‍ഷം. 2015 ഗോഡ്‌സെയുടെ വര്‍ഷം ആകുമോ? (ഡല്‍ഹി കത്ത്: പി.വി. തോമസ്)
Join WhatsApp News
വായനക്കാരൻ 2015-01-05 19:53:32
ഗോഡ്സെയെ ദേശസ്നേഹിയായി പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ പേരിൽ അമ്പലങ്ങളും പ്രതിമകളും സ്ഥാപിക്കുന്നതു കണ്ട് തന്റെ കൊച്ചുമക്കളുടെ പ്രശംസ നേടിയ ഒരു ഗാന്ധി-ബോട്ട് ബിയർ കുടിക്കാൻ മഹാത്മഗാന്ധിയുടെ ആത്മാവ് ദാഹിക്കുന്നുണ്ടായിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക