Image

ആര്‍ച്ച്‌ ബിഷപ്‌ സൂസപാക്യം മെത്രാഭിഷേക രജതജൂബിലി നിറവില്‍

Published on 03 February, 2015
ആര്‍ച്ച്‌ ബിഷപ്‌ സൂസപാക്യം മെത്രാഭിഷേക രജതജൂബിലി നിറവില്‍
തിരുവനന്തപുരം: പ്രാര്‍ഥനാനിര്‍ഭരമായ ചടങ്ങില്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. എം. സൂസപാക്യത്തിന്റെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു.

തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചുമണിയോടെ തിരുവനന്തപുരം പാളയം സെന്റ്‌ ജോസഫ്‌സ്‌ കത്തീഡ്രലില്‍ കൃതജ്‌ഞതാ ബലി അര്‍പ്പിക്കാനെത്തിയ ആര്‍ച്ച്‌ ബിഷപ്പിനെ ബാന്‍ഡ്‌ മേളം, താലപ്പൊലി എന്നിവയോടെ സ്വീകരിച്ചു. കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്‍, ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്‌. പെരേര ആര്‍ച്ച്‌ ബിഷപ്പിനെ പൊന്നാടയണിയിച്ചു. തുടര്‍ന്ന്‌ 25 വര്‍ഷത്തിന്റെ പ്രതീകമായി 25 വെള്ളരിപ്രാവുകളെ ആര്‍ച്ച്‌ ബിഷപ്പും ബിഷപ്പുമാരും വൈദികരും ചേര്‍ന്നു മാനത്തേക്കു പറത്തി.

തുടര്‍ന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ സൂസപാക്യത്തിന്റെ നേതൃത്വത്തില്‍ അര്‍പ്പിച്ച കൃതജ്‌ഞതാ ബലിയില്‍ ബിഷപ്പുമാരായ ഡോ. സില്‍വസ്‌റ്റര്‍ പൊന്നുമുത്തന്‍, ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, വിജയപുരം രൂപതാ വികാരി ജനറല്‍ മോണ്‍. സെബാസ്‌റ്റിയന്‍ പൂവത്തുങ്കല്‍, മോണ്‍. യൂജിന്‍ എച്ച്‌. പെരേര, നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്‌തുദാസ്‌, തിരുവനന്തപുരം അതിരൂപത എപ്പിസ്‌കോപ്പല്‍ വികാരി മോണ്‍. തോമസ്‌ നെറ്റോ എന്നിവരും നൂറ്റന്‍പതിലേറെ വൈദികരും സഹകാര്‍മികരായിരുന്നു.

25 വര്‍ഷമായി അതിരൂപതയില്‍ എന്തെങ്കിലും വികസനവും പുരോഗതിയും ഉണ്ടായിട്ടുണ്ടെങ്കില്‍ അതു വൈദികരുടെയും സന്യസ്‌തരുടെയും ജനങ്ങളുടെയും കൂട്ടായ്‌മ മൂലമാണെന്നു കുര്‍ബാനമധ്യേ ആര്‍ച്ച്‌ ബിഷപ്‌ സൂസപാക്യം പറഞ്ഞു. 1990 ഫെബ്രുവരിയിലാണു താന്‍ മെത്രാനാകുന്നത്‌. രണ്ടു കൊല്ലത്തോളം ഇടവകയില്‍ ശുശ്രൂഷ ചെയ്‌ത പരിചയം മാത്രമേ അന്നു തനിക്ക്‌ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ 25 വര്‍ഷത്തേക്കു തിരിഞ്ഞുനോക്കുമ്പോള്‍ തനിക്കു പിടിച്ചുനില്‍ക്കാന്‍ സാധിച്ചതു ദൈവത്തിന്റെ കരുതല്‍കൊണ്ടു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അനുമോദന യോഗത്തില്‍ ബിഷപ്പുമാരായ ഡോ. സില്‍വസ്‌റ്റര്‍ പൊന്നുമുത്തന്‍, സാമുവല്‍ മാര്‍ ഐറേനിയസ്‌, മോണ്‍. യൂജിന്‍ എച്ച്‌. പെരേര, ഫാ. ജോയി, ലിഡ ജേക്കബ്‌ എന്നിവര്‍ പ്രസംഗിച്ചു. പാളയം കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ്‌ തോമസില്‍നിന്ന്‌ ഒരു ലക്ഷം രൂപ ഏറ്റുവാങ്ങി ദുരിതാശ്വാസ നിധിയുടെ ഉദ്‌ഘാടനം ആര്‍ച്ച്‌ ബിഷപ്‌ സൂസപാക്യം നിര്‍വഹിച്ചു. പാവപ്പെട്ടവര്‍ക്കുള്ള ആര്‍ച്ച്‌ ബിഷപ്പിന്റെ ഭവന പദ്ധതിയുടെ പ്രഖ്യാപനവും നടത്തി. ഇതിനായുള്ള ധനസഹായം അദ്ദേഹം ഏതാനും പേരില്‍നിന്ന്‌ ഏറ്റുവാങ്ങുകയും ചെയ്‌തു.

ആര്‍ച്ച്‌ ബിഷപ്‌ സൂസപാക്യത്തിന്റെ പ്രസംഗങ്ങളുടെ സമാഹാരം, അതിരൂപതാ പ്രസിദ്ധീകരണമായ ജീവനും വെളിച്ചവും സ്‌പെഷല്‍ പതിപ്പ്‌, സ്‌മരണിക എന്നിവയുടെ പ്രകാശനം മോണ്‍. വില്‍ഫ്രഡിനു നല്‍കി ബിഷപ്‌ ഡോ. സില്‍വസ്‌റ്റര്‍ പൊന്നുമുത്തന്‍ നിര്‍വഹിച്ചു.
ആര്‍ച്ച്‌ ബിഷപ്‌ സൂസപാക്യം മെത്രാഭിഷേക രജതജൂബിലി നിറവില്‍
Join WhatsApp News
FM Lazer 2015-02-03 09:06:40
Congratulations
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക