Image

ചൈനയില്‍ എഴുത്തുകാരനെ ജയിലിലടച്ചു

Published on 23 December, 2011
ചൈനയില്‍ എഴുത്തുകാരനെ ജയിലിലടച്ചു
ബെയ്ജിങ്: അറബ് പ്രക്ഷോഭങ്ങളുടെ ചുവടുപിടിച്ച് ചൈനയിലും ജനാധിപത്യ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത എഴുത്തുകാരന്‍ ചെന്‍ വെയെ ജയിലിലടച്ചു. ഒന്‍പതു വര്‍ഷത്തെ തടവിനാണ് ചെന്നിനെ ശിക്ഷിച്ചത്. ചൈനയിലെ ഏകകക്ഷി സംവിധാനത്തെ ചോദ്യംചെയ്ത് ചെന്‍ വിവിധ വിദേശ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് നടപടിക്ക് കാരണം.

താന്‍ കുറ്റക്കാരനല്ലെന്നും ചൈനയില്‍ ജനാധിപത്യം പുലരുക തന്നെ ചെയ്യുമെന്നും ചൈനീസ് ഭരണകൂടം അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ചെന്‍ കോടതിയില്‍ പറഞ്ഞു. വിചാരണ വെറുമൊരു പ്രഹസനമായിരുന്നുവെന്ന് ചെന്നിന്റെ ഭാര്യ ആരോപിച്ചു.

അടച്ചിട്ട മുറിക്കുള്ളില്‍ രണ്ടു മണിക്കൂറാണ് വിചാരണ നീണ്ടുനിന്നത്. ചെന്നിന് പുറമെ ജനാധിപത്യ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത നിരവധിപ്പേര്‍ ഇപ്പോഴും ചൈനയില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നുണ്ട്. എന്നാല്‍, ഇതില്‍ ഏറ്റവും കടുത്ത ശിക്ഷ ലഭിച്ചത് ചെന്നിനാണ്.

1989ല്‍ ടിയാന്‍മെന്‍ ചത്വരത്തില്‍ നടന്ന പ്രക്ഷോഭത്തിലും പങ്കെടുത്തിരുന്ന ചെന്‍ അന്നും ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്കായി തയ്യാറാക്കിയ പ്രകടനപത്രികയായ ചാപ്റ്റര്‍ 08ല്‍ നോബല്‍ സമ്മാന ജേതാവ് ല്യു സിയാബോവോയ്‌ക്കൊപ്പം ഒപ്പുവച്ച വ്യക്തിയാണ് ചെന്‍. ല്യു ഇപ്പോള്‍ ജയില്‍വാസം അനുഭവിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക