Image

ശാസ്ത്ര-കോണ്‍ഗ്രസിന്റെ പന്തിയില്‍ പഴമ്പുരാണം വിളമ്പുന്നുവോ ? - ദല്‍ഹി കത്ത് - പി.വി.തോമസ്

പി.വി.തോമസ് Published on 12 January, 2015
ശാസ്ത്ര-കോണ്‍ഗ്രസിന്റെ പന്തിയില്‍ പഴമ്പുരാണം വിളമ്പുന്നുവോ ? - ദല്‍ഹി കത്ത് - പി.വി.തോമസ്
ശാസ്ത്രം  സത്യം ആണ് എന്നാണ് നമ്മള്‍ വിശ്വസിക്കുന്നത്. അത് മിഥ്യ അല്ല. ഈ  ഈസ് ഈക്വല്‍ ടു എംസി സ്‌ക്വയര്‍ ( E=mc2 )  എന്ന് ആറ്റം സ്പ്ലിറ്റ് ചെയ്തു കൊണ്ട് ആന്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രഖ്യാപിച്ചപ്പോള്‍ നമ്മള്‍ അതിനെ വിശ്വസിച്ചു. കാരണം, അദ്ദേഹം അത് തെളിയിച്ച് സ്ഥാപിച്ചു. അതുകൊണ്ടാണ് നമ്മള്‍ ശാസ്ത്രത്തെ വിശ്വസിക്കുന്നത്.

കാണാത്ത ദൈവത്തില്‍ വിശ്വസിക്കുന്നതിന്
മതവിശ്വാസികള്‍ കാരണങ്ങള്‍ ഉണ്ട്. അത് അവരുടെ വിശ്വാസവും, അവകാശവും ആണ്. ഇവിടെ വിഷയം ശാസ്ത്രത്തെയും മിഥ്യ എന്ന പുരാണത്തെയും കൂടിക്കലര്‍ത്തി ജനങ്ങളെ വിഢിയാക്കുവാന്‍ ശ്രമിക്കുന്ന പ്രക്രിയയാണ്.

സംഭവം നടന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി നേരന്ദ്രമോഡി ഉദ്ഘാടനം ചെയ്ത 102-ാം മുംബൈ ശാസ്ത്ര-കോണ്‍ഗ്രസില്‍ ആണ്. അതിനു മുമ്പും ഇത് ഒരു അനുഷ്ഠാനകലയായി, ആസൂത്രിതമായി അരങ്ങേറിക്കൊണ്ടിരിക്കുകയായിരുന്നു. അതിലേക്ക് വിശദമായി വഴിയെ വരാം. സയന്‍സ് കോണ്‍ഗ്രസിന്റെ അരങ്ങില്‍ അര്‍ദ്ധസത്യങ്ങളും, അസത്യങ്ങളും, അന്ധവിശ്വാസങ്ങളും, കിവദന്തികളും വില്‍ക്കുവാന്‍ ശ്രമിക്കുന്നത് അതിന്റെ നൂറ്റാണ്ട് കാലത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. അതാണ് ഇവിടെ പ്രശ്‌നം.

അതാണ് ശാസ്ത്രജ്ഞരും മാധ്യമങ്ങളും സാമൂഹ്യ നിരീക്ഷകരും ഗൗരവമായി നിരീക്ഷിക്കുന്നത്.
ശാസ്ത്ര-കോണ്‍ഗ്രസിന്റെ തുടക്കം (ജനുവരി നാല്) ഗംഭീരം ആയിരുന്നു. മോഡി ശാസ്ത്രത്തിന്റെയും ശാസ്ത്ര ഗവേഷണത്തിന്റെയും പ്രാധാന്യത്തെ അധികരിച്ച് സംസാരിച്ചു. നന്ന്. അതായിരിക്കണം ആധുനിക ഭാരതത്തിന്റെ ജീവനാഡിയെന്നും അദ്ദേഹം ഉദ്‌ഘോഷിച്ചു. പക്ഷേ, അതിനുമുമ്പ് ഒക്‌ടോബര്‍ 26-ന് മുംബെയില്‍ തന്നെ അദ്ദേഹം ചെയ്ത ഒരു പ്രസംഗത്തിന്‍ വൈദ്യശാസ്ത്രത്തെയും ഭാരതീയ പുരാണങ്ങളെയും ഒന്നായി കണ്ടു. അത് പ്രകാരം ഭഗവാന്‍ ഗണേശന്‍ ആണ് ലോകത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയുടെ സൃഷ്ടി. ഇന്ത്യയില്‍ ശതവര്‍ഷങ്ങള്‍ക്ക് മുമ്പേ പ്ലാസ്റ്റിക് സര്‍ജറി നിലവിലുണ്ടായിരുന്നുവത്രെ! അതുപോലെ തന്നെ മഹാഭാരതത്തിലെ കണ്ണന്റെ ജന്മത്തെയും. ഭാരതീയ ശാസ്ത്രത്തിന്റെ പ്രഭാവം മൂലം ആണത്രെ കര്‍ണ്ണന്‍ കുന്തീദേവിയുടെ ഗര്‍ഭപാത്രത്തിനു വെളിയില്‍ ജനിച്ചത്. ഇത് പുരാണം ആണോ ശാസ്ത്രം ആണോ എന്ന് ചോദിച്ചാല്‍ അതിന് പ്രധാനമന്ത്രിക്ക് മാത്രമെ മറുപടി പറയുവാന്‍ സാധിക്കും. സംഘപരിവാറിന്റെ അഭിപ്രായത്തില്‍ ഇത് ശുദ്ധശാസ്ത്രം ആണ്. വിശ്വസിക്കുക തന്നെ!

ശാസ്ത്ര-കോണ്‍ഗ്രസ് ഇതുപോലെയുള്ള സിദ്ധാന്തങ്ങളുടെ ഒരു മേള ആയിരുന്നു. പുരാതന ഇന്ത്യയില്‍ ശാസ്ത്രീയമായി നേടാത്തതായി ഒന്നും ഇല്ല. ഉദാഹരണമായി ക്യാപ്റ്റന്‍ ആനന്ദ് ബോഡാസ് എന്ന സംഘപരിവാര്‍ ശാസ്ത്രജ്ഞന്‍ അവതരിപ്പിച്ച ഒരു പേപ്പര്‍ പരിശോധിക്കുക. പേപ്പറിന്റെ പേര് : “പൗരാണിക ഇന്ത്യയിലെ വ്യോമയാന സാങ്കേതിക വിദ്യ.” ഇതുപ്രകാരം വിമാനം നിര്‍മ്മിക്കലും വിമാനയാത്രയും പൗരാണിക ഇന്ത്യയില്‍ പ്രചുര-പ്രചാരണം നേടിയ ഒരു ശാസ്ത്രം ആയിരുന്നു. മഹര്‍ഷി ഭരദ്വാജയുടെ ബ്രിഹദ് വിമാന-ശാസ്ത്ര എന്ന സംസ്‌കൃത ഗ്രന്ഥത്തില്‍ ഇത് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ പുസ്തകം മഹര്‍ഷി ഭരദ്വാജ രചിച്ചത്, ബി.സി.ആറായിരത്തിനും ഏഴായിരത്തിനും ഇടയ്ക്കാണ്. അതായത്, അമേരിക്കയിലെ റൈറ്റ് സഹോദരന്മാര്‍ വിമാനം പറത്തിയതിനും മില്ല്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്. ബോഡാസിന്റെ പ്രസ്താവന പ്രകാരം മഹര്‍ഷിയുടെ കാലത്ത് ഇന്ത്യന്‍ വിമാനങ്ങള്‍ നഗരത്തില്‍ നിന്നും നഗരത്തിലേക്കും, രാജ്യത്തുനിന്നും വിദേശങ്ങളിലേക്കും എന്തിന് അന്യഗ്രഹങ്ങളിലേക്കുവരെ പറന്നിരുന്നു.  ശാസ്ത്രജ്ഞര്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുവാന്‍ ആരംഭിക്കണമെന്നും ബോഡാസ് ശാസ്ത്ര-കോണ്‍ഗ്രസ്സിനോട് അഭ്യര്‍ത്ഥിച്ചു. 

വൈമാനികരെ പരിശീലിപ്പിക്കുന്ന ഒരു സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാള്‍ ആയിരുന്ന ബോഡാസ് മറ്റൊരു വിവരം കൂടെ വെളിപ്പെടുത്തുകയുണ്ടായി. റൈറ്റ് സഹോദരന്മാര്‍ ആദ്യത്തെ വിമാനം നോര്‍ത്ത് കരോളിനയിലെ കിറ്റിഹക്കില്‍ പറത്തുന്നതിന് എട്ട് വര്‍ഷം മുമ്പ് ബോംബെയിലെ ചൗപ്പാട്ടി ബീച്ചില്‍ 1895-ല്‍ ശിവ്കര്‍  ബാപ്പുജി തല്‍പ്പാടെയും അദ്ദേഹത്തിന്റെ ഭാര്യയും വിജയകരമായി ഒരു വിമാനം പറത്തുകയുണ്ടായി.

മറ്റൊരു സുപ്രധാന വെളിപ്പെടുത്തല്‍ വന്നത് ശാസ്ത്ര-കോണ്‍ഗ്രസിന്‍ പങ്കെടുത്ത ഒരു ആയുര്‍വ്വേദ ഡോക്ടര്‍ ആയ അശ്വിന്‍ സാവന്തില്‍ നിന്നും ആണ്. അദ്ദേഹത്തിന്റെ പേപ്പര്‍ അനുസരിച്ച് 3500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി വികസിച്ചിരുന്നു. അതുകൊണ്ടാണ് മോഡി പറഞ്ഞത് ഭഗവാന്‍ ഗണേശിന്റെ മസ്തിഷ്‌ക്കം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ കൂട്ടി യോജിപ്പിച്ചത് ആണെന്ന്. സാവന്തിന്റെ പേപ്പര്‍ പ്രകാരം ദന്തശാസ്ത്രം 7000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൗരാണിക ഇന്ത്യയില്‍ വളര്‍ന്ന് വികസിച്ചിരുന്നു. 

കേന്ദ്ര-ശാസ്ത്രമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധനും ശാസ്ത്ര-കോണ്‍ഗ്രസിനെ ഞെട്ടിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കണ്ടുപിടുത്ത പ്രകാരം പൈത്തഗൊറസ് തിയറവും ആള്‍ജിബ്രയും പൗരാണിക ഇന്ത്യയുടെ നേട്ടങ്ങള്‍ ആണ്. എന്നാല്‍ പേരിലോ, പ്രശസ്തിയിലോ തല്പരര്‍ അല്ലാതിരുന്ന പൗരാണിക ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ -മഹര്‍ഷികള്‍ ഇവയുടെ കണ്ടുപിടിത്താവകാശം ഗ്രീക്കുകാര്‍ക്കും അറബികള്‍ക്കും നല്‍കി. ഇതിനു കാരണം പൗരാണിക ഇന്ത്യ വസുധ ഏവ കുടുംബകം അതായത്, ലോകം മുഴുവനും ഒരൊറ്റ കുടുംബം ആണ് എന്ന തത്വം ശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്നു. പക്ഷേ, ഹര്‍ഷവര്‍ഷന്റെ പുതിയ ഈ വെളിപ്പെടുത്തലിനെ പ്രമുഖ കണക്ക് ശാസ്ത്രജ്ഞര്‍ ചോദ്യം ചെയ്യുകയുണ്ടായി. അവരുടെ അഭിപ്രായത്തില്‍ പൈത്തഗൊറാസ് തിയറത്തെക്കുറിച്ചും ആള്‍ജിബ്രയെ കുറിച്ചും ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞ കാര്യം വിശ്വാസ  ജനകം അല്ല.

ഒരിക്കല്‍ ഒരു ആഗോള കണക്ക് കോണ്‍ഗ്രസില്‍ ഇന്ത്യയുടെ പ്രസിഡന്റ് ആയിരുന്ന ഡോ.സര്‍വ്വെപ്പള്ളി രാധാകൃഷ്ണന്‍ പങ്കെടുക്കുകയായിരുന്നു. സമ്മേളനത്തിനെത്തുവാന്‍ അല്പം താമസിച്ചു പോയ അദ്ദേഹം ഹാളില്‍ പ്രവേശിക്കുമ്പോള്‍ കേട്ടത് അപ്പോഴത്തെ പ്രാസംഗികന്റെ പരിഹാസം നിറഞ്ഞ ഒരു ചോദ്യം ആയിരുന്നു ഇന്ത്യാക്കാരനോട്. എന്താണ് കണക്ക് ശാസ്ത്രത്തിന് ഇന്ത്യയുടെ സംഭാവന? ഡോ.രാധാകൃഷ്ണന്‍ അന്തരീക്ഷത്തില്‍ സീറോ എന്ന് വിരല്‍ കൊണ്ട് വരച്ച് കാണിച്ചു. സദസ്സ് ഹര്‍ഷാരവത്തോടെ ഡോ.രാധാകൃഷ്ണനെ വരവേറ്റു. പ്രാസംഗികന്‍ ഇളിഭ്യനായി. അതെ കണക്ക് ശാസ്ത്രത്തിന് ഇന്ത്യ നല്‍കിയ വിലമതിക്കാനാവാത്ത സംഭാവന ആയിരുന്നു സീറോയുടെ കണ്ടുപിടുത്തം. പക്ഷേ, 16,000-ല്‍ ഏറെ ശാസ്ത്രജ്ഞര്‍ പങ്കെടുത്ത മുംബൈ ശാസ്ത്ര-കോണ്‍ഗ്രസില്‍ മുഴങ്ങി കേട്ടത് ഏറെയും പഴമ്പുരാണങ്ങള്‍ ആയിരുന്നു. എവിടെ പണ്ഡിറ്റ് നെഹ്‌റുവന്റെ പ്രശസ്തമായ ആ സയന്റിഫിക് ടെമ്പര്‍? പഴമ്പുരാണങ്ങളെ ശാസ്ത്രം ആയിട്ട് അവതരിപ്പിക്കുവാനാണോ ശാസ്ത്രകോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്? രാമായണത്തിലെ പുഷ്പക വിമാനവും പശുതാപാസ്ത്രവും മറ്റും എങ്ങനെ ശാസ്ത്ര കോണ്‍ഗ്രസില്‍ ഇടം കാണും ? പൗരാണിക ഇന്ത്യയിലെ വിമാനത്തിന്റെ കഥയെ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ഒരു അഞ്ചംഗ യുവ ശാസ്ത്രസംഘം 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ചതാണ്. അവരുടെ പഠന പ്രകാരം പൗരാണിക ഇന്ത്യയിലേതെന്ന് പറയുന്ന വൈമാനിക ശാസ്ത്രം ഒരു മിഥ്യയാണ്. അത് ഭാവന ചിറകടിച്ച് പറക്കുന്നതാണ്. അതില്‍ ശാസ്ത്രം ഇല്ല. വൈമാനിക സാങ്കേതികത്വം ഇല്ല. അതില്‍ പ്രകാരം നിര്‍മ്മിക്കുന്ന വിമാനം പറക്കുകയില്ല. (Critical Study of the work Vyamanika Shastra”-published in 1974 in “Scientific Opinion  by Mukunda S.M.Deshpande, H.R.Nagendra, A Prabhu and S.P. Govindaraju).

ഡോ. ദീനാനാഥ് ബത്ര എന്ന ഒരു സംഘപരിവാര്‍ പണ്ഡിതനാണ് ഇന്ത്യന്‍ മിത്തുകള്‍ക്ക് ശാസ്ത്രപരിവേഷം നല്‍കുന്നതിന് മുമ്പില്‍ നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ ബുദ്ധിയില്‍ ഉദിച്ച വിജ്ഞാനത്തിന്റെ പ്രതിധ്വനി ആണ് മുംബൈ സയന്‍സ് കോണ്‍ഗ്രസില്‍ മുഴങ്ങി കേട്ടത്. അത് തന്നെയാണ് ഭഗവാന്‍ ഗണേശിന്റെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെയുള്ള രൂപാന്തരത്തിനും കര്‍ണ്ണന്റെ ജന്മത്തിലൂടയും മോഡി സ്ഥാപിക്കുവാന്‍ ശ്രമിച്ചത്. ഇതെല്ലാം പാഠപുസ്തകങ്ങളിലൂടെ വരും തലമുറയെ ശാസ്ത്രീയമായി പഠിപ്പിക്കുവാന്‍ ആണ് ബത്രയും സംഘപരിവാറും ശ്രിമിക്കുന്നത്. അദ്ദേഹത്തെ ഹരിയാനയിലെ ബി.ജെ.പി.ഗവണ്‍മെന്റ് വിദ്യാഭ്യാസ ഉപദേശകന്‍ ആയി അടുത്തയിടെ നിയമിക്കുകയുണ്ടായി. ഇത് വലിയ വിവാദത്തിന് വഴിയൊരുക്കുകയുണ്ടായി. ഗുജറാത്തിലെ സ്‌കൂളുകളില്‍ നിര്‍ബ്ബന്ധിത വായനയ്ക്ക് നിര്‍ദ്ദേശച്ചിരിക്കുന്ന ബത്രയുടെ ഒരു പുസ്തകം ആണ് 'തേജോമയ് ഭാരത്.'അതിലെ ഒരു ശാസ്ത്രസത്യം അറിയുക. ഇത് കൗരവരുടെ ജന്മത്തിന്റെ ശാസ്ത്രരഹസ്യം ആണ്. ഗാന്ധാരിക്ക് വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഗര്‍ഭം ധരിക്കുവാന്‍ ആയില്ല.

പിന്നീട് ഗര്‍ഭം ധരിച്ചപ്പോഴാകട്ടെ ഗര്‍ഭഛിദ്രവും സംഭവിച്ചു. അതിന്റെ ഭാഗമായി ഒരു വലിയ മാംസപിണ്ഡം ആണ് ഗാന്ധാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും വെളിയില്‍ വന്നത്. ഋഷി ദൈ്വപായന്‍ വ്യാസിനെ വിളിപ്പിച്ചു.  പ്രത്യേക മരുന്നുകള്‍ പുരട്ടി ഒരു വലിയ ശീതളപാത്രത്തില്‍ സൂക്ഷിച്ച് വച്ചു. അതിനുശേഷം അദ്ദേഹം ആ കൂറ്റന്‍ മാംസപിണ്ഡത്തെ നൂറായി കഷ്ണിച്ചു. നൂറുപാത്രങ്ങളില്‍ നെയ്യ് നിറച്ച് അവയെ രണ്ട് വര്‍ഷത്തേക്ക് അതില്‍ സംഭരിച്ചു വച്ചു. ഒടുവില്‍ 100 കൗരവന്മാര്‍ ജനിച്ചു. ഇതാണ് ഗുജറാത്തിലെ കുട്ടികള്‍ പഠിക്കേണ്ട ശാസ്ത്രസത്യം.

ഇതുപോലെയുള്ള ഒട്ടേറെ പുരാണങ്ങള്‍ ശാസ്ത്രം ആയി അവതരിപ്പിക്കുന്നുണ്ട്. അതില്‍ ഒന്നാണ,് മഹാഭാരതവും രാമായണവും പുരാണങ്ങള്‍ അല്ല എന്നത്. അവ ചരിത്രം ആണ്. അയോദ്ധ്യയില്‍ രാമായണ സൈറ്റുകള്‍ ഉത്ഖനനം ചെയ്ത ആര്‍ക്കിയോളൊജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യക്ക് പോലും വ്യക്തമായ ഒരു തീരുമാനത്തില്‍ എത്തിച്ചേരുവാന്‍ ആയിട്ടില്ല. കാരണം, രാമായണം ത്രേതായുഗത്തിലെ സംഭവം ആണ്. ഗവേഷകരുടെ നിഗമനം അത് കാവ്യസങ്കല്പം ആയിരിക്കാമെന്നാണ്. മോഡി അധികാരത്തില്‍ വന്നതിനുശേഷം സംഘപരിവാര്‍ സംഘടനകള്‍ പൊടി തട്ടിയെടുത്തിരിക്കുന്ന ഒട്ടേറെ മിഥ്യകള്‍ ഉണ്ട്. അതിലൊന്നാണ് ആര്യവംശത്തിന്റെ ഉത്ഭവം. അത് ഇന്ത്യയില്‍ ആണ് എന്നതാണ് പരിവാറിന്റെ വാദം. ആര്യന്മാര്‍ മദ്ധ്യേഷ്യയില്‍ നിന്നും അതിക്രമിച്ചു കടന്നവരാണെന്നും അവര്‍ സ്വദേശികളായ ദ്രാവിഡരെ തെക്കെ ഇന്ത്യയിലേക്ക്  തുരത്തിയത് ആണെന്നും ഉള്ള വാദത്തെ പൊളിക്കുവാന്‍ ആണ് ഇവിടെ ശ്രമം. ആര്യന്മാര്‍ ഇന്ത്യയില്‍ നിന്നും യൂറോപ്പിലേക്കും മറ്റും വ്യാപിച്ചതാണെന്നാണ് പരിവാറിന്റെ തിയറി. 

പണ്ട് കാലത്ത് ഉത്തരധ്രുവം ഇപ്പോഴത്തെ ഒഡീഷക്ക് അടുത്ത് എവിടെയോ ആയിരുന്നുവെന്നും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ദല്‍ഹിയിലെ കുത്തബ് മിനാര്‍, കുത്തബ്ദ്ദിന്‍ ഐബക്ക് സ്ഥാപിച്ചതല്ലെന്നും അതിന്റെ സ്ഥാപകന്‍ സമുദ്രഗുപ്തന്‍ ആണെന്നും അതിന്റെ ശരിയായ പേര് വിഷ്ണുസ്തംഭം എന്നാണെന്നും ഉന്നയിക്കപ്പെടുന്നു. ഇവയെല്ലാം വ്യാപകമായി പ്രചരിപ്പിക്കുവാനും ബോധവല്‍ക്കരണം നടത്തുവാനും ആണ് സംഘപരിവാറിന്റെ പുറപ്പാട്.

ശാസ്ത്രവും, ചരിത്രവും തിരുത്തുന്നതും, അവയെ വളച്ചൊടിക്കുന്നതും തെറ്റായി വ്യാഖ്യാനിക്കുന്നതും വ്യാപകമായ നാശം ഉളവാക്കും. പഴയകാലത്തെക്കുറിച്ചുള്ള പൊങ്ങച്ചം കൊണ്ടും വീരസ്യം കൊണ്ട് ഇന്ത്യ ആധുനിക ശാസ്ത്രയുഗത്തില്‍ പുരോഗമിക്കുകയില്ല. നമുക്ക് വേണ്ടത് മംഗള്‍യാന്‍ പോലുള്ള വിജയകഥകള്‍ ആണ്. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പോലുള്ള ശാസ്ത്രജ്ഞന്മാരെയാണ്. അതിന് ശാസ്ത്രാവബോധം വളര്‍ത്തണം. പുരാണങ്ങളോ മിത്തുകളോ മിഥ്യകളോ ശാസ്ത്രം അല്ല. ഭാരതത്തിന്റെ പൗരാണിക സംസ്‌കാരത്തില്‍ അഭിമാനിക്കുന്നവര്‍ ആണ് ഭാരതീയരെല്ലാവരും. വേദങ്ങളും ഉപനിഷത്തുകളും ആര്‍ഷഭാരത സംസ്‌കാരത്തിന്റെ കിരീടത്തിലെ ജ്വലിക്കുന്ന രത്‌നങ്ങള്‍ ആണ്. പക്ഷേ, ആ സംസ്‌കാരിക പൈതൃകത്തില്‍ തന്നെ തീണ്ടലും തൊടീലും സതിയും, നരബലിയും, വിധവ വിവാഹവുമടക്കം  ഒട്ടേറെ അന്ധവിശ്വാസങ്ങളും ഉണ്ട്. 

നമ്മള്‍ ശാസ്ത്രത്തിന് മുന്‍തൂക്കം നല്‍കണം. മിഥ്യകള്‍ക്കല്ല, നമ്മുടെ ജി.ഡി.പി.യുടെ 0.88 ശതമാനം മാത്രമാണ് ശാസ്ത്രഗവേഷണത്തിനും ശാസ്ത്രവികസനത്തിനും നീക്കി വച്ചിട്ടുള്ളത്. ഇത് പോര. ശാസ്ത്രരംഗത്ത് ഇന്ത്യ ഇനിയും ശ്രദ്ധ കേന്ദ്രീകരിക്കണം. നിക്ഷേപം നടത്തണം. 

പഴമ്പുരാണങ്ങള്‍ കേള്‍ക്കുന്നത് വിശ്രമസമയത്തെ വിനോദം മാത്രം ആകട്ടെ !
ശാസ്ത്ര-കോണ്‍ഗ്രസിന്റെ പന്തിയില്‍ പഴമ്പുരാണം വിളമ്പുന്നുവോ ? - ദല്‍ഹി കത്ത് - പി.വി.തോമസ്
Join WhatsApp News
Indian 2015-01-12 16:15:13
ഹിന്ദുത്വ സൂപ്രമസിസ്റ്റ്‌സിന്റെ വിമാനം സങ്കല്പത്തില്‍ ഉള്ളതാണെന്നു ആര്‍ക്കാണു അറിയാത്തത്. ന്റുപ്പാപ്പാക്ക് ആന ഉണ്ടായിരുന്നുവെന്നു പരഞ്ഞതും അവസാനം അതു കുഴിയയാന ആയതും ഓര്‍ക്കുക.
ഇപ്പോള്‍ നമുക്കു വേണ്ടതു പൊങ്ങച്ചമല്ല. ആവസ്യത്തിനു കക്കൂസ് ആണു. സ്വച്ച ഭാരതിനായി നമുക്കു കൈ കോര്‍ക്കാം. സ്വച്ച ഭാരതില്‍ വഗീയക്കാര്‍ക്കു സ്ഥാനമില്ല
A.C.George 2015-01-12 17:04:16

Excellent article about these myth and mythical stories creating and spreading around. Look like they are trying to make the general public fools, that too this modern age. Anybody can create such imaginary stories; we have to just discard them.

 Very excellent reasoning from our Delhi correspondent, P.V.Thomas.

Eutopian 2015-01-12 21:06:49
Please send this article to MODI as a GIft
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക