Image

എച്ച്ടിസിക്കെതിരെ പേറ്റന്റ് കേസില്‍ ആപ്പിളിന് വിജയം

Published on 20 December, 2011
എച്ച്ടിസിക്കെതിരെ പേറ്റന്റ് കേസില്‍ ആപ്പിളിന് വിജയം
ആപ്പിളിന്റെ പേറ്റന്റ് എച്ച്ടിസി ലംഘിച്ചുവെന്ന് യു.എസ്.ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മിഷന്‍ കണ്ടെത്തി. തങ്ങളുടെ നാല് പേറ്റന്റുകള്‍ എച്ച്ടിസി കൈയേറിയെന്നായിരുന്നു ആപ്പിളിന്റെ വാദം. 

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് മൊബൈല്‍ ഒഎസും ആപ്പിളിന്റെ ഐഒഎസും തമ്മിലുള്ള പരോക്ഷയുദ്ധത്തിന്റെ പ്രതിഫലനമാണ് ഈ കേസെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

വിധിയുടെ പരിധിയില്‍ വരുന്ന പേറ്റന്റ് ഉപയോഗിക്കുന്ന എച്ച്ടിസി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 2012 ഏപ്രില്‍ 19 മുതല്‍ മാത്രമേ അമേരിക്കയില്‍ വില്‍പ്പന വിലക്ക് നിലവില്‍ വരൂ. ആരോപണവിധേയമായ സങ്കേതത്തിന് പകരം പുതിയത് അവതരിപ്പിക്കാന്‍ എച്ച്ടിസിക്ക് സമയമുണ്ടെന്ന് സാരം.

'ഡേറ്റ ടാപ്പിങ്' (data tapping) എന്ന് സാധാരണഗതിയില്‍ വിളിക്കപ്പെടുന്ന യൂസര്‍ ഇന്റര്‍ഫേസ് ഫീച്ചറുമായി ബന്ധപ്പെട്ട സങ്കേതത്തിന്റെ പേറ്റന്റ് എച്ച്ടിസി ലംഘിച്ചുവെന്നാണ് യു.എസ്.കമ്മീഷന്‍ വിധിച്ചിരിക്കുന്നത്. ഫോണ്‍ നമ്പര്‍ പോലെ എംബഡ് ചെയ്ത വിവരം ഫോണില്‍ നിന്ന് പകര്‍ത്താനും ഉപയോഗിക്കാനും യൂസര്‍മാര്‍ക്ക് സൗകര്യമൊരുക്കുന്ന സങ്കേതമാണ് ഡേറ്റ ടാപ്പിങ്. 

ആ ഫീച്ചര്‍ പൂര്‍ണമായും തങ്ങളുടെ ഫോണുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് എച്ച്ടിസി അറിയിച്ചു. അത് ഒഴിവാക്കുന്നതോടെ, അമേരിക്കയില്‍ എച്ച്ടിസി ഫോണുകള്‍ വില്‍ക്കാന്‍ തടസ്സമുണ്ടാകില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക