Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:19 -കൊല്ലം തെല്‍മ)

കൊല്ലം തെല്‍മ, ടെക്‌സാസ് Published on 21 February, 2015
 ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:19 -കൊല്ലം തെല്‍മ)

അദ്ധ്യായം 19

തിരുവനന്തപുരം ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങുമ്പോള്‍ കെല്‍സിയുടെ ഹൃദയം പടപടാ മിടിച്ചു.... തന്റെ നാട്ടിലേയ്ക്ക് തിരികെ എത്തിയെങ്കിലും മുന്നില്‍ നിറഞ്ഞു നില്‍ക്കുന്ന ഭാവിയെപ്പറ്റിയുള്ള ചിന്ത, ദേശക്കാരെയും ബന്ധുജനങ്ങളെയും അഭിമുഖീകരിക്കേണ്ടത് എങ്ങനെയെന്നുള്ള ചിന്തകള്‍.... എല്ലാം കൂടി കെല്‍സിയില്‍ കനലായ് എരിഞ്ഞമര്‍ന്നു.
കസ്റ്റംസ് ക്ലിയറന്‍സും കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ തന്നെയും കാത്തുനില്‍ക്കുന്ന അച്ഛനെയും എസ്തപ്പാനെയും അകലെനിന്നേ കെല്‍സി കണ്ടു. ആനന്ദവും അതിലേറെ ആശങ്കയുമായി കെല്‍സി കുട്ടികളെയുംകൂട്ടി അവരുടെ സമീപത്തേയ്ക്ക് നടന്നു.
അവരുടെ അടുത്തെത്തിയതും കെല്‍സി, അച്ഛന്‍ മാധവമേനോനെ ഒന്നടങ്കം കെട്ടിപ്പിടിച്ച് തേങ്ങി.... എസ്തപ്പാന്‍ കുട്ടികളെ രണ്ടുപേരെയും കവിളില്‍ തലോടി തന്നോട് ചേര്‍ത്തു പിടിച്ചു. കെല്‍സിയുടെ കൈയില്‍നിന്നും ഊര്‍ന്നുവീണ ലഗേജുകള്‍ എടുത്ത് എസ്തപ്പാന്‍ ഡ്രൈവറെ ഏല്‍പ്പിച്ച് ഇന്നോവയില്‍ എടുത്തുവയ്പ്പിച്ചു, കുട്ടികളെയും കൂട്ടി കയറി ഇരുന്നു.
കെല്‍സി മുഖംതുടച്ച് അച്ഛനോടൊപ്പം വാഹനത്തിന് സമീപത്തേയ്ക്ക് ചെന്നു. വീട്ടിലേയ്ക്കുള്ള യാത്രയില്‍ കെല്‍സി മൗനം പാലിച്ചിരുന്നു. എസ്തപ്പാന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു എന്നല്ലാതെ കൂടുതലൊന്നും സംസാരിച്ചില്ല. കുട്ടികള്‍ അച്ഛന്റെയും എസ്തപ്പാന്റെയും കൂടെകൂടി പെട്ടെന്നുതന്നെ ചങ്ങാത്തം സ്ഥാപിച്ചു. ഇടയ്ക്ക് വാഹനം നിര്‍ത്തി അവര്‍ക്ക് വേണ്ടതെല്ലാം എസ്തപ്പാനും അച്ഛനും മുറയ്ക്ക് മുറയ്ക്ക് വാങ്ങി നല്‍കുന്നുണ്ടായിരുന്നു.
വീട്ടിലേയ്ക്കുള്ള ഗേറ്റ് കടന്നപ്പോള്‍തന്നെ കണ്ടു സുഭദ്രാമ്മ സിറ്റൗണ്ടില്‍തന്നെ തങ്ങളെയും കാത്തിരിക്കുന്നു. വാഹനം പടികടന്നപ്പോള്‍ അവര്‍ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി. എസ്തപ്പാന്‍ വാഹനം നിര്‍ത്തി ഇറങ്ങിവന്ന് മുന്‍വാതില്‍ തുറന്ന് അച്ഛനെയും കുട്ടികളെയും ഇറക്കി. അപ്പോഴേയ്ക്കും കെല്‍സി വാതില്‍തുറന്ന് ഇറങ്ങിക്കഴിഞ്ഞു.
സുഭദ്രാമ്മ ഓടിവന്ന് കുഞ്ഞുങ്ങളെ രണ്ടുപേരെയും മാറോട്‌ചേര്‍ത്ത് ഇറുകിപുണര്‍ന്നു. കണ്ണുകളില്‍നിന്ന് ഊര്‍ന്നുവീണ അശ്രുകണങ്ങള്‍ കുട്ടികളുടെ നിറുകയില്‍ അനുഗ്രഹമായി പടര്‍ന്നു. മുത്തശ്ശിയുടെ കാച്ചെണ്ണമണമുള്ള മുടിയിഴകള്‍ കുരുന്നുകളുടെ മുഖകമലങ്ങളില്‍ വീണിഴഞ്ഞു. അവര്‍ അമ്പരന്ന് നില്‍ക്കുകയാണ്.
സുഭദ്രാമ്മ കെല്‍സിയെ ചേര്‍ത്തുനിര്‍ത്തി കവിളില്‍ ഒരു ചുടുമുത്തം നല്‍കി. 'ഉം... നീയൊന്ന് ക്ഷീണിച്ചിട്ടുണ്ട്...' സുഭദ്രാമ്മ കെല്‍സിയെ അടിമുടി നോക്കി പറഞ്ഞു.
'ഓ.... അതു സാരമില്ലമ്മേ.... രണ്ടുദിവസം ഈ നാടിന്റെ കാറ്റ് ഏറ്റ് നടക്കുമ്പോള്‍ ഒന്നു മിനുങ്ങില്ലേ. പിന്നെ അമ്മയല്ലേ കൂടെ....' കെല്‍സി സ്‌നേഹപൂര്‍വ്വം അമ്മയുടെ കവിളില്‍ നുള്ളി.
'യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു മോളെ.... കുഞ്ഞുങ്ങള്‍ക്ക് സുഖംതന്നെയായിരുന്നില്ലേ...?'
'നന്നായിരുന്നു..... അവര്‍ ട്രാവല്‍ നന്നായി എന്‍ജോയി ചെയ്തു' കെല്‍സി മറുപടി നല്‍കി.
മാധവമേനോന്‍, കുഞ്ഞനന്തനോടുപറഞ്ഞ് കെല്‍സിയുടെ ലഗേജുകള്‍ എടുത്ത് വയ്പിച്ചു. ഇനിയും കുറച്ചധികം പാഴ്‌സലുകള്‍ എത്തിച്ചേരേണ്ടതായുണ്ട്..... കുഞ്ഞനന്തന്‍ വളരെക്കാലമായി തങ്ങളുടെ തറവാട്ടിലെ അനുബന്ധ ജോലികളുമായി കഴിയുന്ന ഒരാശ്രിതനാണ്. കാര്യസ്ഥന്റെ ജോലി കൃത്യമായും വിശ്വസ്തമായും നിറവേറ്റുന്ന കുഞ്ഞനന്തനെ അച്ഛന് ഏറെ ഇഷ്ടവുമാണ്.
കുഞ്ഞനന്തന്‍ താമസിക്കുന്നത് അച്ഛന്‍ വാങ്ങിച്ചു നല്‍കിയ അഞ്ചുസെന്റ് പുരയിടത്തിലെ വീട്ടിലാണ്.
ചെറുപ്പകാലം തൊട്ട് തങ്ങളെ സേവിക്കുന്ന കുഞ്ഞനന്തന്‍ കുടുംബജീവിതംപോലും  വേണ്ടെന്നുവച്ച് ഒറ്റത്തടിയായി കഴിയുന്നു. വിശ്വസ്തതയും സ്‌നേഹവും അതിലുപരി വേറെ നിരവധി നല്ല അവസരങ്ങള്‍ വന്നിട്ടുപോലും തന്നെ വിട്ടുപോകാതിരുന്നതിലും പ്രീതനായാണ് അച്ഛന്‍ കുഞ്ഞനന്തന്റെ പേരില്‍ അഞ്ചു സെന്റു പുരയിടവും വാങ്ങി നല്‍കിയത്. അച്ഛന്‍ കൃഷിയാപ്പീസിലേയ്ക്കും അമ്മ സ്‌കൂളിലേയ്ക്കും പോയിരുന്ന കാലത്ത് വീടും പുരയിടവും കൃഷിയും തന്റേതുപോലെ നോക്കി നടത്തിയത് കുഞ്ഞനന്തനാണ്. കുഞ്ഞനന്തന്റെ ആത്മാര്‍ത്ഥമായ കായികാദ്ധ്വാനവുമാണ് അച്ഛന്റെ പൊന്നുവിളയുന്ന മണ്ണ്.
രാവിലെ ആറിന് ഇറങ്ങിയാല്‍ കുഞ്ഞനന്തന്‍ ഭക്ഷത്തിന്റെ ഇടവേളയൊഴികെ ബാക്കി സമയം മുഴുവന്‍ ഏല്‍പിച്ച പണികളില്‍ വ്യാപൃതനാണ്. വൈകുന്നേരം കണ്ണുമങ്ങുന്നതാണ് തിരിച്ചു കയറുവാനുള്ള കണക്ക്. വാഴത്തോപ്പിനപ്പുറത്തെ തെങ്ങില്‍പറമ്പിനു മദ്ധ്യേ ഒഴുകുന്ന കൈത്തോട്ടിലെ തണുത്ത വെള്ളത്തില്‍ കുളിച്ച് ഉടുമുണ്ടും നനച്ച് കയറിവരുന്നതാണ് കുഞ്ഞനന്തന്റെ ദിനചര്യ.
ഇടയ്ക്ക് പശുവിനേയും ആടിനേയും തീറ്റി അവയ്ക്ക് സന്ധ്യയ്ക്ക് വേണ്ട തീറ്റിയും വെട്ടി എല്ലാം ഭംഗിയായി നടത്തും.... എല്ലാംകൊണ്ടും വിശ്വസ്ത കാര്യസ്ഥന്‍ എന്നതിലുപരി അച്ഛന്റെ വലംകൈ തന്നെയാണ് കുഞ്ഞനന്തന്‍.
കെല്‍സി വീട്ടിലെ തന്റെ മുറിയില്‍ കയറി. അമ്മ എല്ലാം ഭംഗിയില്‍ കാത്തുസൂക്ഷിച്ചിരിക്കുന്നു. തന്റെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍.... സ്‌കൂള്‍-കലാലയകാലത്തെ അപൂര്‍വ്വസുന്ദരഫോട്ടോകള്‍.... എല്ലാം ഫ്രെയിം ചെയ്ത് തൂക്കിയതുപോലെതന്നെ ഭംഗിയില്‍ കാത്തുസൂക്ഷിച്ചിരിക്കുന്നു. അഞ്ചാറുവര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ കുറവുകളോ തന്റെ അസാന്നിധ്യത്തിന്റെ അവഗണകളോ ഇല്ലാതെ ഭംഗിയില്‍ ക്രമീകരിച്ചിരിക്കുന്നു.
കെല്‍സി ദീര്‍ഘമായി നിശ്വസിച്ചു. തന്റെ സിനിമാ ജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളിലെ അമൂല്യനിധികളില്‍ അധികവും സൂക്ഷിച്ചിരുന്നത് ഈ മുറിയിലാണ്. തനിക്ക് കൂടെകൊണ്ടുപോകാവുന്നതിലും അധികമായവ....!
കെല്‍സി ഡ്രെസ് ചെയ്ഞ്ച് ചെയ്ത് പുറത്തിറങ്ങി. കുട്ടികള്‍ അച്ഛനോടും അമ്മയോടും എസ്തപ്പാനോടും ഒന്നിച്ച് കളിച്ചുല്ലസിക്കുകയാണ്. കുട്ടികള്‍ ആദ്യമായാണ് അമ്മയുടെ തറവാടും നാടും കാണുന്നതുതന്നെ. പുതിയൊരു ലോകത്തിന്റെ ആനന്ദത്തിലാണവള്‍! ഈ ഒരു ചെയിഞ്ച് അവര്‍ക്കും നന്നേ ബോധ്യപ്പെട്ടെന്നു തോന്നുന്നു.
കെല്‍സി എത്തിയപ്പോള്‍ എസ്തപ്പാന്‍ പോകാനെഴുന്നേറ്റു.
എന്താ....എസ്തപ്പാനെ തിരക്ക്. ഇന്നു ബിസിയാണോ? ഏതായാലും ഇനി ഊണുകഴിച്ചിട്ട് പോയാല്‍ മതി....' അച്ഛന്‍ നിര്‍ദ്ദേശിച്ചു.
'വൈകുന്നേരം കോഴിക്കോടിന് പുറപ്പെടേണം.
നാളെ അവിടെ ഒരു ഉദ്ഘാടനചടങ്ങുണ്ട്.... പിന്നെ മറ്റന്നാള്‍ പുതിയ ഫിലിമിന്റെ പൂജ കോഴിക്കോടു വച്ചു നടക്കുന്നു' എസ്തപ്പാന്‍ വിശദീകരിച്ചു.
'അതിനെന്താ.... ഊണുകഴിഞ്ഞ് വീട്ടില്‍ചെന്ന് പോകാവുന്നതല്ലേയുള്ളൂ....' കെല്‍സി അഭിപ്രായം പറഞ്ഞു.
'അതുമതി.... കുഴപ്പമില്ല....' എസ്തപ്പാന്‍ സമ്മതിച്ചു.
'ങ്ങാ.... സുഭദ്രാമ്മേ.... തന്റെ ഉപ്പുമാങ്ങാച്ചമ്മന്തി ഊണിന് തയ്യാറാക്ക്.... അഞ്ചാറ് ഭരണിനിറയെ കണ്ണിമാങ്ങാ നിറച്ചുവച്ചത് ഇനിയും തീര്‍ന്നിട്ടുണ്ടാവില്ല്യാലോ?'മാധവമേനോന്‍ തന്റെ ഇംഗിതം അറിയിച്ചു....
'ശരിയാ അമ്മേ.... അമ്മയുടെ കണ്ണിമാങ്ങാ ഭരണി തുറന്ന് കുറച്ച് എടുത്ത് വയ്ക്ക്.... അതിന്റെ ചാറും പഴുത്തലിഞ്ഞ കാന്താരിമുളകും കൂടി കോരിവയ്ക്കണമേ അമ്മേ....' കെല്‍സിയും സുഭദ്രാമ്മയും കിച്ചണിലേയ്ക്ക് നടന്നു.
എസ്തപ്പാനും കുട്ടികളും മാധവമേനോനും പുറത്തേക്കിറങ്ങി.
'ഏതായാലും കുറച്ചുസമയം നമുക്ക് പുറത്തിറങ്ങി പ്രകൃതിദത്തമായ ഇളംകാറ്റ് കൊള്ളാം....' എസ്തപ്പാന്‍ തെല്ലൊരാനന്ദത്തോടെ മുന്‍പേ നടന്നു. അപ്പുവും മിന്നുവും ഓടിച്ചാടി നടന്നു. മാധവമേനോന്‍ കുഞ്ഞനന്തനോട് കുറച്ച് പേരയ്ക്കാപ്പഴം പറിച്ച് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ ഏര്‍പ്പാടു ചെയ്തു.
കുഞ്ഞനന്തന്‍ പേരയില്‍ കയറി നല്ല സ്വര്‍ണ്ണവര്‍ണ്ണപേരയ്ക്കാകള്‍ പറിച്ചു. മാധവമേനോന്‍ കൃഷിയാപ്പീസില്‍നിന്ന് കൊണ്ടുവന്നു നട്ടുപിടിപ്പിച്ചവയില്‍ ഒന്നാണീ പേരമരം. വലിയൊരു ചെറുനാരങ്ങായുടെ വലിപ്പത്തില്‍ നിറയെ കായ്ക്കുന്ന പേരമരം.... രുചിയും മധുരമോ.... ഹൊ.... ഓര്‍ത്താല്‍ കൊതിവരും.... എണ്ണമില്ലാതെ എത്രവേണേലും തിന്നുതീര്‍ക്കാം ഈ പേരയ്ക്ക....
കുഞ്ഞനന്തന്‍ പത്തുപന്ത്രണ്ട് പേരയ്ക്കായുമായിവന്നു കുഞ്ഞുങ്ങളുടെ ഇരുകൈയ്യിലും ഓരോന്ന് കൊടുത്തു. നാലഞ്ചെണ്ണം എസ്തപ്പാനും നല്‍കി. മാധവമേനോന്‍ ഒന്നുരണ്ടെണ്ണം തിന്നു. കുഞ്ഞനന്തന്‍ തിന്നു ഒരെണ്ണം. ബാക്കി കുഞ്ഞുങ്ങള്‍ക്കായി കൈയ്യില്‍ കരുതി.
എസ്തപ്പാന്‍ കെല്‍സിയുള്ളപ്പോഴും ഇല്ലാത്തപ്പോഴും മാധവമേനോന്റെ വീട്ടില്‍ വന്നുപോവാറുണ്ട്. മാധവമേനോന്‍ ഒരു നല്ല കൃഷിക്കാരനും കൂടിയാണ്. മണ്ണിനെ മക്കളെപ്പോലെ സ്‌നേഹിക്കുന്ന കൃഷിക്കാരന്‍. ഒരു ഓഫീസറെന്നനിലയിലും ഭാര്യയുടെ ജോലിയും കൂട്ടി ഒരു കുടുംബത്തിന് അല്ലലില്ലാതെ കഴിഞ്ഞുപോകാവുന്നതാണ്. എന്നിട്ടും തന്റെ കാര്‍ഷികവിജ്ഞാനവും മണ്ണിനോടുളള സ്‌നേഹവും ചേര്‍ത്തിണക്കി ഒരു നല്ല പൂങാവനംതന്നെയാണ് നട്ടുനനച്ചുവളര്‍ത്തിയെടുത്തത്. പലരും മോഹവില നല്‍കി ഈ പുരയിടം സ്വന്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എവിടെ നടക്കാന്‍, മാധവമേനോന്‍ വഴങ്ങിയിട്ടുവേണ്ടേ. ഇതു പോലൊന്ന് തയ്യാറാക്കിയെടുക്കാന്‍ സഹായസഹകരണവും ഉപദേശനിര്‍ദ്ദേശങ്ങളും നല്‍കാം എന്ന് മാധവമേനോന്‍ അവരോട് പറഞ്ഞിട്ടും അതിന് 'വൈറ്റ്‌കോളര്‍' സമൂഹത്തിലെ വക്താക്കള്‍ക്ക് വയ്യ.... അത്ര തന്നെ....
'ഞാനന്നുതന്നുവിട്ട കുറ്റ്യാടി തെങ്ങ് ചൊട്ടയിട്ടോ എസ്തപ്പാനെ...' മാധവമേനോന്‍ തിരക്കി.
'ഓ.... ഏകദേശം അതു കായ്ക്കാറായിട്ടുണ്ട്.... നന്നായി പരിചരിക്കുന്നതുകൊണ്ട് എളുപ്പം കായ്ക്കും....' എസ്തപ്പാന്‍ ഒരു സീതപ്പഴം കൈയ്യെത്തിപ്പറിച്ചുകൊണ്ട് പറഞ്ഞു. കുട്ടികള്‍ ഓടി അടുത്തെത്തിയപ്പോള്‍ അതു പൊളിച്ച് അവര്‍ക്കു കൊടുത്തു. കുറച്ചെടുത്ത് എസ്തപ്പാനും വായിലിട്ട് നുണഞ്ഞു. പഞ്ചസാരത്തരികള്‍പോലെ നാവില്‍ നിറഞ്ഞ മധുരമുള്ള പരുപരുക്കന്‍ സീതപ്പഴം!
'എസ്തപ്പാനെ കെല്‍സി ഇനി സിനിമയില്‍തന്നെ തുടരുകയാണെന്നുവല്ലോം പറഞ്ഞോ? അവളുടെ പ്ലാനുകളെക്കുറിച്ച് വല്ലതും എസ്തപ്പാനോട് വിശദീകരിച്ചിരുന്നോ?' മാധവമേനോന്‍ തിരക്കി.
'ങ്ങാ....കെല്‍സി ഫീല്‍ഡില്‍ തിരികെ വരാനാണ് ആഗ്രഹം പറഞ്ഞിരിക്കുന്നത്..... ഏതായാലും അതല്ലേ നല്ലത്. അറിയാവുന്ന തൊഴിലില്‍ ആവതുകാലം അധ്വാനിച്ച് നന്നായി ജീവിക്കുക അത്രതന്നെ.... പൂര്‍വ്വീക സ്വത്തുകള്‍മാത്രം കൈകാര്യം ചെയ്ത് കഴിഞ്ഞുകൂടുന്നതിന് ഒരു പരിധിയുണ്ടല്ലോ? ആണായാലും പെണ്ണായാലും സ്വന്തം സമ്പാദ്യത്തിന് ഒരു വഴി വേണം എന്ന പക്ഷക്കാരനാണ് ഞാന്‍....'എസ്തപ്പാന്‍ തന്റെ ഹിതം പറഞ്ഞു.
'ങ്ങാ.... അവള്‍ക്കിപ്പോ അതൊരു ജോലിയും മനസിന്റെ സുഖത്തിനും ഉപകരിക്കും. ഏതായാലും എസ്തപ്പാന്‍ വേണ്ട സഹായങ്ങള്‍ കെല്‍സിക്കു ചെയ്തുകൊടുക്കണം' മാധവമേനോന്‍ അഭ്യര്‍ത്ഥിച്ചു.
'അതുപിന്നെ മേനോന്‍സാറ് പ്രത്യേകം പറയേണ്ടതില്ലല്ലോ....? പറയാതെതന്നെ ഞാന്‍ വേണ്ട ഹെല്‍പ്പുകള്‍ ചെയ്യില്ല എന്നുണ്ടോ? ഏതായാലും കുറച്ചു ദിവസം ഒന്നു വിശ്രമിക്കട്ടെ. കുട്ടികള്‍ മേനോന്‍സാറിനോടും ആന്റിയോടും അടുത്തുകഴിയുമ്പോള്‍ അവരെ ഇവിടെയാക്കി പോകുവാന്‍ കെല്‍സിക്കും കഴിയും....'
'അതുശരിയാണ്.....ങ്ങാ.... എത്രയും പെട്ടെന്ന് കാര്യങ്ങള്‍ക്കൊരു പുനഃക്രമീകരണം വേണ്ടിയിരിക്കുന്നു. അതിന് തെല്ല് സമയം വേണംതാനും....' മാധവമേനോന്‍ സ്വയം ആശ്വസിച്ചു.
'കുട്ടികള്‍ക്കേതായാലും നാലഞ്ചു വയസായല്ലോ? ഇവിടെ അടുത്തുള്ള പാഠശാലയില്‍ ദിവസവും കുറച്ചുനേരം അയക്കാം. അവര്‍ പോയി ശീലിച്ചുകഴിഞ്ഞാല്‍ പകലത്തെകാര്യം പ്രശ്‌നമില്ല..... ഇനിയിപ്പോ കെല്‍സി അരികിലില്ലെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തിന് ഞങ്ങള്‍ മതിയല്ലോ?' മാധവമേനോന്‍ തുടര്‍ന്നു.
'അതുപിന്നെ കുട്ടികളുടെ കാര്യങ്ങള്‍ എല്ലാം ഭംഗിയായി നടന്നോളും ആളുംപേരും ഉണ്ടല്ലോ പിന്നെന്തുപ്രശ്‌നം.' എസ്തപ്പാന്‍ മേനോനെ അനുകൂലിച്ചു.
അടുക്കളയില്‍ ജാനകിയും സുഭദ്രാമ്മയും വിഭവങ്ങല്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. ജാനകി സുഭദ്രാമ്മയുടെ സഹായത്തിനായി നില്‍ക്കുന്നു. വീട്ടിലെ കാര്യങ്ങളെല്ലാം സുഭദ്രാമ്മ തന്നെയാണ് ചെയ്തുവരുന്നത്. അടുത്തകാലത്ത് വയ്യാഴിക വന്നപ്പോള്‍ ഒരു കൈസഹായത്തിനായി ജാനകിയെയും കൂട്ടി.
കെല്‍സി കിച്ചണിലെ സ്ലാബിനു മുകളില്‍ കയറിയിരുന്നു കൊച്ചുവര്‍ത്തമാനങ്ങള്‍ പറയുകയായിരുന്നു. ജാനകി നാട്ടിലെ വര്‍ത്തമാനങ്ങള്‍ എല്ലാം പണിക്കിടയിലും കെല്‍സിയെ വിശദമായി ധരിപ്പിച്ചു.
ഉച്ചയൂണിന് സമയമായപ്പോള്‍ മാധവമേനോനും എസ്തപ്പാനും കൈകഴുകി ഡൈനിംഗ് ടേബിളില്‍ വിഭവങ്ങളെല്ലാം മുന്‍കൂട്ടി ക്രമീകരിച്ചിരുന്നു.
'ഇനിയിപ്പോ വേറൊരു ടേബിളുകൂടി വേണ്ടിവരുമല്ലോ ആന്റി.... വിഭവങ്ങളൊക്കെ നിരത്തിക്കഴിഞ്ഞപ്പോള്‍ കഴിക്കാനിടമില്ല' എസ്തപ്പാന്‍ തമാശരൂപേണ പറഞ്ഞു.
'ഇതൊക്കെ നിങ്ങളുടെ സ്റ്റാര്‍ഫുഡിന്റെ അത്രയൊന്നും വരില്ല എസ്തപ്പാനേ....' സുഭദ്രാമ്മയുടെ മറുപടി.
'ഓ.... അതുകള.... എന്റെ ആന്റി എന്ത് സ്റ്റാര്‍ ഫുഡ്, അമ്മമാര്‍ വീട്ടില്‍വച്ചുതരുന്ന കഞ്ഞിവെള്ളത്തിന്റെ രുചിയും ഗുണവും എവിടെ കിട്ടാനാ.... റോയല്‍ സ്യൂട്ടിലിരുന്ന് 'റൈസ് സൂപ്പ്' എന്നു പറഞ്ഞ് വെയിറ്റിട്ടാലൊന്നും ഇതിന്റെയൊന്നും നാലയലോക്കത്ത് എത്തില്ല എന്റെ ആന്റി..... ഷൂട്ടിംഗ് കഴിഞ്ഞ് തിരക്കിട്ട് വീട്ടിലെത്തുന്നത് ഇതിനൊക്കെതന്നെയല്ലേ....' നാടന്‍ ഏത്തവാഴകൂമ്പും വന്‍പയറും ചേര്‍ത്തുണ്ടാക്കിയ തോരന്‍ എടുത്ത് രുചിക്കുന്നതിനിടയില്‍ എസ്തപ്പാന്‍ പറഞ്ഞു.
'കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്നല്ലേ പറയാറ്. വച്ചുവിളമ്പി സ്‌നേഹത്തോടെ വിളമ്പിത്തരാന്‍ ഒരാള്‍ ഉള്ളത് ഒരനുഗ്രഹം തന്നെയാ....' മാധവമേനോന്‍ അഭിപ്രായപ്പെട്ടു.
സുഭദ്രാമ്മ ടേബിളിനു സമീപംനിന്ന് വേണ്ടതൊക്കെയും എടുത്തുകൊടുത്തുകൊണ്ടിരുന്നു. കെല്‍സി കുട്ടികള്‍ക്ക് ആഹാരം കൊടുക്കുകയാണ്.
മാധവമേനോനും എസ്തപ്പാനും ചോറൂണുകഴിഞ്ഞ് എഴുന്നേറ്റു. കെല്‍സി കുട്ടികള്‍ക്ക് ചോറുകൊടുത്ത് കഴുകിച്ച് ഹാളിലേയ്ക്ക് ഇരുത്തി. പിന്നെവന്ന് സുഭദ്രാമ്മയോടൊപ്പമിരുന്ന് ഭക്ഷണം വിളമ്പി....
'അജിത്ത് നിങ്ങള്‍ എത്തിയോന്നറിഞ്ഞ് വിളിച്ചില്ലേ കെല്‍സി' സുഭദ്രാമ്മ തിരക്കി.
'ങ്ങാ.... ഞങ്ങള്‍ വരുന്നവഴിക്ക് വിളിച്ചിരുന്നു. ഞങ്ങള്‍ വീട്ടിലേയ്ക്കുള്ള യാത്രയിലാണെന്ന് പറഞ്ഞു. കൂടുതലൊന്നും ചോദിച്ചുമില്ല പറഞ്ഞുമില്ല. കുട്ടികളോടെന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ടായിരുന്നു.....' കെല്‍സി മറുപടി പറഞ്ഞു.
'അജിത്തിനെന്താടി ഇങ്ങനെ വന്നുപോയതില്‍ വിഷമമൊന്നിമില്ലേടി കെല്‍സി.'
'ഓ എന്തുവിഷമം. കുടിച്ചുനടക്കുന്നു. ഓഫീസില്‍ പോകാറുമുണ്ട്....' കെല്‍സി കാര്യമായെടുക്കാതെ മറുപടി പറഞ്ഞു.
'അതാ..... കുടിച്ച് കൂത്താടി നടക്കുമ്പോള്‍ സുബോധം നഷ്ടമാകും. അല്ലാതെപിന്നെന്തു പറയുവാന്‍....'
'ഓ.... അവിടെന്ത് പ്രശ്‌നം, അമേരിക്കയില്‍ വിവാഹവും മോചനവും, തനിച്ചുള്ള താമസവും വല്ല്യകാരമാണോ? ആരുടെകൂടെ ജീവിച്ചാലെന്താ ഇല്ലെങ്കിലെന്താ....' കെല്‍സി ഒന്നു നിശ്വസിച്ചു.
'നീ ഭക്ഷണം കഴിക്ക്. എല്ലാം ഗുരുവായൂരപ്പന്‍ വേണ്ടതുപോലെ നടത്തും.' കെല്‍സിയെ സമാധാനിപ്പിക്കുകയായിരുന്നു സുഭദ്രാമ്മ.... ഇനി ഏതായാലും ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്ന് അറിയാം. എരിതീയില്‍ എന്തിന് എണ്ണപകരണം. അവര്‍ ഇരുവരും ഭക്ഷണം കഴിച്ചെഴുന്നേറ്റു.
എസ്തപ്പാന്‍ പോകുവാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. കെല്‍സിയും സുഭദ്രാമ്മയും ഭക്ഷണം കഴിച്ചെഴുന്നേറ്റ് ചെന്നപ്പോള്‍ എസ്തപ്പാന്‍ യാത്രപറഞ്ഞിറങ്ങി.
'കെല്‍സി, സന്തോഷത്തോടെ ഇരിക്കെടോ, നമുക്ക് വേണ്ടത് എന്താണെന്നുവച്ചാല്‍ ചെയ്യാം. ഞാനിപ്പോ പോകുവാണ്. ഓകെ...ബൈ....ബൈ...' എസ്തപ്പാന്‍ പുറത്തേക്കിറങ്ങി. ക്വാളീസ് സ്റ്റാര്‍ട്ട് ചെയ്തുപോയി.
കെല്‍സി കുട്ടികളെയും കൂട്ടി റൂമിലേയ്ക്ക് വിശ്രമത്തിനായി പോയി. പുതിയ സ്ഥലം ആയതിനാല്‍ കുട്ടികള്‍ ഉറങ്ങാന്‍ വൈകി. തിരിഞ്ഞും മറിഞ്ഞുംകിടന്ന് പതിയെ കുട്ടികള്‍ ഉറക്കം പിടിച്ചു.
വൈകുന്നേരം ആയപ്പോള്‍ കെല്‍സി ഉറക്കമുണര്‍ന്നു. സരളാന്റിയെ വന്നതിനുശേഷം വിളിച്ചില്ല. ആന്റിയെ വിളിച്ച് വന്നവിവരം അറിയിക്കാം എന്നു നിശ്ചയിച്ച് കെല്‍സി ഫോണ്‍ എടുത്ത് ആന്റിയെ വിളിച്ചു. ഫോണ്‍ ബെല്‍ മുഴങ്ങുന്നുണ്ട്. ഏതാനും നിമിഷങ്ങള്‍ക്കുളളില്‍ സരാളാന്റി ഫോണ്‍ എടുത്തു.
'ഹലോ... സരളാഹിയര്‍....' അങ്ങേത്തലയ്ക്കല്‍ സരളാന്റിയുടെ മധുരശബ്ദം.
'ഹലോ..... ആന്റി ഇതു ഞാനാണ്, കെല്‍സി....'
'ഹാ..... കെല്‍സി, നീ എവിടുന്നാടി.....'
'ആന്റി ഞാനിവിടെ വീട്ടില്‍ എത്തി. ഇന്നു രാവിലത്തെ ഫ്‌ളൈറ്റിന് ഞാനും കുട്ടികളും ഇവിടെ എത്തി.'
'അതു കൊള്ളോല്ലോടിയേ.... യാത്ര സുഖമായിരുന്നോ മോളെ....' സരാളാന്റി തിരക്കി...
'ഉം.... സുഖയാത്ര..... എന്തുണ്ട് ആന്റി വിശേഷങ്ങള്‍'
'ഞാനിവിടെ വീട്ടിലുണ്ട് സുഖംതന്നെ. ഒന്നുരണ്ടുദിവസമായി എല്ലാവരും ഇവിടുണ്ട്.... പിന്നെ ഞങ്ങള്‍ എല്ലാവരുംകൂടി ഗുരവായൂര്‍വരെ ഒന്നുപോയിവന്നു.... ഈ ആഴ്ച ഏതായാലും തിരക്കുകള്‍ ഒന്നുംതന്നെയില്ല.... ഇടയ്‌ക്കേതായാലും നമുക്ക് കാണാം കെല്‍സി. പിള്ളേരെന്തിയേടി....'
'അവര്‍ ഉറക്കമാ.... ഇതുവരെയും ഉണര്‍ന്നിട്ടില്ല.... പിന്നെ എല്ലാവരും ഇവിടെ തന്നെയുണ്ട്. സുഖം തന്നെ എസ്തപ്പാന്‍ചേട്ടനും അച്ഛനുംകൂടിയാണ് എയര്‍പോര്‍ട്ടില്‍ വന്നിരുന്നത്. ഉച്ചയൂണും കഴിഞ്ഞാണ് പുള്ളിക്കാരന്‍ പോയത്....' കെല്‍സി മറുപടി പറഞ്ഞു.
'ങ്ങാ.... എല്ലാം നന്നായി വരുമെടി പെണ്ണേ.... നീ വിഷമിക്കേണ്ട കേട്ടോടിയെ.... ഏതായാലും നീ കുറച്ചുദിവസം വിശ്രമിക്ക്..... കുഞ്ഞുങ്ങളും ഇവിടെ ഒത്തിണങ്ങട്ടെ അപ്പോഴേയ്ക്കും കാര്യങ്ങള്‍ക്ക് ഒരു നീക്കുപോക്കുണ്ടാവും. നീ സമാധാനമായിരിക്ക്....'
'ശരി ആന്റി..... ഞാന്‍ വന്ന വിവരത്തിന് ആന്റിയെ ഒന്നു വിളിച്ചെന്നേയുള്ളൂ.... ഓക്കെ ആന്റി പിന്നെ നേരില്‍ കാണാം...'
'ശരി മോളെ.... ബൈ....ബൈ..... എന്നാ ഞാന്‍ വയ്ക്കട്ടെടിയേ....'
'ശരി ആന്റി.... ബൈ.... ബൈ.....' കെല്‍സി ഫോണ്‍ കട്ട്‌ചെയ്തു.
ഇനി എവിടുന്ന് എങ്ങനെ തുടങ്ങണം എന്ന ചിന്തയുമായി കെല്‍സി ഇരുന്നു.


 ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:19 -കൊല്ലം തെല്‍മ)
Join WhatsApp News
Sibi John 2015-02-24 09:15:26
When i read this novel, I felt that the ezhuthukaari must have been an actress before. Film fieldil valare experience ullathu pole. That is because the kathaakrith is a creative person.creativity viruthu valare vyakthamaanu ee novelil.Congratulations.Sibi.
Dr.Anil Kumar 2015-02-27 12:00:44
Congratulations Thelma, Novel adipoliyaakunnu ! !!!!!!!! Anil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക