Image

ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറ് വയസ്സാക്കുന്നു

Published on 23 December, 2011
ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറ് വയസ്സാക്കുന്നു
തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറ് വയസ്സായി നിജപ്പെടുത്തുന്നു. നിലവില്‍ അഞ്ച് വയസ്സാണ് ഒന്നാം ക്ലാസില്‍ ചേരാനുള്ള പ്രായം. സ്‌കൂളില്‍ ചേരാനുള്ള പ്രായം ഒരു വര്‍ഷം കൊണ്ട് ആറ് വയസ്സാക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാന്‍ ആദ്യവര്‍ഷമെന്ന നിലയില്‍ ആറ് മാസത്തെ ഇളവ് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കാം. ഇതോടെ അടുത്ത അധ്യയനവര്‍ഷം ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം അഞ്ചര വയസ്സായിരിക്കും.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായാണ് ഒന്നില്‍ ചേരാനുള്ള പ്രായം ആറാക്കികൃത്യപ്പെടുത്തുന്നത്. ദേശീയ തലത്തില്‍ സ്‌കൂള്‍ അധ്യയനം തുടങ്ങുന്നതിനുള്ള പ്രായം ആറ് വയസ്സായി ഏകീകരിക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതിനാല്‍ ഒന്നാംക്ലാസില്‍ ചേരാന്‍ ആറ് വയസ്സാകണമെന്ന നിബന്ധന കേരളത്തിന് മാത്രമായി ഒഴിവാക്കാനാകില്ല.

എന്നാല്‍ നിയമം നടപ്പാക്കുന്നതിന് ചട്ടം രൂപവത്കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രായോഗിക നിലപാടെന്ന നിലയില്‍ ആദ്യവര്‍ഷം ആറ് മാസത്തെ ഇളവ് നല്‍കുക. അടുത്ത പടിയായി ഒന്നാം ക്ലാസില്‍ ചേരാന്‍ ആറ് വയസ്സാകണമെന്ന നിബന്ധന കര്‍ക്കശമാക്കും.

ജൂണില്‍ തുടങ്ങുന്ന അധ്യയന വര്‍ഷത്തിലേക്ക് സ്വകാര്യ സ്‌കൂളുകളിലും മറ്റും ഇപ്പോള്‍ പ്രവേശനം നടന്നുവരികയാണ്. ജനവരിയില്‍ത്തന്നെ മിക്ക സ്‌കൂളുകളിലും അഡ്മിഷന്‍ പൂര്‍ത്തിയാക്കും. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഒന്നാം ക്ലാസില്‍ ചേരാന്‍ ആറ് വയസ്സാകണമെന്ന നിബന്ധനയുള്ളതിനാല്‍ ഇത് സംബന്ധിച്ച വ്യക്തതയ്ക്കായി സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും വിദ്യാഭ്യാസ വകുപ്പില്‍ അന്വേഷണം നടത്തിവരികയായിരുന്നു. അടിയന്തര പ്രാധാന്യമുള്ളതിനാല്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിലുള്ള ശുപാര്‍ശ വകുപ്പ് മന്ത്രിയുടെ തീരുമാനത്തിനായി സമര്‍പ്പിച്ചിരിക്കയാണെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു.

ജൂണ്‍ ഒന്നിന് ആറ് വയസ്സാകണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്‍റ് കമ്മിറ്റിയുമായി ആലോചിച്ച് ഹെഡ്മാസ്റ്റര്‍ക്ക് ആറ് മാസത്തെ ഇളവ് നല്‍കാമെന്നാണ് ശുപാര്‍ശയിലെ ഉള്ളടക്കം.

ഒരു വര്‍ഷം നാല് ലക്ഷത്തോളം കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നുവരുന്നത്. ഇക്കുറി ആറില്‍ നിന്ന് അഞ്ചര വയസ്സിലേക്ക് പ്രായം കുറയ്ക്കുന്നതോടെ മൂന്നിലൊന്ന് കുട്ടികളെങ്കിലും അടുത്ത വര്‍ഷം ഒന്നില്‍ കുറയുമെന്നാണ് കരുതുന്നത്. ഒന്നുരണ്ട് വര്‍ഷങ്ങളിലൂടെയേ ഈ രീതി മാറി പൂര്‍വസ്ഥിതിയിലാകൂ. മുന്‍ വര്‍ഷംതന്നെ ഒന്നില്‍ ചേരാനുള്ള പ്രായം ആറ് വയസ്സാക്കാന്‍ മുന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന കുറവ് അധ്യാപക തസ്തികയെയും ബാധിക്കുമെന്നതിനാല്‍ തീരുമാനം നീട്ടുകയായിരുന്നു. അതേസമയം അധ്യാപക പാക്കേജ് പ്രഖ്യാപിച്ചതിനാല്‍ ഈ വര്‍ഷം കുട്ടികളില്‍ ഉണ്ടാകുന്ന കുറവ് അധ്യാപകരുടെ ജോലിയെ ബാധിക്കില്ല.

മുന്‍വര്‍ഷം വരെ സര്‍വീസില്‍ ഉള്ളവരെ ഉള്‍പ്പെടുത്തി അധ്യാപക ബാങ്ക് രൂപവത്കരിച്ചതിനാല്‍ ബാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജോലി നഷ്ടമാകില്ല. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറ് വയസ്സാക്കി നിഷ്‌കര്‍ഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക