Image

തേന്‍-ഔഷധഗുണങ്ങളുടെ കലവറ

ആശ പണിക്കര്‍ Published on 10 February, 2015
 തേന്‍-ഔഷധഗുണങ്ങളുടെ കലവറ
 രാവിലെ അടുക്കളയില്‍ ബ്രേക്ക്ഫാസ്റ്റിന് പുട്ടുണ്ടാക്കുന്നതിനിടയിലാണ് രാധയുടെ കൈയ്യില്‍ നീരാവി തട്ടിയത്. കൈത്തണ്ടയില്‍ ചുവന്ന് പൊള്ളി കുമിള പോലെ വന്നു. നീറുപ്പുകഞ്ഞ വേദനയുമായി കരഞ്ഞ രാധയുടെ കൈയില്‍ മുത്തശ്ശിയാണ് തേന്‍ പുരട്ടിക്കൊടുത്തത്. വേദന പെട്ടെന്നു ശമിച്ചു എന്നു മാത്രമല്ല, ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പൊളളലേറ്റ ഭാഗത്തെ പാടുകള്‍ മുഴുവന്‍ മാഞ്ഞു കൈത്തണ്ടയുടെ ഭംഗി തിരിച്ചു കിട്ടുകയും ചെയ്തു. 

എണ്ണമറ്റ ഗുണങ്ങള്‍ തേനിനുണ്ടെന്നതാണ് സത്യം. മധുരത്തിന്റെ അവസാനവാക്കാണ് തേന്‍. തേന്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. പ്രകൃതിജന്യമാണത്. ഇതില്‍ മഗ്നീഷ്യം, കാല്‍സ്യം, ഗന്ധകം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം, അയഡിന്‍, സോഡിയം തുടങ്ങി ധാരാളം ധാതുക്കളും ലവണങ്ങളും ജീവകങ്ങളും അടങ്ങിയിരിക്കുന്നു. മനുഷ്യശരീരത്തില്‍ കാണുന്ന എല്ലാ മൂലകങ്ങളും ചെറിയ അളവില്‍ തേനിലുണ്ട്. വളരെയധികം ഔഷധഗുണമുള്ള ഒന്നാണ് തേന്‍. പലവിധ അസുഖങ്ങള്‍ക്ക് തേന്‍ അങ്ങേയറ്റം ഗുണപ്രദമാണ്. പാരമ്പര്യ വൈദ്യത്തില്‍ ഉപയോഗിക്കുന്ന പല മരുന്നുകളിലും ഒറ്റമൂലികളിലും തേന്‍ അവിഭാജ്യ ഘടകമാണ്. അമൃതിനു സമാനമാണിത്. പ്രകൃതിയുടെ വിഭവമായതിനാല്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്. ചില സൗന്ദര്യക്കൂട്ടുകളില്‍ തേന്‍ ചേര്‍ക്കാരുണ്ട്.  വിഷങ്ങള്‍ നിര്‍വീര്യമാക്കാനും തേന്‍ ഉപയോഗിക്കുന്നു. 

                    തേനിന്റെ ഗുണങ്ങള്‍....മറക്കരുതേ
* ദിവസവും തേന്‍ കഴിക്കുന്നതു കോശങ്ങള്‍ക്ക് ഊര്‍ജമേകും.

* തേനും നെയ്യും ചേര്‍ത്തു പുരട്ടിയാല്‍ മുറിവുകള്‍ കരിയും.

* ത്വക്ക് രോഗങ്ങള്‍, മുറിവുകള്‍, പാട്, വ്രണങ്ങള്‍, ചര്‍മത്തിലെ ചുളിവുകള്‍ എന്നിവ തേന്‍ പുരട്ടിയാല്‍ സുഖപ്പെടും.

*  കാരറ്റ് ജ്യൂസ്, മുരിങ്ങയില നീര് എന്നിവ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ കാഴ്ചശക്തി വര്‍ധിക്കും.

*  പനിക്കൂര്‍ക്കയില തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫക്കെട്ട് ശമിക്കും

 
                              ചില തേന്‍ ഔഷധക്കൂട്ടുകള്‍
* മുഴികൊഴിച്ചിലിന് പുത്തരിച്ചുണ്ട കുല ചതച്ച് നീരെടുത്ത് തേന്‍ ചേര്‍ത്ത് തലയില്‍ പുരട്ടുന്നതു വളരെ ഫലപ്രദം.

* അമിതവണ്ണം കുറയാന്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്തുകുടിക്കുക.

*  ജലദോഷം ശമിക്കാന്‍ സ്പൂണ്‍ പത്ത് സെക്കന്‍ഡ് ചൂടാക്കി അതില്‍ തേന്‍ ഒഴിച്ച് കറുവാപ്പൊടി ഒരു നുള്ള് ചേര്‍ത്ത് കഴിക്കുക

* ഉറക്കക്കുറവിന് രാത്രി പാലില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക

* വായ്പുണ്ണ്, അസിഡിറ്റി, വായ്‌നാറ്റം എന്നിവയ്ക്ക് തണുപ്പിച്ച കഞ്ഞിവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക

* വിളര്‍ച്ച മാറാന്‍ ഉറുമാമ്പഴത്തോട് തേന്‍ ചേര്‍ത്ത് കഴിക്കുക 

* മോണവീക്കം മാറാന്‍ തേന്‍ കവിള്‍കൊള്ളുക


                                      
                      കോശനിര്‍മിതിക്കും സൗന്ദര്യസംരക്ഷണത്തിനും
                                  മെഴുകും റോയല്‍ ജെല്ലിയും 

ഔഷധഗുണമേറെയുള്ള തേന്‍ മാത്രമല്ല തേനീച്ചകള്‍ ഉല്‍പാദിപ്പിക്കുന്നത്. തേന്‍ പോലെ തന്നെ തേനീച്ചകള്‍ ഉല്‍പാദിപ്പിക്കുന്ന മെഴുകും റോയല്‍ ജെല്ലിയും (തേനീച്ചകളുടെ തലയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന പദാര്‍ഥം) വളരെ ഗുണമുള്ള മരുന്നാണ്. തേനീച്ചകള്‍ ഉല്‍പാദിപ്പിക്കുന്ന റോയല്‍ജെല്ലിക്ക് ഇന്ന് വിപണിയില്‍ ആവശ്യക്കാരേറെയാണ്. കുഞ്ഞുങ്ങളുടെ ബുദ്ധിക്ക് റോയല്‍ ജെല്ലി അത്യുത്തമമാണ്. ശരീരത്തില്‍ പുതിയ കോശങ്ങളുടെ നിര്‍മിതിക്ക് ഇതു വളരെ സഹായകമായതിനാല്‍ സൗന്ദര്യവര്‍ധക വസ്തുക്കളിലും അര്‍ബുദ ചികില്‍സയിലും ഉപയോഗിക്കുന്നു.

മരങ്ങളുടെ തൊലി, ഇലഞെട്ട്, പൂക്കള്‍ എന്നിവയില്‍നിന്ന് ചെറുതേനീച്ചകള്‍ ശേഖരിക്കുന്ന മരപ്പശ ചില രാസപദാര്‍ഥങ്ങളുമായി ചേര്‍ത്തുണ്ടാക്കുന്ന മെഴുകാണു പ്രപ്പോളിസ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഉത്തമം. മുറിവുകളെ ഉണക്കും. വായ്‌നാറ്റവും വായിലെ വ്രണങ്ങളും മാറാന്‍ നല്ലതാണ്. ചുരുക്കത്തില്‍ തേനും മെഴുകും റോയല്‍ ജെല്ലിയുമുള്‍പ്പെടെ തേനീച്ചകള്‍ നല്‍കുന്നതെല്ലാം മനുഷ്യന് അത്യുത്തമം തന്നെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക