Image

സരിതയ്ക്ക് കിട്ടിയതും മാണിസാറിനു കൊടുത്തതും; സംവാദം കൊഴുത്തു

Published on 01 February, 2015
സരിതയ്ക്ക് കിട്ടിയതും മാണിസാറിനു കൊടുത്തതും; സംവാദം കൊഴുത്തു
ന്യൂയോര്‍ക്ക്: ഒരു അമേരിക്കന്‍ മലയാളി സരിതാ നായര്‍ക്ക് ഒരുകോടി 43 ലക്ഷം രൂപ നല്‍കി. വീട്ടില്‍ സോളാര്‍ പാനല്‍ വെയ്ക്കാനും, കമ്പനിയില്‍ ഒരു ജോലി കിട്ടാനും ഇത്രയും തുക നല്‍കുമ്പോള്‍ കേരളത്തിലെ ധനകാര്യമന്ത്രിക്ക് മദ്യവില്‍പ്പനക്കാരുടെ സംഘടന ഒരുകോടി രൂപ "കോഴ' നല്‍കി എന്നത് എത്രകണ്ട് വിശ്വസനീയമാണ്?

കൈരളി ടിവി ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ധനകാര്യ മന്ത്രി കെ.എം. മാണിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അന്വേഷണം അര്‍ഹിക്കുന്നുവെന്ന് ഒരു വിഭാഗവും, ഇല്ലാത്ത കാര്യത്തിന് അന്വേഷണം വേണ്ടെന്ന് എതിര്‍വിഭാഗവും വാദിച്ചു. രാജിവെച്ച് നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരികയാണുത്തമമെന്ന് പാര്‍ട്ടിബന്ധമില്ലാത്തവരും ചൂണ്ടിക്കാട്ടി. എന്നാല്‍ ഇങ്ങനെ രാജിവെച്ച് പോയ കെ. കരുണാകരന്‍, കെ.കെ. വിശ്വനാഥന്‍ തുടങ്ങിയവരുടെയൊക്കെ രാഷ്ട്രീയ ജീവിതം അസ്തമിച്ചുപോയ ചരിത്രവും ചിലര്‍ ചൂണ്ടിക്കാട്ടി.

മോഡറേറ്ററായിരുന്ന കൈരളി ടിവി ഡയറക്ടര്‍ ജോസ് കാടാപുറം, ഇന്നലെ വരെ സുവര്‍ണ്ണശോഭയുള്ള തൊപ്പി ചൂടിയ മാണിസാറിന്റെ തലയില്‍ കറുത്ത തൂവലും വന്നുചേര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയാകാനിരുന്നയാള്‍ മുഖ്യ പ്രതിയായി. കോണ്‍ഗ്രസ് കുഴിച്ച കുഴിയില്‍ മാണി സാര്‍ ആണ് വീണത്. ഇടതുപക്ഷവും ബി.ജെ.പിയും മാണിസാറിനെ തങ്ങളുടെ കൂട്ടത്തില്‍ കൂട്ടാന്‍ ശ്രമിച്ചതാണ്. അതുകൊണ്ടുതന്നെ മാണിസാറിനെതിരേ പ്രതിപക്ഷത്തിന്റെ നിലപാടില്‍ ആത്മാര്‍ത്ഥതയുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു- ചര്‍ച്ച തുടങ്ങിവെച്ച ജോസ് കാടപുറം ചൂണ്ടിക്കാട്ടി.

കെ.എം. മാണി കോഴ വാങ്ങി എന്നതിന് ഒരു തെളിവുമില്ലെന്ന് ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ജയചന്ദ്രന്‍ ചൂണ്ടിക്കാട്ടി. കുറ്റക്കാരനെന്നു കണ്ടാല്‍ രാജിവെയ്ക്കുകയും അന്വേഷണം നേരിടുകയും വേണം. എന്തായാലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനു പങ്കൊന്നുമില്ല. ബാര്‍ ലൈന്‍സന്‍സ് ഫീസ് കുറയ്ക്കാന്‍ കോഴ കൊടത്തുവെന്നാണ് പറയുന്നത്. ബിജു രമേശ് തുക കൊടുത്തതായി തെളിവൊന്നുമില്ല.

അര്‍ത്ഥശൂന്യമായ വിവാദമാണിതെന്ന് ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ പറഞ്ഞു. മദ്യനിരോധനം വി.എം. സുധീരന്റേയും, ഉമ്മന്‍ചാണ്ടിയുടേയും "ഈഗോ'യില്‍ നിന്നുണ്ടായതാണ്. ഫലത്തില്‍ അത് ജനദ്രോഹമായിരുന്നു. മുഖ്യമന്ത്രിയാകാന്‍ അര്‍ഹതയുള്ള മാണിസാറിനെ കുടുക്കാന്‍ നടന്ന കുറ്റകരമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആരോപണങ്ങള്‍. അരനൂറ്റാണ്ടായി ഇദ്ദേഹത്തെ കേരളീയര്‍ക്കറിയാം. വിദേശമലയാളികളുടെ ഉറ്റ സുഹൃത്താണദ്ദേഹം. അദ്ദേഹത്തെ മാത്രം എന്തിനു വേട്ടയാടുന്നു? മറ്റ് മന്ത്രിമാരുടെ പേര് പറയുമെന്നു പറഞ്ഞിട്ട് പറയാത്തതെന്ത്? സരിതാ നായര്‍ മൂന്നുകോടിയുടെ വീട്ടിലാണ് താമസിക്കുന്നതെന്നും അതില്‍ രണ്ടുകോടി കൊടുത്തത് ഒരു മന്ത്രിയാണെന്നും കേള്‍ക്കുന്നു. അതില്‍ എവിടെ അന്വേഷണം?

മാണിസാര്‍ കത്തോലിക്കനാണെങ്കിലും ഒരു മതത്തിന്റേയും ആളല്ല. അദ്ദേഹത്തിന് അനുകൂലമായ നിലപാട് എടുക്കാന്‍ ബിഷപ്പുമാര്‍ക്ക് പരിമിതിയുണ്ട്. എങ്കിലും കെ.സി.ബി.സി അദ്ദേഹത്തിന് അനുകൂലമായി പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി-
ഊരാളില്‍ പറഞ്ഞു.

സംഭവം ബി.ജെ.പി മുതലെടുത്തുവെന്ന് കാടാപുറം ചൂണ്ടിക്കാട്ടി. ബി.ജെ.പി ബന്ദ് പൂര്‍ണ്ണമായിരുന്നുവെന്ന് പാര്‍ട്ടിക്കുവേണ്ടി ജോര്‍ജ് പാടിയേടത്ത് ചൂണ്ടിക്കാട്ടി. ജനം ഇത്രയധികം പ്രതികരിച്ച സംഭവം ഉണ്ടായിട്ടില്ല. ആരോപണം ഉന്നയിച്ചത് അറിയപ്പെടുന്ന വ്യവസായിയും സംഘടനാ നേതാവുമാണ്. രാജിവെച്ച് നിരപരാധിത്വം തെളിയിക്കുകയാണ് ഉചിതം.

പണം വാരിയെറിഞ്ഞ് ആളെ ചാക്കിട്ട് പിടിച്ച് ഭരിക്കുന്ന സര്‍ക്കാര്‍ ആകുമ്പോള്‍ ഇതിലൊന്നും പുതുമ കാണേണ്ടതില്ലെന്ന് ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച ടെറന്‍സണ്‍ തോമസ് ചൂണ്ടിക്കാട്ടി. ഒരു കോടി ചെറിയ തുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് വഴി കോടികള്‍ മറിയുന്നു. സരിതയേയോ, സലീം രാജിനേയോ ഒന്നും ഇന്ന് കേള്‍ക്കാനില്ല. 20 കോടി മദ്യ വ്യവസായികള്‍ പിരിച്ചെന്നു പറയുന്നു. ബാക്കി 19 കോടി എവിടെ? ബിജു രമേശിനെതിരേയും അന്വേഷണം നടത്തണം. അഴിമതി കാട്ടിയ മറ്റ് നാല് മന്ത്രിമാരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കേന്ദ്ര ഏജന്‍സിയെക്കൊണ്ട് ഇതെല്ലാം അന്വേഷിക്കണം.

ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ ഇരുന്നു പറയുന്ന കാര്യങ്ങള്‍ ടേപ്പ് ചെയ്ത് തെളിവെന്ന നിലയില്‍ അവതരിപ്പിക്കുകയാണ് മദ്യമുതലാളിമാര്‍ ചെയ്യുന്നതെന്ന് കേരളാ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഷോളി കുമ്പിളുവേലി പറഞ്ഞു. മാണിസാര്‍ വിചാരിച്ചാല്‍ ബാര്‍ തുറക്കാനാവില്ല. എന്തായാലും ഇക്കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മാണി   സാറിനു പിന്നിലുണ്ട് .

പൊതുജനം കഴുതകളല്ലെന്നും ആരോപണം കൊണ്ട് നേട്ടമുണ്ടായത് കോണ്‍ഗ്രസിനാണെന്നും രാഷ്ട്രീയമില്ലാത്ത ജനത്തെ പ്രതിനിധീകരിച്ച് ബിജു കോട്ടുമ്മല്‍ പറഞ്ഞു.

മാണിസാറിനെതിരെ തെളിവൊന്നും ഉള്ളതായി തോന്നുന്നില്ലെന്ന് എഴുത്തുകാരിയായ സരോജാ വര്‍ഗീസ് പറഞ്ഞു. 42 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന താന്‍ കര്‍മ്മംകൊണ്ട് അമേരിക്കക്കാരിയാണെങ്കിലും ജന്മംകൊണ്ട് കേരളീയ വനിത തന്നെയാണ്. ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണത്തിന്റെ കറ നീക്കാന്‍ മാണിസാറിന് ചുമതലയുണ്ട്. ആവശ്യമെങ്കില്‍ രാജിക്കും മടിക്കരുത്. അദ്ദേഹത്തിന് ഇത്തരമൊരു അവസ്ഥ വന്നതില്‍ സങ്കടമുണ്ട്.

കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരേയും മദ്യവ്യവസായികള്‍ സമീപിച്ചെങ്കിലും അവര്‍ പണം വാങ്ങിയിട്ടില്ലെന്ന് കാടാപുറം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് മന്ത്രി കുഞ്ഞാലിക്കുട്ടിയെ വേട്ടയാടിയതുപോലെയാണ് ഇപ്പോള്‍ മാണിസാറിനെ വേട്ടയാടുന്നതെന്ന് പത്രപ്രവര്‍ത്തകനായ ജോര്‍ജ് ജോസഫ് ചൂണ്ടിക്കാട്ടി. കേരളത്തിലെ രാഷ്ട്രീയക്കാരെല്ലാം പണം വാങ്ങുന്നുണ്ടെന്നത് പരസ്യമായ കാര്യമാണ്. അതു കോഴയായിട്ടോ, പാര്‍ട്ടി ഫണ്ട് എന്ന ഓമനപ്പേരിലാണോ എന്നതുമാത്രമാണ് അറിയേണ്ടത്. താരതമ്യേന ചെറിയ തുകയായ ഒരുകോടി കൊടുത്ത് ധനമന്ത്രിയില്‍ നിന്ന് എന്തുകാര്യമാണ് മദ്യ വ്യവസായികള്‍ ചെയ്തുകിട്ടാന്‍ ആഗ്രഹിച്ചത്?

എന്തായാലും ബി.ജെ.പിയും ജാതിമത പ്രസ്ഥാനങ്ങളുമൊക്കെ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്ന സ്ഥിതിവിശേഷമുണ്ട്. അതും നല്ല സമീപനമായി കരുതാനാവില്ല.
സരിതയ്ക്ക് കിട്ടിയതും മാണിസാറിനു കൊടുത്തതും; സംവാദം കൊഴുത്തു
Join WhatsApp News
പോള്‍ ചാക്കോ 2015-02-03 09:37:05
Great article Sholy. Congratulations!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക