Image

ഡല്‍ഹിയില്‍ കെജ്‌റി തരംഗം, മോഡി പതറുന്നു? (സിറിയക്ക് സ്‌കറിയ)

സിറിയക്ക് സ്‌കറിയ Published on 04 February, 2015
 ഡല്‍ഹിയില്‍ കെജ്‌റി തരംഗം, മോഡി പതറുന്നു? (സിറിയക്ക് സ്‌കറിയ)
കെജ്‌രി എന്ന കുതിരയെ പിടിച്ചുകെട്ടാന്‍ ബുദ്ധിമുട്ടാണ് എന്ന ബോദ്ധ്യത്തിലാണ് മോഡി എന്ന സിംഹം ബേദിയെപ്പോലൊരു പെണ്‍കടുവയെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്കയച്ചത്.

ഏതു കോടതി കുറ്റവിമുക്തനാക്കിയാലും മോഡിയ്ക്ക് മനസ്സാക്ഷിയുടെ കോടതിയുടെ മുമ്പില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് വ്യക്തതയോടെ ഒരു ദിവസം പറയേണ്ടിവരുമെന്ന് ട്വിറ്ററില്‍ കുറിച്ച (3/16/13, 1:48 PM) ബേദി കഴിഞ്ഞ മാസം ബി ജെ പിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി വന്ന് മലക്കം മറിഞ്ഞപ്പോള്‍ തുടങ്ങിയതാണ് കാവിപ്പാര്‍ട്ടിയുടെ ശനിദശ. പ്രസംഗവും പ്രഖ്യാപനങ്ങളുമെല്ലാം കാലം ചെല്ലുമ്പോള്‍ മറക്കുന്ന ജനം എന്ന കഴുത ഇന്ന് കൂടുതല്‍ പ്രബുദ്ധരാണ്; അതു മാത്രമല്ല, സാങ്കേതികതയുടെ വളര്‍ച്ചയോടെ ശാക്തീകരിയ്ക്കപ്പെട്ടവരുമാണ്.

അതുകൊണ്ടാണ് രണ്ടുകൊല്ലം പറഞ്ഞ കാര്യങ്ങളെല്ലാം ഇന്നു വിഴുങ്ങാന്‍ പറ്റാത്ത വിധത്തില്‍ സോഷ്യല്‍ മീഡിയായിലും ഇന്റര്‍നെറ്റിലുമെല്ലാം നിഴലിച്ചു നില്‍ക്കുന്നത്. അവസരവാദത്തിന്റെ രാഷ്ട്രീയമുഖം എന്ന പ്രതിച്ഛായ പേറിയ ബേദി ബി ജെ പിയുടെ നടുനായകസ്ഥാനം ഏറ്റെടുത്തതോടെ ഏറെക്കുറെ ഒപ്പത്തിനൊപ്പം എന്ന സാഹചര്യം മാറി എഎപി എന്ന പാര്‍ട്ടി മുന്നേറുന്നതായാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.

പ്രമുഖ മാദ്ധ്യമ ഗ്രൂപ്പുകളുടെ പ്രീപോള്‍ സര്‍വ്വെ റിസല്‍റ്റുകള്‍ താഴെപ്പറയും പ്രകാരമാണ്.

1) ഇന്ത്യാ ടുഡെ സിസെറോ:

എഎപി: 38- 46 സീറ്റുകള്‍
ബി ജെ പി: 19- 25 സീറ്റുകള്‍
കോണ്‍ഗ്രസ്: 3- 7 സീറ്റുകള്‍

2) എ ബി പി നീല്‍സന്‍:

എഎപി: 35 സീറ്റുകള്‍
ബി ജെ പി: 29 സീറ്റുകള്‍
കോണ്‍ഗ്രസ്: 6 സീറ്റുകള്‍

3) ഇക്കണോമിക്ക് ടൈംസ് ടി എന്‍ എസ്:

എഎപി: 38 സീറ്റുകള്‍
ബി ജെ പി: 30 സീറ്റുകള്‍
കോണ്‍ഗ്രസ്: 2 സീറ്റുകള്‍

4) ഹിന്ദുസ്താന്‍ ടൈംസ്

എഎപി: 39 സീറ്റുകള്‍
ബി ജെ പി: 30 സീറ്റുകള്‍
കോണ്‍ഗ്രസ്: 5 സീറ്റുകള്‍

5) ദ വീക്ക് (മനോരമ ഇംഗ്ലീഷ് ന്യൂസ് വീക്കിലി)

ബി ജെ പി: 36 സീറ്റുകള്‍
എഎപി: 29 സീറ്റുകള്‍
കോണ്‍ഗ്രസ്: 4 സീറ്റുകള്‍

സര്‍വ്വേകളില്‍ മലയാളമനോരമയുടെ പ്രസിദ്ധീകരണമായ 'ദ വീക്ക്' മാത്രമാണ് ബി ജെ പിയ്ക്ക് അനുകൂലമായി കണക്കിലെ കളി അവതരിപ്പിയ്ക്കുന്നുള്ളു. പ്രതാപം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിനെ കൈയൊഴിഞ്ഞ ശേഷം ബി ജെ പിയെ പിന്തുണയ്ക്കുന്ന മനോരമയുടെ നയതന്ത്രമാണോ ഈ സര്‍വ്വേകളിലെ വൈരുദ്ധ്യമെന്നത് ഫെബ്രുവരി പത്തിനു ശേഷം അറിയാം.

ആര്‍ എസ്സ് എസ്സ് ഒരു വര്‍ഗ്ഗീയസംഘടനയാണ് എന്ന് എന്‍ഡിടിവിയുമായുള്ള അഭിമുഖത്തില്‍ ഉറപ്പിച്ചു പറഞ്ഞ അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും ഉദിച്ചുയരുന്നത് സംഘപരിവാര്‍ സംഘടനകളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. 10- 15 ലക്ഷം സി സി ടി വി ക്യാമറകള്‍ ഡല്‍ഹി നഗരം മുഴുവന്‍ വിന്യസിച്ചുകൊണ്ട് 200 കോടി ചെലവില്‍ കുറ്റകൃത്യങ്ങള്‍ കുറച്ചുകൊണ്ടു വരുമെന്ന് എഎപി വാഗ്ദാനം ചെയ്യുന്നു.

വൈഫി ഫ്രീയായി നല്‍കിക്കൊണ്ട് പാര്‍പ്പിടം, വസ്ത്രം ഭക്ഷണം ശുദ്ധജലം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കൊപ്പം കണക്റ്റിവിറ്റിയും ഒഴിച്ചുകൂടാനാകാത്തതാണ് എന്ന വസ്തുത അരക്കിട്ടുറപ്പിയ്ക്കുന്നതിലൂടെ യുവജനങ്ങളുടെ വോട്ട് എഎപി നേടിയെടുക്കുകയാണ്. രാഷ്ട്രീയത്തില്‍ 4സി എന്ന ആശയം അവതരിപ്പിച്ചു കൊണ്ട് പൊളിറ്റിക്കല്‍ മാര്‍ക്കറ്റിംഗ് എന്നൊരു അക്കാദമിക് ഫാക്കല്‍റ്റിയ്ക്കും കൂടി എഎപി തുടക്കം കുറിയ്ക്കുകയാണ്. 5പി എന്ന മാര്‍ക്കറ്റിംഗ് പ്രയോഗം പ്രോഡക്റ്റ് വില്പനയുടെ അടിസ്ഥാനമന്ത്രമാണ്. പ്രോഡക്റ്റ്, െ്രെപസ്, പ്ലേസ്, പൊസിഷനിംഗ്, പ്രൊമോഷന്‍ എന്നിവയുടെ ചുരുക്കപ്പേരാണ് 5പി. എന്നാല്‍ സകല മാര്‍ക്കറ്റിംഗ് ഗുരുക്കന്മാരേയും കടത്തിവെട്ടിക്കൊണ്ട് 4സി എന്ന മന്ത്രവുമായി കെജ്‌രിവാള്‍ മോഡിയ്ക്ക് വെല്ലുവിളി ഉയര്‍ത്തിക്കഴിഞ്ഞു.

ഹോസ്‌നി മുബാരക്കിന്റെ കോപ്പിയടിച്ച കോട്ടിന്റെ പേരില്‍ ചമ്മല്‍ മാറാത്ത മോഡിജി 4സി എന്ന പുത്തന്‍ ആശയത്തിനു മുമ്പില്‍ പതറുമെന്നു പറയാതെ വയ്യം. കറപ്ഷന്‍, ക്രൈം, ക്യാരക്റ്റര്‍, കമ്മ്യൂണലിസം എന്നതാണ് 4സിയുടെ വിപുലീകരണം.

എഎപി എന്ന പാര്‍ട്ടിയില്‍ ടിക്കറ്റ് കിട്ടണമെങ്കില്‍ ഇനി 4സി ടെസ്റ്റു പാസ്സാകണം. അതായത് സ്വഭാവമഹിമയുള്ളവര്‍ക്കും അഴിമതിയും കുറ്റവാസനയും വര്‍ഗ്ഗീയതയും തൊട്ടുതീണ്ടാത്തവര്‍ക്കും മാത്രമേ ഇനി ഈ പാര്‍ട്ടി സീറ്റു നല്‍കുകയുള്ളു. എന്നു പറഞ്ഞാല്‍, തൊപ്പിവച്ചവരെല്ലാം സ്വപ്നം കാണേണ്ടാ, 4സി പാസ്സായെങ്കിലേ തൊപ്പിയ്ക്കുള്ളില്‍ വിജയകിരീടം ഉറപ്പിയ്ക്കാനാകൂ എന്നു ചുരുക്കം.

പ്രവചനങ്ങള്‍ ഫലിച്ച് എഎപി വിജയം കൊയ്താല്‍ ഡല്‍ഹിയില്‍ മാത്രമല്ല, ഇന്ത്യയിലാകമാനം ആ തരംഗം പ്രതിദ്ധ്വനി സൃഷ്ടിയ്ക്കും. മോഡിയുഗം എന്ന രാജയോഗ മതാധിഷ്ഠിത ശൈലി വിട്ട് പഠിപ്പും വിവേകവുമുള്ളവന്റെ സാധാരണത്വബോധത്തിനും പ്രശ്‌നാധിഷ്ഠിത രാഷ്ട്രീയത്തിനും പിന്നീട് പ്രാമുഖ്യമുണ്ടാകും. റിലയന്‍സും അഡാനിയുമൊക്കെ പിന്നെ കുഴപ്പത്തിലാകുമെന്നു മാത്രമല്ല, സോഷ്യലിസ്റ്റ് സങ്കല്പത്തിലുള്ള എഎപി രാഷ്ട്രീയം രാജ്യത്തെ നഗരങ്ങളില്‍ മുന്‍തൂക്കം നേടുകയും ചെയ്യും.

മോഡി എന്ന മഹാരാജാവിന് കെജ്‌രി എന്ന പടക്കുറുപ്പിന്റെ രംഗപ്രവേശനം എത്ര മാത്രം തടസ്സങ്ങള്‍ സൃഷ്ടിയ്ക്കുമെന്ന് ഫെബ്രുവരി പത്തിനു ശേഷം നമുക്ക് കണ്ടും കേട്ടും അറിയാം.

മുതലാളിത്തത്തിനോടൊപ്പം സാമാന്യജനത്തിന്റെ സോഷ്യലിസ്റ്റു ചിന്തകളും നഗരങ്ങളിലെങ്കിലും പ്രകടമാകുന്നത് ജനാധിപത്യത്തിന്റെ ഭാവിയ്ക്ക് ഭാസുരമാണ്.

എന്തായാലും കാത്തിരിക്കാം നാലഞ്ചു രാവുകള്‍ കൂടി.

സിറിയക്ക് സ്‌കറിയ

cysvee@gmail.com

 ഡല്‍ഹിയില്‍ കെജ്‌റി തരംഗം, മോഡി പതറുന്നു? (സിറിയക്ക് സ്‌കറിയ)
Join WhatsApp News
A.C.George 2015-02-04 11:29:45
Mr. Cyriac Scariah,
I think your evaluation is fair and great. I am also thinking your way. I hope your evaluation will become a reality. As you said we will wait for 5 more days.
George Texas 2015-02-05 07:30:18
mmmm....മോഡിയോടുള്ള അസൂയ മുഴുവൻ പ്രതിഫലിക്കുന്ന ലേഖനം ..ആം ആദ്മി എന്ന കട്ടിലു കണ്ടു പനി പിടിച്ചു സ്വപ്നം കാണുന്നു ചിലർ ....49 ദിവസം തെളിയിച്ചതല്ലേ ...ഇനിയും തെളിയക്കട്ടെ ....വിവരം ഉള്ളത് ആർ ക്കാണെന്ന് അപ്പോൾ അറിയാമല്ലോ .... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക