Image

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം: റോംനിയും ഗിംഗ്‌റിച്ചും ഒപ്പത്തിനൊപ്പം (അങ്കിള്‍സാം)

Published on 21 December, 2011
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം: റോംനിയും ഗിംഗ്‌റിച്ചും ഒപ്പത്തിനൊപ്പം (അങ്കിള്‍സാം)

ന്യൂയോര്‍ക്ക്: അടുത്തവര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ മിറ്റ് റോംനിയും ന്യൂട്ട് ഗിംഗ്‌റിച്ചും ഒപ്പത്തിനമൊപ്പമെന്ന് പുതിയ സര്‍വെ. വാഷിംഗ്ടണ്‍ പോസ്റ്റ്-എബിസി ന്യൂസ് പോള്‍ സര്‍വെ പ്രകാരം റോംനിയ്ക്കും ഗിംഗ്‌റിച്ചിനും 30 ശതമാനം വോട്ടര്‍മാരുടെ പിന്തുണയാണുള്ളത്. 15 ശതമാനം വോട്ടര്‍മാരുടെ പിന്തുണയുമായി റോണ്‍ പോളാണ് മൂന്നാമത്. റിക് പെറിയടക്കമുള്ള മറ്റു സ്ഥാനാര്‍ഥികള്‍ക്കൊന്നും രണ്ടക്ക പിന്തുണ നേടാനായിട്ടില്ല. മാര്‍ച്ചിനുശേഷം ഒബായുടെ അംഗീകാരം 49 ശതമാനത്തിലെത്തിയെന്നും സര്‍വെ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ചവരെ 1005 പേരെ പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്.

ഭൂമിയുടെ വലുപ്പമുള്ള രണ്ടു ഗ്രഹങ്ങള്‍ കണെ്ടത്തി

ന്യൂയോര്‍ക്ക്: ഭൂമിയോടു സാമ്യവും വലുപ്പമുള്ള രണ്ടു ഗ്രഹങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്‌ടെത്തി. സൗരയൂഥത്തിനു പുറത്ത് ഇതുവരെ കണ്‌ടെത്തിയിട്ടുള്ളതില്‍ ഭൂമിയോടു സാമ്യമുള്ള ഗ്രഹങ്ങളില്‍ പ്രധാനികളാണ് പുതിയ അതിഥികളെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഭൂമിക്കു സമാനമായി മറ്റു ഗ്രഹങ്ങളുണ്ടാകാമെന്ന സൂചനകളാണ് ഇത് നല്‍കുന്നതെന്ന് യുഎസിലെ മാസാച്യുസറ്റ്‌സ് ഹാര്‍വഡ്-സ്മിത്ത്‌സോണിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ ഫ്രാന്‍കോയിസ് ഫ്രെസിന്‍ പറഞ്ഞു. സൂര്യനു സമാനമായ ഒരു നക്ഷത്രത്തെ ചുറ്റിയാണ് ഈ ഗ്രഹങ്ങള്‍ നിലകൊള്ളുന്നത്. നേച്ചര്‍ മാസികയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ഫ്രെസിനാണ് ഈ വിവരങ്ങള്‍ പങ്കുവച്ചത്. കെപ്ലര്‍ ടെലിസണ്ട്‌കോപ് വഴിയാണ് ഈ ഗ്രഹങ്ങളെ കണ്‌ടെത്തിയത്. കെപ്ലര്‍ 20 ഇ, കെപ്ലര്‍ 20 എഫ് എന്നാണ് പുതിയ ഗ്രഹങ്ങള്‍ക്ക് ശാസ്ത്ര സമൂഹം പേരിട്ടിരിക്കുന്നത്.

ഒരു ഗ്രഹത്തിന്റെ വ്യാസം ഭൂമിയുടേതിന് മൂന്നു ശതമാനം മാത്രം കൂടുതലാണ്. രണ്ടാമത്തെ ഗ്രഹത്തിന്റെ വ്യാസമാകട്ടെ ഭൂമിയുടേതിന് പത്തില്‍ ഒന്‍പതും. ഭൂമിക്കു സമാനമായ പാറക്കെട്ടുകള്‍ അടങ്ങിയ പ്രതലമാണ് ഇവയുടേത്. അതേസമയം, ഭൂമിയുടേതിനേക്കാള്‍ പതിന്മടങ്ങ് ചൂടാണ് ഇവയ്ക്കുള്ളതെന്നും കണെ്ടത്തി - യഥാക്രമം 760 ഡിഗ്രി സെല്‍ഷ്യസ്, 425 ഡിഗ്രി സെല്‍ഷ്യസ്). ഈ മാസം ആദ്യം ഭൂമിയെപ്പോലെ വാസയോഗ്യമെന്നു കരുതുന്ന മറ്റൊരു ഗ്രഹം ജ്യോതിശാസ്ത്രജ്ഞര്‍ കണെ്ടത്തിയിരുന്നു. സൗരയൂഥത്തിനു പുറത്ത് മനുഷ്യര്‍ക്കു വാസയോഗ്യമായി കണക്കാക്കുന്ന മൂന്നു ഗ്രഹങ്ങളാണ് ഇപ്പോഴുള്ളത്. 20 പ്രകാശവര്‍ഷം അകലെയുള്ള ഗ്ലീസര്‍, 36 പ്രകാശവര്‍ഷം അകലെയുള്ള എച്ച്ഡി 85512ബി എന്നിവ ഇതില്‍ പെടും.

യുഎസില്‍ വിമാനാപകടം: ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ 5 മരണം

വാഷിംഗ്ടണ്‍: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വിമാനാപകടത്തില്‍ ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ടെറ്റര്‍ബറോ വിമാനത്താവളത്തില്‍ നിന്നു ജോര്‍ജിയയിലേക്കു പുറപ്പെട്ട ചെറുവിമാനം ദേശീയ പാതയില്‍ തകര്‍ന്നു വീഴുകയായിരുന്നു. ന്യൂയോര്‍ക്കിലെ പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് സ്ഥാപനമായ ഗ്രീന്‍ഹില്‍ ആന്‍ഡ് കോയുടെ മാനേജിങ് ഡയറക്ടര്‍മാരായ ജെഫ്രി ബക്ക്‌ലൂ, രാകേഷ് ചൗള എന്നിവരും ബക്ക്‌ലൂവിന്റെ ഭാര്യയും രണ്ടു മക്കളും ആണു മരിച്ചതെന്നു സ്ഥിരീകരിച്ചു. രാകേഷ് ചൗള ഇന്ത്യന്‍ വംശജനാണ്. അപകട കാരണം അറിവായിട്ടില്ല. വിമാനത്തിനു തീപിടിച്ച ശേഷം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് പ്രദേസവാസികള്‍ പറഞ്ഞു. ജെഫ്രി ബക്ക്‌ലൂവിന്റെ സ്വന്തം വിമാനമാണ് അപകടത്തില്‍പ്പെട്ടത്.പൈലറ്റ് ലൈന്‍സ് ഉള്ള ഇയാള്‍ തന്നെയാണു വിമാനം പറപ്പിച്ചിരുന്നതും.

പാക് മേഖലയിലെ ഡ്രോണ്‍ ആക്രമണം യുഎസ് നിര്‍ത്തി

വാഷിംഗ്ടണ്‍: പാക് മേഖലയിലെ ഡ്രോണ്‍ (പൈലറ്റില്ലാ വിമാനം) ആക്രമണങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ യുഎസ് തീരുമാനിച്ചെന്നു റിപ്പോര്‍ട്ട്. 24 പാക് സൈനികരുടെ മരണത്തിനിടയാക്കിയ നാറ്റോ വ്യോമാക്രമണത്തെത്തുടര്‍ന്ന് യുഎസും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ ഘട്ടത്തില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായാല്‍ ബന്ധം ഇനിയും മോശമാകുമെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിനെത്തുടര്‍ന്നാണ് തത്കാലത്തേക്ക് പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം നിര്‍ത്താന്‍ യുഎസ് തീരുമാനിച്ചതെന്ന് ദ ലോംഗ് വാര്‍ ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ഭീകരരിലെ വമ്പന്‍ സ്രാവുകള്‍ ആരെങ്കിലും കുടുങ്ങുമെന്നു കണ്ടാല്‍ ആക്രമണം നടത്താന്‍ മടിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നവംബര്‍ 16നു ശേഷം പാക് മേഖലയില്‍ സിഐഎ പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിട്ടില്ലെന്ന് ജേണല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കിമ്മിന്റെ സ്ഥാനം നരകത്തിലെന്ന് മക്‌കെയിന്‍

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഇലിന്റെ നിര്യാണത്തെത്തുടര്‍ന്നു ലോകത്തിന്റെ സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടെന്ന് യുഎസ് സെനറ്റര്‍ ജോണ്‍ മക്‌കെയിന്‍. ഗദ്ദാഫി, ബിന്‍ലാദന്‍, ഹിറ്റ്‌ലര്‍, സ്റ്റാലിന്‍ എന്നിവരോടൊപ്പം നരകത്തിലാണ് കിമ്മെന്നും അദ്ദേഹം പ്രതികരിച്ചു. ഉത്തരകൊറിയന്‍ ജനതയെ പട്ടിണിയിലേക്കു തള്ളിവിട്ട ശേഷം ആഡംബരജീവിതം നയിച്ച ക്രൂരനാണു കിമ്മെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മോഹി മിറ്റ് റോംനി ആരോപിച്ചു. ഏകാധിപത്യത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലാണ് തുറന്നിരിക്കുന്നതെന്നും ഈ അവസരം പരമാവധി ഉപയോഗിച്ച് സമാധാനപരമായ അധികാര കൈമാറ്റത്തിന് ഉത്തരകൊറിയയുടെ സുഹൃത്തായ ചൈന മുന്‍കൈയെടുക്കണമെന്നും ടെക്‌സസ് ഗവര്‍ണര്‍ റിക് പെറി പറഞ്ഞു.

പേറ്റന്റ് കേസ്: എച്ച്ടിസിക്കെതിരെ ആപ്പിളിന് ഭാഗീക ജയം

ന്യൂയോര്‍ക്ക്: തയ്‌വാന്‍ കമ്പനിയായ എച്ച്ടിസിക്കെതിരെ അമേരിക്കയില്‍ നല്‍കിയിരുന്ന പേറ്റന്റ് കേസില്‍ ആപ്പിളിന് ഭാഗീക വിജയം. സ്മാര്‍ട്ട്‌ഫോണ്‍ സങ്കേതവുമായി ബന്ധപ്പെട്ട ആപ്പിളിന്റെ ഒരു മാതൃകാവകാശം (പേറ്റന്റ്) എച്ച്ടിസി ലംഘിച്ചുവെന്ന് യു.എസ്.ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മിഷന്‍ കണെ്ടത്തി. തങ്ങളുടെ നാല് പേറ്റന്റുകള്‍ എച്ച്ടിസി കൈയേറിയെന്നായിരുന്നു ആപ്പിളിന്റെ വാദം. എച്ച്ടിസിക്കെതിരായാണ് ആപ്പിളിന്റെ വിജയമെങ്കിലും, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് മൊബൈല്‍ ഒഎസും ആപ്പിളിന്റെ ഐഒഎസും തമ്മിലുള്ള പരോക്ഷയുദ്ധത്തിന്റെ പ്രതിഫലനമാണ് ഈ കേസെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പുതിയ വിധിയുടെ വെളിച്ചത്തില്‍ കൂടുതല്‍ രാജ്യങ്ങളില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കെതിരെ ആപ്പിള്‍ പേറ്റന്റ് ലംഘനം ആരോപിച്ചേക്കുമെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആപ്പിളിന് അനുകൂലമായി വിധിയുണ്ടായെങ്കിലും, വിധി അമേരിക്കയില്‍ എച്ച്ടിസിക്ക് ഉടനെ പ്രതികൂലമാകില്ല. വിധിയുടെ പരിധിയില്‍ വരുന്ന പേറ്റന്റ് ഉപയോഗിക്കുന്ന എച്ച്ടിസി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 2012 ഏപ്രില്‍ 19 മുതല്‍ മാത്രമേ അമേരിക്കയില്‍ വില്‍പ്പന വിലക്ക് നിലവില്‍ വരൂ. ആരോപണവിധേയമായ സങ്കേതത്തിന് പകരം പുതിയത് അവതരിപ്പിക്കാന്‍ എച്ച്ടിസിക്ക് സമയമനുവദിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക