Image

അവാര്‍ഡുകളുടെ ഒടേതമ്പുരാന്‍ (വാല്‍ക്കണ്ണാടി: കോരസണ്‍ വര്‍ഗീസ്‌ )

കോരസണ്‍ വര്‍ഗീസ്‌ Published on 17 January, 2015
അവാര്‍ഡുകളുടെ ഒടേതമ്പുരാന്‍ (വാല്‍ക്കണ്ണാടി:  കോരസണ്‍ വര്‍ഗീസ്‌ )
അമേരിക്കന്‍ മലയാളികള്‍ മികവിന്റെ കാര്യത്തില്‍ എന്നും മുന്‍പന്തിയിലാണ്. ഏതു വിഷയത്തില്‍ എന്നതല്ല കാര്യം എങ്ങനെ ചെയ്യുന്നു എന്നതിലാണ് അവരുടെ കഴിവ് തെളിയിക്കപ്പെടുന്നത്. അവരുടെ സംഘടനാ നേതാക്കള്‍ അമേരിക്കന്‍ പ്രവാസി സമൂഹത്തിന്റെ ആവശ്യം അനുസരിച്ച് ഉയരാന്‍ ശ്രമിക്കുന്നതുകൊണ്ട് മാത്രമാണ് ഇത് സാധ്യമാകുന്നത്.

അമേരിക്കന്‍ പ്രവാസികളെ സംബന്ധിച്ച്, കുടിവെള്ള പ്രശ്‌നമോ, വിസപ്രശ്‌നങ്ങളോ, സാമ്പത്തിക ദുരിത നിവാരണമോ ഒന്നും മുന്നിലുള്ള വിഷയങ്ങളല്ല; ഇവിടെ ഓരോ വ്യക്തികളും എത്രമാത്രം അംഗീകാരം ഉറപ്പാക്കാം എന്നതുവഴി എത്രമാത്രം സംഘടനാ തലത്തില്‍ പിടിച്ചു നില്‍ക്കാം, സാമ്പത്തീക നേട്ടം ഉറപ്പാക്കാം. അതിലുപരി പ്രവാസി പത്ര കോളങ്ങളില്‍ എത്ര നീളെ നിലനില്‍ക്കാം എന്നതാണ് ചിന്തിക്കപ്പെടുന്നത്. നാട്ടില്‍ പോയി വരുന്നവര്‍ ഇപ്പോള്‍ കൊണ്ടുവരുന്നത് വറുത്ത പലഹാരങ്ങളല്ല, പൊന്നാടകള്‍, അതേ-പൊന്‍-ആടകള്‍! നാട്ടില്‍ പൊന്നാട നിര്‍മ്മാണ കമ്പനികള്‍ അധികം ഉല്‍പാദനം ആരംഭിച്ചുവെന്നും കേള്‍ക്കുന്നു. ചിലരുടെ കാറിന്റെ ഡിക്കിയില്‍ കെട്ടുകണക്കിനു പൊന്നാടകള്‍ അടുക്കിവച്ചിരിക്കുകയാണ്. ഏതെങ്കിലും ആള്‍ക്കൂട്ടം ഉണ്ടാവുമ്പോള്‍ നേതാക്കന്മാര്‍ ചില തല്‍പരകക്ഷികളെ വിളിച്ച് സ്റ്റേജില്‍ കയറി ഇതിട്ട് മൂടലാണ് ചടങ്ങ്. നേതാക്കന്മാരൊപ്പം സ്റ്റേജില്‍ കയറ്റി പുതപ്പീരു കഴിയുമ്പോള്‍, ചുളിവിന് ഒരു പടം മാദ്ധ്യമങ്ങളില്‍ അറിയാതെ, ചിലവില്ലാതെ കയറി അങ്ങു പറ്റുകയും ചെയ്യും. ഈയിടെ ഒരു നേതാവിന് കാറിലെ സ്റ്റോക്കു തീര്‍ന്നതിനാല്‍ മറ്റുരക്ഷയൊന്നുമില്ലാതെ ഭാര്യയുടെ വിവിധ വര്‍ണ്ണത്തിലുള്ള ഷാള്‍ അങ്ങു പുതപ്പിച്ചു! കൂപ്പുകൈയ്യോടെ മീശയും വളച്ചു ചരിഞ്ഞു ഒരു സംഭവമായി നില്‍ക്കുന്ന ഈ വിരുതനെ കണ്ടപ്പോള്‍ ചാന്തുപൊട്ടിലെ ദിലീപിന്റെ ഒരു വേഷത്തെയാണു കൃത്യമായി ഓര്‍മ്മവന്നത്.

അവാര്‍ഡും ഷീല്‍ഡുകളും കൃത്യമായി പറഞ്ഞു ചെയ്യിച്ചു പൊതുവേദിയില്‍ സ്വീകരിക്കുക എന്നത് ഇപ്പോള്‍ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ഇതു സൂക്ഷിക്കാന്‍ ഗാരേജില്‍ സ്ഥലമില്ലാത്തതിനാല്‍ ആഴ്ചകളായി ഗാര്‍ബേജിനോടൊപ്പം കയറ്റിവിടുകയാണ് പതിവ്. ആര്‍ക്കും കൊടുക്കാം, എന്തിനും കൊടുക്കാം, എവിടെയും കൊടുക്കാം ആക്കാര്യത്തില്‍ അമേരിക്കന്‍ മലയാളികള്‍ ഒരു ജാതി, ഒരു മതം, ഒരു ലക്ഷ്യം നേതാക്കള്‍ക്ക്. ഇവിടുത്തെ വേദികള്‍ ആവര്‍ത്തന വിരസതയായപ്പോള്‍ നാട്ടിലേക്കു ചടങ്ങുകള്‍ മാറ്റിയിരിക്കുകയാണ്. ഈ യിടെ നാട്ടില്‍ ചെന്നപ്പോള്‍ ഒരു അവാര്‍ഡു കമ്മിറ്റി സമീപിച്ചു, രൊക്കം ഇത്ര പണം കൊടുത്താല്‍ അവാര്‍ഡു തരാം, എത്ര ആളുകള്‍ വേണം, ഏതൊക്കെ ചാനലുകള്‍, ഏതൊക്കെ മന്ത്രിമാര്‍, എന്തൊക്കെ മേളങ്ങള്‍ പറഞ്ഞാല്‍ മതി ആവശയാനുസരണം പല റേറ്റുകളാണ് നിലനില്‍ക്കുന്നത്. അവരുടെ കൈയ്യിലുള്ള ഇരകളുടെ ലിസ്റ്റ് കണ്ടപ്പോള്‍ കണ്ണുതള്ളി. ഇത്തരം വാര്‍ത്തകളും പടങ്ങളും വന്നു നിറഞ്ഞുതുടങ്ങിയപ്പോള്‍ സാധാരണ വായനക്കാര്‍ പോലും ഇവിടെയിറങ്ങുന്ന പത്രങ്ങള്‍ നോക്കാതായി.

ആദരിക്കയും ആദരിക്കപ്പെടുകയും ചെയ്യേണ്ടത് സമൂഹമെന്ന നിലയില്‍ നമ്മുടെ കര്‍ത്തവ്യമാണ്. ഇതിനു പ്രായപരിധി വയ്ക്കുന്നതില്‍ അര്‍ത്ഥമില്ല. നിഷ്‌ക്രിയ ജീവിതമെങ്കിലും പ്രായം കൊണ്ട് ആദരിക്കപ്പെടാം. ആരോഗ്യമുള്ള ജീവിതമത്രയും സ്വന്തം കാര്യവും സ്വന്തം കുടുംബവുമായി മാത്രം ചിന്തിച്ച് ജീവിച്ച് പെന്‍ഷന്‍ ആയി വിശ്രമജീവിതം അനുഷ്ഠിക്കുന്നവരെയും ആദരിക്കാം, കാരണം ഇവിടെ ആദരിക്കപ്പെടുന്നവരോടൊപ്പം പൂവുംചൂടി സംഘാടകര്‍ പത്രവാര്‍ത്തകളില്‍ വന്നു നിറയുകയല്ലേ ലക്ഷ്യം. കൂട്ടം കൂട്ടമായി, തരം തരമായി വിശദമായി ആദരിക്കാം- ഇതിലൊക്കെ നമ്മുടെ സംഘടനാ നേതാക്കളുടെ സര്‍ഗ്ഗവൈഭവം സമ്മതിച്ചേ മതിയാകയുള്ളൂ. ആദരണീയരായവരുടെ സമ്പാദ്യത്തില്‍ ഒരു കണ്ണ് ദീര്‍ഘദൃഷ്ടിയോടെയിട്ടതാണു പരിപാടികളുടെ അന്തര്‍നാടകമെന്ന് ചിലദോഷൈകദൃഷ്‌ക്കള്‍ പറയുന്നുണ്ട്. അതുപോട്ടെ! ആദരിക്കുക, ആദരിച്ചുകൊണ്ടേയിരിക്കുക.

അമേരിക്കയില്‍ താന്‍ മാത്രമേ ഒരു പുസ്തകം പ്രകാശനം ചെയ്യാനാവാത്തവനായുള്ളൂ എന്നും ഇവിടെ മാദ്ധ്യമരംഗത്തെ ആദരണീയനായ ഒരു പ്രവര്‍ത്തകന്‍ ഒരു സമ്മേളനത്തില്‍ പറഞ്ഞതോര്‍ക്കുന്നു. നാട്ടില്‍ അമേരിക്കന്‍ മലയാളികള്‍ക്കായി പുസ്തകം എഴുതാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു പറ്റം സാഹിത്യകാരന്മാര്‍ ഉണ്ട്. ഏതു വിഷയം, ഏതു ഭാഷ എത്ര പേജ് ഒക്കെ വില പറഞ്ഞ് ഉറപ്പിക്കാം. പുസ്തക പ്രകാശനം അമേരിക്കയിലും കേരളത്തിലുമാവാം, അതിന് കേരള സാഹിത്യ ലോകത്തെ ആചാര്യന്മാരും, രാഷ്ട്രീയ പ്രമുഖരും എപ്പോഴും സജ്ജമാണ്. പച്ചനോട്ടിന്റെ കനത്തില്‍ ഇത്തരം പ്രകടനം നടത്തുന്നവര്‍ മനസ്സില്‍ കുസൃതിച്ചിരിയോടെ എന്തു ചിന്തിക്കും എന്നതില്‍ സംശയം വേണ്ട സാധാരണ അമേരിക്കന്‍ മലയാളികള്‍ ഈ കോപ്രായം കണ്ടു ഏതെങ്കിലും ബധിര-മൂക സംഘത്തിലെ അംഗത്വത്തിന് അപേക്ഷിച്ചാല്‍ അത്ഭുതപ്പെടേണ്ടിവരില്ല.
ഉദര നിമിത്തം- ബഹുകൃതവേഷം.
അവാര്‍ഡുകളുടെ ഒടേതമ്പുരാന്‍ (വാല്‍ക്കണ്ണാടി:  കോരസണ്‍ വര്‍ഗീസ്‌ )
Join WhatsApp News
A.C.George 2015-01-17 02:04:36

Mr. Korson, very best article. We all have to write again and again and follow the results. In many of my articles and poem, I have also pointed about these contagious and chronic diseases of our so called community, religious, literary, social, political, servants/leaders/reformers/high priests. Still this award/ponnada “Ebola” is spreading around crossing the seven seas. Outsourcesing the literary pieces on payment and getting awards for such outsourced literary products are also pathetic. In our conventions, seminars, conferences we see such dramas. When we criticize or write against this type of Award, Ponnada Syndrome, we also have to stay away from such activates. I mean we also must follow what we write. We must practice what we write or preach. In such a way we can eradicate and save our money and time and justice to the reading public.

Korason 2015-01-17 14:06:20
Thank you very much George Sir.
Mathew Chamakkala 2015-01-29 20:42:42
Well written!!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക