Image

മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി ഇടപെടണമെന്ന് കരുണാനിധി

Published on 26 December, 2011
മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി ഇടപെടണമെന്ന് കരുണാനിധി
ചെന്നൈ: മുല്ലപ്പെരിയാര്‍ ഡാമിന്റെ പേരില്‍ കേരളത്തില്‍ തമിഴര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ഡി.എം.കെ നേതാവ് കരുണാനിധി ആവശ്യപ്പെട്ടു. ചെന്നൈയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി നടത്തി കൂടിക്കാഴ്ചയിലാണ് കരുണാനിധി ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നല്‍കിയത്. ഡി.എം.കെ. നേതാവ് കനിമൊഴിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഡാമിനെ ചൊല്ലി ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ശത്രുരാജ്യങ്ങളിലേതുപോലെയാണ് പെരുമാറുന്നത്. കേരളത്തില്‍ ജീവിക്കുന്ന തമിഴരോട് സംസ്ഥാനം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതായും കരുണാനിധി ആരോപിച്ചു.

തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലെ വികാരവിക്ഷോഭത്തെക്കുറിച്ചും നിവേദനത്തില്‍ പരാമര്‍ശമുണ്ട്. അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും കരുണാനിധി ആവശ്യപ്പെട്ടു.

സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടെ കേരളം ജലനിരപ്പ് കുറയ്ക്കാനും പുതിയ ഡാം നിര്‍മ്മിക്കാനും ശ്രമിക്കുകയാണ്. തമിഴ്‌നാട്ടിലെ ജനങ്ങളോടുള്ള നീതിനിഷേധമാണിതെന്നും അദ്ദേഹം നിവേദനത്തില്‍ സൂചിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക